21.10.07

അക്ഷരം ആശംസകള്‍



അക്ഷരങ്ങളുടെ
അറിവിന്റെ
വിസ്മയലോകത്തേക്ക്‌
ഹരിശ്രീ കുറിച്ചെത്തുന്ന
കുരുന്നോമനകള്‍ക്ക്‌

ആശംസകളോടെ

അലിഫ്‌, ഷംല, ആദില്‍ & അഫ്ര

12.10.07

ഈദ് ആശംസകള്‍




ഈദ് ആശംസകള്‍

2.10.07

'മാല്‍ക്കമിന്റെ അഞ്ച്‌ - അഞ്ച്‌ വിജയം'

ഇരുപത്‌ ഇരുപതില്‍ ഇന്ത്യയുടെ ആദ്യമത്സരം നടക്കേണ്ടിയിരുന്ന - സ്കോട്ട്‌ലന്‍ഡുമായി- ദിവസമാണ്‌ മാല്‍ക്കമിനെ പരിചയപ്പെടേണ്ടി വന്നത്‌, അത്‌ തികച്ചും യാദൃശ്ചികമൊന്നുമല്ല, അയാള്‍ മനപൂര്‍വ്വം ഇങ്ങോട്ട്‌ കയറി മുട്ടിയതാണ്‌. ഫെഡറല്‍ ലൈറ്റ്‌ ടെര്‍മിനല്‍ എന്ന എഫ്‌.എല്‍.റ്റി പോര്‍ട്ടിലൂടെ പതിവല്ലാത്ത സൈറ്റ്‌ പരിശോധനയ്ക്കിടെ ഒരു ബ്ലാക്കന്‍ വന്ന് “ഇന്നല്ലേ നിങ്ങളുടെ ആദ്യ മത്സരം, കാണാന്‍ പോകുന്നില്ലേ” എന്ന് ചോദിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്ന് ഞെട്ടി.. മാത്രവുമല്ല അവനെ കൊണ്ട്‌ ഒന്നൂടെ അത്‌ പറഞ്ഞ്‌ കേട്ടിട്ടേ എനിക്ക്‌ സംഭവം മനസ്സിലായതുമുള്ളൂ.

ഇതുവരെയും ഒരു നൈജീരിയക്കാരന്‍ ക്രിക്കറ്റിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേട്ടിട്ടില്ലാത്തതിനാലും ഇവനെ കണ്ടാല്‍ ആളു കറുപ്പാണെങ്കിലും നൈജീരിയക്കാരനാവാന്‍ വഴിയില്ലാത്തതിനാലും 'എവിടാ വീട്‌, സൗത്ത്‌ ആഫ്രിക്കയാ' എന്നാണു ചോദിച്ചതെങ്കിലും വെളിയില്‍ വന്നത്‌ 'എന്താ പേര്‌' എന്നാണ്‌. “ഐ ആം മാല്‍ക്കം, മാല്‍ക്കം ഡേവിഡ്‌ ” എന്നൊരുമാതിരി ജയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ മൊഴിഞ്ഞത്‌ കേട്ടപ്പോള്‍ മനസ്സിലൊരു മിന്നായം..അത്‌ തന്നെ, മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനാവണം ഇവന്‍.. "വെസ്റ്റ്‌ ഇന്‍ഡീസ്‌ ആണല്ലേ..?" എന്ന എന്റെ ഒറ്റ ചോദ്യത്തില്‍ അവന്‍ പുളകിതനായി. പിന്നെ പരിചയപ്പെടലായി, ക്രിക്കറ്റായി, എന്തിനു, അന്ന് രാവിലത്തെ അവരുടെ ടീമിന്റെ ബംഗ്ലാദേശുമായുള്ള മത്സരത്തെ കുറിച്ച്‌ പറഞ്ഞ്‌ ആശാന്‍ കുറച്ച്‌ സെന്റിയുമായി. പിന്നെ എപ്പോള്‍ പോര്‍ട്ടിലൂടെ പോകുമ്പോഴും, ക്യാമ്പിലും , റെസ്റ്റാറന്റിലുമെവിടെ വെച്ച്‌ കണ്ടാലും ഒരു 'ഹായ്‌' ഉം കളിയെ കുറിച്ചൊരു ചെറു അവലോകനവും തമ്മില്‍ പതിവായി.

ഇന്ത്യയുടെ മിക്ക കളികളും- ന്യൂസിലാണ്ടുമായിട്ടുള്ളതൊഴിച്ച്‌ - ഇവിടുത്തെ സമയം വൈകിട്ട്‌ 5 മണി കഴിഞ്ഞായത്‌ ഓഫീസ്‌ വിട്ട്‌ ക്യാമ്പിലെത്തി നേരെ റ്റി.വി. തുറന്ന് അതിന്റെ മുന്നിലിരിക്കാന്‍ പ്രേരിപ്പിച്ചു,കാരണം മാല്‍ക്കമിനോടൊപ്പം പിടിച്ച്‌ നില്‍ക്കണ്ടേ..! ആദ്യ റൗണ്ടില്‍ തന്നെ വെസ്റ്റ്‌ ഇന്‍ഡീസ്‌ പുറത്തായത്‌ മാല്‍ക്കമിനെ വിഷമത്തിലാക്കിയെങ്കിലും 'ഇന്‍ഡീസ്‌' കൂടെയുള്ളതിനാല്‍ ഇന്ത്യന്‍ കളികള്‍ കാണാന്‍ അയാള്‍ക്കും പ്രേരണയായിട്ടുണ്ടാവണം.

ക്രിക്കറ്റ്‌ കളിയില്ലാത്ത ഒരു നാട്ടില്‍ വെച്ച്‌ ക്രിക്കറ്റ്‌ കളിയില്‍ ഒരു കാലത്തെ കിടിലങ്ങളായ നാട്ടുകാരനില്‍ നിന്നും തുടര്‍ച്ചയായി 'കണ്‍ഗ്രാചുലേഷന്‍സ്‌' കിട്ടുന്നതില്‍ എന്നിലെ ഇന്ത്യക്കാരന്‍ അഭിമാനം കൊണ്ടു, രോമാഞ്ചകഞ്ചുകിതനായി. ഇന്ത്യ ഫൈനലില്‍ എത്തി, അല്ലെങ്കില്‍ ഞാനും കൂടി പ്രാര്‍ത്ഥിച്ച്‌ എത്തിച്ചു..(കുറച്ച്‌ ക്രഡിറ്റ്‌ എനിക്കും ഇരിക്കട്ടെന്നേ..!) ഫൈനല്‍ മത്സരം ഇവിടുത്തെ സമയം ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌ ആയതിനാല്‍ അന്നത്തെ എന്റെ സൈറ്റ്‌ പരിശോധന മൊത്തമായും താമസിക്കുന്ന ക്യാമ്പിനകത്താക്കി ഷെഡ്യൂള്‍ ചെയ്തു ( ബുദ്ധിമാനും, കമ്പനിയോട്‌ കൂറുമുള്ള പണിക്കാരനുമല്ലേ ഞാന്‍..!) മാല്‍ക്കം അന്ന് വൈകിട്ട്‌ നേരത്തെ എത്താമെന്ന് ഉറപ്പ്‌ നല്‍കി ഉച്ചക്ക്‌ പിരിഞ്ഞു.

ഇന്ത്യ വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ , റെസ്റ്റാറന്റിലേക്ക്‌ പോകും വഴിയാണ്‌ പിന്നെ മാല്‍ക്കമിനെ കണ്ടത്‌. പതിവ്‌ അഭിനന്ദനങ്ങള്‍ക്കൊപ്പം ഒരു ‘ഹസ്തതാഢനവും’ (എന്നാ ആരോഗ്യമാ ഇവന്റെ ഒക്കെ കൈക്ക്‌, കൈ കൊടുത്താല്‍ ഒടിച്ച്‌ പറിച്ചാണു തിരികെ കിട്ടുക..!!)
"ഉഗ്രന്‍ കളിയായിരുന്നല്ലേ, എന്നാ ടെന്‍ഷന്‍ ആയിരുന്നു..അഞ്ചേ-അഞ്ചിനല്ലേ കപ്പടിച്ചത്‌.." മാല്‍ക്കത്തിന്റെ ഹൈലൈറ്റ്‌സ്‌ കമന്ററി കേട്ടപ്പോള്‍ ഒന്ന് ഞെട്ടി, കൂടെയുണ്ടായിരുന്ന ക്രിക്കറ്റ്‌ ആരാധകനായ സുഹൃത്ത്‌ (ഇദ്ദേഹം കോളേജിലെ ക്രിക്കറ്റ്‌ ടീമിലൊക്കെ അംഗമായിരുന്നു) കുറച്ച് കൂടി വലുതായി തന്നെ ഞെട്ടി. ഇവനേത്‌ കളിയുടെ കാര്യമാണീ പറയുന്നത്‌, ക്രിക്കറ്റ് അല്ലന്നുറപ്പ്, ഇനി സാനിയ വല്ലയിടത്തും പോയി ഗപ്പ് അടിച്ചോ.,ഫുട്ബോളിലുമൊക്കെ അഞ്ച്‌- അഞ്ച്‌ എന്നാല്‍ സമനിലയല്ലേ, ജയമല്ലല്ലോ; ദൈവമേ ,ഇവനു വട്ട്‌ ആയോ..?

ഞങ്ങളുടെ ഞെട്ടല്‍ കണ്ടിട്ടാവും, മാല്‍ക്കം തന്നെ വിശദീകരിച്ചു.."അഞ്ചു റണ്‍സിനും അഞ്ച്‌ വിക്കറ്റിനുമൊക്കെ ഒരു ഫൈനല്‍ ജയിക്കുകാന്ന് വെച്ചാല്‍ ചില്ലറ കാര്യമാന്നോ..!!"
ഓ, അപ്പോ അതാണു കാര്യം, ഇന്ത്യക്ക്‌ അവസാനം മിച്ചമുണ്ടായിരുന്ന അഞ്ച്‌ വിക്കറ്റിനും, പിന്നെ പാകിസ്ഥാനു നേടാന്‍ കഴിയാതെ പോയ ആ ചില്ലറ അഞ്ചു റണ്‍സിനും വിജയിച്ചു എന്നാണു മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനും പേരുകാരനുമായ ഈ പഹയന്‍ വിചാരിച്ച്‌ വെച്ചിരിക്കുന്നത്‌.

അവനെ ബോധവല്‍ക്കരിക്കാന്‍ തുനിഞ്ഞ സുഹൃത്തിനെ ഞാന്‍ തന്നെ വിലക്കി, കിട്ടിയ 'അഭിനന്ദനങ്ങളും' ഞെരിഞ്ഞമര്‍ന്ന് പടമായ കൈപ്പത്തിയിലൊരു ചെറു തിരുമലുമായി പതുക്കെ സ്ഥലം കാലിയാക്കി.മാല്‍ക്കത്തിനെ കുറ്റം പറയാനും പറ്റില്ല, അഭിനവ ക്രിക്കറ്റ്‌ കളിയുടെ ആദ്യപാദത്തില്‍ ഇന്ത്യ ഇതേ പാകിസ്ഥാനെ തോല്‍പ്പിച്ചത്‌ മൂന്ന്-പൂജ്യം എന്ന ക്രമത്തിലായിരുന്നില്ലേ..!

വിജയശ്രീലാളിതരായി നാട്ടിലെത്തിയ താരങ്ങള്‍ക്ക്‌ മുംബൈയില്‍ സ്വീകരണമൊരുക്കി രാഷ്ട്രീയ'മാല്‍ക്കം' മാര്‍ വേദിയുടെ മുന്‍നിരയില്‍ ഞെളിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോഴും സംശയം ബാക്കി..അല്ല, ഇനി ഇന്ത്യ ജയിച്ചത്‌ അഞ്ചേ-അഞ്ചിനാണോ..?!!