15.11.07

കോരന്‍ ശശിയുടെ രൂപത്തില്‍

വീടുകളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ കഴിയുന്നതും രാവിലെ തന്നെ ചെയ്ത്‌ തീര്‍ക്കാനാണ്‌ എനിക്ക്‌ താത്പര്യം അതിനു വേണ്ടി ചിലപ്പോള്‍ രാവിലെ 6 മണിക്കും മുന്‍പ്‌ തന്നെ പണിക്കാരെ ഏര്‍പ്പാടാക്കും.തട്ട്‌ കോണ്‍ക്രീറ്റ്‌ തുടങ്ങും മുന്‍പ്‌ കമ്പികെട്ടിയിരിക്കുന്നതും മറ്റു ശരിയാണൊ എന്ന് പരിശോധിക്കേണ്ടതുണ്ട്‌. അത്തരം വര്‍ക്ക്‌ അറേഞ്ച്‌മന്റ്‌ നടക്കുന്ന ഒരു വൈകുന്നേരം..

" ശശീ, നാളെ രാജേഷ്‌ കുറച്ച്‌ താമസിച്ചേ എത്തൂ , നീ ആ സോമന്‍ നഗറിലെ കോണ്‍ക്രീറ്റ്‌ ഒന്ന് രാവിലെ പോയി നോക്കികൊള്ളണേ"

"പിന്നെന്ത്‌ സാറേ, ലൊക്കേഷന്‍ പറഞ്ഞാട്ടെ, രാവിലെ തന്നെ ഞാന്‍ സൈറ്റില്‍ എത്തിക്കോളാം"

"സോമന്‍ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീട്‌, അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ രാവിലെ അഞ്ചര മണിക്ക്‌ തന്നെ വരും"

"ശരി, സാര്‍, ഞാന്‍ പോയി നോക്കാം"

ശശി എന്റെ സൈറ്റ്‌ അസിസ്റ്റന്റ്‌, കോണ്‍ക്രീറ്റിനു പോകുന്ന ദിവസം ചെറിയ 'കൈമടക്ക്‌' ഒക്കെ തടയാനിടയുള്ളതിനാല്‍ നല്ല ഉത്സാഹം. കോണ്‍ക്രീറ്റ്‌ ദിവസം അതിരാവിലെ മുതല്‍ കാശുമുടക്കുന്ന ക്ലൈന്റിനെക്കാള്‍ ടെന്‍ഷന്‍ ആണ്‌ എനിക്ക്‌, മഴപെയ്യുമോ, വെള്ളം തികയുമോ,പണിക്കാര്‍ അലമ്പുണ്ടാക്കുമോ..എന്നൊക്കെ.

പിറ്റേന്ന് രാവിലെ ആറരയ്ക്ക്‌ ഒരു ഫോണ്‍, ലൈനില്‍ നമ്മുടെ ശശി തന്നെ
" സാറെ, ഇവിടെ ആര്‌ കമ്പികെട്ടിയത്‌, ഓട്‌ വെച്ച്‌ വാര്‍ക്കലാണന്ന് അറിഞ്ഞൂടെ എവന്മാര്‍ക്ക്‌, ഞാന്‍ മണിയന്‍ മേസ്തിരിയെ പൊക്കികൊണ്ടു വന്ന് കമ്പി അഴിച്ച്‌ കെട്ടികൊണ്ടിരിക്കുവാണ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങാന്‍ താമസിക്കും, സാറു പതുക്കെ വന്നാല്‍ മതി"

എന്തേലും ചോദിക്കാനോ പറയാനോ കഴിയും മുന്‍പ്‌ ഫോണ്‍ കട്ട്‌, നാണയം ഇട്ട്‌ വിളിക്കുന്ന ഏതോ ലോക്കല്‍ ബൂത്തില്‍ നിന്ന് വിളിച്ചതാണ്‌. ടെന്‍ഷന്‍ കൂടാന്‍ ഇനി വേറെ വല്ലതും വേണോ..! കമ്പികെട്ടുന്നവര്‍ താരതമ്യേന പുതിയ ഒരു ടീം ആയിരുന്നു, എങ്കിലും എല്ലാം വിശദമായി പറഞ്ഞ്‌ കൊടുത്തതുമാണ്‌. കമ്പി കെട്ടുമ്പോള്‍ സാധാരണയായി ചെയ്യുന്ന 6 ഇഞ്ച്‌ -5 ഇഞ്ച്‌ സ്പേസിങ്ങിനു പകരം മേച്ചില്‍ ഓട്‌ ഇടയ്ക്ക്‌ വെച്ച്‌ വാര്‍ക്കുന്ന രീതിയായതിനാല്‍ 13 ഇഞ്ച്‌- 19 ഇഞ്ച്‌ അകലമിട്ടാണ്‌ കമ്പി കെട്ടേണ്ടത്‌, ഇനി അതൊക്കെ അഴിച്ച്‌ കെട്ടി കോണ്‍ക്രീറ്റ്‌ ചെയ്യുമ്പോഴേക്കും എത്രമണിയാകും, ഇന്നത്തെ ദിവസം പോയി..എന്നൊക്കെ ആലോചിച്ച്‌ ഓടിച്ചൊന്ന് ഫ്രഷ്‌ ആയി, 7 മണിയായപ്പോഴേക്കും വണ്ടിയെടുത്ത്‌ സൈറ്റില്‍ എത്തി, അവിടെ ശശിയുടെ പൊടിപോലുമില്ല. സൈറ്റ്‌ ‘എഞ്ചിനീരെ’ സമയത്ത്‌ കാണാത്തതിനാല്‍ കോണ്‍ക്രീറ്റിനു വന്ന പണിക്കാരോട്‌ മെക്കിട്ട്‌ കയറുന്ന മേസ്തിരിയോട്‌ അന്വേഷിച്ചപ്പോള്‍ ശശി അവിടെങ്ങും വന്നിട്ടേയില്ലന്ന് മറുപടിയും. ഉള്ളൊന്ന് കാളി, ഇവന്‍ ഏത്‌ സൈറ്റില്‍ നിന്നാവും രാവിലെ വിളിച്ചത്‌..!

അന്വേഷിച്ച്‌ അധികം ചുറ്റേണ്ടിവന്നില്ല, അതേ നഗറിലെ മറ്റൊരു സൈറ്റില്‍ (വേറെ ആരുടെയോ വര്‍ക്ക് സൈറ്റ്‌ ) തട്ടിന്റെ പുറത്ത്‌ പണിക്കാരെകൊണ്ട്‌ കമ്പി അഴിച്ച്‌ കെട്ടിക്കുന്ന ശശിയെ കണ്ടെത്താന്‍. ആ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കുറച്ച്‌ നല്ല മനസ്സുള്ളവനായതിനാലും, അവിടെ കോണ്‍ക്രീറ്റ്‌ പിറ്റേ ദിവസത്തേക്കാണു നിശ്ചയിച്ചിരുന്നത്‌ എന്നതിനാലും അടികൊള്ളാതെ രക്ഷപെട്ടു, പണിക്കാര്‍ക്ക്‌ കുറച്ച്‌ കാശും കൊടുക്കേണ്ടിവന്നെങ്കിലും.

" ശശീ, തന്നോട്‌ ഞാന്‍ പറഞ്ഞതല്ലേ,ഈ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീടാണെന്ന്?.. മാത്രമല്ല അവിടെ രാവിലെ അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ അഞ്ചര മണിക്ക്‌ തന്നെ ഉണ്ടാവുമെന്നും..?"

"അതാണു സാര്‍ എനിക്ക്‌ പറ്റിപ്പോയത്‌, ഞാന്‍ രാവിലെ പരപരാന്ന് വെളുത്തപ്പോഴെ ഇങ്ങ്‌ പോന്നതല്ലേ, ഇവിടെയും ഇലക്ട്രീഷ്യന്മാര്‍ നിന്ന് പൈപ്പിടുന്നുണ്ടായിരുന്നു, പിന്നെ വളവും തിരിവുമൊന്നും ഞാന്‍ നോക്കിയില്ല"

ഇനി നിങ്ങള്‍ പറയൂ, ഈ ശശിയും ഒരു കോരന്‍ അല്ലേ..?

വാല്‍ക്കഷണം: പിന്നെയും 3 വര്‍ഷത്തോളം ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ശശി, എന്നും ഓര്‍ക്കാവുന്ന കഥാപാത്രമായി മനസ്സില്‍ ഇന്നും.

13.11.07

ശിശുദിനാശംസകള്‍



അന്നത്തെ കുട്ടികള്‍ക്കും
ഇന്നത്തെ കുട്ടികള്‍ക്കും
കുട്ടികളായിട്ടും കുട്ടിത്തം
മാറാത്തവര്‍ക്കും..

ശിശുദിനാശംസകള്‍..!!

1.11.07

കന്യാകുമാരി - മഴ

“കടലില്‍ മഴ പെയ്യുന്നത്‌ കണ്ടിട്ടുണ്ടോ..?”
“മഴയുടെ സൗമ്യ ശബ്ദം കടല്‍തിരമാലകളുടെ ഹുങ്കാരത്തില്‍ അലിഞ്ഞില്ലാതാവുന്നത്‌ അറിഞ്ഞിട്ടുണ്ടോ..? ”
“മഴയുടെ നനുത്ത ആവരണം കടലിനെ മറയ്ക്കുന്നത്‌ കാണാനെന്ത്‌ രസമാണന്നോ..?”
കടല്‍തീരത്തെ ഹോസ്റ്റലില്‍ പ്രീഡിഗ്രി കാലത്തെങ്ങോ താമസിച്ച അനുഭവത്തില്‍ പ്രണയത്തെ പുല്‍കിയ നാളുകളിലെന്നോ അവള്‍ സംസാരിച്ച്‌ കൊണ്ടേയിരുന്നപ്പോള്‍ സതീഷ്‌ ബാബു പയ്യന്നൂരിന്റെ 'മഴയുടെ നീണ്ടവിരലുകളിലെ’ വരികള്‍ ഞാന്‍ ഓര്‍മ്മിച്ചു..
"മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍ക്കരവരെ പോകണം"

പ്രണയം ദാമ്പത്യത്തിനു വഴിമാറിയിട്ടും ഒരിക്കലും ഒരു മഴക്കാലത്തും കടല്‍കരയില്‍ പോകാനായില്ല, മഴയും കടലും ഒരുമിക്കുന്നത്‌ അറിയാനുമായില്ല.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട്‌ ദിവസം മുന്‍പ്‌ കന്യാകുമാരിയില്‍ എത്തുമ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു.കടലിലേക്ക്‌ നല്ല ദര്‍ശനമുള്ള മുറികിട്ടിയപ്പോള്‍ കരുതിയില്ല,കടലുകളുടെ സംഗമസ്ഥാനത്തു തന്നെ മഴ ഇത്രമേല്‍ ദൃശ്യ വിസ്മയമൊരുക്കി ഞങ്ങളെയും കാത്തിരിക്കുന്നുവെന്ന്.

ഹോട്ടല്‍ മുറിയുടെ മൂന്ന് ചുവരുകളുടെ സ്വകാര്യതയ്ക്ക്‌ മേലെ നാലാം ചുവരിനു പകരം തീര്‍ത്ത ബാല്‍ക്കണിയിലൂടെയുള്ള കടലിന്റെ വിശാലമായ കാഴ്ച, താളം ചവിട്ടി പതഞ്ഞ്‌ ഇറങ്ങുന്ന മഴ, ഏറെ നേരം നോക്കിനിന്നാല്‍ കടല്‍ വെള്ളം കാറ്റില്‍ ആടിയുലയുന്ന മഴനാരുകളില്‍ അള്ളിപ്പിടിച്ച്‌ മുകളിലേക്ക്‌ കയറുന്നത്‌ പോലെ തോന്നും.മുറിയിലെ ശീതികരണിയുടെ മുരള്‍ച്ചെയെക്കാളും തണുപ്പിനെക്കാളും മഴയുടെ വശ്യതയും താളവും തെന്നലും മക്കള്‍ക്കും സുഖകരമായി തോന്നി.

മഴനൂലുകളില്‍ തീര്‍ത്ത തിരശീലയുടെ നനുത്ത മറവില്‍ വിവേകാനന്ദപാറയുടെയും മണ്ഡപത്തിന്റെയുമൊക്കെ വിദൂരകാഴ്ചയ്ക്‌ ഭംഗിയേറിയത്‌ പോലെ.


മഴയുടെ ശക്തികുറഞ്ഞ വൈകുന്നേരം , ചാറ്റല്‍ മഴയില്‍ കൈകള്‍കോര്‍ത്ത്‌ കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു " മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍കര വരെ പോകണം"

മഴ തുള്ളികള്‍ക്കൊപ്പം തുള്ളികളിക്കാന്‍ കിട്ടിയ അവസരം നഷ്ടപെടുത്താതെ ചാടിതിമിര്‍ക്കുന്ന മക്കള്‍ ബാല്യകാല മഴയനുഭങ്ങളുടെ സ്മരണയുണര്‍ത്തി. ഇടയ്ക്കെപ്പോഴോ സുവര്‍ണ്ണവെളിച്ചം വിതാനിച്ച്‌ സൂര്യന്‍ പോയ്‌മറഞ്ഞു.കാര്‍മേഘചിന്തുകള്‍ക്കിടയില്‍ മുങ്ങിപ്പോയ സൂര്യാസ്തമന കാഴ്ചകളോടൊപ്പം ജല തര്‍പ്പണം നടത്തുന്നവരുടെ നിഴല്‍ രൂപങ്ങള്‍.

തിരികെ മുറിയിലെത്തി ബാല്‍ക്കണിയില്‍ ഇരുന്ന് കടലിന്റെ പാട്ട്‌ കേട്ട്‌, തിരമാലകളുടെ താളമറിഞ്ഞ്‌, വൈദ്യുതപ്രഭയില്‍ അലങ്കരിച്ച വിവേകാനന്ദ സ്മാരകത്തിന്റെ ദൃശ്യമാസ്വദിച്ച്‌, അകലെയെവിടുന്നോ, കനംതൂങ്ങിയ ഇരുളില്‍ പിച്ചവെച്ച്‌ കടന്ന് വരുന്ന മഴയെയും കാത്ത്‌..പിന്നെ, പുലരിയുടെ വര്‍ണ്ണാഭമാര്‍ന്ന വരവിനു കാതോര്‍ത്ത്‌, കണ്ണ് പൂട്ടി മഴയോടൊപ്പം ഒരു രാത്രി..!!