കോട്ടകളുടെ കഥ പറയുമ്പോൾ
1990 -92 വർഷങ്ങളിൽ ആർക്കിടെക്ച്ചർ പഠന ഭാഗമായും അല്ലാതെയുമൊക്കെ നടത്തിയിരുന്ന നിരവധി യാത്രകളും അതിന്റെ ഉപ ഉൽപ്പന്നമെന്നപോലെ ആനുകാലികങ്ങളിലും ഞായറാഴ്ച പതിപ്പുകളിലും മറ്റും തൽസംബന്ധമായ ഫീച്ചർ എഴുതി പ്രസിദ്ധീകരിക്കുകയെന്നതിലും (അത്യാവശ്യം പോക്കറ്റ് മണിക്കായും) ഹരം കേറി നടന്നിരുന്ന ഏതോ സായ്ഹ്നത്തിലാണ് കൊല്ലം തങ്കശേരി കോട്ട സന്ദർശിക്കാൻ ഇടയായത്. അതിന്റെ ചരിത്രപരമായ വിശദാംശങ്ങള ഒക്കെ അധ്യാപകരിൽ നിന്നും സീനിയേഴ്സിൽ നിന്നും , കൊല്ലം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നുമൊക്കെ
സമ്പാദിച്ച് ഫീച്ചറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
പിന്നീട് അഞ്ചുതെങ്ങ് കോട്ട, ബേക്കൽ കോട്ട, വട്ടകോട്ട (കന്യാകുമാരിക്ക് അടുത്ത്) തുടങ്ങിയവയൊക്കെ സന്ദർശിക്കുകയും നോട്ടുകളും മറ്റും തയ്യാറാക്കുകയും ചെയ്തു. അന്ന് എന്റെ മിക്ക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന 'സൺഡേ മംഗള'ത്തിൽ നിന്ന് കിട്ടിയ ആശയം അനുസരിച്ച് ഇതൊരു തുടരൻ ഏർപ്പാടാക്കാം എന്നും ഭാവിയിൽ കേരളത്തിലെ കോട്ടകളെ കുറിച്ച് വിശദമായ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്നൊക്കെയും സ്വപ്നം കണ്ട് നടന്ന ഒരു കാലം.
പക്ഷേ, പഠന സംബന്ധവും സ്വകാര്യവുമായ നിരവധി പ്രതിസന്ധികൾക്കിടെ ഇത്തരത്തിലുള്ള സ്വപ്ന യാത്രകൾ പലതും പിന്നീട് നടക്കാതെ പോയി; ഫീച്ചർ എഴുത്ത് പരിപാടികൾക്ക് തന്നെ സമയം ഇല്ലാതെയായി, പുസ്തക പ്രസിദ്ധീകരണ മോഹം ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു.
ബ്ലോഗ് / ഫേസ്ബുക്ക് സുഹൃത്ത് 'നിരക്ഷരൻ' (Manoj Ravindran Niraksharan ) നടത്തുന്ന യാത്രകളും അവയുടെ ബ്ലോഗ് കുറിപ്പുകളും ഒക്കെ ശ്രദ്ധയോടെ പിന്തുടർന്നിരുന്ന ആളാണ് ഞാൻ; അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരണം 'മുസ്‌രിസിലൂടെ' (ഇന്ത്യയിലെ ആദ്യ ഓഗ് മെന്റഡ് റീയാലിറ്റി പുസ്തകം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ) 'നിരക്ഷര മുദ്ര' ചാർത്തിയ പതിപ്പുതന്നെ സ്വന്തമാക്കുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം അടുത്തിടെ പ്രസിദ്ധീകരിക്കുമ്പോൾ ആദ്യ കോപ്പികളിൽ നിന്ന് തന്നെ ഓർഡർ ചെയ്ത് വരുത്താൻ തീരുമാനിച്ചത് കേവലം നിരക്ഷരനോടുള്ള ഇഷ്ടം കൊണ്ടോ , അദ്ദേഹത്തിന്റെ യാത്ര കുറിപ്പുകളിൽ ഉള്ള താല്പര്യം കൊണ്ടോ മാത്രമല്ല; മറിച്ച്, നടക്കാതെ പോയ എന്റെ സ്വപ്നപദ്ധതിയിലൂടെ മറ്റൊരുവൻ നടത്തിയ യാത്രയുടെ ആഴവും പരപ്പും അടുത്തറിയാനുള്ള നല്ലൊരു അവസരം എന്ന നിലയിലും കൂടിയാണ്. 'കഥ പറയുന്ന കോട്ടകൾ' എന്ന പുസ്തകം പൂർണമായും കോട്ടകളെ കുറിച്ച് മാത്രമല്ലങ്കിൽ കൂടി വളരെയധികം സംതൃപ്തി നൽകുന്നു.
കൊച്ചിയിലുണ്ടായിരുന്ന ഇമ്മാനുവേൽ കോട്ടയിൽ തുടങ്ങി ,പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, തലശ്ശേരി കണ്ണൂർ കോട്ടകൾ , ബേക്കൽ വഴി ചന്ദ്രഗിരി കോട്ടയിലേക്കും പിന്നെ സംസ്ഥാനത്തിന് പുറത്തെ മറ്റ് ചില കോട്ടകളിലേക്കും നടത്തിയ യാത്രകളുടെ വിവരണങ്ങൾക്ക് ഒപ്പം യാത്രയിൽ കടന്ന് പോയ നിരവധി ചരിത്ര പ്രാധാന്യ ഇടങ്ങളുടെ, യാത്രകളിൽ അടുത്തറിഞ്ഞ വ്യക്തിത്വങ്ങളെ കുറിച്ചൊക്കെയുമുള്ള വിശദമായ അധ്യായങ്ങളാൽ സമ്പന്നമാണ്.
ഒരു യാത്രാവിവരണം എന്നതിലുപരി ചരിത്രവും ഐതിഹ്യങ്ങളും കേട്ട് കേൾവികളും കെട്ടുകഥകളുമെല്ലാം കോർത്തിണക്കി വളരെ രസകരവും ലളിതവുമായ ഭാഷാരൂപത്തിൽ , യാത്രയിലെ അനുഭവങ്ങൾ കൂടി ചേർത്ത് അവതരിപ്പിക്കുന്നത് കൊണ്ടാണ് വായനക്കാരനെന്ന നിലയിൽ ഈ പുസ്തകത്തെ ചേർത്ത് പിടിക്കാൻ തോന്നുന്നത്.
പുസ്തകത്തിലെ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും അപ്പുറം വീഡിയോകൾ ഉൾപ്പെടെയുള്ള മൾട്ടി മീഡിയ എന്ന മറ്റൊരു അനുഭവ തലത്തിലേക്ക് കൂടി എത്തിച്ചു ഈ രണ്ടാം പുസ്തകവും വിസ്മയിപ്പിക്കുന്നുണ്ട്. 'മൾട്ടിമീഡിയ ' യുടെ പുതുകാല പ്രസിദ്ധീകരണ സാധ്യതകൾ കൂട്ടിച്ചേർക്കുന്നതിലൂടെ കൂടുതൽ താല്പര്യമുള്ള വായനക്കാരന് ഇരട്ടിമധുരം തന്നെയാണ് സമ്മാനിക്കുന്നത്.
കൊച്ചി - ഗോവ യാത്രകളിലും വാസ്തുശില്പ - ചരിത്ര പ്രാധാന്യ വിഷയങ്ങളിലും ഇടങ്ങളിലുമൊക്കെ താല്പര്യമുള്ളവർക്ക് തീർച്ചയായും ഒരു റഫറൻസ് പുസ്തകമായി 'കഥ പറയുന്ന കോട്ടകൾ' സഹായകരമായേക്കും.
ഏതൊരു യാത്രികനും സ്വപ്നം കാണുന്ന രീതിയിൽ, വളരെയധികം തയ്യാറെടുപ്പോടെ കൂടി 'ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ' എന്നൊരു ബൃഹത്തായ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ട മനോജ് നിരക്ഷരൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, വളരെയടുത്ത ദിവസങ്ങളിൽ തന്നെ അതിന്റെ ഫ്ലാഗ് ഓഫ് ഉണ്ടാകും; ആ ബൃഹത് യാത്രയ്ക്ക് ആശംസകൾ നേരാൻ കൂടി ഈ കുറിപ്പ് ഉപയോഗിക്കുന്നു, ഒപ്പം ആ മെഗാ യാത്രയുടെ രേഖപ്പെടുത്തലുകൾ അടങ്ങിയ പുസ്തകങ്ങളും, പഠനങ്ങളും വളോഗുകളുമൊക്കെ പ്രസിദ്ധീകരിക്കുവാനും അതിലൂടെ ആസ്വാദ്യകരമായ അറിവ് കിട്ടാനുമിടയാകട്ടെ എന്നും ആശംസിക്കുന്നു.