4.6.23

കോട്ടകളുടെ കഥ പറയുമ്പോൾ

1990 -92 വർഷങ്ങളിൽ ആർക്കിടെക്ച്ചർ പഠന ഭാഗമായും അല്ലാതെയുമൊക്കെ നടത്തിയിരുന്ന നിരവധി യാത്രകളും അതിന്റെ ഉപ ഉൽപ്പന്നമെന്നപോലെ ആനുകാലികങ്ങളിലും ഞായറാഴ്ച പതിപ്പുകളിലും മറ്റും തൽസംബന്ധമായ ഫീച്ചർ എഴുതി പ്രസിദ്ധീകരിക്കുകയെന്നതിലും (അത്യാവശ്യം പോക്കറ്റ് മണിക്കായും) ഹരം കേറി നടന്നിരുന്ന ഏതോ സായ്ഹ്നത്തിലാണ് കൊല്ലം തങ്കശേരി കോട്ട സന്ദർശിക്കാൻ ഇടയായത്. അതിന്റെ ചരിത്രപരമായ വിശദാംശങ്ങള ഒക്കെ അധ്യാപകരിൽ നിന്നും സീനിയേഴ്സിൽ നിന്നും , കൊല്ലം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നുമൊക്കെ 
സമ്പാദിച്ച് ഫീച്ചറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പിന്നീട് അഞ്ചുതെങ്ങ്  കോട്ട, ബേക്കൽ കോട്ട, വട്ടകോട്ട (കന്യാകുമാരിക്ക്‌ അടുത്ത്) തുടങ്ങിയവയൊക്കെ സന്ദർശിക്കുകയും നോട്ടുകളും മറ്റും തയ്യാറാക്കുകയും ചെയ്തു. അന്ന് എന്റെ  മിക്ക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന 'സൺ‌ഡേ മംഗള'ത്തിൽ നിന്ന് കിട്ടിയ ആശയം അനുസരിച്ച്  ഇതൊരു തുടരൻ ഏർപ്പാടാക്കാം എന്നും ഭാവിയിൽ കേരളത്തിലെ കോട്ടകളെ കുറിച്ച് വിശദമായ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്നൊക്കെയും സ്വപ്നം കണ്ട് നടന്ന ഒരു കാലം.

പക്ഷേ, പഠന സംബന്ധവും സ്വകാര്യവുമായ നിരവധി പ്രതിസന്ധികൾക്കിടെ ഇത്തരത്തിലുള്ള സ്വപ്ന യാത്രകൾ പലതും പിന്നീട്  നടക്കാതെ  പോയി; ഫീച്ചർ എഴുത്ത് പരിപാടികൾക്ക് തന്നെ സമയം ഇല്ലാതെയായി, പുസ്തക പ്രസിദ്ധീകരണ മോഹം ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു.

ബ്ലോഗ് / ഫേസ്ബുക്ക് സുഹൃത്ത്  'നിരക്ഷരൻ'  (Manoj Ravindran Niraksharan ) നടത്തുന്ന യാത്രകളും അവയുടെ ബ്ലോഗ് കുറിപ്പുകളും ഒക്കെ ശ്രദ്ധയോടെ പിന്തുടർന്നിരുന്ന ആളാണ് ഞാൻ; അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരണം 'മുസ്‌രിസിലൂടെ'  (ഇന്ത്യയിലെ  ആദ്യ ഓഗ് മെന്റഡ്  റീയാലിറ്റി പുസ്തകം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ) 'നിരക്ഷര മുദ്ര' ചാർത്തിയ പതിപ്പുതന്നെ സ്വന്തമാക്കുകയും ചെയ്തു. 

നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം അടുത്തിടെ പ്രസിദ്ധീകരിക്കുമ്പോൾ ആദ്യ കോപ്പികളിൽ നിന്ന് തന്നെ ഓർഡർ ചെയ്ത്  വരുത്താൻ തീരുമാനിച്ചത് കേവലം നിരക്ഷരനോടുള്ള ഇഷ്ടം കൊണ്ടോ , അദ്ദേഹത്തിന്റെ യാത്ര കുറിപ്പുകളിൽ ഉള്ള താല്പര്യം കൊണ്ടോ മാത്രമല്ല; മറിച്ച്, നടക്കാതെ പോയ  എന്റെ സ്വപ്നപദ്ധതിയിലൂടെ മറ്റൊരുവൻ നടത്തിയ യാത്രയുടെ ആഴവും പരപ്പും അടുത്തറിയാനുള്ള നല്ലൊരു അവസരം എന്ന നിലയിലും കൂടിയാണ്.  'കഥ പറയുന്ന കോട്ടകൾ' എന്ന പുസ്തകം പൂർണമായും കോട്ടകളെ കുറിച്ച് മാത്രമല്ലങ്കിൽ കൂടി വളരെയധികം സംതൃപ്തി നൽകുന്നു.

കൊച്ചിയിലുണ്ടായിരുന്ന ഇമ്മാനുവേൽ കോട്ടയിൽ തുടങ്ങി ,പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, തലശ്ശേരി കണ്ണൂർ കോട്ടകൾ , ബേക്കൽ വഴി  ചന്ദ്രഗിരി കോട്ടയിലേക്കും പിന്നെ സംസ്ഥാനത്തിന് പുറത്തെ മറ്റ് ചില കോട്ടകളിലേക്കും നടത്തിയ യാത്രകളുടെ വിവരണങ്ങൾക്ക്  ഒപ്പം യാത്രയിൽ കടന്ന് പോയ നിരവധി ചരിത്ര പ്രാധാന്യ ഇടങ്ങളുടെ, യാത്രകളിൽ അടുത്തറിഞ്ഞ വ്യക്തിത്വങ്ങളെ കുറിച്ചൊക്കെയുമുള്ള വിശദമായ അധ്യായങ്ങളാൽ സമ്പന്നമാണ്.

ഒരു യാത്രാവിവരണം എന്നതിലുപരി ചരിത്രവും ഐതിഹ്യങ്ങളും കേട്ട് കേൾവികളും കെട്ടുകഥകളുമെല്ലാം കോർത്തിണക്കി വളരെ രസകരവും ലളിതവുമായ ഭാഷാരൂപത്തിൽ   , യാത്രയിലെ അനുഭവങ്ങൾ കൂടി ചേർത്ത് അവതരിപ്പിക്കുന്നത് കൊണ്ടാണ് വായനക്കാരനെന്ന നിലയിൽ ഈ പുസ്തകത്തെ ചേർത്ത് പിടിക്കാൻ തോന്നുന്നത്. 

പുസ്തകത്തിലെ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും അപ്പുറം വീഡിയോകൾ ഉൾപ്പെടെയുള്ള  മൾട്ടി മീഡിയ എന്ന മറ്റൊരു അനുഭവ  തലത്തിലേക്ക് കൂടി എത്തിച്ചു ഈ രണ്ടാം പുസ്തകവും വിസ്മയിപ്പിക്കുന്നുണ്ട്.  'മൾട്ടിമീഡിയ ' യുടെ പുതുകാല പ്രസിദ്ധീകരണ സാധ്യതകൾ കൂട്ടിച്ചേർക്കുന്നതിലൂടെ കൂടുതൽ താല്പര്യമുള്ള വായനക്കാരന് ഇരട്ടിമധുരം തന്നെയാണ് സമ്മാനിക്കുന്നത്.

കൊച്ചി - ഗോവ യാത്രകളിലും വാസ്തുശില്പ - ചരിത്ര പ്രാധാന്യ വിഷയങ്ങളിലും ഇടങ്ങളിലുമൊക്കെ താല്പര്യമുള്ളവർക്ക് തീർച്ചയായും ഒരു റഫറൻസ് പുസ്തകമായി  'കഥ പറയുന്ന കോട്ടകൾ' സഹായകരമായേക്കും. 

ഏതൊരു യാത്രികനും സ്വപ്നം കാണുന്ന രീതിയിൽ, വളരെയധികം തയ്യാറെടുപ്പോടെ കൂടി 'ഗ്രേറ്റ്  ഇന്ത്യൻ എക്സ്പെഡിഷൻ' എന്നൊരു ബൃഹത്തായ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ട മനോജ് നിരക്ഷരൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, വളരെയടുത്ത ദിവസങ്ങളിൽ തന്നെ അതിന്റെ ഫ്ലാഗ് ഓഫ് ഉണ്ടാകും; ആ ബൃഹത് യാത്രയ്ക്ക് ആശംസകൾ നേരാൻ കൂടി ഈ കുറിപ്പ് ഉപയോഗിക്കുന്നു, ഒപ്പം ആ മെഗാ യാത്രയുടെ രേഖപ്പെടുത്തലുകൾ അടങ്ങിയ പുസ്തകങ്ങളും, പഠനങ്ങളും വളോഗുകളുമൊക്കെ പ്രസിദ്ധീകരിക്കുവാനും അതിലൂടെ ആസ്വാദ്യകരമായ അറിവ് കിട്ടാനുമിടയാകട്ടെ എന്നും ആശംസിക്കുന്നു.

19.6.21

ഒരു ഓർമ്മകുറിപ്പ്..!

കുറച്ചു വർഷങ്ങൾക്ക് മുൻപ് ആണ്, (2000- 2001 ആകണം,കൃത്യമായ വര്ഷം ഓർമ്മയില്ല) ; അന്ന് ഞാൻ തിരുവനന്തപുരത്ത്, ആർക്കിടെക്ട് ജി.ശങ്കർ എന്ന ഞങ്ങളുടെ ശങ്കർജിക്ക് ഒപ്പമാണ്. അദ്ദേഹത്തിന് വാസ്തുശില്പം കഴിഞ്ഞാൽ സിനിമ- സംഗീത പരിപാടികളിലും മറ്റുമുണ്ടായിരുന്ന താല്പര്യവും ഈ മേഖലകളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുമായുള്ള അടുപ്പവും ഉള്ളതിനാലാവും ചെറുതും വലുതുമായ നിരവധി സ്റ്റേജ് പരിപാടികളും മറ്റും സംഘടിപ്പിക്കുവാനും ഒക്കെ മുന്നിട്ടിറങ്ങുന്ന ശീലമുണ്ട്; അത് വഴി ഇത്തരം പരിപാടികളുടെ സംഘാടനത്തിന്റെ ഭാഗമാകുവാനും മറ്റും എന്നെ പോലുള്ളവർക്ക് അവസരവും നിരവധി പ്രഗത്ഭരെ കാണാനും ഇടപെടാനുമൊക്കെയുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്.

പറഞ്ഞു വന്നത്, ആ കാലത്ത് അത്ര പ്രമുഖൻ ഒന്നുമല്ലാത്ത ഒരു വോക്കലിസ്റ്റ്, ഏതോ ഒരു സംഘടനയുടെയോ മറ്റോ ഭാഗമായി തിരുവനന്തപുരം പങ്കജ് ഹോട്ടലിലെ ഹാളിൽ വെച്ചു ഒരു സംഗീത പരിപാടി നടത്തുന്നു. അതിന്റെ മേളം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ സംഘടിപ്പിക്കാൻ ശങ്കർജി ഏൽക്കുന്നുവെങ്കിലും ഓഫീസിലെ തിരക്കിലോ മറ്റോ അത് മറന്നും പോകുന്നു. സംഭവം ഓർമ്മ വരുന്നത് പരിപാടി നടക്കേണ്ട ദിവസം രാവിലെ, പുള്ളി സ്ഥലത്തുമില്ല, ആലപ്പുഴയിലെവിടെയോ ആണ്.

ഇത്തരം സന്ദർഭങ്ങളിൽ ഓഫീസിലെ ശ്രീഹരി എന്ന സ്റ്റാഫിനെയാണ് ആദ്യം വിളിക്കുക, കൂട്ടത്തിൽ ഞാനും കൂടി. "മ്യൂസിക് സ്‌കൂളും പ്രോഗ്രാമും ഒക്കെ നടത്തുന്ന രമേശ് നാരായണൻ എന്ന ഒരു സംഗീത സംവിധായകൻ തമലം ഭാഗത്ത് ഉണ്ട്, അവിടെ പോയാൽ തബല, മൃദംഗം ഒക്കെ കൈകാര്യം ചെയ്യുന്ന രണ്ട് മൂന്ന് പേരെ കിട്ടും, അവരെ വൈകുന്നേരത്തിന് മുൻപ് പങ്കജിൽ എത്തിക്കണം" ഫോൺ കട്ട്.

സത്യം പറഞ്ഞാൽ, രമേശ് നാരായണൻ എന്നൊരു പേര് ഞങ്ങൾ അന്ന് കേട്ടിട്ടില്ല, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം താമസിക്കുന്ന വീടിന്റെ / മ്യൂസിക് സ്‌കൂളിന്റെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കി ബൈക്കിൽ ഞങ്ങൾ പുറപ്പെട്ടു. എന്നാൽ അവിടെ കാത്തിരുന്നത് ഒന്ന് രണ്ട് മാസം മുൻപ് പുള്ളി അവിടുന്ന് താമസം മാറിയെന്ന ഹൃദയഭേദകമായ വാർത്ത. അതിലും ഭീകരം, എങ്ങോട്ടാണ് പോയതെന്ന് അവിടെ പരിസരത്ത് ആർക്കും ഒരു പിടിയുമില്ലന്നതും..!

ബൈക്കിൽ കുറെ ചുറ്റിയും അന്വേഷിച്ചും മറ്റും കുറച്ചകലെ ഒരു വീട്ടിൽ ഞങ്ങൾ എത്തി ചേർന്നു. (അപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞു, ഭക്ഷണം ഒന്ന് രണ്ട് സോഡ നാരങ്ങായിൽ ഒതുങ്ങി നിൽക്കുകയാണ്) റോഡിൽ കണ്ട ഓട്ടോ ചേട്ടന്മാരും നാരങ്ങ സോഡ കടക്കാരനും ഒക്കെ സഹായിച്ചാണ് അവിടെ എത്തിയത്.
ഗാർഡനിൽ അത്യാവശ്യം പ്രായമുള്ള, വെട്ടിയൊതുക്കാത്ത കുറ്റിത്താടിമീശയും കുറച്ചു മുഷിഞ്ഞ ബനിയനുമൊക്കെയായി ഒരാൾ നിൽക്കുന്നുണ്ട്.

"രമേശ് സാറിന്റെ വീട്..?"

"ഇത് തന്നെ , വരൂ ,അകത്തിരിക്കാം..!" ഹാപ്പി, സമാധാനം, അലച്ചിലിന് ഫലം കണ്ടല്ലോ, ഇത് ജോലിക്കാരൻ ആകും..!

ഞങ്ങൾ സിറ്റ്ഔട്ടിലേക്ക് കേറി, ഗാർഡനിൽ കണ്ട കക്ഷി വീടിന് അകത്തേക്കും. മുഷിഞ്ഞ ബനിയൻ ഒക്കെ മാറ്റി കുട്ടപ്പനായി ദേ അങ്ങേര് തന്നെ വരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി; കാരണം, കണ്ടിട്ട് പ്രതീക്ഷിച്ച ഒരു മ്യൂസിക് ലുക്ക് ഒന്നും ഇല്ല, എന്നാൽ എവിടെയോ കണ്ട, അറിഞ്ഞ, ഒരു ഫീൽ ഉണ്ട് താനും..!

"എവിടുന്നാണ്, വന്ന കാര്യം പറയൂ"

സർ, ഞങ്ങൾ ആർക്കിടെക്ട് ശങ്കർജി പറഞ്ഞിട്ട് വരുന്നതാണ്; മ്യൂസിക് ഒക്കെ ചെയ്യുന്ന രമേശ് ..സാർ, സിനിമ.. പാട്ട്.. ഞാൻ ചെറുതായി വിക്കി തുടങ്ങി. അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് സംഭവം കൈവിട്ട് പോയി എന്ന് ഏകദേശം എനിക്ക് മനസ്സിലായി; മറ്റേ കക്ഷി ആളെ കണ്ടെത്തിയ സന്തോഷത്തിൽ ആശ്വാസപെട്ടിരിക്കുകയുമാണ്..!

"നിങ്ങൾ ഒരു പാട് അലഞ്ഞു തിരിഞ്ഞു വന്നതാണല്ലേ.. കുറച്ചു ജ്യൂസ് എന്തെങ്കിലും എടുക്കട്ടേ..?"

"ആയിക്കോട്ടെ" എന്ന് ശ്രീഹരി എന്റെ കാലിന്റെ ചവിട്ട് വകവെയ്ക്കാതെ പറഞ്ഞു; 2 ജ്യൂസ് എടുക്കാൻ പുള്ളി അകത്തേക്ക് വിളിച്ചും പറഞ്ഞു.

"അതേയ്, ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല; എന്റെ പേര് രമേശൻ നായർ, സിനിമയിൽ പാട്ടൊക്കെ എഴുതും, കേട്ടിട്ടുണ്ടോ..?"

ഞാൻ കാര്യമായി വിയർത്തു, ചെറുതായി തലയാട്ടി.. "ങും.."
ആളു മാറിയെന്നറിഞ്ഞ ഷോക്കിലാണോ, അതോ ശരിക്കും ഈ ആളെ അറിയാത്തത് കൊണ്ടാണോ ശ്രീഹരിയുടെ വായിൽ നിന്ന് വീണത് "അറിയില്ല" എന്നാണെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്!

എന്തായാലും അദ്ദേഹം, ജ്യൂസും തന്നു, ഒപ്പം പുള്ളിയുടെ കുറച്ചു പാട്ടുകളെ കുറിച്ചും ഒക്കെ പറഞ്ഞു. ആ സമയത്ത് ഇറങ്ങിയത് 'പ്രിയം' ഒക്കെ ആയതിനാലോ, നമ്മുടെ ആ സമയത്തെ അവസ്‌ഥ മനസ്സിലാക്കിയി
ട്ടോ എന്തോ, പുള്ളി പറഞ്ഞു തുടങ്ങിയത് 'കട്ടുറുമ്പിന് കല്യാണം' ഒക്കെയാണ് എന്നാണ് ഓർമ്മ.
എത്രയോ തവണ കേട്ടിട്ടുള്ള, ഇഷ്ട ഗാനങ്ങൾ, ഹിറ്റുകൾ 'എത്ര പൂക്കാലവും' , 'പൂമുഖ വാതിൽക്കലും', 'ചന്ദനം മണക്കുന്ന പൂന്തോപ്പും', 'ശരർപൊളി മാല ചാർത്തി' യും ഒന്നും ആ നേരത്ത് എന്റെ മനസ്സിൽ വന്നില്ല; ഒരു വലിയ പാട്ടെഴുത്തുകാരന്റ, കവിയുടെ മുന്നിലാണ് ഇരിക്കുന്നത് എന്ന ബോധത്തിന്റെ അമ്പരപ്പിൽ, കിട്ടിയ ജ്യൂസ് തന്നെ തൊണ്ടയിൽ പാതി കുടുങ്ങിയ നിലയിലാണ്. അദ്ദേഹത്തിന്റെ സംസാരം പോലും ഞങ്ങളുടെ തലച്ചോറിലേക്ക് വളരെ കുറച്ചേ ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ടാവുകയുള്ളൂ.
അദ്ദേഹം തന്നെ രമേശ് നാരായണൻജി ആ സമയത്ത് താമസിച്ചിരുന്ന ലൊക്കേഷനും മറ്റും കൃത്യമായി പറഞ്ഞു തന്നു, ഞങ്ങളെ യാത്രയാക്കി.

വീട് മാറി, ആള് മാറി, എന്നിട്ടും ഇത്രയും സാത്വികനായ ഒരു മനുഷ്യനായി, അദ്ദേഹം ഞങ്ങളുടെ അവസ്‌ഥ മനസ്സിലാക്കുകയും പരിഗണനാപൂർവ്വം പെരുമാറുകയും ചെയ്തത് എന്ത് കൊണ്ടാവും  എന്ന് ഇന്നും അത്ഭുതപ്പെടുന്നു.

(ഞങ്ങൾക്ക് എസ്.രമേശൻ നായർ എന്ന എഴുത്തുകാരന്റെ ആതിഥ്യം അനുഭവിക്കാൻ ഉള്ള ഭാഗ്യം നല്കാനായി മാത്രം ഇടക്കാലത്തേക്ക് താമസം മാറിയ പോലെ രമേശ് നാരായണൻ ജി, ഞങ്ങൾ ആദ്യം അന്വേഷിച്ചു പോയ പ്രദേശത്തേക്ക് തന്നെ പിന്നീട് താമസം മാറ്റി; അതിന് വളരെയടുത്താണ് പിൽക്കാലത്ത് എനിക്ക് വീട് വെച്ച് താമസിക്കാനുള്ള യോഗം ഉണ്ടായതും.)

ഒരു പാട് നല്ല ഗാനങ്ങളിലൂടെ നമ്മുടെയൊക്കെ മനസ്സ് കീഴടക്കിയ പ്രിയ കവിക്ക്, എസ്.രമേശൻ നായർ എന്ന മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ..!

14.5.21

കോവിഡ് ജാഗ്രത..!

കുറച്ചു ദിവസമായി എഫ്.ബി കമന്റ് ബോക്സുകളിൽ
'ആദ' എന്ന് ടൈപ്പ് ചെയ്ത് തുടങ്ങുമ്പോഴേക്കും 'ആദരാഞ്ജലികൾ' ന്ന് വരാനും 'Heart' അടിച്ചു തീരും മുൻപേ 'condolences' കൂടി ചേർത്ത് വാചകം പൂർത്തിയാകാനും ഒക്കെ തുടങ്ങിയിരിക്കുന്നു. നേരിൽ അറിയുന്നവരുടെ, സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിയോഗവാർത്തകൾ ചുറ്റും കുമിഞ്ഞു കൂടുന്നതിന്റെ ബാക്കിപത്രമാകും.

ഓട്ടോ ടൈപ്പിംഗിൽ
'പ്ര' സ്വയം 'പ്രണാമം' ആകുന്ന സമയം പോലുമെടുക്കില്ല നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടമാകാൻ എന്ന് തിരിച്ചറിയുക. സർക്കാർ നിയന്ത്രണങ്ങൾ നമുക്ക് വേണ്ടി തന്നെയാണ്, ജാഗ്രത പുലർത്തുക; വീട്ടിലും സമൂഹത്തിലും.

#കോവിഡ്ജാഗ്രത  #stayhome #staysafe