3.3.07

ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..

യാഹു വിന്റെ മലയാളം പോര്‍ട്ടലില്‍ തുടക്കത്തിലെതന്നെയുണ്ടായ ബ്ലോഗെഴുത്ത്‌ മോഷണമെന്ന കല്ലുകടി പരക്കെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. അമ്മയെതല്ലിയാലും രണ്ടഭിപ്രായമുണ്ടാകുമെന്നത്‌ പോലെ ഇവിടെയുമുണ്ടായി രണ്ട്‌ ചേരി. അത്‌ ഒരു വിധത്തില്‍ നല്ലത്‌ തന്നെ, പ്രതിപക്ഷമില്ലാതെന്ത്‌ ഭരണപക്ഷം.കോപ്പിറൈറ്റിനെകുറിച്ചൊക്കെ ലേശം വിവരം വെയ്ക്കാന്‍ ഇടയാക്കിയചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍. അതൊക്കെ കേവലം ചില ബ്ലോഗുകളിലേക്കും വ്യക്തികളിലേക്കും മാത്രം കേന്ദ്രീകരിക്കുകയും പഴയ ബ്ലോഗര്‍മാരില്‍ പലരും മൗനം പാലിക്കുകയും ചെയ്തത്‌ മടുപ്പുളവാക്കിയെന്നതും 'അരിയെത്ര പയറഞ്ഞാഴി' പോലുള്ള മറുപടികളും തമ്മില്‍തല്ലും ഒരിക്കലും ഗുണമാവില്ലന്ന് കണ്ട്‌ മറ്റ്‌പലരുടെയുമൊപ്പം ഞാനും ഇടംകാലിയാക്കി. പക്ഷേ കാര്യങ്ങള്‍ 'ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ' യെന്നമട്ടിലാണ്‌. മലയാളികളുടെ ബ്ലോഗ്‌ കൂട്ടായ്മക്ക്‌ തുരങ്കം വെക്കുന്ന രീതിയിലേക്കും , വ്യക്തിഹത്യയിലേക്ക്‌ തരം താഴുന്ന അവസ്ഥയിലേക്കും യാഹൂ ഭീമന്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഇതിനെല്ലാം കാരണമായ ബ്ലോഗ്‌ കോപ്പിയടിക്ക്‌ എതിരെ നടത്തുന്ന മാര്‍ച്ച്‌ അഞ്ചിലെ പ്രതിഷേധത്തിന്‌ ഞാനും കൂടുന്നു, ചില ചില്ലറ കാര്‍ട്ടൂണുകളുമായി. ആദ്യമായിട്ടാണ്‌ നിത്യേന ഉപയോഗിക്കുന്നതെങ്കിലും AutoCAD എന്ന സോഫ്റ്റ്‌ വെയറിലൂടെ കാര്‍ട്ടൂണ്‍ വരക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്‌ ഇതാദ്യം.

ആദ്യത്തെ കാര്‍ട്ടൂണ്‍ ഇന്ന്.




ഈ ചിത്രം പികാസ വെബില്‍

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

20.1.07

ട്രാഫിക്കും കിഷോറും

തിരുവനന്തപുരത്തേക്ക്‌ വാടകക്കാരനായി എത്തിയപ്പോള്‍ തന്നെ തുടങ്ങിയ സൗഹൃദമാണ്‌ കിഷോറുമായിട്ടുള്ളത്‌. ഏത്‌ പാതിരാത്രിയും, വേണമെങ്കിലതുകഴിഞ്ഞും എന്തത്യാവശ്യത്തിനു വിളിച്ചാലും ഓടിയോ നടന്നോ ബൈക്കിലോ ആവശ്യാനുസരണം എത്തുന്ന ഒരു ഉപകാരി, കോളേജ്‌ ഓഫ്‌ എന്‍ഞ്ചിനീയറിംഗ്‌, തിരുവനന്തപുര (സി.ഇ.റ്റി ) ത്തിന്റെ പൊന്നോമനയും യൂണിയന്‍ ഭാരവാഹിയും ഒക്കെയുമായിരുന്നവന്‍; രണ്ടേ രണ്ട്‌ ദൗര്‍ബല്യം. ഒന്ന് -പാന്‍ പരാഗ്‌, രണ്ട്‌ ട്രാഫിക്‌ പോലീസ്‌.

പാന്‍ പരാഗ്‌ ഒരു മൂന്ന് നാലു പാക്കറ്റൊക്കെ ഒന്നിച്ച്‌ പൊട്ടിച്ച്‌ വായിലോട്ടിട്ട്‌ അതിന്റെ വെള്ളപ്പൊടി ഊതികളയുന്നത്‌ കണ്ടാല്‍, വെറുതെയെങ്കിലും ഒരു പാക്കറ്റ്‌ പൊട്ടിച്ചിട്ട്‌ ഒന്ന് ഊതാന്‍ കാണുന്നവര്‍ക്കും തോന്നും. വണ്ടി റോഡിലിറക്കുന്നവന്റെയെല്ലാം പുറത്ത്‌, പ്രത്യേകിച്ച്‌ ടൂ വീലര്‍, മെക്കിട്ട്‌ കേറുകയും കൈമടക്കിയും നീട്ടിയും വാങ്ങുന്ന തിരുവനന്തപുരത്തെ കുറച്ച്‌ ട്രാഫിക്ക്‌ പോലീസുകാരെ വട്ടംചുറ്റിക്കുകയാണ്‌ പ്രധാനഹോബിയെന്ന് തോന്നും ചിലപ്പോള്‍. ഇക്കൂട്ടത്തിലെ നല്ലവരുമായിട്ട്‌ പുള്ളി നല്ല കമ്പനിയുമാണെന്നത്‌ വിരോധാഭാസം.

ഒരിക്കല്‍ പട്ടം എല്‍.ഐ.സി യ്ക്ക്‌ സമീപം ചെറിയ ഒരാള്‍ക്കൂട്ടം. ബസ്സില്‍ വരികയായിരുന്ന ഞാന്‍ നോക്കിയപ്പോള്‍ ട്രാഫിക്‌ എസ്‌ ഐയോടും ഒരു പോലീസുകാരനോടും എന്തൊക്കെയോ സംസാരിക്കുന്ന കിഷോറും പിന്നെ വേറൊരു ചങ്ങാതിയും. എന്തായാലും അവിടെ ഇറങ്ങി.
“എന്ത്‌ കിഷോറെ പ്രശ്നം..?''
“ഒന്നുമില്ല ബായി, ലൈസന്‍സുണ്ടായിട്ടും ഈ സാറ് എന്നെ വണ്ടി ഓടിക്കാന്‍ സമ്മതിക്കുന്നില്ല”
കിഷോറും ചങ്ങാതിയും ബൈക്കില്‍ വരുന്നു, ആളൊഴിഞ്ഞയിടത്ത്‌ വണ്ടിയൊതുക്കിയിട്ട്‌ ഏമാനും ശിഷ്യനും വണ്ടിപിടുത്തവും 'പിടുത്ത' വും. കിഷോറിന്റെ വണ്ടിയും പിടിച്ചു. ആര്‍.സി ബുക്ക്‌,ടാക്സ്‌ ടോക്കണ്‍, ഇന്‍ഷുറന്‍സ്‌ തുടങ്ങിയവയെല്ലാം അപ്റ്റുഡേറ്റ്‌.(അതവന്റെ മറ്റൊരു ശീലം).
" എന്നാല്‍ പിന്നെ ലൈസന്‍സ്‌ എടുക്ക്‌" എന്നായി. കിഷോര്‍ പോക്കറ്റില്‍ നിന്നും ലൈസന്‍സ്‌ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ പോലിസുകാരന്‍ തടഞ്ഞിട്ട്‌, കൂടെയുണ്ടായിരുന്ന ചങ്ങാതീടെ ലൈസന്‍സ്‌ ആവശ്യപെട്ടു, അവനാണത്രേ വണ്ടി ഓടിച്ചിരുന്നത്‌.
കിഷോര്‍: “അല്ല, സാറേ, ഞാനാ വണ്ടി ഓടിച്ചിരുന്നത്‌.”
പോ.കാ: “അല്ല, മറ്റേയാളാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”
കിഷോര്‍: “സാറിനു തെറ്റി, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌..”
പോ.കാ: “അല്ല, ...”
സംഭവം ഈ ടോണില്‍ മുറുകിയ സീനിലാണ്‌ ഞാനും ആ നാട്ടുകാരുടെയൊപ്പം കൂടുന്നത്‌. തര്‍ക്കം നല്ലോണം മൂത്തു. കിഷോര്‍ എസ്‌.ഐ യോട്‌
"നോക്ക്‌ സാറെ, ഈ സാറു പറയുന്നത്‌, ഞാനല്ല വണ്ടിയോടിച്ചതെന്ന്, ഒപ്പം കൂടെയുള്ളവനോട്‌ "ഡാ, നിന്റെ ലൈസന്‍സ്‌ ഈ സാറിനെ കാണിക്ക്‌"

അവന്‍ ലൈസന്‍സ്‌ എടുത്ത്‌ എസ്‌.ഐ ക്ക്‌ കൊടുത്തു, അതും കൃത്യം.
കിഷോര്‍: “സാറെ ഇപ്പോ ഇവന്‌ ലൈസന്‍സില്ലേല്‍, ഈ സാറു പറയുന്നത്‌ ന്യായം, ഞാന്‍ പറ്റിക്കുകയാണന്ന്. ഇതിപ്പം ഞങ്ങള്‍ക്ക്‌ രണ്ട്‌ പേര്‍ക്കും ലൈസന്‍സുണ്ട്‌, പിന്നെ ഞാനെന്തിന്‌ കള്ളം പറയണം സാറേ, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌ ”
പോലീസുകാരന്‍ : “അല്ല സാറേ, മറ്റേവനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”
കിഷോര്‍: “ദേ, പിന്നേം, എന്നെ ഒരു മാതിരി കള്ളനാക്കരുത്‌ കേട്ടോ, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌”
എസ്‌.ഐ: “സ്ഥലം മെനക്കടുത്താതെ വണ്ടി എടുത്തിട്ട്‌ പോടാ..”(ലൈസന്‍സ്‌ തിരികെ കൊടുക്കുന്നു)
കിഷോര്‍: “അതെന്ത്‌ സാറെ , അങ്ങിനെ പറയുന്നത്‌, ഞാന്‍ വണ്ടിയോടിച്ച്‌ വന്നു, നിങ്ങള്‍ നിര്‍ത്തിച്ചു, എന്നിട്ടിപ്പം, എടുത്തിട്ട്‌ പോടാന്നാ. ഞാനാണ്‌ വണ്ടിയോടിച്ചിരുന്നത്‌.”
പോ.കാ: “നീയല്ല, മറ്റവനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”

തര്‍ക്കം നല്ലോണം മുറുകി, പോലീസുകാരന്‍ കിഷോറിന്റെ വലയില്‍ കുരുങ്ങികഴിഞ്ഞു, എസ്‌.ഐ ക്ക്‌ മിണ്ടാട്ടമില്ല, നാട്ടുകാര്‍ക്കും എനിക്കും നല്ല ഹരം. അവസാനം കൂട്ടത്തിലൊരമ്മാവന്‍ കിഷോറിനോട്‌, “വണ്ടിയെടുത്തിട്ട്‌ പോണം അപ്പീ, എന്തര്‌ തര്‍ക്കം, ഇവറ്റകള്‍ടെ പിരിവ്‌ മൊടക്കണ്ട ”

ഇത്‌ കൂടി കേട്ടതോടെ ഏമാനും ശിഷ്യനും അവരുടെ വണ്ടിയുമെടുത്ത്‌ ഒരു പോക്ക്‌, എന്താ ശേല്‌.ചെറുതായിടൊന്ന് കൂവി നാട്ടുകാരും പിരിഞ്ഞു.

"എടേയ്‌, ആക്ച്വലി എന്താ സംഭവം..? "
"ഒന്നൂല്ലന്റെ ബായി, ഞാന്‍ രാവിലെ അങ്ങോട്ട്‌ പോയപ്പോള്‍ തുടങ്ങിയ പിരിവാ അവന്മാരുടെ. ഇങ്ങോട്ട്‌ വന്നപ്പം ഞാനിവന്‌ വണ്ടിയോടിക്കാന്‍ കൊടുത്തു, അത്ര തന്നെ."
ഇതാണ്‌ കിഷോര്‍.

കിഷോറിന്റെ കൂടെ ബൈക്കില്‍ പോകുമ്പോള്‍, എവിടേലും ട്രാഫിക്‌ ചെക്കിംഗ്‌ എന്ന ഓമനപ്പേരിലുള്ള പിരിവ്‌ കണ്ടാല്‍, പറ്റുമെങ്കില്‍ അവന്‍ അവരുടെ അടുത്തെത്തി ഒന്ന് പരുങ്ങിയശേഷം യു-ടേണ്‍ അടിയ്ക്കും, തൊട്ടടുത്തുള്ള ഏതേലും മുറുക്കാന്‍ കടയ്ക്ക്‌ സമീപം നിര്‍ത്തി പാന്‍-പരാഗ്‌ ചോദിക്കും. ഇവന്റെ വണ്ടി നമ്പര്‍ അറിയാത്ത പോലീസുകാരാണെങ്കില്‍ ഉറപ്പ്‌, ഒരു ജീപ്പോ, ട്രാഫിക്ക്‌ ബൈക്കോ ഉടനെത്തും, എല്ലാം പരിശോധിക്കും, കൂടുന്ന നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യരായി തിരിച്ച്‌ പോകുകയും ചെയ്യും, ഒപ്പം നമ്പറും നോക്കിവെയ്ക്കും; ഇനിയും അബദ്ധം പറ്റരുതല്ലോ.

കിഷോറിന്റെ ചോദ്യമിതാണ്‌, “ഈ പോലീസുകാരിതെന്തിനാണ്‌ വണ്ടിയുടെ ബുക്കും പേപ്പറും നോക്കുന്നത്‌..?? ”

(അവന്‍റെ കയ്യില്‍ നിന്നും വെറുതേ തല്ല് കൊള്ളണ്ടന്ന് പേടിച്ചിട്ടൊന്നുമല്ല, കിഷോര്‍ യഥാര്‍ത്ഥ പേരല്ല..)

28.10.06

ഒരു ബൂലോക ഗസറ്റ്‌ വിജ്ഞാപനം

'എടേയ്‌ നീ വാ, നമുക്കൊരു ബാങ്ക്‌ ഡ്രാഫ്റ്റ്‌ എടുത്തിട്ട്‌ വരാം'
ഡ്രാഫ്റ്റിംഗ്‌ ബോര്‍ഡിനു മുകളില്‍ ഒട്ടിച്ച്‌ പേപ്പറില്‍, പണിയൊന്നുമില്ലാത്തതിനാല്‍ കുത്തിട്ട്‌ കളിയ്കുകയായിരുന്ന എനിക്കാ വിളിയൊരാശ്വാസമായിരുന്നു.കൂടപ്പോയാല്‍ രണ്ട്‌ കാര്യം നടക്കും; ചായകുടിയും പിന്നെയൊരു വില്‍സും. ശരി അണ്ണാ, ഞാന്‍ എഴുന്നേറ്റു.

ഞങ്ങള്‍ മേല്‍പറഞ്ഞ മുന്‍കൂര്‍ കലാപരിപാടികള്‍ക്ക്‌ ശേഷം ബാങ്കിലെത്തി, ഡ്രാഫ്റ്റ്‌ എടുക്കാനുള്ള കാര്യപരിപാടികള്‍ തുടങ്ങി.കാശൊക്കെ അടച്ചിട്ട്‌, വൃത്തിയാക്കാത്തത്‌ കൊണ്ടോ, ആരും ഇന്നേവരെ ഇരിക്കാത്തത്‌ കൊണ്ടോ എന്നറിയില്ല പൊടിപിടിച്ച്‌ കിടന്നിരുന്ന ഒരു സോഫയിലിരുന്ന് ആഗോളവല്‍ക്കരണത്തിന്റെ രൂക്ഷവശങ്ങളെ കുറിച്ച്‌ കത്തി ആരംഭിച്ചു, കത്തി, അതിനി ഏതു വിഷയമായാലും ഞങ്ങള്‍ക്കൊരു വീക്‍നെസ്സ്‌ ആയിപോയിരുന്നു. കത്തിക്കിടയിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്നപോലെ കൌണ്ടറിലേക്ക്‌ തന്നെയായിരുന്നു, കാരണം സംസാരിച്ച്‌ സംസാരിച്ച്‌ തമ്പാനൂര്‍ നിന്നും കൊല്ലത്തേക്ക്‌ പോകാനുള്ളതിനു പകരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ കേറി നെയ്യാറ്റിന്‍കര ഇറങ്ങിയ ചരിത്രപുരുഷന്മാരായിരുന്നു ഞങ്ങള്‍.

വലിയ തിരക്കൊന്നും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ ഡ്രാഫ്റ്റ്‌ മാത്രമെന്തേ വൈകുന്നതെന്ന ചിന്ത ഇടയ്ക്കിടെ ഉണ്ടായെങ്കിലും സ്‌റ്റേറ്റ് ‌ബാങ്കിന്റെ മഹത്തരമായ സര്‍വ്വീസില്‍ പുളകം കൊണ്ടിരുന്ന ഞങ്ങള്‍ സംസാരം തുടര്‍ന്നു. ഒടുവില്‍ എന്നാലിനിയൊന്നു അന്വേഷിച്ചുകളയാം എന്നു കരുതി കൌണ്ടറില്‍ ചോദിച്ചു. 'എല്ലാ ഡി.ഡി.യും കൊടുത്തല്ലോ, ഒന്നൊഴികെ' എന്ന മറുപടിയും ഒപ്പം നിങ്ങള്‍ക്കൊന്നും ചെവി കേട്ടുകൂടെ എന്നൊരാട്ടും.
'അതിനു നിങ്ങള്‍ വിളിച്ചില്ലല്ലോ ചേട്ടാ'
"അപ്പീ, എതിനേക്കാലും ഉച്ചത്തില്‍ വിളിച്ച്‌ കൂവാനൊന്നും പറ്റൂല്ല കേട്ടാ, കുമാര്‍, കുമാര്‍ എന്നു വിളിച്ചെന്റെ അടപ്പൂരി പോയി കേട്ടാ"
അപ്പോ അതാണ്‌ പ്രശ്നം, ലവന്‍ ചെറുതായി ചൂടുപിടിച്ചു തുടങ്ങി.
'അതിന്‌ എന്റെ പേര്‌ ഉഷസ്‌ കുമാറന്നാണ്‌ അല്ലാതെ കുമാറന്നല്ലല്ലോ'
“തന്നേ; ചെല്ലാ, ഉഷസ്‌ എന്ന് മനുഷ്യന്മാര്‍ക്കാരെങ്കിലും പ്യാരിടുവോ, വല്ല ലോറിക്കോ വീട്ടിനോ ആട്ടോയ്‌ക്കോ ഒക്കെ ചേരും“
ചൂടാവണോ തണുക്കണോ ,അതോ ഇറങ്ങി ഓടണോ എന്ന കണ്‍ഫ്യൂഷനൊടുവില്‍ ഉഷസ്‌ കുമാര്‍ അവന്റെ ചെവിയിലോതിയതൊന്നും ഇവിടെ എഴുതാന്‍ കഴിയില്ല.

ഒരു പേരിലെന്തിരിക്കുന്നു
ഹാ, എനിക്കറിയില്ല. എന്റെ പേര്‌ ഭയങ്കര കുഴപ്പം പിടിച്ച ഒന്നാണോ.
ഇതുവരെ ഒരു ബാങ്ക്‌ അക്കൌണ്ട്‌ പാസ്സ്‌ ബുക്കിലും വെട്ടി തിരുത്തില്ലാത്തതായിട്ടില്ല, അതു പോലെ പലതിലും. പാസ്‌പോര്‍ട്ടിലും എസ്‌.എസ്‌.എല്‍.സി ബുക്കിലുമെന്തോ വ്യത്യാസമൊന്നുമില്ല.
Abdul Aleef എന്നാണ്‌ ഔദ്യോഗികം.Alif എന്ന് സ്വകാര്യവും. പക്ഷേ എന്റെ സ്‌പെല്ലിംഗ് എന്നെപ്പോലെ തന്നെ മിസ്‌റ്റേക്കാണ്‌. Abdul Alif, Abdul Aliph, Abdul Aleep എന്നൊക്കെ എഴുതി വരുന്നത്‌ സഹിക്കാം, മിക്കവരും എന്നെ Abdul Latheef ആക്കികളയും. കാരണം അതു വളരെ പോപ്പുലര്‍ ആയ ഒരു പേരായതുകൊണ്ടാവും.
ഒരു യഥാര്‍ത്ഥ അബ്ദുല്‍ ലത്തീഫും ഞാനുമായി നടന്ന ഫോണ്‍ സംഭാഷണം;
"ഹലോ, അബ്ദുല്‍ ലത്തീഫ്‌ സാറാണോ"
"അല്ലല്ലോ, ഞാന്‍ അബ്ദുല്‍ അലീഫ്‌ ആണ്‌"
"ഞാന്‍ അബ്ദുല്‍ ലത്തീഫ്‌ ആണ്‌"
"ഞാന്‍ ലത്തീഫ്‌ അല്ല, അലീഫ്‌ ആണ്‌"
ആകെ കണ്‍ഫ്യൂഷനടിച്ച അയാള്‍ ഫോണ്‍ വെച്ചു. ശരിക്കും അയാള്‍ എന്നെ തന്നെയാണ്‌ വിളിച്ചത്‌ എന്ന് പിന്നീട്‌ തമ്മില്‍കണ്ടപ്പോള്‍ മനസ്സിലായി.

എന്റെ പേരിലെ ഏറ്റവും പുതിയ സ്‌പെല്ലിംഗ് നൈജീരിയ ഗവണ്‍മന്റ്‌ റെസിഡെന്റ്‌ പെര്‍മിറ്റിലടിച്ച്‌ തന്നിട്ടുണ്ട്‌, Abdul atheef.അലീഫും ലത്തീഫും കൂടി മിക്‍സിയിലിട്ടടിച്ചത്‌ പോലുണ്ട്‌.

അങ്ങിനെ പേരില്‍ പല പല സ്‌പെല്ലിംഗുകളും സ്വന്തമായുള്ള ഈയുള്ളവന്‍ ഇതാ ബൂലോക ഗസറ്റില്‍ ഒരു പേരുമാറ്റ പരസ്യം ചാര്‍ത്തുന്നു.

2006 ആഗസ്റ്റ്‌ മാസം 27നു ചെണ്ട എന്ന പേരിലുള്ള ബ്ലോഗിലൂടെ ബൂലോകത്ത്‌ ബൂജാതനായ ചെണ്ടക്കാരന്‍ എന്ന ഞാന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സ്വന്തവും സ്വകാര്യവുമായ നാമധേയം 'അലിഫ്‌' എന്ന പേരിലാവും ഇനി മുതല്‍ ബ്ലോഗുന്നത്‌ എന്ന് ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു. ഈ പേരുമാറ്റം മൂലം എന്റെ പെരുമാറ്റത്തിന്‌ ഒരു മാറ്റവും ഉണ്ടാകില്ലന്നും എന്റെ ബ്ലോഗുകളായ ചെണ്ട, നൈജീരിയ വിശേഷങ്ങള്‍ എന്നിവയും, ഈ പേരുമാറ്റത്തിന്‌ കാരണമായ 'ഗൃഹപാഠം' എന്ന പുതിയ ബ്ലോഗും പതിവുപോലെ തുടരുമെന്നും ഇതിനാല്‍ അറിയിക്കുന്നതിനോടൊപ്പം ഇങ്ങോട്ടുള്ള പെരുമാറ്റം ശക്തമായിതന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സാങ്കേതികകാരണം: ഗൃഹപാഠം ഒരു ടെക്‍നോളജി ബ്ലോഗ്‌ ആണ്‌. ഭവനനിര്‍മാണ സാങ്കേതിക വിഷയമായി 'അലിഫ്‌' എന്ന പേരില്‍ വിവിധ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളില്‍ പരാമര്‍ശവിഷയമായിട്ടുള്ള സംഗതികളും, ഒറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. ചിലത്‌ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

സ്വകാര്യം: ഗൃഹപാഠ ത്തിന്‌ ഒരു കൂട്ടുപ്രതികൂടിയുണ്ട്‌. അയാള്‍ക്കും താത്പര്യം ഞാന്‍ അലിഫ്‌ എന്നു തന്നെ അറിയപ്പെടാനാണ്‌.(വീട്ടില്‍കേറേണ്ടതുള്ളതു കൊണ്ട്‌ തത്ക്കാലം അഡ്ജസ്റ്റ്‌ ചെയ്‌തേ പറ്റൂ- ഈ ബ്രാക്കറ്റിലുള്ളത്‌ ബാച്ചിലര്‍ സുഹൃത്തുക്കള്‍ വായിക്കണമെന്നില്ല)

ആത്മഗതം: ഹാവൂ, ചെണ്ടയില്‍ ഒരു പോസ്റ്റ്‌ കൂടിയായി.