20.4.16

വേലി തിന്നുന്ന വിളവ്..!

ബഹുനില കെട്ടിടനിർമ്മാണവേളയിൽ അനുവർത്തിക്കേണ്ട ജീവൻ സുരക്ഷാക്രമീകരണങ്ങൾ നിഷ്കർഷിക്കുവാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നടപടിയെടുക്കുവാനും ചുമതലപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ വിധത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന്റെ ചില ചിത്രങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. 
 
കൊച്ചിൻ നഗരസഭ മറൈൻഡ്രൈവിൽ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ 8 നില ഓഫീസ് കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളികൾക്കായി ഏതെങ്കിലും തരത്തിലുള്ള ജീവൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുണ്ടായിട്ടില്ലന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. (ഏപ്രിൽ 9 രാവിലെ 9 മണിക്ക് എടുത്ത ചിത്രങ്ങളാണിവ)
  
1. ഉയരങ്ങളിൽ ജോലിചെയ്യുമ്പോൾ വേണ്ട സുരക്ഷാ വല , വേലി  യാതൊന്നും കാണാനില്ല 
2. പ്രാഥമിക സുരക്ഷാ സംവിധാനങ്ങളായ സേഫ്റ്റി ഹെൽമെറ്റ്‌, സേഫ്റ്റി ഷൂസ്, പെട്ടന്ന് ദൃഷ്ടിയിൽ പെടാനുതകുന്ന മേലങ്കി / സുരക്ഷാ കവചം , അപ്രതീക്ഷിത വീഴ്ചയിൽ സഹായകമാകുന്ന  വിധത്തിൽ ബന്ധിപ്പിച്ച കയർ / കൊളുത്തുകൾ തുടങ്ങിയവയൊന്നും ഉപയോഗിക്കുന്നില്ല.
3. യാതൊരു സുരക്ഷാ മാനദണ്ഡവും അനുവർത്തിച്ചിട്ടില്ലാത്ത സ്കാഫോൾഡിംഗ്(പണിതട്ട് )
4. ദുരന്തങ്ങളെ ക്ഷണിച്ച് വരുത്താനെന്നോണം  അലങ്കോലമായും അലക്ഷ്യമായും കിടക്കുന്ന നിർമ്മാണയിടവും പരിസരവും.
5. അപര്യാപ്തമായ മേൽനോട്ടം 

ഇത്തരത്തിൽ അപകടകരമായ സാഹചര്യങ്ങളിലും ജോലിചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളടക്കം തയ്യാറാവുന്നത് കോടികൾ ആസ്തിയുള്ള വൻകിട നിർമ്മാണ കമ്പനികൾ മുതലെടുക്കുകയാണന്ന പരാതികൾ കേട്ടിട്ടുണ്ട്; തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ തന്നെ ഇത്തരത്തിൽ  മാതൃകയാകുമ്പോൾ അവരെ കുറ്റപെടുത്താനാവുമോ..?  സമീപകാലത്ത് ജോലിക്കിടെ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളില്ലെല്ലാം അപകടത്തിന് സാഹചര്യമൊരുക്കിയത് സുരക്ഷാസൌകര്യത്തിന്റെ അഭാവമാണ്.
ഈ ചിത്രങ്ങൾ പകർത്തിയ എന്റെ സുഹൃത്ത്, ലേബർ കമ്മീഷണർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ, സിറ്റി മേയർ , മേയറുടെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക്  വിശദമായ ഇ-മെയിൽ അയച്ചുവെങ്കിലും ഇതുവരെയും കൈപറ്റിയതായോ എന്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചതായോ കാണുന്നില്ല. ചില പത്ര ദൃശ്യ മാധ്യമങ്ങളുമായും ഈ ആശങ്ക പങ്ക് വെയ്ക്കാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ല; അവർക്ക് കൂടുതൽ താത്പര്യം 'വീണുകിട്ടുന്ന' ദുരന്തവിശേഷങ്ങളിലും  ശേഷമുള്ള വിചാരണ വിശകലനങ്ങളിലുമാണല്ലോ..!

കെട്ടിടനിർമ്മാണ മേഖലയിലെ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങളോടുള്ള  ഇത്തരം അലംഭാവ സമീപനം വിദൂരഭാവിയിലല്ലാതെ തന്നെ മറ്റൊരു കൂട്ട ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നതിൽ സംശയമില്ല; ഇന്നലെ അധികദൂരയൊന്നുമല്ലാത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ( കുസാറ്റ്) യിൽ നടന്ന അപകടവാർത്തയെ ഇതോടൊപ്പം ചേർത്ത് വായിച്ചെങ്കിലും ബന്ധപെട്ടവരുടെ കണ്ണ് തുറന്നിരുന്നുവെങ്കിൽ ..!!
 

10.12.15

സി.ഡി വേട്ട..!

വെളിപ്പെടുത്തലുകളും  സി.ഡി വേട്ടയുമുൾപ്പെടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് മുഖ്യനെയും പരിവാരങ്ങളെയും വെള്ളപൂശിയെടുക്കുവാനുള്ള അജണ്ടയോടുകൂടിയ നാടകമാണെന്നും അറിഞ്ഞോ അറിയാതെയോ സോളാർ കമ്മീഷൻ ഇതിൽ പെട്ടുപോകുകയും ചെയ്തു എന്ന് വേണം കരുതാൻ.
ഉണ്ടാകുമെന്നു യാതൊരു  ഉറപ്പുമില്ലാത്ത  തെളിവിനായി , ഏതോ ഒരിടത്തേക്ക്, രണ്ടര വർഷത്തിലധികമായി ബന്ധമില്ലന്നു പറയുന്ന ഒരാളെയും തേടി സിനിമയെ വെല്ലുന്ന സ്റ്റൈലിൽ കാറിൽ പായുന്ന കമ്മീഷൻ; അവരെ ചേസ് ചെയ്യുന്ന മാധ്യമ പട.
(ആഭ്യന്തരനോട് പറഞ്ഞിരുന്നേൽ പരീക്ഷിച്ച് വിജയിച്ച  'എയർ ആമ്പുലൻസ് ' പദ്ധതിപോലെ ഒരു 'സി.ഡി. റെസ്ക്യു മിഷൻ' ഹെലിക്കോപ്റ്റർ പരിപാടിയിലൂടെ ഈ മാധ്യമ കൂട്ടത്തിന്റെ വേവലാതി പിടിച്ച റോഡ്‌ പാലായനം ഒഴിവാക്കാമായിരുന്നേനെ...!)
പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെങ്കിലും കിട്ടിയേക്കാവുന്ന ക്ലിപ്പുകൾക്കായി മൊബൈലിൽ കണ്ണും നട്ട് കാത്തിരിക്കുന്ന കേരളം; തികട്ടി വരുന്ന ഒരു അശ്ലീല ചിരിയുമായി ഞാനും; ഇനി എങ്ങാനും ബീഫ് ഒലർത്തിയത് പരസ്യമായി വിളമ്പിയാലോ..!!
ഇതിനിടയിൽ വാട്ട്സാപ്പിൽ വന്ന പ്രതീക്ഷനിരാശകൾ സമാസമം സ്ഫുരിക്കുന്ന ഒരു ചിന്താശകലം : ''വടക്കോട്ടാണ് അവർ പൊയ്ക്കൊണ്ടിരിക്കുന്നത് ,ഇനി ചെന്നെയിലെങ്ങാനും ആവുമോ സി.ഡി സൂക്ഷിച്ചേക്കുന്നത് ; മയിര്.. വെള്ളപ്പൊക്കത്തിൽ എല്ലാം ഒലിച്ചു പോയിക്കാണും..!!''

10.11.15

എസ്. എ സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ...!

''അല്പസമയത്തിനകം ദൽഹിയിൽ നിന്നുമുള്ള മലയാള വാർത്തകൾ , അതുവരെ എസ്. എ  സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ''  ഗാർഹിക വിനോദ ആർഭാടമായി എന്റെ തലമുറയുടെ ബാല്യം ആസ്വദിച്ചിരുന്ന ആകാശവാണിയിൽ നിന്ന് ഇതേപോലൊരു അറിയിപ്പ് കേൾക്കാത്തവർ ഉണ്ടാവാനിടയില്ല; പ്രത്യേകിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ പ്രാദേശിക വാർത്തകൾക്കും ഒരു മണിയുടെ മലയാള വാർത്തകൾക്കുമിടയിൽ. എത്ര തവണ കേട്ടാലും മതിവരാത്ത ഉപകരണ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് ഈ ഇടവേളകളിൽ നമ്മെ കൂട്ടികൊണ്ടു പോയിരുന്ന  പ്രിയപെട്ട സ്വാമി ഇന്നലെ അന്തരിച്ചു; ആദരാഞ്ജലികൾ നേരുന്നു.
(വാർത്ത : കേരള കൗമുദി 10നവം.2015)
കൗമാരത്തിൽ സുഹ്രുത്തുക്കളോടൊപ്പം കാസറ്റ്  കടകളിൽ കയറി ഇറങ്ങുമ്പോഴും ഏറെ കൗതുകത്തോടെ തിരഞ്ഞിരുന്ന ഒന്നാണു ഇദ്ദേഹത്തിന്റെ ഫിലിം ട്യൂണ്‍ സമാഹാരങ്ങൾ, പക്ഷേ ഒരിക്കലും കിട്ടിയില്ല. ആ നിരാശയ്ക്ക് ഒക്കെ അറുതിയെന്നോണം തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് കാലത്തിന്റെ തുടക്കത്തിലൊരിക്കൽ സാക്ഷാൽ ശ്രീമാൻ എസ്. എ. സ്വാമി എനിക്കുമുന്നിൽ ഭവന നിർമ്മാണ ആവശ്യവുമായി പ്രത്യക്ഷപ്പെടുന്നു. വിവിധ മേഖലകളിലെ ഒരുപാട് പ്രമുഖരെയും പ്രശസ്തരേയും ഹാബിറ്റാറ്റ് വഴി നേരിൽ കാണാനും പരിചയപ്പെടാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും (നന്ദി ശങ്കർജി ) ഇദ്ദേഹവുമായുള്ള ആദ്യ കൂടികാഴ്ചയും പിന്നീട് നിരവധി വൈകുന്നേരങ്ങളിലെ ചർച്ചകളും ബൈക്കിന്റെ പുറകിൽ ഇരുന്നുള്ള യാത്രയും ഒന്നും ഒരിക്കലും മറക്കാനാവില്ല.
ആകാശവാണിയുടെ സ്റ്റുഡിയോ ഉൾത്തളങ്ങൾ എന്റെ അക്കാദമിക് താൽപര്യാർത്ഥം കാണിക്കുവാൻ കൊണ്ടുപോയിട്ടുണ്ട്. റേഡിയോയിലൂടെ വായിച്ചിരുന്ന നൂറുകണക്കിന് ഫിലിം റ്റ്യൂണുകളിൽ രണ്ട് മൂന്നെണ്ണം എന്റെ നിർബന്ധിച്ചുള്ള ആവശ്യപ്രകാരം വായിച്ച് കേൾപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്; വളരെ അന്തർമുഖനായിരുന്നു എന്ന് തോന്നുമെങ്കിലും പ്രിയമുള്ളവരോട്‌ വലിയ തോതിൽ  അടുപ്പവും സൗഹൃദവും പുലർത്തിയിരുന്ന ആളായിരുന്നു സ്വാമി എന്നാണ് എനിക്ക് മനസ്സിലാക്കാനായത്.
അന്ന് ഭവന നിർമ്മാണ ആവശ്യത്തിനായി അദ്ദേഹം കണ്ടെത്തിയിരുന്ന സ്ഥലം ഹരിതമേഖല (Green Belt) യിലോ മറ്റോ പെട്ടിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയും ഞാൻ പഠനപൂർത്തീകരണത്തിനായി കുറേക്കാലത്തേക്ക് ഹാബിറ്റാറ്റ് വിട്ടുപോവുകയും ചെയ്തതിനാലാവണം ആ സൗഹൃദ കണ്ണി ഇടയ്ക്കെപ്പോഴോ മുറിഞ്ഞു പോയി; ആ ഭവന നിർമ്മാണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇന്നും അറിയില്ലന്നത് മുറിഞ്ഞു പോയ ഓർമ്മകൾ കൂട്ടിയോജിപ്പിക്കുമ്പോൾ ഖേദകരമാകുന്നു.
എന്തായാലും സംഗീതാസ്വാദനം കാസറ്റിൽ നിന്ന് സി.ഡി. യുഗത്തിലേക്കും ഡി.വി.ഡി.കളിലേക്കും  കടന്നപ്പോഴും ഈ ഫിലിം റ്റ്യൂണുകൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. ഓണ്‍ലൈൻ തിരച്ചിലിൽ വീണുകിട്ടിയ ചില എം.പി ത്രീകൾ കിട്ടിയത് ഇന്നും സൂക്ഷിക്കുന്നു. ഈ അടുത്തയിടെയാണ് ഇദ്ദേഹം രോഗാതുരനായതിനെക്കുറിച്ചും മകൾ സമ്മാനിച്ച ഗിറ്റാറിലൂടെ വീണ്ടും ഫിലിം റ്റ്യൂണുകൾ വായിച്ച് ഉയിർത്തെണീൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരു ഞായറാഴ്ച പതിപ്പിൽ വായിക്കാനിടയായത്. നാട്ടിൽ പോയപ്പോൾ ഒന്ന് രണ്ട് തവണ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആശ്വസിക്കുവാൻ ഇട നൽകി ഏതോ ഒരു മ്യൂസിക് സ്റ്റോറിന്റെ  അലമാരയിൽ നിന്നും കിട്ടിയ 'ധ്വനി തരംഗ് ' എന്ന ആൽബം എപ്പോഴും എന്റെ ഒപ്പമുണ്ട്. (ഇത്തരമൊരു സംരംഭത്തിനു മുൻകൈ എടുത്തതിന് പ്രശസ്ത സംഗീത സംവിധായകൻ  ശ്രീ എം.ജയചന്ദ്രന് അഭിനന്ദനം അർഹിക്കുന്നു).
ശങ്കരമംഗലം അയ്യപ്പസ്വാമിയെന്ന എസ് . എ സ്വാമിയുടെ ഫിലിം റ്റ്യൂണുകൾ ആകാശവാണി ശ്രവണത്തിന്റെ നൊസ്റ്റാൾജിയയായി  എന്നും എപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും; ഹ്രസ്വമായതെങ്കിലും സമ്പുഷ്ടമായിരുന്ന ആ സൗഹൃദകാലവും...!
( ഗാനാ.കോം  ചില ഗാനങ്ങൾ ഓണ്‍ലൈൻ ശ്രവണത്തിനായി നൽകുന്നുണ്ട് ;  ഇവിടെ അമർത്തുക )