14.5.21

കോവിഡ് ജാഗ്രത..!

കുറച്ചു ദിവസമായി എഫ്.ബി കമന്റ് ബോക്സുകളിൽ
'ആദ' എന്ന് ടൈപ്പ് ചെയ്ത് തുടങ്ങുമ്പോഴേക്കും 'ആദരാഞ്ജലികൾ' ന്ന് വരാനും 'Heart' അടിച്ചു തീരും മുൻപേ 'condolences' കൂടി ചേർത്ത് വാചകം പൂർത്തിയാകാനും ഒക്കെ തുടങ്ങിയിരിക്കുന്നു. നേരിൽ അറിയുന്നവരുടെ, സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിയോഗവാർത്തകൾ ചുറ്റും കുമിഞ്ഞു കൂടുന്നതിന്റെ ബാക്കിപത്രമാകും.

ഓട്ടോ ടൈപ്പിംഗിൽ
'പ്ര' സ്വയം 'പ്രണാമം' ആകുന്ന സമയം പോലുമെടുക്കില്ല നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടമാകാൻ എന്ന് തിരിച്ചറിയുക. സർക്കാർ നിയന്ത്രണങ്ങൾ നമുക്ക് വേണ്ടി തന്നെയാണ്, ജാഗ്രത പുലർത്തുക; വീട്ടിലും സമൂഹത്തിലും.

#കോവിഡ്ജാഗ്രത  #stayhome #staysafe

13.5.21

ഈദ് 2021

പൂർണ്ണമായും വീടിനുള്ളിൽ അടച്ചിടപെട്ട മൂന്നാമത്തെ ഈദ് പെരുന്നാൾ ആണിത്; സത്യത്തിൽ ഒരു സന്തോഷവും ഇല്ല. ദുഃഖവാർത്തകൾ മാത്രം നിറയുന്ന ഒരു കെട്ട കാലത്തിനു നടുവിൽ വല്ലാതെ ഒറ്റപ്പെട്ടു പോയ അവസ്‌ഥ. ഇത്തവണ പ്രകൃതിയും ഏതാണ്ടൊക്കെ കല്പിച്ചുകൂട്ടി കെട്ടിമൂടി കരുവാളിച്ചു നിൽക്കുന്നു. മിനിഞ്ഞാന്ന് ആറേഴു മണിക്കൂർ നിർത്താതെ പെയ്തതിന്റെ ക്ഷീണം ഇന്നലെ ഇത്തിരി വിശ്രമിച്ചു തീർത്തെങ്കിലും , ഇപ്പോൾ ഏതാണ്ട് അതേ മട്ടിൽ താഴേക്ക് മഴ വെള്ള പെരുക്കം; 'ടൗട്ടേ' വരുന്നത്രേ..! 

തൊട്ടടുത്തുള്ളവരെ പോലും ഒരു നോക്ക് കാണാനും കേൾക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നത് പോലെ. ജാഗ്രതയുടെ കാലം കഴിഞ്ഞു ഭയപ്പാടിന്റെ കാലൊച്ചകൾ വാതിൽക്കൽ വന്ന് കാത്ത് നിൽക്കുന്നുവോ..?

ലോക്ക്ഡൗണിന് മുമ്പ് മക്കൾ രണ്ടും ഹോസ്റ്റലുകളിൽ നിന്ന് തിരികെയെത്തിയ ആശ്വാസം; പെരുന്നാൾ ദിനം പതിവ് പോലെ  ബിരിയാണി ഉണ്ടാക്കി. ഇത്തവണ അയല്പക്കങ്ങളിലേക്ക് സ്നേഹത്തിൽ ഒരു പൊതിയും കൊടുത്തില്ല; അവർക്ക് അത് കൊണ്ടൊരു ബുദ്ധിമുട്ട് വരരുതല്ലോ. 

ആശങ്കയുടെ കരിനിഴൽ മുഖങ്ങളിൽ പടരാതെ പകർത്തിയ കുടുംബ സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ വിതറി. ഈ വിരസ കാലത്ത്, നിറയുന്ന സങ്കട വാർത്തകളുടെ നടുവിലും ഒരു സ്നേഹ ചിത്രം സൗഹൃദ മനസ്സുകളിൽ ഒരല്പമെങ്കിലും ഊർജ്ജം, ആശ്വാസം, കരുതൽ നിറയ്ക്കുമെന്ന വിശ്വാസത്തിൽ.

സ്നേഹം,
ഈദ് ആശംസിച്ച എല്ലാവരോടും.

21.4.21

താടി മാമന്റെ കുടുംബ വിസിറ്റ് (20.04.2021)

'താടിയുള്ള അപ്പനെയെ പേടിക്കൂ' എന്നേതോ നാട്ടുകാര് പഴംചൊല്ലിക്കൊടുത്തത് വിശ്വസിച്ചാവണം, വെള്ളവും വളവും പിന്നെയിത്തിരി ജി.ഡി.പി യും തളിച്ച് വളർത്തിയ ശുഭ്രവർണ്ണ ശ്മശ്രുഭാരവുമായി തറവാട്ടിലെ കാർന്നോര്; ഞങ്ങളുടെ താടി മാമൻ,  ഇന്നലെ രാത്രി പെട്ടെന്ന് വലിയ മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടുംബത്തേക്ക് കയറി വന്നത്.

പത്തിരുപത് മിനുട്ട് തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും മറ്റും പറഞ്ഞു പേടിപ്പിച്ചു, പിന്നെന്തോ യുദ്ധത്തിന്റെ കാര്യമൊക്കെ പറഞ്ഞു; അവനോന്റെ കാര്യം നോക്കി കുടുംബത്ത് ഇരുന്നാൽ മതി തറവാടിൻറെ അടിത്തറയൊക്കെ പുള്ളി കോൺട്രാക്ട് കൊടുത്തു ഇളക്കി റെഡിയാക്കി തരാമെന്നൊക്കെയാണെന്ന് പറഞ്ഞതെന്ന് തോന്നുന്നു. ഭാഗ്യത്തിന് അയലോക്കക്കാരുമായി നടത്തേണ്ട അതിർത്തി വഴക്കിനെ കുറിച്ചൊന്നും ഇന്നലെ മിണ്ടിയില്ല;  തൊട്ട് അയല്പക്കത്തിനും അപ്പുറത്തും അതിന്റെയും അപ്പുറത്തുള്ള വീടുകളിൽ പോലും നമ്മളെ അടുപ്പിക്കില്ലന്നുള്ള തിട്ടൂര വാർത്തയെയും തൊട്ടില്ല.

തറവാട് തളർന്നാലും താടി വളരണം എന്ന പോളിസിയുമെടുത്ത് കഴിഞ്ഞ ഒരു വർഷത്തോളമായി അശ്രാന്ത പരിശ്രമം നടത്തുന്ന കാർന്നോരോട് ആർക്കും ഒന്നും ചോദിക്കാനും പാടില്ല; എന്തേലും ചോദിച്ചാൽ ചിലപ്പോൾ കരഞ്ഞു കളയുമോ എന്നൊരു പേടിയും, കണ്ണുനീര് പോലും താടിക്ക് വളമാക്കുന്ന ടീമാണ്..!

തറവാട് മുടിഞ്ഞുകൊണ്ടിരിക്കുന്നതിൽ 'മാമനോടോന്നും തോന്നല്ലേ മക്കളേ' എന്ന ഭാവത്തിൽ  സന്ദർശനം കഴിഞ്ഞു പോകുമ്പോഴും ഒരു ഗൂഢസ്മിതം ആ നനുത്ത താടിമീശകൾക്കിടയിൽ കണ്ടത് കുടുംബത്തിലെ ഇളമുറക്കാർ മാത്രമാണോ..?