28.10.06

ഒരു ബൂലോക ഗസറ്റ്‌ വിജ്ഞാപനം

'എടേയ്‌ നീ വാ, നമുക്കൊരു ബാങ്ക്‌ ഡ്രാഫ്റ്റ്‌ എടുത്തിട്ട്‌ വരാം'
ഡ്രാഫ്റ്റിംഗ്‌ ബോര്‍ഡിനു മുകളില്‍ ഒട്ടിച്ച്‌ പേപ്പറില്‍, പണിയൊന്നുമില്ലാത്തതിനാല്‍ കുത്തിട്ട്‌ കളിയ്കുകയായിരുന്ന എനിക്കാ വിളിയൊരാശ്വാസമായിരുന്നു.കൂടപ്പോയാല്‍ രണ്ട്‌ കാര്യം നടക്കും; ചായകുടിയും പിന്നെയൊരു വില്‍സും. ശരി അണ്ണാ, ഞാന്‍ എഴുന്നേറ്റു.

ഞങ്ങള്‍ മേല്‍പറഞ്ഞ മുന്‍കൂര്‍ കലാപരിപാടികള്‍ക്ക്‌ ശേഷം ബാങ്കിലെത്തി, ഡ്രാഫ്റ്റ്‌ എടുക്കാനുള്ള കാര്യപരിപാടികള്‍ തുടങ്ങി.കാശൊക്കെ അടച്ചിട്ട്‌, വൃത്തിയാക്കാത്തത്‌ കൊണ്ടോ, ആരും ഇന്നേവരെ ഇരിക്കാത്തത്‌ കൊണ്ടോ എന്നറിയില്ല പൊടിപിടിച്ച്‌ കിടന്നിരുന്ന ഒരു സോഫയിലിരുന്ന് ആഗോളവല്‍ക്കരണത്തിന്റെ രൂക്ഷവശങ്ങളെ കുറിച്ച്‌ കത്തി ആരംഭിച്ചു, കത്തി, അതിനി ഏതു വിഷയമായാലും ഞങ്ങള്‍ക്കൊരു വീക്‍നെസ്സ്‌ ആയിപോയിരുന്നു. കത്തിക്കിടയിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്നപോലെ കൌണ്ടറിലേക്ക്‌ തന്നെയായിരുന്നു, കാരണം സംസാരിച്ച്‌ സംസാരിച്ച്‌ തമ്പാനൂര്‍ നിന്നും കൊല്ലത്തേക്ക്‌ പോകാനുള്ളതിനു പകരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ കേറി നെയ്യാറ്റിന്‍കര ഇറങ്ങിയ ചരിത്രപുരുഷന്മാരായിരുന്നു ഞങ്ങള്‍.

വലിയ തിരക്കൊന്നും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ ഡ്രാഫ്റ്റ്‌ മാത്രമെന്തേ വൈകുന്നതെന്ന ചിന്ത ഇടയ്ക്കിടെ ഉണ്ടായെങ്കിലും സ്‌റ്റേറ്റ് ‌ബാങ്കിന്റെ മഹത്തരമായ സര്‍വ്വീസില്‍ പുളകം കൊണ്ടിരുന്ന ഞങ്ങള്‍ സംസാരം തുടര്‍ന്നു. ഒടുവില്‍ എന്നാലിനിയൊന്നു അന്വേഷിച്ചുകളയാം എന്നു കരുതി കൌണ്ടറില്‍ ചോദിച്ചു. 'എല്ലാ ഡി.ഡി.യും കൊടുത്തല്ലോ, ഒന്നൊഴികെ' എന്ന മറുപടിയും ഒപ്പം നിങ്ങള്‍ക്കൊന്നും ചെവി കേട്ടുകൂടെ എന്നൊരാട്ടും.
'അതിനു നിങ്ങള്‍ വിളിച്ചില്ലല്ലോ ചേട്ടാ'
"അപ്പീ, എതിനേക്കാലും ഉച്ചത്തില്‍ വിളിച്ച്‌ കൂവാനൊന്നും പറ്റൂല്ല കേട്ടാ, കുമാര്‍, കുമാര്‍ എന്നു വിളിച്ചെന്റെ അടപ്പൂരി പോയി കേട്ടാ"
അപ്പോ അതാണ്‌ പ്രശ്നം, ലവന്‍ ചെറുതായി ചൂടുപിടിച്ചു തുടങ്ങി.
'അതിന്‌ എന്റെ പേര്‌ ഉഷസ്‌ കുമാറന്നാണ്‌ അല്ലാതെ കുമാറന്നല്ലല്ലോ'
“തന്നേ; ചെല്ലാ, ഉഷസ്‌ എന്ന് മനുഷ്യന്മാര്‍ക്കാരെങ്കിലും പ്യാരിടുവോ, വല്ല ലോറിക്കോ വീട്ടിനോ ആട്ടോയ്‌ക്കോ ഒക്കെ ചേരും“
ചൂടാവണോ തണുക്കണോ ,അതോ ഇറങ്ങി ഓടണോ എന്ന കണ്‍ഫ്യൂഷനൊടുവില്‍ ഉഷസ്‌ കുമാര്‍ അവന്റെ ചെവിയിലോതിയതൊന്നും ഇവിടെ എഴുതാന്‍ കഴിയില്ല.

ഒരു പേരിലെന്തിരിക്കുന്നു
ഹാ, എനിക്കറിയില്ല. എന്റെ പേര്‌ ഭയങ്കര കുഴപ്പം പിടിച്ച ഒന്നാണോ.
ഇതുവരെ ഒരു ബാങ്ക്‌ അക്കൌണ്ട്‌ പാസ്സ്‌ ബുക്കിലും വെട്ടി തിരുത്തില്ലാത്തതായിട്ടില്ല, അതു പോലെ പലതിലും. പാസ്‌പോര്‍ട്ടിലും എസ്‌.എസ്‌.എല്‍.സി ബുക്കിലുമെന്തോ വ്യത്യാസമൊന്നുമില്ല.
Abdul Aleef എന്നാണ്‌ ഔദ്യോഗികം.Alif എന്ന് സ്വകാര്യവും. പക്ഷേ എന്റെ സ്‌പെല്ലിംഗ് എന്നെപ്പോലെ തന്നെ മിസ്‌റ്റേക്കാണ്‌. Abdul Alif, Abdul Aliph, Abdul Aleep എന്നൊക്കെ എഴുതി വരുന്നത്‌ സഹിക്കാം, മിക്കവരും എന്നെ Abdul Latheef ആക്കികളയും. കാരണം അതു വളരെ പോപ്പുലര്‍ ആയ ഒരു പേരായതുകൊണ്ടാവും.
ഒരു യഥാര്‍ത്ഥ അബ്ദുല്‍ ലത്തീഫും ഞാനുമായി നടന്ന ഫോണ്‍ സംഭാഷണം;
"ഹലോ, അബ്ദുല്‍ ലത്തീഫ്‌ സാറാണോ"
"അല്ലല്ലോ, ഞാന്‍ അബ്ദുല്‍ അലീഫ്‌ ആണ്‌"
"ഞാന്‍ അബ്ദുല്‍ ലത്തീഫ്‌ ആണ്‌"
"ഞാന്‍ ലത്തീഫ്‌ അല്ല, അലീഫ്‌ ആണ്‌"
ആകെ കണ്‍ഫ്യൂഷനടിച്ച അയാള്‍ ഫോണ്‍ വെച്ചു. ശരിക്കും അയാള്‍ എന്നെ തന്നെയാണ്‌ വിളിച്ചത്‌ എന്ന് പിന്നീട്‌ തമ്മില്‍കണ്ടപ്പോള്‍ മനസ്സിലായി.

എന്റെ പേരിലെ ഏറ്റവും പുതിയ സ്‌പെല്ലിംഗ് നൈജീരിയ ഗവണ്‍മന്റ്‌ റെസിഡെന്റ്‌ പെര്‍മിറ്റിലടിച്ച്‌ തന്നിട്ടുണ്ട്‌, Abdul atheef.അലീഫും ലത്തീഫും കൂടി മിക്‍സിയിലിട്ടടിച്ചത്‌ പോലുണ്ട്‌.

അങ്ങിനെ പേരില്‍ പല പല സ്‌പെല്ലിംഗുകളും സ്വന്തമായുള്ള ഈയുള്ളവന്‍ ഇതാ ബൂലോക ഗസറ്റില്‍ ഒരു പേരുമാറ്റ പരസ്യം ചാര്‍ത്തുന്നു.

2006 ആഗസ്റ്റ്‌ മാസം 27നു ചെണ്ട എന്ന പേരിലുള്ള ബ്ലോഗിലൂടെ ബൂലോകത്ത്‌ ബൂജാതനായ ചെണ്ടക്കാരന്‍ എന്ന ഞാന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സ്വന്തവും സ്വകാര്യവുമായ നാമധേയം 'അലിഫ്‌' എന്ന പേരിലാവും ഇനി മുതല്‍ ബ്ലോഗുന്നത്‌ എന്ന് ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു. ഈ പേരുമാറ്റം മൂലം എന്റെ പെരുമാറ്റത്തിന്‌ ഒരു മാറ്റവും ഉണ്ടാകില്ലന്നും എന്റെ ബ്ലോഗുകളായ ചെണ്ട, നൈജീരിയ വിശേഷങ്ങള്‍ എന്നിവയും, ഈ പേരുമാറ്റത്തിന്‌ കാരണമായ 'ഗൃഹപാഠം' എന്ന പുതിയ ബ്ലോഗും പതിവുപോലെ തുടരുമെന്നും ഇതിനാല്‍ അറിയിക്കുന്നതിനോടൊപ്പം ഇങ്ങോട്ടുള്ള പെരുമാറ്റം ശക്തമായിതന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സാങ്കേതികകാരണം: ഗൃഹപാഠം ഒരു ടെക്‍നോളജി ബ്ലോഗ്‌ ആണ്‌. ഭവനനിര്‍മാണ സാങ്കേതിക വിഷയമായി 'അലിഫ്‌' എന്ന പേരില്‍ വിവിധ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളില്‍ പരാമര്‍ശവിഷയമായിട്ടുള്ള സംഗതികളും, ഒറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. ചിലത്‌ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

സ്വകാര്യം: ഗൃഹപാഠ ത്തിന്‌ ഒരു കൂട്ടുപ്രതികൂടിയുണ്ട്‌. അയാള്‍ക്കും താത്പര്യം ഞാന്‍ അലിഫ്‌ എന്നു തന്നെ അറിയപ്പെടാനാണ്‌.(വീട്ടില്‍കേറേണ്ടതുള്ളതു കൊണ്ട്‌ തത്ക്കാലം അഡ്ജസ്റ്റ്‌ ചെയ്‌തേ പറ്റൂ- ഈ ബ്രാക്കറ്റിലുള്ളത്‌ ബാച്ചിലര്‍ സുഹൃത്തുക്കള്‍ വായിക്കണമെന്നില്ല)

ആത്മഗതം: ഹാവൂ, ചെണ്ടയില്‍ ഒരു പോസ്റ്റ്‌ കൂടിയായി.

27.9.06

ഒരു ബോട്ട് യാത്ര

"ഇതിനകത്തിനി കുട പിടിക്കണമല്ലോ സാറേ; എന്നാ മഴയാ. ആകെ നനഞ്ഞു കുളിച്ചു, ഹോ നശിച്ച മഴ, നശിച്ച ഈ.." ബഹളം കേട്ടാണയാള്‍ ഉണര്‍ന്നത്‌. താഴ്‌ത്തിയിട്ടിരുന്ന ഷട്ടര്‍ കുറച്ചൊന്ന് ഉയര്‍ത്തി സ്ഥലമെവിടെയാണെന്നു നോക്കി; ഇല്ല, കേശവദാസപുരമായിട്ടേയുള്ളൂ. കോരിച്ചൊരിയുന്ന മഴയുടെ ആരവം തണുത്ത കാറ്റിനൊപ്പം രോമകൂപങ്ങളിലേക്ക്‌ കുത്തിക്കയറുന്നതുപോലെ. ഷട്ടര്‍ പരമാവധി വലിച്ച്‌ താഴ്‌ത്തിയിട്ട്‌ അയാള്‍ പിന്നെയുമൊന്നു മയങ്ങാന്‍ ശ്രമിച്ചു.

എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്‌.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു.

കുട്ടിക്കാലത്ത്‌ അച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തേക്ക്‌ വന്നത്‌ അയാളോര്‍ത്തു, അതേ, അന്നിവിടെ കേശവദാസപുരത്താണിറങ്ങിയത്‌. മെഡിക്കല്‍ കോളേജില്‍ എന്തോ ശസ്ത്രക്രിയ കഴിഞ്ഞ്‌ കിടക്കുകയായിരുന്ന മാമനെ കാണാനായിരുന്നുവെന്നു തോന്നുന്നു, ഇല്ല ഓര്‍മ്മകള്‍ പിടിതരുന്നില്ല.

അച്ഛനോടൊപ്പം പിന്നെയെത്രയെത്ര യാത്രകള്‍. തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി മടുത്തിട്ടുണ്ടാകും അച്ഛന്‍, യാത്രകള്‍ തന്റെ പാഠപുസ്തകമാവുകയായിരുന്നു.താന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ ഒരു ബോട്ട്‌ യാത്രയ്ക്‌ അച്ഛന്‍ സമ്മതിച്ചത്‌.പക്ഷേ അതു അച്ഛനോടൊപ്പമുള്ള അവസാനയാത്രയുമായി.മറിഞ്ഞ്‌ പോയ ബോട്ടില്‍ നിന്നു തന്നെ എങ്ങിനെയോ കരയ്ക്കടുത്തെത്തിച്ച്‌ ഈ ലോകത്തുനിന്നു തന്നെ നീന്തിയകലുകയായിരുന്നുവോ അച്ഛന്‍ ? തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട്‌ പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു. രക്ഷാബോട്ടുകള്‍ ചീറിയടുക്കുന്നതിന്റെ മുരള്‍ച്ച, ഓടിക്കൂടുന്ന ആള്‍ക്കാരുടെ ആരവം, നിലവിളിശബ്ദത്തിലലിഞ്ഞുപോകുന്ന രക്ഷപെട്ടവരുടെ ദീര്‍ഘനിശ്വാസം, അച്ഛാ,..ദൈവമേ താനെങ്ങിനെ വീണ്ടുമീ നശിച്ച ബോട്ടില്‍ കേറി.? ആള്‍ക്കാര്‍ തിക്കിതിരക്കുന്നു, ചിലര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു; ജനല്‍പ്പഴുതിലൂടെ പുറത്ത് ഓളം വെട്ടുന്ന വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടാന്‍ വെമ്പിയ അയാളെ ആരോ തടഞ്ഞു, പതുക്കെ, തെരക്കുകൂട്ടാതെ..!

പതുക്കെ പതുക്കെ അയാളുടെ ബോധമണ്ഡലത്തിലേക്ക്‌ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു; ഹോ, തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡെത്തിയത്‌ അറിഞ്ഞില്ല!. പുറത്ത്‌ തകര്‍ത്തു പെയ്യുന്ന മഴകുറയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍, വ്യവസ്ഥിതിയെ തെറിവിളിക്കുന്നവരിലൊരാളായി ഒരു വില്‍സ്‌ ഫില്‍ട്ടറിനു അയാളും തീ കൊടുത്തു. ബസ്സിനുള്ളില്‍ പുകവലിപാടില്ലന്ന മുന്നറിയിപ്പക്ഷരങ്ങള്‍ ആ പുകയേറ്റ്‌ മങ്ങിപ്പോയി.

തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡ് - ഒരു മഴ കാഴ്ച (പഴയ ചിത്രം, അവസ്ഥയ്ക്ക് മാറ്റമില്ലന്ന് ഇന്നലെത്തെ പത്രവാര്‍ത്ത)



26.9.06

മഴയില്‍ മുങ്ങിയ തലസ്ഥാനം


കോടികള്‍മുടക്കിയ പദ്ധതികളുടെ പരാജയത്തിന്റെ പര്യായമായി വീണ്ടും തലസ്ഥാന നഗരിയുടെ പ്രധാനയിടങ്ങളായ തമ്പാനൂര്‍, പഴവങ്ങാടി , കിഴക്കേകോട്ട ഭാഗങ്ങള്‍ വെള്ളത്തിലായി.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി പഠനവും അതിന്മേല്‍ പഠനവും പിന്നെ മലമറിക്കലുമൊക്കെയായി നടന്ന പദ്ധതി നടത്തിപ്പുകള്‍, പഞ്ചനക്ഷത്ര സെമിനാറുകള്‍, സ്ലൈഡ് ഷോകള്‍, പരസ്യപ്രചാരണം. ദിനം പ്രതി മാറ്റി പരിഷ്കരിച്ച് താറുമാറാക്കിയ ട്രാഫിക്ക്. സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ പുരോഗതി വിലയിരു‍ത്തല്‍ സന്ദര്‍ശന മാമാങ്കങ്ങള്‍ ! ആമയിഴഞ്ചാന്‍ തോടു വഴി ഒഴുകിപ്പോയ കോടികള്‍ക്ക് കണക്കില്ല , പക്ഷേ മഴവെള്ളത്തിനു ഒഴുകാന്‍ പഴുതില്ലത്രേ. ഇന്നലെ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ഏതൊക്കെയൊ കലുങ്ക് തല്ലിപൊളിക്കാന്‍ പോകുന്നു. അപ്പോഴേക്കും മഴ പോകും, വെള്ളകെട്ടും മാറും. കുത്തിപൊളിച്ചു കോരിവെച്ചിരിക്കുന്നത് വീണ്ടും പഴയ അവസ്ഥയിലേക്കാകും, എങ്കിലല്ലേ അടുത്ത മഴയ്ക് മറ്റൊരു ടാസ്‌ക് ഫോഴ്സിനു സ്‌കോപ്പുള്ളൂ.
പുതിയ സര്‍ക്കാരിനു കൈയ്യൊഴിയാം, ഇതു ഞങ്ങളുടെ പിഴവല്ല , മുന്‍ സര്‍ക്കാരിന്റേ;പഴയ സര്‍ക്കാരിനു പറയാം, ഒരഞ്ച് കൊല്ലം കൂടി തന്നിരുന്നു വെങ്കില്‍! പക്ഷേ എന്തും ഏതും അനുഭവിക്കാന്‍ അനന്തപുരിവാസികള്‍ തയ്യാറായല്ലേ പറ്റൂ. ഈ വികസനത്തിന്റെ പേരില്‍ അവര്‍ എത്രനാള്‍, എത്രയധികം പൊടി തിന്നു, എത്രലിറ്റര്‍ പെട്രോള്‍ അധികമായി കത്തിച്ചു, എത്ര ട്രാഫിക്കേമാന്മാരുടെ ചീത്ത വിളി സഹിച്ചു ;പക്ഷേ ഫലമോ,വീണ്ടും മലിനജലത്തിലൂടെ നീന്തുവാനാണ്‌ യോഗം. പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ!

വാര്‍ത്തയ്ക് കടപ്പാട്: കേരള കൌമുദി പി.ഡി.എഫ്. എഡിഷന്‍ 26-09-06