7.7.14

ചിത്രഗുപ്ത തുടര്‍ചിന്ത പരമാര്‍ത്ഥം..!


പ്രിയ സുഹൃത്ത് ജിഷ രാജേഷ്  മുഖപുസ്തകത്തില്‍ ഇന്നലെ എഴുതി....
ചിത്രഗുപ്തൻ ഉറങ്ങുകയായിരുന്നു. ജോലിഭാരം കൊണ്ട് വയ്യാ.
കൊല്ലനുള്ളവരുടെ ലിസ്റ്റ് കഴിഞ്ഞു. ചെറിയ ഒരു ബ്രേക്ക്‌ എന്ന്
കരുതിയപ്പോൾ അടുത്ത ലിസ്റ്റും കൊണ്ട് ദൈവം വന്നു. ലിസ്റ്റ്
മേശപ്പുറത്തു വച്ചിട്ട് ഒരു ഊറിയ ചിരിയും ചിരിച്ചിട്ട് ദൈവം അങ്ങ് പോയി.
ചിത്രഗുപ്തൻ ലിസ്റ്റിലേക്ക് നോക്കി. അതിൽ നുറുക്കി നുറുക്കി കൊല്ലാതെ
കൊല്ലാനുള്ളവരുടെ പേരുകൾ എന്ന് എഴുതിയിരുന്നു. ചിത്രഗുപ്തൻ അതിശയിച്ചു.
ഇവരെ എങ്ങനെ കൊല്ലും? അദ്ദേഹം ലിസ്റ്റും എടുത്തു നേരെ ഭൂമിയിലേക്ക്‌ പോന്നു.
കുറെ കറങ്ങി നടന്നു, അങ്ങനെ കൊല്ലാതെ കൊല്ലാനുള്ള ഒരുത്തിയെ കണ്ടു പിടിച്ചു.
അവളുടെ പിന്നാലെ നടന്നു നടന്നു തുടങ്ങി. എന്ത് ചെയ്യും? എങ്ങനെ ചെയ്യും? എന്നോർത്ത്
വിഷമിച്ചിരിക്കെ അവൾ ഫേസ് ബുക്കിൽ അക്കൗണ്ട്‌ തുടങ്ങി. ചിത്രഗുപ്തൻ ചിരിച്ചു..ഐഡിയ !!
ചിത്രഗുപ്തൻ അവളിൽ പ്രണയം വാരിയെറിഞ്ഞു. ലിസ്റ്റിൽ ഉള്ളവരെ എല്ലാം അവളുടെ കൂട്ടുകാരാക്കി.
ശേഷം ചിന്ത്യം
ഈ 'ശേഷം ചിന്ത്യം ' കുറച്ചേറെ ചിന്തിപ്പിച്ചു.., പിന്നെ ചിരിപ്പിച്ചു... ചെണ്ടയില്‍ ഒരു പോസ്റ്റിട്ടിട്ടും ചെണ്ട കൊട്ടിയിട്ടും നാളേറെ ആയല്ലോ... എന്നാല്‍ പിന്നെ കിടക്കട്ടെ ഒരു തുടര്‍ചിന്ത ..; മുഖപുസ്തകത്തില്‍ ഉള്ളവരും ഇല്ലാത്തവരും അവിടുന്നു ഓടിപ്പോയവരും ഒക്കെ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...!

ചിത്രഗുപ്ത തുടര്‍ചിന്ത പരമാര്‍ത്ഥം..!

ചിത്രഗുപ്തന്‍ ഉറങ്ങുകയായിരുന്നില്ല; നടിക്കുകയായിരുന്നു. ജോലിഭാരം , മടി പിന്നെ ഇന്നലെ രണ്ടണ്ണം അധികമായതിന്റെ ഹാങ്ങോവറും..! ഇന്നലെ കൊണ്ടു വന്ന ഒരു 'മദ്യ' വയസ്കന്റെ ആട്ടം കണ്ടപ്പോഴേ തോന്നി, തപ്പിയാല്‍ ഒരു അരയെങ്കിലും കാണുമെന്ന്; പക്ഷെ അരയില്‍ തപ്പിയപ്പോള്‍ കിട്ടിയത് രണ്ട് ഫുള്ള്..തനി നാടന്‍..! ഇവിടുത്തെ വിലകയറ്റവും ദാരിദ്ര്യവും കാരണം അത്യാവശ്യം ചില സാധന സാമഗ്രികളൊക്കെ പാർസൽ ആയി കൊണ്ടുപോരാമെന്ന പുതിയ നിയമം പാലിച്ച് മക്കള്‍ ചത്തു കിടന്ന അപ്പന്റെ അരയില്‍ തിരുകി വിട്ടതാണ്.

പുള്ളിയുടെ കാല്‍വിരല്‍ കെട്ടൊക്കെ അഴിച്ച് സുഖമായോന്നു കൂടി.. ആളൊരു രസികന്‍, നല്ല സ്വയമ്പന്‍ നാടന്‍ വാറ്റും; ടച്ചിങ്ങ്സിന് മൂക്കിലും ചെവിയിലും വെച്ച പഞ്ഞി തന്നെ ധാരാളം. പെഗ് രണ്ട് കഴിഞ്ഞപ്പോള്‍ സംഭവം ടേസ്റ്റായി തുടങ്ങിയതും കുപ്പി തീര്‍ന്നതും അറിഞ്ഞില്ല.
നാട്ടിലും എല്ലാറ്റിനും വിലക്കയറ്റമാണത്രേ , മമോ പോയി നമോ വന്നിട്ടും പെട്രോൾ ഗ്യാസിന്റെ വിലയും പി.എസ് എൽവിയും ഒരുപോലെ കുതിച്ചുയരുകയാത്രേ ; ചുമ്മാതല്ല ഇപ്പോ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് ഒരൊറ്റ മരുമോളുകൊച്ചും ഇങ്ങോട്ട് പോരാത്തത് ..!

നരകത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് കാർന്നോര് .. പാവം മനുഷ്യൻ, ഗേറ്റിന്റെ മുന്നിലെ ബീവറെജസിൽ നിന്ന് നാല് കുപ്പിയും വാങ്ങി കൊടുത്ത് യാത്രയാക്കിയപ്പോഴേ സമാധാനമായുള്ളൂ. ഗേറ്റിലെ സ്കാനറിൽ പിടിക്കാതിരിക്കാൻ രണ്ടായി പായ്ക്ക് ചെയ്ത് കൂടെയുണ്ടായിരുന്ന ഒരുത്തന്റെ പേരുമെഴുതി വിടാൻ പറഞ്ഞപ്പോഴാണ് മനസ്സിലായത് , ആളൊരു ഗൾഫ് റിട്ടേണിയുമായിരുന്നെന്ന് ..!

ഈ ദൈവത്തിന്റെ ഒരു കാര്യം; ചുമ്മാ ലിസ്റ്റ് ഇട്ട് ആളെ മക്കാറാക്കുകയാണിഷ്ടന്റെ മെയിൻ തൊഴിൽ. രാവിലെ പുതിയ ഒരു ലിസ്റ്റും മേശപ്പുറത്ത് വെച്ച് ഒരു ഊറിയ ചിരിയും ചിരിച്ചങ്ങ് പോകും. ഡെയിലി കണക്ക് പുസ്തകം നോക്കി ഓരോ ലിസ്റ്റിടാതെ , ഒരു എക്സൽ ഷീറ്റിലോ മറ്റോ വർഷം അനുസരിച്ച് ഒരു ലിസ്റ്റുണ്ടാക്കിയിരുന്നെങ്കിൽ എത്ര എളുപ്പമായിരുന്നു ; ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത പഴഞ്ചൻ ..!

കൊല്ലല്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് കാലൻ പോലും ഇപ്പോൾ ഫേസ് ബുക്കിലാണ് കളികള്‍. പണ്ടൊക്കെ കൊണ്ട് വരേണ്ട ആളുടെ പേരും നാളും സ്ഥലപേരുമൊക്കെ കൊടുത്താലും ആളെ കണ്ടുപിടിക്കാൻ ഭയങ്കര കഷ്ടപാടായിരുന്നുവത്രേ; ഇപ്പോ ചുമ്മാ ഫേസ് ബുക്കും തുറന്നിരുന്നാൽ മതി.. ആളുടെ സ്റ്റാറ്റസ് മെസ്സേജ് നോക്കിയാലറിയാം കൃത്യം എവിടെ ഉണ്ടെന്ന്. എങ്ങൊട്ട് തിരിഞ്ഞാലും ലൊക്കേഷൻ സ്റ്റാറ്റസ് ഇടുന്നവരെ കൊണ്ട് അങ്ങിനെയെങ്കിലും ഒരു പ്രയോജനമാകട്ടേ എന്നാണ് പുള്ളി പറയുന്നത്; എന്തായാലും സുക്കർബർഗിനെ കൊണ്ടു വരുമ്പോഴൊന്നു നന്നായി സൽക്കരിക്കണം..!

കൊല്ലാതെ കൊല്ലേണ്ടവരുടെ ലിസ്റ്റും അത് നടപ്പാക്കുന്നവിധവും വരെ ഇപ്പോൾ സ്റ്റാറ്റസ് ആണ് ; ഒരു ജോലി വൃത്തിയായി ചെയ്ത് സ്വസ്ഥമായിരിക്കാൻ സമ്മതിക്കൂല്ല അല്ലേ..?


No comments: