Matrimandir revisited..!
20 വർഷങ്ങൾക്ക് മുൻപ് ആദ്യമായി പോണ്ടിച്ചേരിയിലെ Auroville സന്ദർശിക്കുമ്പോൾ Matrimandir ന്റെ നിർമ്മാണം പുരോഗമിക്കുന്നതെയുള്ളൂ; കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരുമ്പോൾ ഭാര്യാസമേതം എന്നൊരു മാറ്റം എനിക്കും, സുവർണ്ണ മേലങ്കി അണിയാനുള്ള തയ്യാറെടുപ്പ് Matrimandir നും. പിന്നെയും ഒന്ന് രണ്ട് തവണ പല ആവശ്യങ്ങൾക്കായ് Auroville വന്നപ്പോഴെല്ലാം സുവർണ്ണ ആവരണം പുരോഗമിക്കുന്നത് കാഴ്ചയായി; വളരെയടുത്തു നിന്ന് തന്നെ. ആ സമയങ്ങളില്‍ നേടിയ അറിവുകളും പോസിറ്റീവ് എനര്‍ജിയും ഇവിടേക്ക് വീണ്ടുമൊരു യാത്രയ്ക്ക് പ്രോത്സാഹനമായി; കുടുംബത്തെ പറഞ്ഞ് കൊതിപ്പിച്ചു.
ഇന്ന്( 11 oct 2016) ഇവിടേക്ക് വീണ്ടും എത്തുമ്പോൾ സുവർണ്ണ മേലാട പൂർണ്ണം; പക്ഷെ ബൌദ്ധിക നിബന്ധനകളുടെ അതിർ വരമ്പുകളും ഭൗതിക വേലികെട്ടുകളും ദർശനപരിധി നിശ്ചയിച്ച് Matrimandir view point എന്നയിടത്തേക്ക് വീക്ഷണകോണുകളെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിലും അസഹനീയം ഇതേ അതിര്‍വരമ്പുകള്‍ ഇവിടുത്തെ അന്തേവാസികളുടെ നിലപാടുകള്‍ക്ക് മേലും പെരുമാറ്റങ്ങളിലും വരെ നിഴലിട്ടിരിക്കുന്നു എന്നതാണ്. Volunteering അഥവാ സന്നദ്ധസേവനം എന്നതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാതെ എന്ത് തരം 'ധ്യാനം' ആണ് ഈ വാഗ്ദത്ത 'ലോക ഭൂമിക' യില്‍ ഇവര്‍ ഉദ്ബോധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാവുന്നില്ല.
Meditation എന്നത് സുവർണ്ണ മേലാപ്പിനുള്ളിലെ പൂർണ്ണ ശുഭ്രതയിലും നിശ്ശബ്ദതയിലും കൃത്യമായി പ്രകാശം കേന്ദ്രീകരികരിച്ച ഒരു ബിന്ദുവിലേക്ക് മനസ്സിനെ ഏകീകരിക്കുക മാത്രമാണെന്നു ഞാൻ കരുതുന്നില്ല. ചുറ്റുപാടുമുള്ള സന്നദ്ധ സേവകര്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന 'നെഗറ്റീവ് എനര്‍ജിയെ' തളച്ചിടാന്‍ പൂര്‍ണ്ണ നിശബ്ദതയ്ക്കോ അനന്തതയില്‍ നിന്ന് വരുന്ന (വരുത്തുന്ന) പ്രകാശ രശ്മികള്‍ക്കോ ആവില്ല.
എന്നിലെ വാസ്തുശില്പ ആസ്വാദകന്റെ ധ്യാനം വേലികെട്ടുകളില്ലാത്ത കാഴ്ചകളുടെയും ജിജ്ഞാസകളുടെയും ഏകീകരണമാണ്; അതുകൊണ്ട് തന്നെ ഇനി ഇവിടേക്ക്, അകറ്റി നീർത്തപ്പെടുന്ന ഈ കാഴ്ചകളിലേക്ക് ഇനിയുമൊരു യാത്ര ഉണ്ടാവാനിടയില്ല..!!
(കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ഭാര്യയും മക്കളും..!!!)
No comments:
Post a Comment