13.5.18

പൊളിച്ചുനീക്കപ്പെടുന്ന ബേക്കർ ശൈലി..!

 പണ്ട് പഠന കാലത്ത് വല്ലപ്പോഴുമൊക്കെയുള്ള കൊല്ലം തിരുവനന്തപുരം ബസ്സ് യാത്രയിൽ കേശവദാസപുരം ഉള്ളൂർ റോഡിന് വശം ചേർന്നുള്ള ഒരു പ്രത്യേക തരം ഭവനനിർമ്മിതി കണ്ണിലുടക്കിയിരുന്നു; ലാറി ബേക്കർ സ്കൂളിനോട് ആഭിമുഖ്യം തോന്നിയ ആ നാളുകളിലും പിന്നെയും കൗതുകം ജനിപ്പിച്ചിരുന്നു വൃത്താകൃതികൾ ചേർത്തു വെച്ച് ഒറ്റപ്പാളി തിരികുറ്റി ജാലകങ്ങളാലും  ഇഷ്ടിക ജാലികളാലും സമ്പന്നമായ  ആ ബേക്കർ നിർമ്മിതി.

ഇന്നിപ്പോൾ കേൾക്കുന്നത് അത് പൊളിച്ചുമാറ്റപ്പെടുന്ന വാർത്തയാണ്. ഒരു സ്വകാര്യ വ്യക്തി അയാളുടെ അധീനതയിലുള്ളതിൽ എന്ത് മാറ്റം വരുത്തിയാലും അതിൽ വിയോജിക്കുവാനോ എതിർക്കുവാനോ നമുക്ക് അവകാശമില്ലെങ്കിൽ കൂടി, ഒരു മാസ്റ്റർ ആർക്കിടെക്ടിന്റെ രൂപകൽപ്പനാ വൈഭവം പ്രകടമായ ഇത്തരം നിർമ്മിതികൾ പൊളിച്ചുമാറ്റപ്പെടും മുൻപ് പൂർണ്ണമായും ഡോക്കുമെന്റ് ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായമുണ്ട്.

അതിലുപരി ആ കെട്ടിടം തകർക്കലിന്റെ ചിത്രങ്ങളിൽ നാം കാണാതെ പോകുന്ന പഠനവിധേയമാക്കേണ്ട മറ്റൊന്നുണ്ട്; പൊളിക്കപ്പെടുമ്പോഴും ആ കെട്ടിടം പ്രകൃതിയെ വല്ലാതെ നോവിക്കുന്നില്ല എന്നത്. പുനരുപയോഗിക്കാവുന്ന നിരവധി ഘടകങ്ങളുടെ സംയോജിപ്പാണ് ഓരോ ബേക്കർ നിർമ്മിതിയും എന്നത് ശ്രദ്ധേയമാണ്. കോണ്ക്രീറ്റ് , സിമന്റ് തുടങ്ങിയ ഇന്നിന്റെ അവശ്യ നിർമ്മാണ വസ്തുക്കളുടെ വളരെ കുറഞ്ഞ ഉപഭോഗത്താൽ, മണ്ണോട് മണ്ണ് ചേരുന്ന പോലെയാകണം കെട്ടിടങ്ങൾ എന്ന ബേക്കർ ചിന്തയുടെ പ്രതിഫലനം തന്നെയാണ് ഈ പൊളിക്കൽ ചിത്രങ്ങളുടെ ഹൈലൈറ്റ്.


ഞാനുൾപ്പെടെയുള്ള , ഈ തലമുറയുടെയും മുൻതലമുറ വാസ്തുശില്പികളുടെയും എത്ര കെട്ടിടങ്ങൾ 'വ്യക്തി സ്വാതന്ത്ര്യം' എന്ന് കൽപ്പിച്ചു നൽകപ്പെടുന്ന, കാലഘട്ടം ആവശ്യപ്പെട്ടേക്കാവുന്ന ഇത്തരം നിർമ്മാർജ്ജന പ്രക്രിയയിൽ പ്രകൃതിയെ വല്ലാതെ നോവിക്കാതിരിക്കും എന്ന് ചിന്തിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

ലാറി ബേക്കറിന്റെ നൂറാം ജന്മദിന വാർഷികം ആഘോഷിച്ചു നൂറുദിനം തികഞ്ഞിട്ടില്ല. ആറ്റുകാൽ പൊങ്കാല തിളച്ചുമറിഞ്ഞ അടുപ്പുകല്ലുകൾ ചേർത്തുവെച്ച ഇഷ്ടികശില്പ സന്ദേശങ്ങൾക്കുമപ്പുറത്ത് ബേക്കർ ആശയങ്ങളോട് എന്തെങ്കിലും പ്രതിപത്തി തോന്നുന്നുവെങ്കിൽ IIA പോലുള്ള ആർക്കിടെക്ട്സ് കൂട്ടായ്മകൾക്കും മറ്റും ഇത്തരം ഡോക്കുമെന്റേഷൻ പ്രക്രിയയും സംവാദങ്ങളും ഒക്കെ തുടങ്ങിവെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നേ പറയാനുള്ളൂ.

(ചിത്രങ്ങൾക്ക് കടപ്പാട്: ആർക്കിടെക്ട് മനോജ് കിണിയുടെ വാട്‌സ്ആപ്പ് പോസ്റ്റ്)

No comments: