19.4.20

ഐസൊലേഷൻ കൂടുകൾ


കൊറോണ ചൈനയിൽ തുടങ്ങി നുമ്മടെ തൃശൂർ ഭാഗത്തേക്ക് എത്തിയപ്പോൾ മുതൽ വീണ്ടും കേൾക്കാൻ തുടങ്ങി ഇപ്പോൾ കേരളക്കരയാകെ ചിരപരിചിതമായ വാക്കുകളാണ് ഐസൊലേഷൻ, ക്വാറൻറ്റെയിൻ തുടങ്ങിയവ. ഇതിനു മുൻപ് നിപ്പ വന്നപ്പോൾ , അതങ്ങ് കോഴിക്കോട്ടല്ലേ , 'നമ്മെ എന്തര് ബാധിക്കാൻ ' എന്ന് ആശ്വസിച്ചു നടന്നവരും ഇപ്പോൾ ഈ വാക്കുകൾ കേട്ടാലൊന്ന് ഞെട്ടും. അതുക്കും മുൻപ് നൈജീരിയ വാസത്തിനിടെ 'എബോള; പൊട്ടിപുറപ്പെട്ടപ്പോളാണ് ഞാൻ ശരിക്കും ഈ വാക്കുകൾ കേട്ടതും അങ്ങിനെ കഴിയുന്നവരുടെയും അതിലേറെ അവരെ പരിചരിക്കുന്നവരുടെയും മറ്റും അവസ്ഥ അറിഞ്ഞു ഞെട്ടിയതും.
എന്തായാലും വീട്ടിൽ ഐസൊലേറ്റഡ് ആയ സ്ഥിതിക്ക് പതിവിലും അധികം സമയം നേരമ്പോക്കിനായി കിട്ടുന്നുവെന്നതിനാൽ കുറച്ചു ഐസൊലേഷൻ കൂടുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു; ഞെട്ടിയോ, എന്നാൽ വേണ്ട, ഇത് കൊറോണ ഐസൊലേഷൻ അല്ല.
പ്രതിയൊരു പൂവൻ കോഴിയും അവന്റെ ലീലാവിലാസങ്ങളിൽ ആകൃഷ്ടരായ പതിനഞ്ച് - ഇരുപത് പിടകളുമാണ്. അയൽവാസികളുടെയാണ്, വൈകുന്നേരം അടുപ്പിച്ചു ഒരു നാല് മണികഴിയുമ്പോൾ എന്റെ ഇത്തിരിപ്പോന്ന നേരമ്പോക്ക് കൃഷിയിടത്തിൽ മേയലാണ് (അതേ, നേരമ്പോക്ക് തന്നെ, ഒപ്പം വിഷരഹിത പച്ചക്കറിയെന്ന സ്വപ്നവും തടിയിത്തിരി കുറയ്ക്കാനുള്ള മെയ്യഭ്യാസങ്ങളും ) സാധാരണയായി ആപ്പീസ് പണികഴിഞ്ഞു അഞ്ചര ആറോടെ ഞാൻ വീടണയുമ്പോഴേക്കും ഇവറ്റകൾ അത്യാവശ്യം പണിയും കഴിഞ്ഞു കൂടണഞ്ഞിട്ടുണ്ടാവും എന്നതിനാൽ മുഖാമുഖം കാണാൻ ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ജനതാ കർഫ്യൂ വേണ്ടി വന്നു (സാധാരണ പബ്ലിക് അവധി ദിനങ്ങൾ ഇവറ്റകൾക്കും 'ഓഫ് ഡേ ഓഫ് ദി പണിതരൽ' ആണോന്ന് സംശയം ഉണ്ട്)
എന്തായാലും നമ്മുടെ പി.എം @ 8 പി.എം. ആഹ്വാനം ചെയ്ത ഡെമോ കർഫ്യൂവും ആസ്വദിച്ചു വീട്ടിലിരുന്നു അഞ്ച് മണിക്കുള്ള പാത്രം മുട്ടലിനായി കോപ്പു കൂട്ടുകയും ചെയ്തിരിക്കുമ്പോഴാണ് പ്രതി പൂവൻ കോഴിയുടെ അസാധാരണ ചിന്നം വിളികളും 'വരിക വരിക സഹജരെ' മോഡലിലോ മറ്റോ ഉള്ള മുദ്രാവാക്യം വിളികളും ശ്രദ്ധയിൽ പെടുന്നത്. മുട്ടാൻ സ്റ്റീൽ പാത്രങ്ങൾ കയ്യിലിരുന്നത് നന്നായി, എടുത്തെറിഞ്ഞോടിച്ചപ്പോൾ എല്ലാം കൂടി ആർത്തട്ടഹസിച്ചും ചിലച്ചും ശിങ്കാരിമേളം മുഴക്കി (അതോ, മൊത്തം ചില്ലറ എനിക്കുള്ള തെറിയായിരുന്നോ എന്തോ) ഓടിയും പറന്നും അവനോന്റെ വീടുകളിലേക്ക് പോയി. ഈ ശബ്ദകോലാഹലത്തിൽ അയൽവാസികളാരുടെയോ ഒക്കെ പാത്രം മുട്ടൽ ചടങ്ങിന്റെ ഡോൾബി സൗണ്ട് നാട്ടാരാരും കേട്ടില്ലെന്നും പരാതിയുണ്ടത്രേ..!
ഇവറ്റകളുടെ മെയിൻ പണി ചിക്കി ചികയൽ ആണെന്നതിൽ എനിക്കൊരു പരാതിയും ഇല്ല, ഇതിനിടയിൽ വല്ലപ്പോഴും കാഷ്ടിച്ചു വെയ്ക്കുന്നത് എന്റെ ഇടത്തിനു നല്ലതുമാണ്. പക്ഷെ ഇടയ്ക്കുള്ള മറ്റ് ചില സൂത്രപ്പണികൾ ആണ് പ്രശ്നഹേതു. എന്ത് തൈ നട്ടുവെച്ചാലും അതിന്റെ ഇലകൾ; നേരത്തെ തളിര് മാത്രമായിരുന്നു, ഇപ്പോൾ ചെടിയോടെ, കൊത്തി തിന്നലാണ് പരിപാടി. അത്യാവശ്യം ഓലമടലൊക്കെ വെട്ടി കൂട്ടി നട്ടതിന്റെ ചുവട്ടിൽ ഇട്ട് ആദ്യമൊക്കെ പ്രതിരോധിച്ചുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥകൊണ്ടാണെന്ന് തോന്നുന്നു സകല പ്രതിരോധങ്ങളെയും തച്ചു തകർത്ത് നടുന്ന സകലമാന വിള ചെടികളുടെയും ഇലകൾ തിന്നു തീർക്കുകയാണ്. (അവിടവിടെ പാഴ്ചെടികളും പുല്ലുമൊക്കെ പിടിക്കുന്നുണ്ട് , അതൊന്നും ഇവറ്റകൾക്ക് വേണ്ട , നമ്മൾ നടുന്നതാണ് പഥ്യം..!)

അയൽവാസികളോട് പറഞ്ഞു കോഴികളെ ഐസൊലേറ്റ് ചെയ്യൽ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുമൊക്കെ കൂട്ടം കൂടരുതെന്ന ആഹ്വാനത്തെ ഇന്നാട്ടുകാർ ആഘോഷമാക്കിയതിനേക്കാൾ പ്രയാസകരമായിരിക്കും. അതിലും എളുപ്പം ഇനി ചെടികൾ നടുമ്പോൾ അവയെ ഒരു കവചിതമറയ്ക്കുള്ളിൽ ആക്കുന്നതാവും എന്ന തോന്നലിൽ, കുറച്ചു പി.വി.സി ഫെൻസ് നെറ്റ് വാങ്ങിയിരുന്നത് ഇന്ന് എടുത്ത് മുറിച്ചു കുറെ കൂടുകൾ ഒരുക്കി വട്ടമറ തീർത്തിട്ടുണ്ട്. കോഴിപ്പൂവനും സംഘവും ഇന്നൊന്ന് വന്ന് എത്തിനോക്കി പോയി; അല്ല, ഓടിച്ചു വിട്ടു. 'പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു' എന്ന ഡയലോഗോ മറ്റോ ആണോ പോകുന്ന പോക്കിൽ അവൻ അവസാനം കൂകി വിളിച്ചത് എന്നൊരു സംശയവും ഇല്ലാതില്ല..🙄
#Kovid_19

(Original FB Post Link )

No comments: