1.2.15

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

2015ന്റെ തുടക്കം തന്നെ രോഗാതുരമായിപ്പോയല്ലോ ( വാഴക്കുല എപ്പിസോഡ് )എന്ന മാനസിക പ്രയാസത്തിലും, പൂർണമായും വിട്ടുമാറി യിട്ടില്ലാത്ത  ശാരീരിക അസ്വസ്ഥതകളോടും കൂടി ദുബായ് വഴി നൈജീരിയക്ക് തിരികെ പറക്കുമ്പോൾ കൂട്ടിന് രണ്ട് മൂന്ന് പുസ്തകങ്ങളുമെടുത്തു. തിരുവനന്തപുരം എയർപ്പോർട്ടിലെ മുഷിഞ്ഞ കാത്തിരിപ്പിനിടയിൽ വെറുതെ കഥാസാരം ഒക്കെയൊന്ന് മറിച്ച്  നോക്കാമെന്ന് കരുതി ആദ്യമെടുത്തത് ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' . ഏറെ ചർച്ച ചെയ്യപ്പെട്ട ടി.ഡി യുടെ തൊട്ടുമുൻപെത്തെ നോവൽ 'ഫ്രാൻസിസ് ഇട്ടിക്കോര'യിലെ  വേറിട്ടതെന്ന് പറയപ്പെടുന്ന  ആഖ്യാനശൈലിയിലെ സൂത്രപ്പണികൾ ഒക്കെതന്നെയെ ഇതിലും പ്രതീക്ഷിച്ചുള്ളൂ.  പക്ഷേ സാധാരണയിൽ നിന്നും വ്യത്യസ്തമായി , ഫ്ലൈറ്റുകളിൽ ഇരുന്ന് ഒരു സിനിമ പോലും കാണാതെ, ഒരു പാട്ട് പോലും കേൾക്കാതെ, സുഖകരമല്ലാത്ത  ശാരീരിക അവസ്ഥകളെയപ്പാടെ  വിസ്മൃതിയിലാക്കി  ചരിഞ്ഞും മലർന്നും ഇരുന്നും കിടന്നും  വായനയിലൂടെ മാത്രം  ഇത്തവണ ഞാൻ ലാഗോസിൽ (നൈജീരിയ) എത്തിപ്പെടുമ്പോൾ ശ്രീലങ്കയും അവിടുത്തെ മനുഷ്യാവകാശ ധ്വംസന ചരിത്രവും  വംശീയ സംഘർഷ  പുരാണവും ഒക്കെ  എൻറെയുള്ളിൽ ഒരു നെരിപ്പോട് തീർത്തിരുന്നു ; അതിന്റെ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിട്ടില്ല..!

 
യഥാർത്ഥ സംഭവമായ ഡോ. രജനി തിരണഗാമയുടെ (കൂടുതൽ വായനയ്ക്ക്- വിക്കി  )  കൊലപാതക സാഹചര്യങ്ങളിലേക്കും മറ്റും  യാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന മറ്റ് ചില സംഭവവിവരണങ്ങളും  ദേവനായകിയെന്ന കാൽപനിക കഥാപാത്രത്തെയും ചേരുംപടി ചേർത്തുവെയ്ക്കുന്നിടത്താണ് ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലില്‍ ഈ നോവല്‍ ആസ്വാദ്യകരമാകുന്നത് എന്ന് പറയാം. 
വംശീയ യുദ്ധത്തിന്റെ സംഘർഷഭരിതമായ ഭൂമികയിൽ  ജീവിക്കാൻ വിധിക്കപ്പെട്ട ,  ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകൾ നിറഞ്ഞ സ്ത്രീമനസ്സുകളുടെ നിസ്സഹായതയും , നിരാശയും, അതിനൊക്കെ മേലെ  അവരുടെ പോരാട്ടവീര്യവും  എമ്പാടും ചിതറിക്കിടക്കുന്ന ഈ നോവലിന്റെ പശ്ചാത്തലത്തിൽ   സിനിമ കൂടി വിഷയമാകുന്നത് കൊണ്ടുള്ള താല്പര്യം ഒരു പക്ഷേ എന്റെ വായനയും സ്വാധീനിച്ചിരിക്കാം. നോവലിൽ പലതവണ  പ്രതിപാദിക്കപ്പെടുന്ന   രജനി തിരണഗാമയെ കുറിച്ചുള്ള  ഡോക്യു മെന്ററി 'No More Tears Sister '  (2005) ഞാൻ നേരത്തെ കണ്ടിട്ടുള്ളതാണ്. ഈ ചിത്രത്തിനു ബദലായി സർക്കാർ  സഹായത്തോടു കൂടി ഒരു ഹോളിവുഡ് സിനിമാ പ്രോജക്ടുമായി വരുന്ന പ്രൊഡക്ഷൻ ടീമിലെ പ്രധാനി സ്ക്രിപ്റ്റ് റൈറ്റർ  പീറ്റർ ജീവാനന്ദം സഞ്ചരിക്കുന്ന വഴികളും അയാളുടെ അനുഭവങ്ങളും അന്വേഷണങ്ങളും  വികാര വിചാരങ്ങളിലൂടെയുമാണ് ദേവനായകിയുടെ കഥാഗതി.
ഈ അന്വേഷണ യാത്രയ്ക്കിടയിൽ ശ്രീലങ്കയുടെ ഭൂതകാല ചരിത്രത്തിലേക്കും വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളിലേക്കും സിംഹള - തമിഴ് വംശങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈരത്തിനു തുടക്കമിടുന്ന പുരാണത്തിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ടു പോകുന്നു. ശ്രീലങ്കയുടെ വർത്തമാനകാല രാഷ്ട്രീയവും വംശീയ സംഘർഷ ഭരിതമായ നാളുകളുമെല്ലാം  ദേവനായകി എന്ന കാൽപ്പനിക കഥാപാത്രത്തിലേക്കും കാന്തള്ളൂർ ശാല തുടങ്ങിയ പുരാതന ഭൂമികയിലേക്കും(തിരുവനന്തപുരത്തിനടുത്തെവിടെയോ ആണ് ഈ പ്രദേശമെന്നു  ചരിത്രകാരന്മാർ; വിഴിഞ്ഞം തുറമുഖം  , ആര്യശാല, പദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയവയുമായൊക്കെയായി  ബന്ധമുള്ളതും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നതുമായ  ഈ പുരാതന വിദ്യാഭ്യാസ കേന്ദ്രം 'ആയ്' രാജാക്കന്മാരുടെ കാലത്ത് നില നിന്നിരുന്നതാണെന്നു ആർക്കിയോളജിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്  -കൂടുതൽ വായനയ്ക്ക്- വിക്കി )  വായനക്കാരനെ കൂടെ കൊണ്ട് നടന്ന് കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മനോ വിചാരങ്ങളും  പകർന്നു നൽകുന്നതിൽ നോവലിസ്റ്റ് ഒരു പരിധിവരെ വിജയിക്കുന്നുണ്ട്.
തീർച്ചയായും ഒന്ന് കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന നോവൽ.

18.1.15

വാഴക്കുല വരുത്തുന്ന വിനകള്‍..!

ജോലിത്തിരക്കിലിരിക്കുമ്പോൾ പലപ്പോഴും 'ഒന്ന് കിടക്കാൻ ' പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നും. പക്ഷെ കഴിഞ്ഞ പത്ത് പന്ത്രണ്ട്  ദിവസമായി കിടന്ന് കിടന്ന് മടുത്തു എന്ന് തന്നെ പറയാം; ഒന്ന് നടു നിവർത്തിയിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്ന നാളുകൾ...!
പ്രവാസലോകത്തിരിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഹരിതാഭ, പച്ചപ്പ് , മണ്ണ്, മണ്ണിന്റെ മണം തുടങ്ങിയ നൊസ്റ്റാൾജിക് അസ്കിതകളുടെ ഭാഗമായിട്ടൊന്നുമല്ലങ്കിൽ കൂടി നാട്ടിലെത്തുമ്പോൾ ഇത്തിരിയുള്ള പറമ്പിൽ കുറച്ച് സമയം ചിലവഴിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. ഇത്തവണ ദാ  നിൽക്കുന്ന നല്ലൊരു പാളയംകോടൻ കുലപതി; വെട്ടുകത്തിയെടുക്കുന്നു, വീണിതല്ലോ കിടക്കുന്നു ധരണിയിൽ വാഴമുട്ടൻ. പിന്നെ വാഴക്കുലയുമായി ഈ കാലഘട്ടത്തിൻറെ ആവശ്യകതയായ 'സെൽഫി' , മൊബൈൽ ഫോട്ടോ പോസിങ്ങ്  തുടങ്ങിയ കലാപരിപാടികൾ.
അത് കഴിഞ്ഞു പിണ്ടിയുരിക്കലായി (പാളയംകോടൻ വാഴയുടെ പിണ്ടിയും ചെറുപയറും ഇട്ടൊരു തോരൻ , രസികനല്ലേ..?!) ; കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിന്റെ ആവേശം. ഇത് പക്ഷേ ഒരു ഒന്നൊന്നര ഉരിക്കലായിപ്പോയി , വാഴയ്ക്ക് നല്ല വണ്ണമുണ്ടായിരുന്നന്നേ; ഉരിച്ചിട്ടും ഉരിച്ചിട്ടും തീരുന്നുമില്ല.  ഭാര്യാവ് അടുത്ത് നിൽക്കുന്നു , നമ്മൾ ഇത് എത്ര കണ്ടതാണ് എന്നൊരു ജാഡയിൽ പിണ്ടി ഉരിച്ചെടുത്ത് കഴിഞ്ഞപ്പോഴേക്കും നമ്മുടെ 'ഊര' യ്ക്ക് മേല്‍ഭാഗത്തൊരു ചെറിയ പിടുത്തം..!
അതൊന്നും വകവെയ്ക്കാതെ വാഴക്കുലയും പൊക്കിയെടുത്ത് വീട്ടിൽ എത്തിയപ്പോഴേക്കും മനസ്സിലായി, നടു പണിമുടക്കാൻ സാധ്യതയുണ്ട് എന്ന്. 
നല്ല വേദന; അക്ഷരാർത്ഥത്തിൽ വേദനകൊണ്ട് പുളയുക തന്നെയായിരുന്നു. വേദന പിന്നെയും അധികരിച്ച് തുടങ്ങും മുന്നേ നല്ലപാതി ഡോക്ട്ടറെ  വിളിക്കുന്നു, മരുന്ന് എത്തിക്കുന്നു. കൂടെയൊരു ഉപദേശവും "കട്ടിലിൽ നേരെ കിടന്നാലേ ഇത് മാറൂ.." . തള്ളികളയാൻ പറ്റാത്ത ഉപദേശമാണ്; കാരണം നടുവൊടിയല്‍ കേസില്‍ അവളുടെ മുൻകാല പ്രായോഗിക പരിചയം അത്രയ്ക്കുണ്ട്.
 ഏതായാലും ഭാര്യാവിൻ ഉപദേശവും പരിചരണവും ഞങ്ങളുടെ  പ്രിയപ്പെട്ട ഡോകടർ സാറിന്റെ കൈപ്പുണ്യമാർന്ന മരുന്നും (ഇദ്ദേഹത്തെക്കുറിച്ച്  വിശദമായി മറ്റൊരു കുറിപ്പ് പിന്നീട് ) , എന്നാൽ പിന്നെ ഇതൊക്കെ പാലിച്ചും അനുസരിച്ചും സേവിച്ചും കിടന്നേക്കാം എന്ന എന്റെ മനസ്സും കാരണം ദാ  ഇപ്പോഴെങ്കിലും എണീറ്റിരുന്നു റ്റൈപ്പ് ചെയ്യാന്‍ പറ്റുന്നു. 

വാഴക്കുല / പിണ്ടിയുരിക്കല്‍ എപ്പിസോഡിൽ സംഭവിച്ചത് ക്ഷീണം പറ്റിയിരുന്ന നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള (L3-L4) ഡിസ്കുകളില്‍ കാര്യമായ ബള്‍ജിംഗും L5 യില്‍ ചെറിയ ക്ഷതവുമൊക്കെയാണെന്ന് വേദനയൊന്ന് കുറഞ്ഞ ശേഷം (മൂന്ന്‍ ദിവസങ്ങള്‍ക്കു ശേഷം) നടത്തിയ എം. ആര്‍. ഐ. സ്കാന്‍ വെളിവാക്കി തന്നു. തത്സമയം മരുന്നും വിശ്രമവും ഒക്കെ തുടങ്ങിയതിനാല്‍ മാത്രം വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ലന്നും..!

ഈ കിടപ്പില്‍ ഫേസ്ബുക്കിലും മറ്റും വരുന്ന നിങ്ങളുടെയൊക്കെ സ്റ്റാറ്റസും മെസ്സേജും പോസ്റ്റുകളും ചിത്രങ്ങളുമോക്കെയായിരുന്നു എനിക്ക് കൂട്ട്; വേദനയുടെ കടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിങ്ങളുടെ നുറുങ്ങുകളുടെ ആശ്വാസം (പലതിലും 'ലൈക്ക്' അടിക്കാന്‍ പറ്റുമായിരുന്നെങ്കിലും കമന്റുകള്‍ ചിലസമയം അസാധ്യമായിരുന്നു..! ) ചെറുതല്ല..!

അധിക സമയം ഇരിക്കാന്‍ അനുവാദമില്ല...ബാക്കി പിന്നെ..!! ഇനിയും  ഒരാഴ്ച കൂടി പൂര്‍ണ്ണ വിശ്രമം അനിവാര്യം..!!!
സ്നേഹ പൂര്‍വ്വം
- അലീഫ്

ചെരുപ്പുകള്‍


കാന്‍സര്‍ പാലിയേറ്റീവ് വാര്‍ഡില്‍ കൂട്ടിരിപ്പുകാരെ അങ്ങിനെയിങ്ങനെയൊന്നും അനുവദിക്കാറില്ല; അഥവാ അനുവദിച്ചാല്‍ തന്നെ ചെരിപ്പിടാന്‍ സമ്മതിക്കുകയുമില്ല. രോഗിക്ക് ഉപയോഗിക്കാം; ടോയ് ലറ്റിലും മറ്റും പോകുമ്പോള്‍.
പക്ഷെ ടോയ് ലറ്റിലേക്ക് കയറുന്ന വഴിയില്‍ ഏകദേശം നൂറ്റമ്പതിലധികം ജോഡി ചെരുപ്പുകള്‍ അടുക്കിയും അല്ലാതെയുമൊക്കെ ഇരിക്കുന്നത് കണ്ട് ആകെ കണ്‍ഫ്യൂഷനായി; ആകെ 42 രോഗികള്‍ക്ക് കിടക്കാവുന്ന ആ വാര്‍ഡില്‍ ഇത്രയധികം ചെരുപ്പുകള്‍?  എന്റെ ആശയക്കുഴപ്പത്തിന് അറുതിവരുത്തിക്കൊണ്ട് ആ വാര്‍ഡില്‍ നിന്ന് അപ്പോള്‍ മരിച്ചു പോയ ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടു പോയി; പുതിയ ഒരാള്‍ കുറച്ചു സമയത്തിനകം അതേ കട്ടിലിലേക്ക് വരികയും ചെയ്തു..!
ചെരിപ്പ് ഇട്ട് വരുന്നവര്‍ മിക്കവരും ഇവിടെ നിന്ന് പോകുമ്പോള്‍ അത് തിരികെ കൊണ്ടു പോകുന്നില്ലന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല

(എഫ്.ബി. സ്റ്റാറ്റസ് :  07.01.2015 )