1.2.15

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

2015ന്റെ തുടക്കം തന്നെ രോഗാതുരമായിപ്പോയല്ലോ ( വാഴക്കുല എപ്പിസോഡ് )എന്ന മാനസിക പ്രയാസത്തിലും, പൂർണമായും വിട്ടുമാറി യിട്ടില്ലാത്ത  ശാരീരിക അസ്വസ്ഥതകളോടും കൂടി ദുബായ് വഴി നൈജീരിയക്ക് തിരികെ പറക്കുമ്പോൾ കൂട്ടിന് രണ്ട് മൂന്ന് പുസ്തകങ്ങളുമെടുത്തു. തിരുവനന്തപുരം എയർപ്പോർട്ടിലെ മുഷിഞ്ഞ കാത്തിരിപ്പിനിടയിൽ വെറുതെ കഥാസാരം ഒക്കെയൊന്ന് മറിച്ച്  നോക്കാമെന്ന് കരുതി ആദ്യമെടുത്തത് ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' . ഏറെ ചർച്ച ചെയ്യപ്പെട്ട ടി.ഡി യുടെ തൊട്ടുമുൻപെത്തെ നോവൽ 'ഫ്രാൻസിസ് ഇട്ടിക്കോര'യിലെ  വേറിട്ടതെന്ന് പറയപ്പെടുന്ന  ആഖ്യാനശൈലിയിലെ സൂത്രപ്പണികൾ ഒക്കെതന്നെയെ ഇതിലും പ്രതീക്ഷിച്ചുള്ളൂ.  പക്ഷേ സാധാരണയിൽ നിന്നും വ്യത്യസ്തമായി , ഫ്ലൈറ്റുകളിൽ ഇരുന്ന് ഒരു സിനിമ പോലും കാണാതെ, ഒരു പാട്ട് പോലും കേൾക്കാതെ, സുഖകരമല്ലാത്ത  ശാരീരിക അവസ്ഥകളെയപ്പാടെ  വിസ്മൃതിയിലാക്കി  ചരിഞ്ഞും മലർന്നും ഇരുന്നും കിടന്നും  വായനയിലൂടെ മാത്രം  ഇത്തവണ ഞാൻ ലാഗോസിൽ (നൈജീരിയ) എത്തിപ്പെടുമ്പോൾ ശ്രീലങ്കയും അവിടുത്തെ മനുഷ്യാവകാശ ധ്വംസന ചരിത്രവും  വംശീയ സംഘർഷ  പുരാണവും ഒക്കെ  എൻറെയുള്ളിൽ ഒരു നെരിപ്പോട് തീർത്തിരുന്നു ; അതിന്റെ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിട്ടില്ല..!

 
യഥാർത്ഥ സംഭവമായ ഡോ. രജനി തിരണഗാമയുടെ (കൂടുതൽ വായനയ്ക്ക്- വിക്കി  )  കൊലപാതക സാഹചര്യങ്ങളിലേക്കും മറ്റും  യാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന മറ്റ് ചില സംഭവവിവരണങ്ങളും  ദേവനായകിയെന്ന കാൽപനിക കഥാപാത്രത്തെയും ചേരുംപടി ചേർത്തുവെയ്ക്കുന്നിടത്താണ് ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലില്‍ ഈ നോവല്‍ ആസ്വാദ്യകരമാകുന്നത് എന്ന് പറയാം. 
വംശീയ യുദ്ധത്തിന്റെ സംഘർഷഭരിതമായ ഭൂമികയിൽ  ജീവിക്കാൻ വിധിക്കപ്പെട്ട ,  ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകൾ നിറഞ്ഞ സ്ത്രീമനസ്സുകളുടെ നിസ്സഹായതയും , നിരാശയും, അതിനൊക്കെ മേലെ  അവരുടെ പോരാട്ടവീര്യവും  എമ്പാടും ചിതറിക്കിടക്കുന്ന ഈ നോവലിന്റെ പശ്ചാത്തലത്തിൽ   സിനിമ കൂടി വിഷയമാകുന്നത് കൊണ്ടുള്ള താല്പര്യം ഒരു പക്ഷേ എന്റെ വായനയും സ്വാധീനിച്ചിരിക്കാം. നോവലിൽ പലതവണ  പ്രതിപാദിക്കപ്പെടുന്ന   രജനി തിരണഗാമയെ കുറിച്ചുള്ള  ഡോക്യു മെന്ററി 'No More Tears Sister '  (2005) ഞാൻ നേരത്തെ കണ്ടിട്ടുള്ളതാണ്. ഈ ചിത്രത്തിനു ബദലായി സർക്കാർ  സഹായത്തോടു കൂടി ഒരു ഹോളിവുഡ് സിനിമാ പ്രോജക്ടുമായി വരുന്ന പ്രൊഡക്ഷൻ ടീമിലെ പ്രധാനി സ്ക്രിപ്റ്റ് റൈറ്റർ  പീറ്റർ ജീവാനന്ദം സഞ്ചരിക്കുന്ന വഴികളും അയാളുടെ അനുഭവങ്ങളും അന്വേഷണങ്ങളും  വികാര വിചാരങ്ങളിലൂടെയുമാണ് ദേവനായകിയുടെ കഥാഗതി.
ഈ അന്വേഷണ യാത്രയ്ക്കിടയിൽ ശ്രീലങ്കയുടെ ഭൂതകാല ചരിത്രത്തിലേക്കും വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളിലേക്കും സിംഹള - തമിഴ് വംശങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈരത്തിനു തുടക്കമിടുന്ന പുരാണത്തിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ടു പോകുന്നു. ശ്രീലങ്കയുടെ വർത്തമാനകാല രാഷ്ട്രീയവും വംശീയ സംഘർഷ ഭരിതമായ നാളുകളുമെല്ലാം  ദേവനായകി എന്ന കാൽപ്പനിക കഥാപാത്രത്തിലേക്കും കാന്തള്ളൂർ ശാല തുടങ്ങിയ പുരാതന ഭൂമികയിലേക്കും(തിരുവനന്തപുരത്തിനടുത്തെവിടെയോ ആണ് ഈ പ്രദേശമെന്നു  ചരിത്രകാരന്മാർ; വിഴിഞ്ഞം തുറമുഖം  , ആര്യശാല, പദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയവയുമായൊക്കെയായി  ബന്ധമുള്ളതും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നതുമായ  ഈ പുരാതന വിദ്യാഭ്യാസ കേന്ദ്രം 'ആയ്' രാജാക്കന്മാരുടെ കാലത്ത് നില നിന്നിരുന്നതാണെന്നു ആർക്കിയോളജിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്  -കൂടുതൽ വായനയ്ക്ക്- വിക്കി )  വായനക്കാരനെ കൂടെ കൊണ്ട് നടന്ന് കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മനോ വിചാരങ്ങളും  പകർന്നു നൽകുന്നതിൽ നോവലിസ്റ്റ് ഒരു പരിധിവരെ വിജയിക്കുന്നുണ്ട്.
തീർച്ചയായും ഒന്ന് കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന നോവൽ.

No comments: