18.2.15

പൊതിച്ചോറിലെ സർപ്രൈസ് ..!

നല്ല ഞാലിപ്പൂവന്റെ അല്ലെങ്കിൽ പാളയംകോടൻ വാഴയുടെ ഇളം തുമ്പില വെട്ടി അടുപ്പ് കനലിന്റെ മുകളിൽ മിന്നായം പോലൊന്ന് കാണിച്ച് വാട്ടിയെടുത്ത് ചോറിനെക്കാളും അധികം സ്നേഹം നിറച്ച് സ്കൂളിലേക്ക് തന്നുവിട്ടിരുന്ന പൊതിച്ചോറിന്റെ മണം ഗുമു ഗുമാന്നടിക്കുന്നു; 'ഗർഭ' പൊതിച്ചോറിന്റെ കഥ പറഞ്ഞ നിസ്സാര്‍ അണ്ണന് നമസ്കാരം.
കൂടപിറപ്പായ ഒരേയൊരു സഹോദരിയുടെ കൈപ്പുണ്യമായിരുന്നു സ്കൂൾ കാലത്ത് എനിക്ക് കിട്ടിയിരുന്ന പൊതിച്ചോറുകളിലധികവും. കുത്തരി ചോറും പിന്നെ ഇത്തിരി വെള്ളക്കറി ( മഞ്ഞനിറത്തിൽ ഏതെങ്കിലും പച്ചക്കറി തേങ്ങാ അരച്ചത് ചേർത്തുണ്ടാക്കുന്ന ഒരു കറി ) അല്ലെങ്കിൽ കുമ്പളങ്ങ ഇട്ട് വെച്ച് മോരുകറി,  നാരങ്ങാ അല്ലെങ്കിൽ മാങ്ങയുടെ അച്ചാറ് , ഉരുള കിഴങ്ങിന്റെ മെഴുക്ക്പുരട്ടി അല്ലെങ്കിൽ ഏതെങ്കിലും ഒരു തോരൻ, മുട്ട പൊരിച്ചത് അല്ലെങ്കിൽ മുട്ട തേങ്ങായൊക്കെ ഇട്ട് ചിക്കിയത്  ഇതൊക്കെയാവും സ്ഥിരം ഐറ്റം. കറി ഒഴിച്ച് ബാക്കിയെല്ലാം  വേറെ വേറെ ഇലത്തുണ്ടുകൾ വാട്ടി ചെറു പൊതികളായി ചോറിമുകളിൽ പതിപ്പിച്ച് വെച്ച നിലയിലാവും.
ചിലപ്പോൾ സർപ്രൈസ് ആയിട്ട് ഇതിൻറെ ഒപ്പം പ്ലാസ്റ്റിക് കൂടിൽ തണുത്ത് പോകാത്ത വിധം പായ്ക്ക് ചെയ്ത ഒരു കുഞ്ഞ് കൂട് വാഴയ്ക്കാ ചിപ്സ് ഉണ്ടാകും..! അതാണ്‌ ഹൈലൈറ്റ് ഐറ്റം.. കൂട്ടുകാരുടെ ഒപ്പം പൊതി അഴിച്ച് കഴിക്കാനിരിക്കുമ്പോൾ മറ്റാർക്കും ഒരിക്കലും ഈ ഒരു 'കറുമുറാ' ഐറ്റം ഉണ്ടാവില്ല (ഒരു പക്ഷേ ഞാനീ പൊതിച്ചോറിലെ സർപ്രൈസിന് പുറകെ കൂടി അഡിക്റ്റ് ആയതുമാകാം, എനിക്കിന്നും പ്രിയപ്പെട്ടത് തന്നെയാണ് നനുത്ത വാഴയ്ക്കാ ചിപ്സ്..!). ചിലരൊക്കെ അമ്മമാരോട്‌ നിർബന്ധിച്ച് ചിപ്സ് പായ്ക്ക് ചെയ്ത് കൊണ്ടു വന്നിട്ടുണ്ട്; പക്ഷേ അത് തണുത്ത് പോയിരിക്കും.
ആദ്യമൊക്കെ സ്കൂൾ തുറക്കുന്ന സമയം പാത്രം വാങ്ങി തരുമായിരുന്നു; അലൂമിനിയം , പിന്നെ സ്റ്റീൽ അങ്ങിനെ. ഇടയ്ക്കെപ്പോഴോ ഒരിക്കൽ നല്ല കളറുള്ള പാത്രങ്ങൾ വിപണിയിൽ വന്നു , ഇളം നീല , ഇളം പച്ച, സ്വർണ വർണ്ണം അങ്ങിനെ പല നിറങ്ങളിൽ ഉള്ളത്. എനിക്ക്  കിട്ടിയത് ഇളം നീല നിറത്തിൽ ഒരെണ്ണം. പക്ഷേ  കൊണ്ടുപോയ ആദ്യ ദിനം തന്നെ പാത്രത്തിന്റെ നീലനിറം ചോറിലും പടർന്ന കാരണം ഉച്ച പട്ടിണിയായി !. കൈകഴുകാൻ പോകുമ്പോഴും മറ്റും നഷ്ടപെട്ട് പോയ പാത്രങ്ങളുടെ അടപ്പുകളുടെ (എന്താന്നറിയില്ല, മിക്കവാറും അത് ഏതെങ്കിലും കിണറ്റിൽ വീഴും..!) എണ്ണം കൂടിവന്നപ്പോൾ പിന്നെ സ്ഥിരമായി തന്നെ വാഴയിലയിലാക്കിയതാണ്. ഇഷ്ടം പോലെ വാഴകൾ പറമ്പിലും പാടം നികത്തിയ കരകണ്ടത്തിലുമൊക്കെ ഉണ്ടായിരുന്നതിനാൽ തുമ്പിലകൾക്ക് ഒരു ക്ഷാമവും ഇല്ലതാനും.
ചിലപ്പോൾ ചോറ് പൊതിയൊക്കെ കെട്ടി റെഡിയാക്കി കഴിഞ്ഞാവും  സ്കൂളില്ല എന്ന വാർത്ത അറിയുന്നത്; പക്ഷെ വീട്ടിൽ ഇരുന്നും അതേ ചോറുപൊതി അഴിച്ച് തിന്നാൻ അന്ന് വല്യ ഉത്സാഹമായിരുന്നു. പലതവണ പറഞ്ഞ് കേട്ടും മറ്റും ഈ കഥയൊക്കെ അറിയാവുന്ന ഭാര്യ പിൽക്കാലത്ത് ഓഫീസിലേക്കും മറ്റും പൊതിച്ചോറല്ലെങ്കിൽ കൂടി (തിരുവനതപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന കാലത്ത് വാഴയിലയ്ക്കും ക്ഷാമം..!) തന്നുവിടുമായിരുന്ന  'ലഞ്ച് ബോക്സി'ന്റെ കൂടെ ഒരു കുഞ്ഞ് പാത്രത്തിൽ അല്ലെങ്കില്‍ കവറില്‍ ചിലപ്പോഴൊക്കെ  'കറുമുറെ  സർപ്രൈസ്' ഉൾപ്പെടുത്താറുണ്ടായിരുന്നത്  കണ്ട് കൂടെയുള്ളവർ പലരും കളിയാക്കിയിട്ടുമുണ്ട്.
അത്രയും സമൃദ്ധിയായും സംതൃപ്തിയായും ആസ്വദിച്ച് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവും, ഇന്നും അടുത്തെവിടെയെങ്കിലും  പിക്നിക് പോകുമ്പോഴും മറ്റും പറ്റുമെങ്കിൽ വാഴയിലയിൽ പൊതിച്ചോർ കെട്ടി പോകാൻ കഴിഞ്ഞാൽ അതിൽപരം സന്തോഷം വേറെയില്ല..!
(എഫ്. ബി. യിലെ 'പത്തനാപുരം നടുക്കുന്ന് നിവാസി' കളുടെ  ഗ്രൂപ്പിൽ എഴുതിയത്) 

No comments: