11.2.15

തരംഗിണി മാതൃഭൂമി സ്റ്റഡി സർക്കിൾ , നടുക്കുന്ന് , പത്തനാപുരം.

നടുക്കുന്ന് കഥകളിൽ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഒരേടാണ് തരംഗിണി മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ രൂപീകരണവും അകാലനിര്യാണവും എന്നൊരു ആമുഖ കുറിപ്പിൽ തുടങ്ങിയാൽ ഒരുപക്ഷേ മുഷിപ്പിക്കലോ വെറുപ്പിക്കലോ ആവും ഫലം; പച്ചയായ ചരിത്രം ദാ ഇവിടെ ഇങ്ങിനെ കുറിക്കുന്നു..!!

പാച്ചാ മാമായുടെ (അറബി സാർ കാദർ ബാദുഷ ; അമ്മയുടെ സഹോദരൻ ) മക്കൾ ലത്തീഫ് അളിയനും സാലി അളിയനും അന്നൊക്കെ വീടിന് പുറത്ത് ഒരു കട മുറിയിൽ ആണ് സുഖവാസം. സുഖവാസമെന്നാൽ പകൽ കുത്തിയിരിപ്പും, രാത്രി കിടപ്പും; ഭക്ഷണം കഴിക്കാൻ തൊട്ടടുത്ത് തന്നെയുള്ള വീട് തന്നെ ശരണം. വളരെ പെട്ടന്ന് തന്നെ ആ കടമുറി ഞങ്ങളുടെ 'വെറുതെ' സംസാരിച്ചിരിക്കാനുള്ള പ്രധാന താവളമായി മാറി. അങ്ങിനെ കത്തി വെച്ചിരുന്ന ഏതോ ഒരു നേരത്താണ് നമുക്കൊരു ക്ലബ്ബ് രൂപീകരിച്ചാലോ എന്നൊരു ആലോചന ആരുടെയോ തലയിൽ ഉദിച്ചുയർന്ന് താഴെ വീണുപൊട്ടിയത്. പിന്നെ ചർച്ചയായി , ആളെ കൂട്ടലായി; അങ്ങിനെ പറയത്തക്ക സ്പോർട്ട്സ് ആൻഡ് ആർട്ട്സ് ക്ലബ് പാരമ്പര്യം ഒന്നും അതുവരെ ഇല്ലാതിരുന്ന നടുക്കുന്നിൽ അത്തരമൊന്ന് രൂപീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സമാനമനസ്കരും ഏകദേശം സമ പ്രായക്കാരുമായ ഒരു കൂട്ടം സുഹൃത്തുക്കളെയും മറ്റും ചേർത്ത് സാധാരണ ഒരു ക്ലബ് എന്ന തലത്തിൽ നിന്നും വ്യത്യസ്തമായി 1987 ൽ തരംഗിണി രൂപീകരിക്കുമ്പോൾ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരും വരമ്പും ഒന്നും ഉണ്ടായിരുന്നില്ല.. !

വ്യത്യസ്തത അന്വേഷിച്ച് നടന്ന ഞങ്ങൾക്ക് എങ്ങിനെയോ വീണുകിട്ടിയ കിട്ടിയ ഒരു ആശയമാണ് മാതൃഭൂമി സ്റ്റഡി സർക്കിൾ. മാതൃഭൂമി പത്രം ആഴ്ചയിൽ അരപേജ് ഇതിനായി മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടത് തന്നെയാവും കാരണം. മാതൃഭൂമിയുമായി അന്ന് എനിക്കുള്ള ബന്ധം വീട്ടിൽ വരുത്തുന്ന പത്രം എന്നതും ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഒന്ന് രണ്ട് കുഞ്ഞികുറിപ്പുകൾ വന്നതുമൊക്കെ ആയിരുന്നു. (ഏതാണ്ട് അമ്പതോളം എണ്ണം അയച്ചിട്ടാണ് ഒന്ന് രണ്ട് എണ്ണമെങ്കിലും അച്ചടിച്ച് വന്നത്..!!) സ്റ്റഡി സർക്കിൾ രൂപീകരണവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലേക്ക് എഴുതിയപ്പോൾ അവർ ഇത് തുടങ്ങാനുള്ള മാര്ഗ്ഗ രേഖയും മറ്റും അയച്ചു തരികയും കൊല്ലം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള നിർദ്ദേശവും നല്കി. അന്ന് സ്റ്റഡിസർക്കിൾ ജില്ലാ സെക്രട്ടറി ആയിരുന്ന സഫീർ പി ഹാരിസ് നെയും കൊല്ലം ബ്യൂറോ ചീഫ് വെച്ചൂച്ചിറ മധു സാറിനെയും മാതൃഭൂമി കൊല്ലം ഓഫീസിൽ കാണാൻ പോയി തിരികെ വരുമ്പോഴാണ് ഈ സംഭവത്തിന് ഒരു രക്ഷാധികാരി വേണമെന്ന പ്രശ്നം ഉദിച്ചത്.

എന്തെങ്കിലും ഒക്കെ പരിപാടികൾക്ക് നടുക്കുന്ന് സ്കൂൾ കിട്ടാനുള്ള സാധ്യതയും മറ്റും മുൻകൂട്ടി കണ്ടിട്ടാണ് സ്കൂൾ മാനേജരുടെ മകനും, സ്കൂളിലെ പി.ടി സാറും ബോഡി ബിൽഡിംഗ് ജീവിതചര്യയാക്കി സ്വന്തമായി ജിംഖാന നടത്തുന്നയാളും സർവ്വോപരി ഒരു കലോപാസകനും ഒക്കെയായ മെഹജാബ് സാറിനെ രക്ഷാധികാരിയായി വളഞ്ഞ് പിടിക്കാൻ തീരുമാനിച്ചത് ; കൂട്ടത്തിൽ ഇത്തിരി തണ്ടും തടിയുമൊക്കെയുള്ള ഒരാൾ ഉള്ളത് നല്ലതാണെന്ന അഭിപ്രായവും തത്വത്തിൽ അംഗീകരിക്കപ്പെട്ടു.

അംഗങ്ങളുടെ ചില്ലറ കലാപരിപാടികളും കമ്മിറ്റി മീറ്റിങ്ങുകളും റിപ്പോർട്ടെഴുത്തും ഒക്കെയായി കാര്യങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു . ഇതിനിടെ ഈ യൂണിറ്റിന്റെ കാര്യം വിശദമായി , ഭാരവാഹികളുടെ പേരുകൾ സഹിതം മാതൃഭൂമി പത്രത്തിൽ അച്ചടിച്ച് വരികയും ചെയ്തു.

അടിപിടിയിൽ കലാശിച്ച കബടി മത്സരത്തോടു കൂടിയ ഒരു ഓണാഘോഷം, ആ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ പങ്കെടുത്ത ഒരു വാർഷികാഘോഷം , ഇന്ത്യാ ഗവണ്മെന്റിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗവുമായി ചേർന്നുള്ള ഡോക്കുമെന്ററി സിനിമാ പ്രദർശനങ്ങൾ തുടങ്ങി നിരവധി ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പരിപാടികൾക്കൊപ്പം പിരിവും പുട്ടടിയും , ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള അടിയുമൊക്കെ സജീവമായിരുന്നു. എങ്കിലും 1990 ൽ കേരളമൊട്ടാകെ നടന്ന സാക്ഷരതായജ്ഞ പരിപാടിയുടെ സർവ്വേയിൽ പങ്കാളിയായതും , സാക്ഷരതാ പ്രചരണാർത്ഥം പള്ളിമുക്കിൽ ഒരു ഭീമൻ പേനയുടെ മാതൃകയിൽ ബോർഡ് സ്ഥാപിച്ചതുമൊക്കെ രസകരമായ ഓർമ്മകൾ തന്നെയാണ്.

ഇതിനിടെ ഏതോ ഒരു ഇലക്ഷൻ (പഞ്ചായത്ത് ഇലക്ഷൻ ആണെന്ന് തോന്നുന്നു ) ദിവസം ബൂത്ത് ആയ നടുക്കുന്ന്‍ എൽ.പി. സ്കൂളിനു സമീപം 'കള്ളവോട്ട് തടയുക' എന്ന പേരിൽ ഒരു പോസ്റ്റർ (മാള അരവിന്ദൻ കള്ളനും പോലീസുമായി ഡബിൾ റോളിൽ വന്ന ഒരു സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചുണ്ടാക്കിയ കൊളാജ് ആണ് മെയിൻ ഐറ്റം..) കൊണ്ട് വെച്ചതിന് പ്രസിഡന്റ് ഷാജഹാനെ പോലീസ് തപ്പിക്കൊണ്ട് പോയത് (ദോഷം പറയരുതല്ലോ, ആ പോസ്റ്ററിന്റെ ആശയം അംഗീകരിച്ച് കുറച്ച് ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ എസ് .ഐ സമ്മതിച്ചു) സാമൂഹികപ്രശ്നങ്ങളിലേക്ക് തരംഗിണിയുടെ ആദ്യത്തെ ( അവസാനത്തെയും..!) ഇടപെടൽ ആയിരുന്നു.

അഖില കേരളാടിസ്ഥാനത്തിൽ ഒരു യുവജന കവിതാ മത്സരം സംഘടിപ്പിച്ചത് സത്യത്തിൽ എന്‍റെ ഒരു സുഹൃത്തിന് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാമെന്നൊരു ദുരുദ്ദേശത്തിൽ തന്നെയായിരുന്നുവെങ്കിലും അയച്ചുകിട്ടിയതെല്ലാം ഈ സുഹൃത്തിന്റെ കവിതയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റുന്നതായിരുന്നില്ല ; അപ്പോൾ പിന്നെ ഫലം എന്തായിരുന്നിരിക്കും എന്നൂഹിക്കാമല്ലോ..! ( പ്രതിഭാധനനായിരുന്ന ആ സുഹൃത്ത് ബിജി. എം. രാജ് അകാലത്തിൽ മരണപ്പെട്ടു) പക്ഷേ, അന്ന് കവിതകൾ അയച്ചവരിൽ പലരും പിന്നെയും വളരെക്കാലം എന്റെ തൂലികാ സുഹ്രുത്തുക്കൾ ആയി തുടർന്നു (അന്ന് ഇന്നത്തെ പോലെ 'ഓണ്‍ ലൈൻ ഫ്രണ്ട്സ് ഇല്ലല്ലോ, പകരം ഉള്ളത് മുടങ്ങാതെ കത്തുകൾ അയക്കുന്ന 'പെൻ ഫ്രെണ്ട്സ് 'ആയിരുന്നു ); ഇന്നും ചിലരൊക്കെ ഓണ്‍ലൈനിലും തുടരുന്നു..!

മെഹജാബ് സാറിന്റെയും എന്റെയും താത്പര്യത്തിൽ 'ഇനിയും എത്ര ദൂരം' എന്നൊരു ലഘു സിനിമ മുക്കാൽ ഭാഗത്തോളം ഷൂട്ട് ചെയ്ത് അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും വല്ലാത്തൊരു ത്രില്ലിംഗ് അനുഭവം തന്നെയായിരുന്നു അത്. ഈ ചിത്രത്തെക്കുറിച്ച് മാതൃഭൂമിയിൽ ഷൂട്ടിംഗ് യൂണിറ്റിന്റെ ചിത്രം സഹിതം റിപ്പോർട്ടുകള്‍ വന്നപ്പോൾ നാട്ടിലെ പ്രമുഖരിൽ ചിലർ റോൾ അന്വേഷിച്ച് പിന്നാലെ നടന്നത് ഓർക്കാനൊക്കെ നല്ല രസം. അതിന് മുന്‍പ് 'സമാഗമം എന്നൊരു വീഡിയോ ഷോർട്ട്ഫിലിമും എടുക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് കൊച്ച് കുട്ടികൾ പോലും കൈ വെയ്ക്കുന്ന മേഖലയാണിതെങ്കിലും അന്നത്തെ പരിമിതമായ അറിവും സാഹചര്യങ്ങളും കൊണ്ട് ഒപ്പിച്ചിരുന്ന ഈ സംഭവങ്ങൾ ഒരു ചലച്ചിത്രം പോലെ വിസ്മയകരമായ ഓർമ്മകൾ ആണ്.

ഞാന്‍ ആര്‍ക്കിടെക്ചര്‍ പഠനവുമായി ബന്ധപ്പെട്ട് കൂടുതൽ സമയം കൊല്ലത്തേക്ക് പറിച്ച് നടപ്പെടുകയും പ്രധാന നടത്തിപ്പുകാരായിരുന്ന ലത്തീഫ് സാലി അളിയന്മാർ ഒന്നിന് പുറകെ ഒന്നായി കല്യാണം കഴിക്കുകയും (ഓഫീസ് ആയി ബോർഡ് തൂക്കിയിരുന്ന ടി കടമുറി വരാന്ത ലത്തീഫ് അളിയന്റെ കല്യാണത്തോടെ തന്നെ കൈവിട്ട് പോയിരുന്നു..!) സജീവമായിരുന്ന മറ്റ് അംഗങ്ങളിൽ പലരും ഉപജീവനാർത്ഥമോ പഠനാർത്ഥമോ തിരക്കിലാവുകയും ഒക്കെ ചെയ്തതോടെ ഏകദേശം മൂന്ന് നാല് വർഷങ്ങൾ കൊണ്ട് തരംഗിണി നാമാവശേഷമായി .

അന്ന് തരംഗിണി രൂപീകരിക്കുമ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന വലിയ ഒരു സ്വപ്നം ആയിരുന്നു (സ്വാർത്ഥ താല്പര്യം എന്നും പറയാം..!) നടുക്കുന്നിൽ ഒരു ലൈബ്രറി ഉണ്ടാവുക എന്നത്. ഏറെ ചർച്ചകളും പ്രയത്നങ്ങളും ഒക്കെ നടത്തിയെങ്കിലും പൊതുവായ അഭിപ്രായ രൂപീകരണത്തിൽ പരാജയപ്പെടുകയായിരുന്നു. എണ്ണമറ്റ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെയുണ്ടെങ്കിലും അന്നും ഇന്നും നമ്മുടെ മുറ്റത്ത് ഒരു നല്ല ലൈബ്രറിയോ വായനശാലയോ (പത്തനാപുരം പഞ്ചായത്ത് ലൈബ്രറിയുടെ അന്നത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത് , ഇന്നത്തെ കാര്യം അറിവില്ല ) ഉണ്ടായില്ല എന്നത് ഭയങ്കര തമാശയാണ്. പുസ്തകങ്ങളെന്നാൽ 'പാഠപുസ്തകങ്ങൾ' മാത്രം എന്ന് ശീലിപ്പിച്ച ഒരു സമൂഹത്തിന്റെ സന്തതികൾ മാത്രമായി നമ്മുടെ തലമുറ ഇന്നും അവശേഷിക്കുന്നു; കാൽവഴി പോലും താണ്ടാനാകാതെ എന്റെ 'സ്വാർത്ഥ' സ്വപ്നവും..!

(നടുക്കുന്ന് നിവാസികളായ ഞങ്ങളുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ എഴുതിയത് )

No comments: