19.4.20

കൊറോണ കാലത്തെ സൗഹൃദസംഗമം..!


വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഒത്തുകൂടുക എന്നത് ഞങ്ങൾ സഹപാഠികളുടെ ഒരു ശീലമായി പോയി. ആർക്കിടെക്‌ചർ എന്ന തിരക്കും അഹംബോധവും അഹംഭാവവും നിറഞ്ഞ പ്രൊഫെഷനിൽ നിന്നും ഒന്നോ രണ്ടോ ദിവസം അവധിയെടുത്തു ഞങ്ങളിലേക്ക് ചുരുങ്ങുകയല്ല, ഞങ്ങൾക്കും അപ്പുറത്തേക്ക് വികാസം കൊള്ളാൻ ഹേതുവാകുകയുമാണ് ഈ കൂടിച്ചേരലുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഞങ്ങളുടെ ഈ സഹപാഠി കൂട്ടം നിർമ്മിച്ചു നൽകിയ വീടിന്റെ കേറിതാമസ ചടങ്ങിന്റെ ദിവസമാണ് കുറച്ചു പേരെങ്കിലും അവസാനമായി ഒത്ത് കൂടിയത്; പിന്നെ ഇപ്പോൾ കൊറോണയായി, ലോക്ക് ഡൗണ് ആയി , യാത്രാ വിലക്കായി, വീട്ടിലിരിപ്പായി. പക്ഷേ, അങ്ങിനെ ഞങ്ങളെ ഒതുക്കിയിരുത്താൻ നോക്കണ്ട, ഇന്നലെ ഞങ്ങൾ പത്ത് പേർ വീണ്ടും ഒത്തുകൂടി, ഇപ്പോഴത്തെ പ്രത്യേക ആരോഗ്യ, മുന്നറിയിപ്പ് സാഹചര്യത്തിൽ പറ്റാവുന്ന രീതിയിൽ; സത്യം പറഞ്ഞാൽ ഇന്ന് നല്ല മനസുഖമുണ്ട്, ഒരു പ്രസരിപ്പും ഉന്മേഷവുമൊക്കെ തോന്നുന്നുമുണ്ട്. സാമൂഹിക ഒറ്റപ്പെടലിന്റെ നടുവിലും സ്നേഹ സൗഹൃദത്തിന്റെ കണ്ണികൾക്കും കൂടിച്ചേരലുകൾക്കും മാത്രം നൽകാവുന്ന ഒരു അദൃശ്യ ശക്തിമരുന്ന്..
ഗോ കൊറോണ, ഗോ; ഞങ്ങൾക്ക് നീ പുല്ലാണ്..!

ഐസൊലേഷൻ കൂടുകൾ


കൊറോണ ചൈനയിൽ തുടങ്ങി നുമ്മടെ തൃശൂർ ഭാഗത്തേക്ക് എത്തിയപ്പോൾ മുതൽ വീണ്ടും കേൾക്കാൻ തുടങ്ങി ഇപ്പോൾ കേരളക്കരയാകെ ചിരപരിചിതമായ വാക്കുകളാണ് ഐസൊലേഷൻ, ക്വാറൻറ്റെയിൻ തുടങ്ങിയവ. ഇതിനു മുൻപ് നിപ്പ വന്നപ്പോൾ , അതങ്ങ് കോഴിക്കോട്ടല്ലേ , 'നമ്മെ എന്തര് ബാധിക്കാൻ ' എന്ന് ആശ്വസിച്ചു നടന്നവരും ഇപ്പോൾ ഈ വാക്കുകൾ കേട്ടാലൊന്ന് ഞെട്ടും. അതുക്കും മുൻപ് നൈജീരിയ വാസത്തിനിടെ 'എബോള; പൊട്ടിപുറപ്പെട്ടപ്പോളാണ് ഞാൻ ശരിക്കും ഈ വാക്കുകൾ കേട്ടതും അങ്ങിനെ കഴിയുന്നവരുടെയും അതിലേറെ അവരെ പരിചരിക്കുന്നവരുടെയും മറ്റും അവസ്ഥ അറിഞ്ഞു ഞെട്ടിയതും.
എന്തായാലും വീട്ടിൽ ഐസൊലേറ്റഡ് ആയ സ്ഥിതിക്ക് പതിവിലും അധികം സമയം നേരമ്പോക്കിനായി കിട്ടുന്നുവെന്നതിനാൽ കുറച്ചു ഐസൊലേഷൻ കൂടുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു; ഞെട്ടിയോ, എന്നാൽ വേണ്ട, ഇത് കൊറോണ ഐസൊലേഷൻ അല്ല.
പ്രതിയൊരു പൂവൻ കോഴിയും അവന്റെ ലീലാവിലാസങ്ങളിൽ ആകൃഷ്ടരായ പതിനഞ്ച് - ഇരുപത് പിടകളുമാണ്. അയൽവാസികളുടെയാണ്, വൈകുന്നേരം അടുപ്പിച്ചു ഒരു നാല് മണികഴിയുമ്പോൾ എന്റെ ഇത്തിരിപ്പോന്ന നേരമ്പോക്ക് കൃഷിയിടത്തിൽ മേയലാണ് (അതേ, നേരമ്പോക്ക് തന്നെ, ഒപ്പം വിഷരഹിത പച്ചക്കറിയെന്ന സ്വപ്നവും തടിയിത്തിരി കുറയ്ക്കാനുള്ള മെയ്യഭ്യാസങ്ങളും ) സാധാരണയായി ആപ്പീസ് പണികഴിഞ്ഞു അഞ്ചര ആറോടെ ഞാൻ വീടണയുമ്പോഴേക്കും ഇവറ്റകൾ അത്യാവശ്യം പണിയും കഴിഞ്ഞു കൂടണഞ്ഞിട്ടുണ്ടാവും എന്നതിനാൽ മുഖാമുഖം കാണാൻ ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ജനതാ കർഫ്യൂ വേണ്ടി വന്നു (സാധാരണ പബ്ലിക് അവധി ദിനങ്ങൾ ഇവറ്റകൾക്കും 'ഓഫ് ഡേ ഓഫ് ദി പണിതരൽ' ആണോന്ന് സംശയം ഉണ്ട്)
എന്തായാലും നമ്മുടെ പി.എം @ 8 പി.എം. ആഹ്വാനം ചെയ്ത ഡെമോ കർഫ്യൂവും ആസ്വദിച്ചു വീട്ടിലിരുന്നു അഞ്ച് മണിക്കുള്ള പാത്രം മുട്ടലിനായി കോപ്പു കൂട്ടുകയും ചെയ്തിരിക്കുമ്പോഴാണ് പ്രതി പൂവൻ കോഴിയുടെ അസാധാരണ ചിന്നം വിളികളും 'വരിക വരിക സഹജരെ' മോഡലിലോ മറ്റോ ഉള്ള മുദ്രാവാക്യം വിളികളും ശ്രദ്ധയിൽ പെടുന്നത്. മുട്ടാൻ സ്റ്റീൽ പാത്രങ്ങൾ കയ്യിലിരുന്നത് നന്നായി, എടുത്തെറിഞ്ഞോടിച്ചപ്പോൾ എല്ലാം കൂടി ആർത്തട്ടഹസിച്ചും ചിലച്ചും ശിങ്കാരിമേളം മുഴക്കി (അതോ, മൊത്തം ചില്ലറ എനിക്കുള്ള തെറിയായിരുന്നോ എന്തോ) ഓടിയും പറന്നും അവനോന്റെ വീടുകളിലേക്ക് പോയി. ഈ ശബ്ദകോലാഹലത്തിൽ അയൽവാസികളാരുടെയോ ഒക്കെ പാത്രം മുട്ടൽ ചടങ്ങിന്റെ ഡോൾബി സൗണ്ട് നാട്ടാരാരും കേട്ടില്ലെന്നും പരാതിയുണ്ടത്രേ..!
ഇവറ്റകളുടെ മെയിൻ പണി ചിക്കി ചികയൽ ആണെന്നതിൽ എനിക്കൊരു പരാതിയും ഇല്ല, ഇതിനിടയിൽ വല്ലപ്പോഴും കാഷ്ടിച്ചു വെയ്ക്കുന്നത് എന്റെ ഇടത്തിനു നല്ലതുമാണ്. പക്ഷെ ഇടയ്ക്കുള്ള മറ്റ് ചില സൂത്രപ്പണികൾ ആണ് പ്രശ്നഹേതു. എന്ത് തൈ നട്ടുവെച്ചാലും അതിന്റെ ഇലകൾ; നേരത്തെ തളിര് മാത്രമായിരുന്നു, ഇപ്പോൾ ചെടിയോടെ, കൊത്തി തിന്നലാണ് പരിപാടി. അത്യാവശ്യം ഓലമടലൊക്കെ വെട്ടി കൂട്ടി നട്ടതിന്റെ ചുവട്ടിൽ ഇട്ട് ആദ്യമൊക്കെ പ്രതിരോധിച്ചുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥകൊണ്ടാണെന്ന് തോന്നുന്നു സകല പ്രതിരോധങ്ങളെയും തച്ചു തകർത്ത് നടുന്ന സകലമാന വിള ചെടികളുടെയും ഇലകൾ തിന്നു തീർക്കുകയാണ്. (അവിടവിടെ പാഴ്ചെടികളും പുല്ലുമൊക്കെ പിടിക്കുന്നുണ്ട് , അതൊന്നും ഇവറ്റകൾക്ക് വേണ്ട , നമ്മൾ നടുന്നതാണ് പഥ്യം..!)

അയൽവാസികളോട് പറഞ്ഞു കോഴികളെ ഐസൊലേറ്റ് ചെയ്യൽ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുമൊക്കെ കൂട്ടം കൂടരുതെന്ന ആഹ്വാനത്തെ ഇന്നാട്ടുകാർ ആഘോഷമാക്കിയതിനേക്കാൾ പ്രയാസകരമായിരിക്കും. അതിലും എളുപ്പം ഇനി ചെടികൾ നടുമ്പോൾ അവയെ ഒരു കവചിതമറയ്ക്കുള്ളിൽ ആക്കുന്നതാവും എന്ന തോന്നലിൽ, കുറച്ചു പി.വി.സി ഫെൻസ് നെറ്റ് വാങ്ങിയിരുന്നത് ഇന്ന് എടുത്ത് മുറിച്ചു കുറെ കൂടുകൾ ഒരുക്കി വട്ടമറ തീർത്തിട്ടുണ്ട്. കോഴിപ്പൂവനും സംഘവും ഇന്നൊന്ന് വന്ന് എത്തിനോക്കി പോയി; അല്ല, ഓടിച്ചു വിട്ടു. 'പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു' എന്ന ഡയലോഗോ മറ്റോ ആണോ പോകുന്ന പോക്കിൽ അവൻ അവസാനം കൂകി വിളിച്ചത് എന്നൊരു സംശയവും ഇല്ലാതില്ല..🙄
#Kovid_19

(Original FB Post Link )

13.5.18

പൊളിച്ചുനീക്കപ്പെടുന്ന ബേക്കർ ശൈലി..!

 പണ്ട് പഠന കാലത്ത് വല്ലപ്പോഴുമൊക്കെയുള്ള കൊല്ലം തിരുവനന്തപുരം ബസ്സ് യാത്രയിൽ കേശവദാസപുരം ഉള്ളൂർ റോഡിന് വശം ചേർന്നുള്ള ഒരു പ്രത്യേക തരം ഭവനനിർമ്മിതി കണ്ണിലുടക്കിയിരുന്നു; ലാറി ബേക്കർ സ്കൂളിനോട് ആഭിമുഖ്യം തോന്നിയ ആ നാളുകളിലും പിന്നെയും കൗതുകം ജനിപ്പിച്ചിരുന്നു വൃത്താകൃതികൾ ചേർത്തു വെച്ച് ഒറ്റപ്പാളി തിരികുറ്റി ജാലകങ്ങളാലും  ഇഷ്ടിക ജാലികളാലും സമ്പന്നമായ  ആ ബേക്കർ നിർമ്മിതി.

ഇന്നിപ്പോൾ കേൾക്കുന്നത് അത് പൊളിച്ചുമാറ്റപ്പെടുന്ന വാർത്തയാണ്. ഒരു സ്വകാര്യ വ്യക്തി അയാളുടെ അധീനതയിലുള്ളതിൽ എന്ത് മാറ്റം വരുത്തിയാലും അതിൽ വിയോജിക്കുവാനോ എതിർക്കുവാനോ നമുക്ക് അവകാശമില്ലെങ്കിൽ കൂടി, ഒരു മാസ്റ്റർ ആർക്കിടെക്ടിന്റെ രൂപകൽപ്പനാ വൈഭവം പ്രകടമായ ഇത്തരം നിർമ്മിതികൾ പൊളിച്ചുമാറ്റപ്പെടും മുൻപ് പൂർണ്ണമായും ഡോക്കുമെന്റ് ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായമുണ്ട്.

അതിലുപരി ആ കെട്ടിടം തകർക്കലിന്റെ ചിത്രങ്ങളിൽ നാം കാണാതെ പോകുന്ന പഠനവിധേയമാക്കേണ്ട മറ്റൊന്നുണ്ട്; പൊളിക്കപ്പെടുമ്പോഴും ആ കെട്ടിടം പ്രകൃതിയെ വല്ലാതെ നോവിക്കുന്നില്ല എന്നത്. പുനരുപയോഗിക്കാവുന്ന നിരവധി ഘടകങ്ങളുടെ സംയോജിപ്പാണ് ഓരോ ബേക്കർ നിർമ്മിതിയും എന്നത് ശ്രദ്ധേയമാണ്. കോണ്ക്രീറ്റ് , സിമന്റ് തുടങ്ങിയ ഇന്നിന്റെ അവശ്യ നിർമ്മാണ വസ്തുക്കളുടെ വളരെ കുറഞ്ഞ ഉപഭോഗത്താൽ, മണ്ണോട് മണ്ണ് ചേരുന്ന പോലെയാകണം കെട്ടിടങ്ങൾ എന്ന ബേക്കർ ചിന്തയുടെ പ്രതിഫലനം തന്നെയാണ് ഈ പൊളിക്കൽ ചിത്രങ്ങളുടെ ഹൈലൈറ്റ്.


ഞാനുൾപ്പെടെയുള്ള , ഈ തലമുറയുടെയും മുൻതലമുറ വാസ്തുശില്പികളുടെയും എത്ര കെട്ടിടങ്ങൾ 'വ്യക്തി സ്വാതന്ത്ര്യം' എന്ന് കൽപ്പിച്ചു നൽകപ്പെടുന്ന, കാലഘട്ടം ആവശ്യപ്പെട്ടേക്കാവുന്ന ഇത്തരം നിർമ്മാർജ്ജന പ്രക്രിയയിൽ പ്രകൃതിയെ വല്ലാതെ നോവിക്കാതിരിക്കും എന്ന് ചിന്തിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

ലാറി ബേക്കറിന്റെ നൂറാം ജന്മദിന വാർഷികം ആഘോഷിച്ചു നൂറുദിനം തികഞ്ഞിട്ടില്ല. ആറ്റുകാൽ പൊങ്കാല തിളച്ചുമറിഞ്ഞ അടുപ്പുകല്ലുകൾ ചേർത്തുവെച്ച ഇഷ്ടികശില്പ സന്ദേശങ്ങൾക്കുമപ്പുറത്ത് ബേക്കർ ആശയങ്ങളോട് എന്തെങ്കിലും പ്രതിപത്തി തോന്നുന്നുവെങ്കിൽ IIA പോലുള്ള ആർക്കിടെക്ട്സ് കൂട്ടായ്മകൾക്കും മറ്റും ഇത്തരം ഡോക്കുമെന്റേഷൻ പ്രക്രിയയും സംവാദങ്ങളും ഒക്കെ തുടങ്ങിവെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നേ പറയാനുള്ളൂ.

(ചിത്രങ്ങൾക്ക് കടപ്പാട്: ആർക്കിടെക്ട് മനോജ് കിണിയുടെ വാട്‌സ്ആപ്പ് പോസ്റ്റ്)