13.5.18

പൊളിച്ചുനീക്കപ്പെടുന്ന ബേക്കർ ശൈലി..!

 പണ്ട് പഠന കാലത്ത് വല്ലപ്പോഴുമൊക്കെയുള്ള കൊല്ലം തിരുവനന്തപുരം ബസ്സ് യാത്രയിൽ കേശവദാസപുരം ഉള്ളൂർ റോഡിന് വശം ചേർന്നുള്ള ഒരു പ്രത്യേക തരം ഭവനനിർമ്മിതി കണ്ണിലുടക്കിയിരുന്നു; ലാറി ബേക്കർ സ്കൂളിനോട് ആഭിമുഖ്യം തോന്നിയ ആ നാളുകളിലും പിന്നെയും കൗതുകം ജനിപ്പിച്ചിരുന്നു വൃത്താകൃതികൾ ചേർത്തു വെച്ച് ഒറ്റപ്പാളി തിരികുറ്റി ജാലകങ്ങളാലും  ഇഷ്ടിക ജാലികളാലും സമ്പന്നമായ  ആ ബേക്കർ നിർമ്മിതി.

ഇന്നിപ്പോൾ കേൾക്കുന്നത് അത് പൊളിച്ചുമാറ്റപ്പെടുന്ന വാർത്തയാണ്. ഒരു സ്വകാര്യ വ്യക്തി അയാളുടെ അധീനതയിലുള്ളതിൽ എന്ത് മാറ്റം വരുത്തിയാലും അതിൽ വിയോജിക്കുവാനോ എതിർക്കുവാനോ നമുക്ക് അവകാശമില്ലെങ്കിൽ കൂടി, ഒരു മാസ്റ്റർ ആർക്കിടെക്ടിന്റെ രൂപകൽപ്പനാ വൈഭവം പ്രകടമായ ഇത്തരം നിർമ്മിതികൾ പൊളിച്ചുമാറ്റപ്പെടും മുൻപ് പൂർണ്ണമായും ഡോക്കുമെന്റ് ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായമുണ്ട്.

അതിലുപരി ആ കെട്ടിടം തകർക്കലിന്റെ ചിത്രങ്ങളിൽ നാം കാണാതെ പോകുന്ന പഠനവിധേയമാക്കേണ്ട മറ്റൊന്നുണ്ട്; പൊളിക്കപ്പെടുമ്പോഴും ആ കെട്ടിടം പ്രകൃതിയെ വല്ലാതെ നോവിക്കുന്നില്ല എന്നത്. പുനരുപയോഗിക്കാവുന്ന നിരവധി ഘടകങ്ങളുടെ സംയോജിപ്പാണ് ഓരോ ബേക്കർ നിർമ്മിതിയും എന്നത് ശ്രദ്ധേയമാണ്. കോണ്ക്രീറ്റ് , സിമന്റ് തുടങ്ങിയ ഇന്നിന്റെ അവശ്യ നിർമ്മാണ വസ്തുക്കളുടെ വളരെ കുറഞ്ഞ ഉപഭോഗത്താൽ, മണ്ണോട് മണ്ണ് ചേരുന്ന പോലെയാകണം കെട്ടിടങ്ങൾ എന്ന ബേക്കർ ചിന്തയുടെ പ്രതിഫലനം തന്നെയാണ് ഈ പൊളിക്കൽ ചിത്രങ്ങളുടെ ഹൈലൈറ്റ്.


ഞാനുൾപ്പെടെയുള്ള , ഈ തലമുറയുടെയും മുൻതലമുറ വാസ്തുശില്പികളുടെയും എത്ര കെട്ടിടങ്ങൾ 'വ്യക്തി സ്വാതന്ത്ര്യം' എന്ന് കൽപ്പിച്ചു നൽകപ്പെടുന്ന, കാലഘട്ടം ആവശ്യപ്പെട്ടേക്കാവുന്ന ഇത്തരം നിർമ്മാർജ്ജന പ്രക്രിയയിൽ പ്രകൃതിയെ വല്ലാതെ നോവിക്കാതിരിക്കും എന്ന് ചിന്തിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

ലാറി ബേക്കറിന്റെ നൂറാം ജന്മദിന വാർഷികം ആഘോഷിച്ചു നൂറുദിനം തികഞ്ഞിട്ടില്ല. ആറ്റുകാൽ പൊങ്കാല തിളച്ചുമറിഞ്ഞ അടുപ്പുകല്ലുകൾ ചേർത്തുവെച്ച ഇഷ്ടികശില്പ സന്ദേശങ്ങൾക്കുമപ്പുറത്ത് ബേക്കർ ആശയങ്ങളോട് എന്തെങ്കിലും പ്രതിപത്തി തോന്നുന്നുവെങ്കിൽ IIA പോലുള്ള ആർക്കിടെക്ട്സ് കൂട്ടായ്മകൾക്കും മറ്റും ഇത്തരം ഡോക്കുമെന്റേഷൻ പ്രക്രിയയും സംവാദങ്ങളും ഒക്കെ തുടങ്ങിവെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നേ പറയാനുള്ളൂ.

(ചിത്രങ്ങൾക്ക് കടപ്പാട്: ആർക്കിടെക്ട് മനോജ് കിണിയുടെ വാട്‌സ്ആപ്പ് പോസ്റ്റ്)

25.3.17

ഖസാക്കിന്റെ ഇതിഹാസം - പുത്തൻ നാടകാനുഭവം

വളരെ വളരെ കാലത്തിനു ശേഷം, എന്ന് പറഞ്ഞാൽ ഏതാണ്ട് ഒരു 18 -20   വർഷങ്ങളുടെ ഇടവേളയ്ക്ക്  ശേഷമാണ്  ഒരു മലയാള നാടകം കാണുവാൻ അവസരമുണ്ടാകുന്നതെന്ന ഉൾബോധത്തിന്റെ ഊർജ്ജവും ഇക്കാലയളവിൽ നാടക വേദികൾക്കും , അവതരണത്തിനുമൊക്കെയുണ്ടായിട്ടുള്ള മാറ്റങ്ങൾ കൂടി മനസ്സിലാക്കാമെന്ന കൗതുകവുമെന്നതിനും അപ്പുറം വായനയും നിരവധി പുനർവായനകളിലുമായി, മനസ്സിലായതിനേക്കാൾ ദുരൂഹതയിൽ തുടരുന്ന  ഖസാക്ക് എന്ന മായികപ്രപഞ്ചവും അതിലെ കഥാപാത്രങ്ങളെയും കുറേക്കൂടി അടുത്തറിയുകയെന്നതുമായിരുന്നു   'ഖസാക്കിന്റെ ഇതിഹാസം' കാണുവാനുള്ള ഉത്സാഹം.
പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ നാടക  ഉത്സവത്തിന്റെ  ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂൾ വളപ്പിൽ കെട്ടിയുയർത്തിയ താൽക്കാലിക ഗ്യാലറി പടവുകളൊന്നിൽ, പാസ്സുണ്ടായിട്ടും  'ഇടിച്ചു കയറി' തരപ്പെടുത്തേണ്ടി വന്ന കസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ആദ്യം അത്ഭുതപ്പെടുത്തിയത് രംഗവേദിയുടെ രൂപകൽപ്പനയാണ്. നാടകത്തിന്റെ  പതിവ്, സാമ്പ്രദായിക രീതികൾക്കതീതമായി ചില ഓപ്പറ  തീയറ്ററുകളെ  അനുസ്‌മരിപ്പിക്കുന്ന വിധം മൂന്നു വശത്തും കാണികൾക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പ്പടവുകൾ, നാലാം വശത്തു തടി പലകകൾ കൊണ്ട് തീർത്ത സ്റ്റേജ് എന്ന് വിശേഷിപ്പിക്കുവാൻ തക്കതൊന്നുമില്ലാത്ത ഉയർന്ന തട്ട് , അതിനും പുറകിൽ കാഴ്ചയെ മറയ്ക്കുവാനെന്നോണം തടിപ്പലകയിൽ
തീർത്തു വെള്ളയടിച്ച്‌  ലംബമായി  സ്ഥാപിച്ചിരിക്കുന്ന വലിയൊരു തടി മറ. ഉയർന്ന സ്റ്റേജ് അഥവാ തട്ടിനും  കാണികൾക്കുമിടയിൽ ബെഞ്ചുകൾ കൊണ്ട് അതിർത്തി തീർത്ത് മണ്ണ് നിറഞ്ഞ വിശാലമായൊരു നടുത്തളം. സാമ്പ്രദായിക നാടക അവതരണത്തിന് അത്യന്താപേക്ഷിതമായ യവനികയോ  പിൻ തിരശ്ശീലയോ , പശ്ചാത്തലദൃശ്യങ്ങളോ, മറ്റ് വസ്തുവകകളോ ഇല്ലാത്ത രംഗ സ്ഥലം. ആദ്യമൊന്ന് അമ്പരപ്പിപ്പിച്ചെങ്കിലും , പണ്ടെങ്ങോ ചില തെരുവ് നാടകങ്ങളുടെയുമൊക്കെ ഭാഗമായിരുന്നതിനാൽ ചിന്ത ആ വിധത്തിലേക്കും കടന്നു.

കാണികൾക്കും കളിക്കാർക്കുമിടയിൽ ബാഹ്യ വേർതിരിവുകളധികമില്ലാത്ത അവതരണത്തിന്റെ സാധ്യതകളേക്കാൾ കൂടുതൽ വെല്ലുവിളികൾ; ഒപ്പം നാടകത്തിനോ ചലച്ചിത്രത്തിനോ പോലും വഴങ്ങാൻ പ്രയാസമായ ഖസാക്ക് എന്ന വിഖ്യാത കൃതിയുടെ ഭാഷയും, പ്രകൃതിയും, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുമൊക്കെയിങ്ങനെ മനസ്സിലൂടെ കടന്നുപോയ ഏതാണ്ട് പതിനഞ്ച് മിനുട്ടിന്റെ കാത്തിരുപ്പ് തന്നെയൊരു രൂപപ്പെടുത്തലാണെന്ന് പിന്നീട് ബോധ്യമായി.

മൂന്നരമണിക്കൂർ നാടകത്തിന്റെ ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ ശക്തമായ എഴുത്ത് ബിംബങ്ങൾ കൊണ്ട് ഉള്ളിന്റെ ഉള്ളിലെവിടെയോ വരഞ്ഞിട്ട ഖസാക്ക് ; അതെ, കൂമന്കാവിന്റെ പ്രാചീനതയും, ചെതലിമലയുടെ വിഭ്രമിപ്പിക്കുന്ന നിഴലും, അറബികുളത്തിന്റെ മാസ്മരികതയുടെ ആഴവും  നിറഞ്ഞ ഭൂമിക, അവിടുത്തെ  പള്ളി മിനാരങ്ങളും സമീപത്തെ ഓത്ത് പള്ളിയും, ഞാറ്റുപുരയും, ദൈവപ്പുരയും,  പാടവരമ്പുകളും, കുളക്കടവും ഊടുവഴികളുമെല്ലാമെല്ലാം തീവ്രമായ മയക്കുമരുന്നെന്നപോലെ ശരീര ഗ്രന്ധികളിലെമ്പാടും അരിച്ചരിച്ചു കയറി കഴിഞ്ഞിരുന്നു.

നോവലിന്റെ നാടകാവിഷ്‌ക്കാരമായല്ല, മറിച്ച് സാമ്പ്രദായിക രംഗവേദികളിൽ ഒതുക്കാനോ  ഇണക്കാനോ പറ്റാത്തത്ര സങ്കീർണ്ണതകളെയും ഉൾകൊണ്ട് തനത് വ്യാഖ്യാനമാണ്  സംവിധായകൻ ദീപൻ ശിവരാമനും സംഘവും നടത്തുന്നത്. മൂലകൃതിയുടെ ആഖ്യാനത്തിലെ കാലഗണനക്രമം ഏതാണ്ട് അതെ പടി പിന്തുടരുമ്പോഴും തള്ളേണ്ടവ തള്ളാനും നാടക രൂപത്തിനാവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തുവാനും , രംഗഭാഷയുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് വിവർത്തനം ചെയ്യുവാനുമാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

ബസ്സ് റൂട്ടിന്റെ അവസാനമായ കൂമൻകാവിൽ ബസ്സിറങ്ങുന്ന രവിയിലാണ് നോവൽ തുടങ്ങുന്നതെങ്കിൽ നാടകത്തിലത് കത്തിച്ച് പിടിച്ച ചൂട്ടുകളുമായി ഏതാണ്ട് സ്ലോമോഷനിലെന്നവണ്ണം നടന്നടുത്ത് വേദിയിൽ നിറയുന്ന ഖസാക്കിലെ ആബാലവൃദ്ധം ജനതയുടെ പ്രതിനിധികളിലാണ്. ഈ സമയത്ത് ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികത ഏതോ മായാലോകത്തുള്ള ഖസാക്ക് എന്ന ഗ്രാമത്തിന്റെ പ്രാചീനതയിലേക്കാണ് കാണികളെ കൊണ്ടെത്തിക്കുക;  പക്ഷേയതെനിക്ക്  'വളരെ പണ്ട് , ഒരു പൗർണ്ണമി രാത്രിയിൽ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പടയുമായി  , സയ്യദ് മിയാൻ ഷെയ്ക്കും  തങ്ങന്മാരും' വന്നു പോകുന്നതിന്റെ ഭ്രമാത്മകശബ്ദവിന്യാസമായും തോന്നിപ്പിച്ചു. കാണിയെന്ന നിലയിൽ നിന്ന് ഒരു ഖസാക്ക്കാരനായി രൂപാന്തരപെടാൻ ഇതിലുമധികം താളക്രമമാർന്ന ആമുഖം ആവശ്യമില്ലതന്നെ.

പലതലത്തിലുള്ള , സങ്കീർണ്ണമായതും സംഘർഷഭരിതമായതുമായ ജീവിത വ്യവസ്ഥകളുടെ കുഴഞ്ഞുമറിയലുകൾക്ക് വിധേയരാവുന്നുണ്ട് ഖസാക്കിലെ കഥാപാത്രങ്ങൾ. ഖസാക്ക് എന്നപ്രദേശത്തിന്റെ ആവാസവ്യവസ്ഥയിൽ കൊണ്ടും കൊടുത്തും ജീവിച്ചവരും മരിച്ചവരും ജീവച്ഛവമായവരുമെല്ലാമുണ്ട്. പ്രതീകാത്മകരൂപങ്ങളുടെ, ശബ്ദങ്ങളുടെ, ഗന്ധങ്ങളുടെ, ദൃശ്യങ്ങളുടെ, ചിഹ്നങ്ങളുടെ തുടർച്ചയായ അവതരണ മികവിലൂടെ സംവിധായകൻ ഇവയെയെല്ലാം കൂട്ടിച്ചേർക്കുകയും മറികടക്കുകയും ചെയ്യുന്നുണ്ട്; പഞ്ചഭൂതങ്ങളെയും രംഗവേദിയിൽ ഉപയോഗിച്ച് തീർക്കുന്ന വിസ്മയത്തിൽ കാഴ്ചക്കാരുടെ പഞ്ചേന്ദ്രിയതന്മാത്രകളും ഉണർന്ന് ഖസാക്ക് എന്ന പ്രദേശത്തിലേക്ക്, രവിയിലേക്ക് , നൈസാമലിയിലേക്ക്, മൈമൂനയിലേക്ക്, അള്ളാപിച്ച മൊല്ലാക്കയിലേക്ക്, ചാന്തുമ്മയിലേക്ക്, കുഞ്ഞാമിനയിലേക്ക്, അപ്പുക്കിളിയിലേക്ക്, കുപ്പുവച്ചനിലേക്ക്, നിരവധിയനവധി മറ്റ് കഥാപാത്രങ്ങളിലേക്ക്, അവരുടെ ജീവിതങ്ങളിലേക്ക്  ഇടതടവില്ലാതെ കേന്ദ്രീകരിക്കപ്പെടും, അവരുടെ ജീവിത പ്രയാണങ്ങളിൽ നമ്മളും ഒപ്പം സഞ്ചരിക്കപ്പെടും.
അവതരണത്തിലെ പുതുമയും നൈപുണ്യവും തന്നെയാണ് ഈ നാടകത്തെ വേറിട്ടതാക്കുന്നത്. പുകപിടിച്ച് കത്തുന്ന പാനീസ് വിളക്കിന്റെ നിഴലനക്കവും ആളിക്കത്തിയും അണഞ്ഞും പിന്നെയും ജ്വലിച്ചും നിറഞ്ഞു നിൽക്കുന്ന ചൂട്ടുകറ്റയുടെ  പുകച്ചൂടും, സാമ്പ്രാണിതിരിയുടെ നിഗൂഢ ഗന്ധവും, മണ്ണിന്റെ, ചെളിയുടെ തണുത്ത സ്പർശവും മഴനൂലുകളുടെ പ്രണയസുരതവുമെല്ലാമെല്ലാം ഈ മൂന്നരമണിക്കൂറിൽ ശരീര തന്മാത്രകളിൽ ഒരു ബാധയായി അതിക്രമിച്ച് കയറുന്ന അനുഭവം; ഇന്നേക്ക് ഏതാണ്ട് ഒരാഴ്ച തികഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഈ കുറിപ്പ്  'നൈസാമലിയുടെ മന്ത്രിച്ചൂതലി'നേക്കാൾ ശക്തിയിൽ ഈ ബാധയെ കുറച്ചെങ്കിലും ലഘൂകരിക്കുമെന്ന് കരുതുന്നു; അടുത്തെവിടെയെങ്കിലും വീണ്ടും ഈ നാടകം അവതരിപ്പിക്കും വരെയെങ്കിലും..!!

കടപ്പാട് : നാടകത്തിൽ മുഴുവൻ ശ്രദ്ധയും ചേർത്ത് വച്ചിരുന്നതിനാൽ ചിത്രങ്ങൾ പകർത്തുവാൻ കഴിഞ്ഞില്ല ; ഇതിലുപയോഗിച്ചിരിക്കുന്നത്  ഫേസ്‌ബുക്ക് പേജിൽ നിന്നും മറ്റ് ചില വാർത്താ വെബ്‌സൈറ്റുകളിൽ നിന്നും എടുത്ത ചിത്രങ്ങളാണ്.

നാടകത്തിന്റെ ട്രെയ്‌ലർ ഇവിടെ കാണാം :   YouTube

നാടക അവതരണം : തൃക്കരിപ്പൂര്‍ K.M.K സ്മാരക കലാസമിതി: ഫേസ്ബുക്ക് പേജ്

25.10.16

'Travaux Publics' - പൊതുമരാമത്ത് വകുപ്പ്

പോണ്ടിച്ചേരി യാത്രയുടെ വലിയ ഒരു ആകര്‍ഷണം അനവധി സമാന്തര -ലംബരേഖകളിലെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന നിരത്തുകളിലൂടെയുള്ള കാല്‍നട സവാരിയാണ്. എത്ര കണ്ടാലും പുതുമ തോന്നിപ്പിക്കുന്നതും  വിദേശ അധിനിവേശ കാലത്തിന്റെ തിരുശേഷിപ്പുകളുമായ നിരവധി വാസ്തുശില്പങ്ങൾ. മിക്കവയും കൂട്ടിച്ചേർക്കലുകളോ പുനഃരുദ്ധാരണമോ ഒക്കെ നടത്തി ഹോട്ടലുകളും കഫറ്റീരിയകളും വസ്ത്ര കരകൗശല വില്പനശാലകളുമൊക്കെയായി മാറ്റപ്പെട്ടവയാണെങ്കിലും ഓരോ തവണയും ഇത് നേരത്തെ കണ്ടിട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെ നമുക്ക് കണ്ടത്താനാവുമെന്നാണ് അനുഭവം.
ഹൈകോര്‍ട്ട് ഭാഗത്ത് നിന്നും സ്പൈസ് റൂട്ട് ഭോജനശാലയ്ക്ക് അരികിലൂടെ ഗ്രാന്‍ഡ്‌ കനാല്‍ ഭാഗത്തേക്ക് ബിസി സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോഴാണ് 'Travaux Publics' എന്നൊരു സാമാന്യം വലിയ ബോര്‍ഡും കമാന വാതിലും ശ്രദ്ധയില്‍ പെട്ടത്.  ഈ ഭാഗത്തെ മിക്ക കെട്ടിടങ്ങളും നിരത്തിനോട് ചേർന്ന്, ജനവാതിലുകൾ തുറക്കുന്ന പോലെയാണെങ്കിൽ ഇത് തികച്ചും വ്യത്യസ്തമായി ചുറ്റുമതിലിനുള്ളില്‍ നിറഞ്ഞ പച്ചപ്പില്‍ ഒളിപ്പിച്ച് വെച്ചപോലെയാണ്.
ക്ലാസ്സിക് കൊളോണിയൽ ശൈലിയിലുള്ള ഈ കെട്ടിടം കമാനാകൃതിയിലുള്ള വലിയ പ്രവേശന കവാടം, ചുറ്റുമതിൽ/ വേലിക്കെട്ട്, ഇരുമ്പ് കൈവരികളോട് കൂടിയ ബാൽക്കണികൾ, ഉയരം കൂടിയതും കമാനാകൃതിയിലുള്ളതുമായ ജാലകങ്ങൾ തുടങ്ങിയവയാൽ പുറമെ നിന്ന് ശ്രദ്ധേയമാണ്.
അവധി ദിനമാകയാൽ അകത്തേക്ക് പ്രവേശിക്കുവാനോ കൂടുതൽ ചിത്രങ്ങൾ എടുക്കുവാനോ (അനുവാദം കിട്ടുമോ എന്നറിയില്ല) കഴിഞ്ഞില്ലെങ്കിലും തദ്ദേശീയരായ സുഹൃത്തുക്കളിൽ നിന്നും ഗവണ്മെന്റ് വെബ് സൈറ്റിൽ നിന്നുമൊക്കെ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനായി.
1736=38 കാലയളവിൽ പണികഴിപ്പിക്കപ്പെട്ട Hotel de la Monnaie 1761 ൽ നശിപ്പിക്കപ്പെടുകയും പിന്നീട് 1766 ൽ വീണ്ടും പഴയ രീതിയിൽ തന്നെ പുനർ നിർമ്മിക്കപ്പെടുകയുമുണ്ടായി. നാണയ കമ്മട്ടമായും (mint) ശേഖരണ സ്ഥലമായും പ്രവർത്തിച്ചിരുന്ന ഇവിടം 1884ൽ പബ്ലിക് ലൈബ്രറിയാക്കി (Bibliotheque Publique) മാറ്റപ്പെട്ടു. കൂട്ടത്തിൽ റോഡുകളുടെയും പാലങ്ങളുടെയും എൻജിനീയറിങ്ങ് ഓഫീസ് (Bureau des Ponts et Chaussées) കൂടി  പ്രവർത്തിച്ചിരുന്നു.  പിന്നീട് 1954ൽ  പൂർണമായും പബ്ലിക് വർക്സ് ഡിപാർട്മെന്റ് (പി.ഡബ്ള്യു.ഡി) എന്നർത്ഥം വരുന്ന Bureau des Travaux Publics സ്ഥാപനമാകുകയും ചെയ്തു.
പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, ദേശീയ പാത, പൊതു കെട്ടിടങ്ങൾ, ജലസേചനം , ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, പൊതുജനാരോഗ്യം തുടങ്ങി വിവിധങ്ങളായ വിഭാഗങ്ങളുടെ പ്രധാന ഓഫീസായി ഇവിടം പ്രവർത്തിക്കുന്നു.

ചിത്രങ്ങൾ :  മോഹൻദാസ്  ( Maverick Dass @ FB)
#Travel #pondichery #architecture