10.12.15

സി.ഡി വേട്ട..!

വെളിപ്പെടുത്തലുകളും  സി.ഡി വേട്ടയുമുൾപ്പെടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് മുഖ്യനെയും പരിവാരങ്ങളെയും വെള്ളപൂശിയെടുക്കുവാനുള്ള അജണ്ടയോടുകൂടിയ നാടകമാണെന്നും അറിഞ്ഞോ അറിയാതെയോ സോളാർ കമ്മീഷൻ ഇതിൽ പെട്ടുപോകുകയും ചെയ്തു എന്ന് വേണം കരുതാൻ.
ഉണ്ടാകുമെന്നു യാതൊരു  ഉറപ്പുമില്ലാത്ത  തെളിവിനായി , ഏതോ ഒരിടത്തേക്ക്, രണ്ടര വർഷത്തിലധികമായി ബന്ധമില്ലന്നു പറയുന്ന ഒരാളെയും തേടി സിനിമയെ വെല്ലുന്ന സ്റ്റൈലിൽ കാറിൽ പായുന്ന കമ്മീഷൻ; അവരെ ചേസ് ചെയ്യുന്ന മാധ്യമ പട.
(ആഭ്യന്തരനോട് പറഞ്ഞിരുന്നേൽ പരീക്ഷിച്ച് വിജയിച്ച  'എയർ ആമ്പുലൻസ് ' പദ്ധതിപോലെ ഒരു 'സി.ഡി. റെസ്ക്യു മിഷൻ' ഹെലിക്കോപ്റ്റർ പരിപാടിയിലൂടെ ഈ മാധ്യമ കൂട്ടത്തിന്റെ വേവലാതി പിടിച്ച റോഡ്‌ പാലായനം ഒഴിവാക്കാമായിരുന്നേനെ...!)
പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെങ്കിലും കിട്ടിയേക്കാവുന്ന ക്ലിപ്പുകൾക്കായി മൊബൈലിൽ കണ്ണും നട്ട് കാത്തിരിക്കുന്ന കേരളം; തികട്ടി വരുന്ന ഒരു അശ്ലീല ചിരിയുമായി ഞാനും; ഇനി എങ്ങാനും ബീഫ് ഒലർത്തിയത് പരസ്യമായി വിളമ്പിയാലോ..!!
ഇതിനിടയിൽ വാട്ട്സാപ്പിൽ വന്ന പ്രതീക്ഷനിരാശകൾ സമാസമം സ്ഫുരിക്കുന്ന ഒരു ചിന്താശകലം : ''വടക്കോട്ടാണ് അവർ പൊയ്ക്കൊണ്ടിരിക്കുന്നത് ,ഇനി ചെന്നെയിലെങ്ങാനും ആവുമോ സി.ഡി സൂക്ഷിച്ചേക്കുന്നത് ; മയിര്.. വെള്ളപ്പൊക്കത്തിൽ എല്ലാം ഒലിച്ചു പോയിക്കാണും..!!''

10.11.15

എസ്. എ സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ...!

''അല്പസമയത്തിനകം ദൽഹിയിൽ നിന്നുമുള്ള മലയാള വാർത്തകൾ , അതുവരെ എസ്. എ  സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ''  ഗാർഹിക വിനോദ ആർഭാടമായി എന്റെ തലമുറയുടെ ബാല്യം ആസ്വദിച്ചിരുന്ന ആകാശവാണിയിൽ നിന്ന് ഇതേപോലൊരു അറിയിപ്പ് കേൾക്കാത്തവർ ഉണ്ടാവാനിടയില്ല; പ്രത്യേകിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ പ്രാദേശിക വാർത്തകൾക്കും ഒരു മണിയുടെ മലയാള വാർത്തകൾക്കുമിടയിൽ. എത്ര തവണ കേട്ടാലും മതിവരാത്ത ഉപകരണ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് ഈ ഇടവേളകളിൽ നമ്മെ കൂട്ടികൊണ്ടു പോയിരുന്ന  പ്രിയപെട്ട സ്വാമി ഇന്നലെ അന്തരിച്ചു; ആദരാഞ്ജലികൾ നേരുന്നു.
(വാർത്ത : കേരള കൗമുദി 10നവം.2015)
കൗമാരത്തിൽ സുഹ്രുത്തുക്കളോടൊപ്പം കാസറ്റ്  കടകളിൽ കയറി ഇറങ്ങുമ്പോഴും ഏറെ കൗതുകത്തോടെ തിരഞ്ഞിരുന്ന ഒന്നാണു ഇദ്ദേഹത്തിന്റെ ഫിലിം ട്യൂണ്‍ സമാഹാരങ്ങൾ, പക്ഷേ ഒരിക്കലും കിട്ടിയില്ല. ആ നിരാശയ്ക്ക് ഒക്കെ അറുതിയെന്നോണം തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് കാലത്തിന്റെ തുടക്കത്തിലൊരിക്കൽ സാക്ഷാൽ ശ്രീമാൻ എസ്. എ. സ്വാമി എനിക്കുമുന്നിൽ ഭവന നിർമ്മാണ ആവശ്യവുമായി പ്രത്യക്ഷപ്പെടുന്നു. വിവിധ മേഖലകളിലെ ഒരുപാട് പ്രമുഖരെയും പ്രശസ്തരേയും ഹാബിറ്റാറ്റ് വഴി നേരിൽ കാണാനും പരിചയപ്പെടാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും (നന്ദി ശങ്കർജി ) ഇദ്ദേഹവുമായുള്ള ആദ്യ കൂടികാഴ്ചയും പിന്നീട് നിരവധി വൈകുന്നേരങ്ങളിലെ ചർച്ചകളും ബൈക്കിന്റെ പുറകിൽ ഇരുന്നുള്ള യാത്രയും ഒന്നും ഒരിക്കലും മറക്കാനാവില്ല.
ആകാശവാണിയുടെ സ്റ്റുഡിയോ ഉൾത്തളങ്ങൾ എന്റെ അക്കാദമിക് താൽപര്യാർത്ഥം കാണിക്കുവാൻ കൊണ്ടുപോയിട്ടുണ്ട്. റേഡിയോയിലൂടെ വായിച്ചിരുന്ന നൂറുകണക്കിന് ഫിലിം റ്റ്യൂണുകളിൽ രണ്ട് മൂന്നെണ്ണം എന്റെ നിർബന്ധിച്ചുള്ള ആവശ്യപ്രകാരം വായിച്ച് കേൾപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്; വളരെ അന്തർമുഖനായിരുന്നു എന്ന് തോന്നുമെങ്കിലും പ്രിയമുള്ളവരോട്‌ വലിയ തോതിൽ  അടുപ്പവും സൗഹൃദവും പുലർത്തിയിരുന്ന ആളായിരുന്നു സ്വാമി എന്നാണ് എനിക്ക് മനസ്സിലാക്കാനായത്.
അന്ന് ഭവന നിർമ്മാണ ആവശ്യത്തിനായി അദ്ദേഹം കണ്ടെത്തിയിരുന്ന സ്ഥലം ഹരിതമേഖല (Green Belt) യിലോ മറ്റോ പെട്ടിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയും ഞാൻ പഠനപൂർത്തീകരണത്തിനായി കുറേക്കാലത്തേക്ക് ഹാബിറ്റാറ്റ് വിട്ടുപോവുകയും ചെയ്തതിനാലാവണം ആ സൗഹൃദ കണ്ണി ഇടയ്ക്കെപ്പോഴോ മുറിഞ്ഞു പോയി; ആ ഭവന നിർമ്മാണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇന്നും അറിയില്ലന്നത് മുറിഞ്ഞു പോയ ഓർമ്മകൾ കൂട്ടിയോജിപ്പിക്കുമ്പോൾ ഖേദകരമാകുന്നു.
എന്തായാലും സംഗീതാസ്വാദനം കാസറ്റിൽ നിന്ന് സി.ഡി. യുഗത്തിലേക്കും ഡി.വി.ഡി.കളിലേക്കും  കടന്നപ്പോഴും ഈ ഫിലിം റ്റ്യൂണുകൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. ഓണ്‍ലൈൻ തിരച്ചിലിൽ വീണുകിട്ടിയ ചില എം.പി ത്രീകൾ കിട്ടിയത് ഇന്നും സൂക്ഷിക്കുന്നു. ഈ അടുത്തയിടെയാണ് ഇദ്ദേഹം രോഗാതുരനായതിനെക്കുറിച്ചും മകൾ സമ്മാനിച്ച ഗിറ്റാറിലൂടെ വീണ്ടും ഫിലിം റ്റ്യൂണുകൾ വായിച്ച് ഉയിർത്തെണീൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരു ഞായറാഴ്ച പതിപ്പിൽ വായിക്കാനിടയായത്. നാട്ടിൽ പോയപ്പോൾ ഒന്ന് രണ്ട് തവണ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആശ്വസിക്കുവാൻ ഇട നൽകി ഏതോ ഒരു മ്യൂസിക് സ്റ്റോറിന്റെ  അലമാരയിൽ നിന്നും കിട്ടിയ 'ധ്വനി തരംഗ് ' എന്ന ആൽബം എപ്പോഴും എന്റെ ഒപ്പമുണ്ട്. (ഇത്തരമൊരു സംരംഭത്തിനു മുൻകൈ എടുത്തതിന് പ്രശസ്ത സംഗീത സംവിധായകൻ  ശ്രീ എം.ജയചന്ദ്രന് അഭിനന്ദനം അർഹിക്കുന്നു).
ശങ്കരമംഗലം അയ്യപ്പസ്വാമിയെന്ന എസ് . എ സ്വാമിയുടെ ഫിലിം റ്റ്യൂണുകൾ ആകാശവാണി ശ്രവണത്തിന്റെ നൊസ്റ്റാൾജിയയായി  എന്നും എപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും; ഹ്രസ്വമായതെങ്കിലും സമ്പുഷ്ടമായിരുന്ന ആ സൗഹൃദകാലവും...!
( ഗാനാ.കോം  ചില ഗാനങ്ങൾ ഓണ്‍ലൈൻ ശ്രവണത്തിനായി നൽകുന്നുണ്ട് ;  ഇവിടെ അമർത്തുക )

5.8.15

നമുക്കത്യാവശ്യം എയർ ആംബുലൻസാണോ?

''കുടിക്കാൻ ശുദ്ധജലം ഇല്ലാത്തതു കാരണം വയറിളക്കം മൂലം പ്രതിവർഷം ഒരു ലക്ഷം കുഞ്ഞുങ്ങൾ  മരിക്കുന്ന രാജ്യത്ത്, സാമ്പത്തിക ഞെരുക്കം കാരണം പ്രവർത്തിക്കാത്ത ഓപ്പറേഷൻ തീയ​റ്ററുകളും ഓടാത്ത ആംബുലൻസുകളും ഉള്ള ആരോഗ്യവകുപ്പിന് പറക്കാത്ത വിമാനങ്ങളും കൂടി വേണോ എന്നാലോചിക്കേണ്ടതുണ്ട്''  -  ഡോ. എസ്.എസ് ലാലിന്റെ ശ്രദ്ധിക്കപ്പെടേണ്ട ലേഖനം  '' നമുക്കത്യാവശ്യം എയർ ആംബുലൻസാണോ? '' - കേരള കൗമുദി പത്രം (05.08.2015)
 
ഓണ്‍ലൈൻ വായനയ്ക്ക് :  http://news.keralakaumudi.com/news.php?nid=368f49936204cbcf89b20e0ec8b35503

29.6.15

മഴയുടെ ചിറകുകൾ


'പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ നിറയുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംഭരണികള്‍ എല്ലാവര്‍ക്കും മതി. ജനപ്രതിനിധികള്‍ അവരുടെ പേരുകള്‍ വലിയ അക്ഷരങ്ങളില്‍ അതിന് മുകളില്‍ എഴുതിവെച്ച് സായുജ്യമടയുന്നു. എത്രപേരാണ് ഇതിന്‍െറ ഗുണഭോക്താക്കളെന്ന് ഞാനാലോചിക്കാറുണ്ട്. ഉത്തരം കിട്ടാറുമില്ല. ജലം അമൂല്യമാണെന്ന് പറഞ്ഞ്, എഴുതി, കൊട്ടിഘോഷിച്ച് നാമൊരുതരം ആത്മരതിയിലേക്ക് കൂപ്പുകുത്തുന്നു '  -  മഴ ചിറകുകളുടെ 'പൊരുളു തേടി' - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി  തുടരുന്നു.

ഓണ്‍ലൈൻ വായനയ്ക്ക്  : http://www.madhyamam.com/news/360109/150629

12.6.15

കിനാശ്ശേരി സ്റ്റേറ്റ് ഓഫ് എഞ്ചിനീയറിംഗ്..!

 
പതിനായിരകണക്കിന് എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞ്  കിടന്നാൽ അത് നാടിൻറെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്തേക്കുമെന്നതിനാൽ അടുത്ത വർഷം മുതൽ പ്ലസ് 2 ജയിക്കാത്തവരെയും കൂടി പ്രവേശിപ്പിക്കാൻ നിയമം കൊണ്ട് വരണം സർ. അത് പോലെ 'സംപൂജ്യർ'ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ഉടനടി മുക്കാലിയിൽ കെട്ടി അടിക്കാനും ഉത്തരവാകണം; കേരളത്തെ സമ്പൂർണ്ണ എഞ്ചിനീയറിംഗ് പഠന പ്രവേശിത സംസ്ഥാനമെന്ന പദവിയിലേക്ക് എത്തിക്കാനുള്ള  അങ്ങയുടെ  ശ്രമത്തെ തുരങ്കം വെയ്ക്കുന്ന ഒരാളെയും വെറുതെ വിടരുത്.  
എല്ലാവരും 100 ശതമാനം മാർക്കോടെ പത്താം തരവും , പിന്നെ 100 ശതമാനം മാർക്കോടെ ഹയർ സെക്കൻണ്ടറിയും ജയിച്ച് പൂജ്യം മാർക്കോടെ എഞ്ചിനീയറിംഗ് പ്രവേശനവും നേടുന്ന കിനാശ്ശേരി സ്വപ്നം കാണുന്ന അങ്ങേയ്ക്ക് പ്രണാമം..!    

9.6.15

നാട്ടുവെളിച്ചം

"ഇന്ന് എന്‍െറ വീട്ടില്‍ അല്ലെങ്കില്‍, ഓഫിസില്‍ ഇടക്കിടെ വൈദ്യുതി നിലക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുന്നു. സര്‍ക്കാറിന്‍െറ തലതൊട്ടപ്പന്മാരെ ശാപവചനങ്ങള്‍ കൊണ്ടുഴിഞ്ഞ് ആശ്വാസം കണ്ടത്തെുന്നു.
കൗതുകത്തോടെ ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, ആറു ദശകങ്ങള്‍ക്കുമുമ്പ് രാത്രി സമയങ്ങളില്‍ എങ്ങനെയായിരിക്കും സമയം ചെലവഴിച്ചിരുന്നതെന്ന്. മണ്ണെണ്ണവിളക്ക് എരിഞ്ഞുതീരുമ്പോള്‍ നേരത്തേ, വളരെ നേരത്തേ അവരെല്ലാം കിടന്നുറങ്ങിയിട്ടുണ്ടാവും " - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു 'നാട്ടുവെളിച്ചം'
ഓണ്‍ലൈൻ  വായനയ്ക്ക് :  നാട്ടുവെളിച്ചം

5.5.15

കെട്ടുപോകുന്ന മണ്‍ചെരാതുകള്‍

"എല്ലാ ദുരന്തവും കഴുകന്മാരുടെ വാതിലുകള്‍ തുറന്നിടുന്നു. അതിലൂടെ ജര്‍മന്‍-ഫ്രഞ്ച്-യൂറോപ്യന്‍-അമേരിക്കന്‍ ടെക്നോളജികളുടെ വര്‍ഷപ്രവാഹമാണ്. ഇതൊന്നും നമുക്ക് വേണ്ട എന്നു പറയാനുള്ള നട്ടെല്ലും രാഷ്ട്രീയ ഇച്ഛാശക്തിയും എന്നേ ഇവര്‍ക്കൊക്കെ നാം പണയംവെച്ചിരിക്കുന്നു. നമുക്ക് നാടന്‍ അറിവുകളുണ്ട്. അതിലൂടെ ദുരന്തങ്ങളെ അതിജീവിക്കാന്‍ നിഷ്പ്രയാസം നമുക്ക് സാധിക്കും.." - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു.


ഓണ്‍ലൈൻ  വായനയ്ക്ക് : കെട്ടുപോകുന്ന മണ്‍ചെരാതുകൾ 

4.5.15

ചില സ്കൂൾ അധികൃതർ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ..!

ഇന്നലെ നടന്ന ആൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്പ് എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ എത്തിയ നൂറ്കണക്കിനു പെണ്‍കുട്ടികളോട് ആഭരണങ്ങൾ അഴിച്ച് വെയ്ക്കാൻ ആവശ്യപ്പെട്ടത് സത്യമാണെങ്കിൽ ഭയങ്കര പോക്രിത്തരം ആയിപ്പോയി എന്ന് തന്നെ പറയേണ്ടി വരും. പരീക്ഷ നടത്തിപ്പുകാരായ സി.ബി.എസ്. സി. ഒരിടത്തും ഈ നിബന്ധന പറയുന്നില്ല, മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും ഈ ഏർപ്പാട് ഉണ്ടായിരുന്നും ഇല്ല.  മത്സരപരീക്ഷക്കൾക്കായുള്ള തയ്യാറെടുപ്പ് മുതൽ വളരെയധികം മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടുന്നവരാണ് മിക്ക കുട്ടികളും , അതിന്റെ കൂടെ ഇത്തരത്തിലുള്ള മറ്റൊരു തരം മാനസിക പീഡനവും കൂടിയായാൽ എന്ത് ചെയ്യും. രക്ഷിതാവിനൊപ്പമല്ലാതെ പരീക്ഷയ്ക്ക് വരുന്ന പെണ്‍കുട്ടികൾക്ക് ഇത്തരമൊരു അവസാനനിമിഷ  നിബന്ധന (അതും സ്കൂൾ വക സ്പെഷ്യൽ) എത്രമാത്രം മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കാണും എന്ന് ഊഹിച്ച് നോക്കാവുന്നതേയുള്ളൂ.

ഇത്തരത്തിൽ ചില സ്കൂൾ അധികൃതർ വെറുതെ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ സാധാരണ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു മത്സരപരീക്ഷയ്ക്ക് ആവശ്യം വേണ്ട ഏകാഗ്രതയും ആത്മബോധവുമൊക്കെയാണ് ; തകർക്കപ്പെടുന്നത് അവരുടെ ഭാവി സ്വപ്നങ്ങളും..!

(വാർത്ത  മലയാള മനോരമ കൊച്ചി  ഇ-പേപ്പർ എഡിഷൻ - 04.05.2015) )
 
വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വായിക്കാൻ: New Indian Express-Web Edition

 

14.4.15

മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോഒന്നിനൊന്നു പ്രിയപ്പെട്ടവര്‍ ഒരേ ടെലിവിഷന്‍ ഷോയിലെ ജഡ്ജിംഗ് പാനലില്‍ ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. വാസ്തുകലയുടെ ആദ്യാക്ഷരം ഉരുവിട്ടു തന്ന പ്രിയ പ്രൊഫസർ Eugene സര്‍, എന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും എല്ലാമെല്ലാമായ പത്മശ്രീ Shankarജി , പിന്നെ വാസ്തുകല പഠിക്കാന്‍ ഒരേ ദിവസം ചേര്‍ന്ന് പിന്നീട് ഒരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്നും കടലോളം സൗഹൃദം സൂക്ഷിക്കുന്ന ഡോ. Binumol Tom - മാതൃഭൂമി ന്യൂസ് ചാനലില്‍ തുടരുന്ന 'മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോ ' യുടെ വരും സംപ്രേക്ഷണങ്ങൾക്കായി കാത്തിരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട; ഇവരുടെ സാന്നിധ്യം കൊണ്ട് തന്നെ പരിപാടി മികച്ചതാവുമെന്ന് എനിക്കുറപ്പുണ്ട്.

മാതൃഭൂമി ന്യൂസ്  : ശനി രാത്രി 9.30 , ഞായര്‍ വൈകിട്ട് 4.30 ,തിങ്കള്‍ രാവിലെ 9.30

വെബ് കാസ്റ്റിങ്ങ് ശേഖരം ഇവിടെ :http://mathrubhuminews.in/ee/Programs/Episode/14078/master-craft-episode-02/E23.3.15

ഞാണിന്മേല്‍ കളികള്‍

ആർക്കിറ്റെക്റ്റ്  പത്മശ്രീ ജി. ശങ്കർ എഴുതുന്ന 'പൊരുളുതെടി' പരമ്പര മാധ്യമം പത്രത്തിൽ തുടരുന്നു -  ഞാണിന്മേല്‍ കളികള്‍

9.3.15

പെണ്‍ പൊരുളുകൾസ്ത്രീ, ശാക്തീകരണം, അവകാശങ്ങള്‍, ‘ബ്രേക് ദ കര്‍ഫ്യൂ’ , ടാനിയ ... ,

വനിതാദിനാഘോഷത്തിന്റെ ആരവങ്ങൾക്കിപ്പുറത്ത് നിന്ന് ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ തേടുന്ന 'പെണ്‍ പൊരുളുകൾ ' -  പൊരുളുതേടി  പംക്തി മാധ്യമം ദിനപത്രത്തിൽ തുടരുന്നു.

ഓണ്‍ലൈൻ വായനയ്ക്ക് : പെണ്‍ പൊരുളുകൾ

More reading about Tania : Wikipedia

More Reading on Break the Curfew campaign:
The Times of India : 04 March 2015
The Hindu : 04 March 2015

#BreakTheCurfew

23.2.15

ഒഴിഞ്ഞ മുറികൾ

"കൊച്ചുകേരളത്തില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്ന വാസഗൃഹങ്ങളുടെ എണ്ണം 10 ലക്ഷത്തിലധികം വരും. കൂറ്റന്‍ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് രാത്രികാലത്ത് നോക്കൂ! ഒന്നോ രണ്ടോ വിളക്കുമാത്രം കത്തുന്നുണ്ടാവും. എന്നെങ്കിലും പ്രവാസജീവിതം അവസാനിപ്പിച്ച് വരുമെന്നോര്‍ത്ത്, കാശ് വളരുമെന്നോര്‍ത്ത് വാങ്ങി, വാരിക്കൂട്ടുന്ന സമ്പത്തായി വീടുകളും ഫ്ളാറ്റുകളും മാറിയിരിക്കുന്നു." ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി'  തുടരുന്നു.

ഓണ്‍ലൈനിൽ വായിക്കാൻ: പൊരുളുതേടി 22.02.15

19.2.15

മരണകിടക്കയുടെ ഫോട്ടോഗ്രഫി..!

റീജിയണൽ ക്യാൻസർ സെന്ററിൽ അടുത്തകാലത്ത് നടത്തിയ സന്ദർശനവേളകളിൽ കാണാനിടയായ വേദനിപ്പിക്കുന്ന അനവധി ദൃശ്യങ്ങളിൽ പക്ഷേ ഇപ്പോൾ കൂടുതൽ തെളിഞ്ഞ് വരുന്നത് എന്തിനെയും ഏതിനെയും മൊബൈൽ ക്യാമറയുടെ ലെൻസിനുള്ളിലാക്കാനുള്ള ചിലരുടെ വ്യഗ്രതയാണ്. ആർ. സി. സി. യിലെ ആ വാർഡിൽ മിക്കവരും മരണത്തോട് വളരെയടുത്ത് , വേദനയുടെ മൂർധന്യതയിലും അസ്വസ്ഥതയിലും കടന്ന് പോയിക്കൊണ്ടിരിക്കുന്ന രോഗികളാണ് ; സന്ദർശകർക്ക് വളരെയധികം നിയന്ത്രണങ്ങളുമുണ്ട്. എങ്കിലും ചില സന്ദർശകർ മരണവക്രത്തിൽ പെട്ടുഴലുന്ന, അല്ലെങ്കിൽ ചികിത്സയുടെ പാരമ്യതയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രോഗിയായ ആളുടെ (ബന്ധുക്കൾ ആണോ എന്നറിയില്ല..!) അവസ്ഥ വാർഡിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും മറ്റും കണ്ണ് വെട്ടിച്ച്  മൊബൈൽ ക്യാമറയിൽ പകർത്തുന്ന കാഴ്ച വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഇത്രയ്ക്ക് വിവേകശൂന്യരും ലവലേശം മനുഷ്യത്വമില്ലാത്തവരുടെയും കൂടി സമൂഹത്തിലാണല്ലോ ഞാൻ ജീവിച്ചിരിക്കുന്നത് എന്ന ലജ്ജയോടെ തലതാഴ്ത്തേണ്ടി വരുമ്പോഴും നമ്മുടെ രോഗിയെ കാണാൻ വന്നവരൊന്നും അങ്ങിനെ ചെയ്യാത്തതിൽ സമാധാനിച്ചിരുന്നു.
പക്ഷേ ഞാൻ സന്ദർശിച്ച് കൊണ്ടിരുന്ന രോഗി മരണമടഞ്ഞപ്പോൾ ഫേസ് ബുക്കിൽ അദ്ദേഹത്തിൻറെ അടുത്ത ബന്ധുവിന്റേതായി വന്ന സ്റ്റാറ്റസ് അപ്ഡേറ്റിനൊപ്പം ചേർത്തിരുന്ന ഫോട്ടോ കണ്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി..! രോഗത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരവഴിയിൽ ഓർമ്മയുടെ കണികകൾ മിക്കതും നഷ്ടപ്പെട്ട്  അബോധാവസ്ഥയിൽ കട്ടിലിനോട് ചേർന്നു പോയ ആ രൂപം എങ്ങിനെ ഒരാൾക്ക് മൊബൈലിൽ പകർത്താനും സോഷ്യൽ മീഡിയയിൽ മരണ വാർത്തയോട് ചേർത്ത് ( ആ ചിത്രം കണ്ടാൽ മരണം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ എന്ന് തോന്നിപ്പിക്കുന്നതാണ്..! ) അപ് ലോഡ് ചെയ്യാനും കഴിയുന്നു എന്ന് ചിന്തിക്കാൻ പോലും ആകാതെ തളർന്നു പോയി. എന്തായാലും അധിക സമയം കഴിയുന്നതിനു മുൻപ് സ്വന്തം വീണ്ടുവിചാരത്തിലാണോ മറ്റാരെങ്കിലും ഉപദേശിച്ചിട്ടാണോ എന്നറിയില്ല ആ ഫോട്ടോ അവിടെ നീക്കം ചെയ്യപ്പെട്ടു; നല്ലത് , ഇനിയും ഇത്തരം ചിത്രങ്ങൾ പകർത്തുന്ന തരം മാനസികരോഗാവസ്ഥയിൽ നിന്ന് കൂടി ആ സുഹൃത്തിന് വിടുതൽ കിട്ടുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!
( ആ ഫോട്ടോ വന്ന സമയത്ത് എന്തെങ്കിലും പറയാനോ എഴുതാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല; ഇപ്പോഴെങ്കിലും ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാകുകയുമില്ല..! )

18.2.15

പൊതിച്ചോറിലെ സർപ്രൈസ് ..!

നല്ല ഞാലിപ്പൂവന്റെ അല്ലെങ്കിൽ പാളയംകോടൻ വാഴയുടെ ഇളം തുമ്പില വെട്ടി അടുപ്പ് കനലിന്റെ മുകളിൽ മിന്നായം പോലൊന്ന് കാണിച്ച് വാട്ടിയെടുത്ത് ചോറിനെക്കാളും അധികം സ്നേഹം നിറച്ച് സ്കൂളിലേക്ക് തന്നുവിട്ടിരുന്ന പൊതിച്ചോറിന്റെ മണം ഗുമു ഗുമാന്നടിക്കുന്നു; 'ഗർഭ' പൊതിച്ചോറിന്റെ കഥ പറഞ്ഞ നിസ്സാര്‍ അണ്ണന് നമസ്കാരം.
കൂടപിറപ്പായ ഒരേയൊരു സഹോദരിയുടെ കൈപ്പുണ്യമായിരുന്നു സ്കൂൾ കാലത്ത് എനിക്ക് കിട്ടിയിരുന്ന പൊതിച്ചോറുകളിലധികവും. കുത്തരി ചോറും പിന്നെ ഇത്തിരി വെള്ളക്കറി ( മഞ്ഞനിറത്തിൽ ഏതെങ്കിലും പച്ചക്കറി തേങ്ങാ അരച്ചത് ചേർത്തുണ്ടാക്കുന്ന ഒരു കറി ) അല്ലെങ്കിൽ കുമ്പളങ്ങ ഇട്ട് വെച്ച് മോരുകറി,  നാരങ്ങാ അല്ലെങ്കിൽ മാങ്ങയുടെ അച്ചാറ് , ഉരുള കിഴങ്ങിന്റെ മെഴുക്ക്പുരട്ടി അല്ലെങ്കിൽ ഏതെങ്കിലും ഒരു തോരൻ, മുട്ട പൊരിച്ചത് അല്ലെങ്കിൽ മുട്ട തേങ്ങായൊക്കെ ഇട്ട് ചിക്കിയത്  ഇതൊക്കെയാവും സ്ഥിരം ഐറ്റം. കറി ഒഴിച്ച് ബാക്കിയെല്ലാം  വേറെ വേറെ ഇലത്തുണ്ടുകൾ വാട്ടി ചെറു പൊതികളായി ചോറിമുകളിൽ പതിപ്പിച്ച് വെച്ച നിലയിലാവും.
ചിലപ്പോൾ സർപ്രൈസ് ആയിട്ട് ഇതിൻറെ ഒപ്പം പ്ലാസ്റ്റിക് കൂടിൽ തണുത്ത് പോകാത്ത വിധം പായ്ക്ക് ചെയ്ത ഒരു കുഞ്ഞ് കൂട് വാഴയ്ക്കാ ചിപ്സ് ഉണ്ടാകും..! അതാണ്‌ ഹൈലൈറ്റ് ഐറ്റം.. കൂട്ടുകാരുടെ ഒപ്പം പൊതി അഴിച്ച് കഴിക്കാനിരിക്കുമ്പോൾ മറ്റാർക്കും ഒരിക്കലും ഈ ഒരു 'കറുമുറാ' ഐറ്റം ഉണ്ടാവില്ല (ഒരു പക്ഷേ ഞാനീ പൊതിച്ചോറിലെ സർപ്രൈസിന് പുറകെ കൂടി അഡിക്റ്റ് ആയതുമാകാം, എനിക്കിന്നും പ്രിയപ്പെട്ടത് തന്നെയാണ് നനുത്ത വാഴയ്ക്കാ ചിപ്സ്..!). ചിലരൊക്കെ അമ്മമാരോട്‌ നിർബന്ധിച്ച് ചിപ്സ് പായ്ക്ക് ചെയ്ത് കൊണ്ടു വന്നിട്ടുണ്ട്; പക്ഷേ അത് തണുത്ത് പോയിരിക്കും.
ആദ്യമൊക്കെ സ്കൂൾ തുറക്കുന്ന സമയം പാത്രം വാങ്ങി തരുമായിരുന്നു; അലൂമിനിയം , പിന്നെ സ്റ്റീൽ അങ്ങിനെ. ഇടയ്ക്കെപ്പോഴോ ഒരിക്കൽ നല്ല കളറുള്ള പാത്രങ്ങൾ വിപണിയിൽ വന്നു , ഇളം നീല , ഇളം പച്ച, സ്വർണ വർണ്ണം അങ്ങിനെ പല നിറങ്ങളിൽ ഉള്ളത്. എനിക്ക്  കിട്ടിയത് ഇളം നീല നിറത്തിൽ ഒരെണ്ണം. പക്ഷേ  കൊണ്ടുപോയ ആദ്യ ദിനം തന്നെ പാത്രത്തിന്റെ നീലനിറം ചോറിലും പടർന്ന കാരണം ഉച്ച പട്ടിണിയായി !. കൈകഴുകാൻ പോകുമ്പോഴും മറ്റും നഷ്ടപെട്ട് പോയ പാത്രങ്ങളുടെ അടപ്പുകളുടെ (എന്താന്നറിയില്ല, മിക്കവാറും അത് ഏതെങ്കിലും കിണറ്റിൽ വീഴും..!) എണ്ണം കൂടിവന്നപ്പോൾ പിന്നെ സ്ഥിരമായി തന്നെ വാഴയിലയിലാക്കിയതാണ്. ഇഷ്ടം പോലെ വാഴകൾ പറമ്പിലും പാടം നികത്തിയ കരകണ്ടത്തിലുമൊക്കെ ഉണ്ടായിരുന്നതിനാൽ തുമ്പിലകൾക്ക് ഒരു ക്ഷാമവും ഇല്ലതാനും.
ചിലപ്പോൾ ചോറ് പൊതിയൊക്കെ കെട്ടി റെഡിയാക്കി കഴിഞ്ഞാവും  സ്കൂളില്ല എന്ന വാർത്ത അറിയുന്നത്; പക്ഷെ വീട്ടിൽ ഇരുന്നും അതേ ചോറുപൊതി അഴിച്ച് തിന്നാൻ അന്ന് വല്യ ഉത്സാഹമായിരുന്നു. പലതവണ പറഞ്ഞ് കേട്ടും മറ്റും ഈ കഥയൊക്കെ അറിയാവുന്ന ഭാര്യ പിൽക്കാലത്ത് ഓഫീസിലേക്കും മറ്റും പൊതിച്ചോറല്ലെങ്കിൽ കൂടി (തിരുവനതപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന കാലത്ത് വാഴയിലയ്ക്കും ക്ഷാമം..!) തന്നുവിടുമായിരുന്ന  'ലഞ്ച് ബോക്സി'ന്റെ കൂടെ ഒരു കുഞ്ഞ് പാത്രത്തിൽ അല്ലെങ്കില്‍ കവറില്‍ ചിലപ്പോഴൊക്കെ  'കറുമുറെ  സർപ്രൈസ്' ഉൾപ്പെടുത്താറുണ്ടായിരുന്നത്  കണ്ട് കൂടെയുള്ളവർ പലരും കളിയാക്കിയിട്ടുമുണ്ട്.
അത്രയും സമൃദ്ധിയായും സംതൃപ്തിയായും ആസ്വദിച്ച് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവും, ഇന്നും അടുത്തെവിടെയെങ്കിലും  പിക്നിക് പോകുമ്പോഴും മറ്റും പറ്റുമെങ്കിൽ വാഴയിലയിൽ പൊതിച്ചോർ കെട്ടി പോകാൻ കഴിഞ്ഞാൽ അതിൽപരം സന്തോഷം വേറെയില്ല..!
(എഫ്. ബി. യിലെ 'പത്തനാപുരം നടുക്കുന്ന് നിവാസി' കളുടെ  ഗ്രൂപ്പിൽ എഴുതിയത്) 

13.2.15

പ്രിയമുള്ളൊരാളുടെ വേർപാട്..!

പ്രിയമുള്ളൊരാളുടെ വേർപാടിന്റെ വേദന ചിലപ്പോൾ ഹൃദയത്തിലൊരു കനത്ത മുറിവ് ഉണ്ടാക്കും; ബന്ധങ്ങൾക്കുപരി വർഷങ്ങളുടെ പഴക്കം കൊണ്ട് പ്രിയതരമായിരുന്ന ഓർമ്മകളുടെ തികട്ടിവരവിൽ നീറ്റലുണ്ടാക്കുന്ന മുറിവ്.
എനിക്കദ്ദേഹം സഹോദരീ ഭർത്താവ് മാത്രമായിരുന്നില്ല. ഇല്ലാതെ പോയ ജ്യേഷ്ഠ സഹോദരനും, എന്തും പറയാവുന്ന സുഹൃത്തും എന്തിന്, പിതാവിന്റെ മരണശേഷം പ്രിതൃതുല്യനുമായിരുന്നു. അല്ലെങ്കിലും എന്നെക്കാൾ 17 വയസ്സിനു മൂത്ത (ഒരേയൊരു) സഹോദരിയുടെ  എന്നോട് എന്നുമുണ്ടായിരുന്ന മാതൃഭാവത്തിന്റെ ഒരു വിപുലീകരണവും കരുതലുമായിരുന്നു  അദ്ദേഹത്തിന്റെ പെരുമാറ്റം. കുറച്ച് നാൾമുൻപ് ചില തെറ്റിദ്ധാരണകൾ മൂലമുണ്ടായ മനുഷ്യസഹജമായ കലഹത്തിന്റെ നെരിപ്പോടുകൾ ഒരൊറ്റ ആശ്ലേഷത്തിന്റെ മലവെള്ളപാച്ചിലിൽ അണച്ച് കളയാനും മാത്രം തീവ്രമായ ഒരു മാനസിക അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
അറിയാൻ വളരെ വൈകിപ്പോയ , ചികിത്സിക്കാൻ പഴുതുകളേറെയൊന്നുമില്ലാത്ത വിധം  കടുത്ത അർബുദ രോഗബാധിതനായപ്പോഴും "കുഴപ്പമൊന്നുമില്ലടാ, മരുന്നൊക്കെ കഴിക്കുന്നുണ്ട്..!" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് കൊണ്ടിരുന്ന നാളുകൾ; പിന്നെ വേദനകളിൽ പുളയുന്ന പകലുകളും രാത്രികളും ; വളരെ ഉയർന്ന തോതിൽ ശരീരത്തിലേക്ക് കയറ്റി വിടുന്ന മരുന്നുകളുടെയും കീമോയുടെയും, കൃത്യമായ ഇടവേളകളിൽ ഏൽപ്പിക്കുന്ന  റേഡിയേഷന്റെയുമൊക്കെ പ്രതിപ്രവർത്തനത്തിൽ താളം തെറ്റുന്ന ഓർമ്മകണ്ണികളുടെ പിടച്ചിലും..!
റീജിയണൽ ക്യാൻസർ സെന്ററിൽ നിന്നും ഇനിയും  ചികിത്സിക്കാൻ പഴുതില്ലാന്നുള്ള അറിയിപ്പോടെ അഞ്ചൽ മിഷൻ ഹോസ്പിറ്റലിലേക്ക് പോകാൻ ആമ്പുലൻസിൽ കയറ്റുമ്പോൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു; ഒരു പക്ഷേ അവിടുത്തെ വാർഡിലെ കിടപ്പിൽ നിന്നുള്ള രക്ഷപെടലായോ, വീടിനടുത്തേക്ക് തന്നെ പോകുന്നതിന്റെ ആശ്വസിക്കലോ , അതുമല്ലങ്കിൽ രോഗം ഭേദമാകുന്നു എന്ന വ്യാജ പ്രതീക്ഷയോ ആയിരുന്നിരിക്കാം. ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന മരണമെന്ന സത്യത്തിലേക്കാണ് ആ യാത്രയെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നുവെങ്കിലും ശുഭാശംസകളോടെ പിരിയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയി; അതായിരുന്നു ഞങ്ങളുടെ അവസാന കൂടികാഴ്ചയും. 
ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്നലെ (12.02.2015) മരണവാർത്ത എന്റെ ചെവിടുകളെ തേടിയെത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അധികം വേദനകളില്ലാതെ കഴിഞ്ഞു പോകണമെന്ന് പ്രാർത്ഥിച്ചിരുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു വല്ലാത്ത നീറ്റൽ; പ്രിയമുള്ള മറ്റൊരാൾ കൂടി എന്നെ വേർപെട്ട് പോയിരിക്കുന്നു. അശ്രുപുഷ്പങ്ങൾ അർപ്പിച്ച് അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കി കൊടുക്കണമേയെന്നുള്ള പ്രാർത്ഥന മാത്രം ബാക്കിയാകുന്നു.

11.2.15

തരംഗിണി മാതൃഭൂമി സ്റ്റഡി സർക്കിൾ , നടുക്കുന്ന് , പത്തനാപുരം.

നടുക്കുന്ന് കഥകളിൽ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഒരേടാണ് തരംഗിണി മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ രൂപീകരണവും അകാലനിര്യാണവും എന്നൊരു ആമുഖ കുറിപ്പിൽ തുടങ്ങിയാൽ ഒരുപക്ഷേ മുഷിപ്പിക്കലോ വെറുപ്പിക്കലോ ആവും ഫലം; പച്ചയായ ചരിത്രം ദാ ഇവിടെ ഇങ്ങിനെ കുറിക്കുന്നു..!!

പാച്ചാ മാമായുടെ (അറബി സാർ കാദർ ബാദുഷ ; അമ്മയുടെ സഹോദരൻ ) മക്കൾ ലത്തീഫ് അളിയനും സാലി അളിയനും അന്നൊക്കെ വീടിന് പുറത്ത് ഒരു കട മുറിയിൽ ആണ് സുഖവാസം. സുഖവാസമെന്നാൽ പകൽ കുത്തിയിരിപ്പും, രാത്രി കിടപ്പും; ഭക്ഷണം കഴിക്കാൻ തൊട്ടടുത്ത് തന്നെയുള്ള വീട് തന്നെ ശരണം. വളരെ പെട്ടന്ന് തന്നെ ആ കടമുറി ഞങ്ങളുടെ 'വെറുതെ' സംസാരിച്ചിരിക്കാനുള്ള പ്രധാന താവളമായി മാറി. അങ്ങിനെ കത്തി വെച്ചിരുന്ന ഏതോ ഒരു നേരത്താണ് നമുക്കൊരു ക്ലബ്ബ് രൂപീകരിച്ചാലോ എന്നൊരു ആലോചന ആരുടെയോ തലയിൽ ഉദിച്ചുയർന്ന് താഴെ വീണുപൊട്ടിയത്. പിന്നെ ചർച്ചയായി , ആളെ കൂട്ടലായി; അങ്ങിനെ പറയത്തക്ക സ്പോർട്ട്സ് ആൻഡ് ആർട്ട്സ് ക്ലബ് പാരമ്പര്യം ഒന്നും അതുവരെ ഇല്ലാതിരുന്ന നടുക്കുന്നിൽ അത്തരമൊന്ന് രൂപീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സമാനമനസ്കരും ഏകദേശം സമ പ്രായക്കാരുമായ ഒരു കൂട്ടം സുഹൃത്തുക്കളെയും മറ്റും ചേർത്ത് സാധാരണ ഒരു ക്ലബ് എന്ന തലത്തിൽ നിന്നും വ്യത്യസ്തമായി 1987 ൽ തരംഗിണി രൂപീകരിക്കുമ്പോൾ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരും വരമ്പും ഒന്നും ഉണ്ടായിരുന്നില്ല.. !

വ്യത്യസ്തത അന്വേഷിച്ച് നടന്ന ഞങ്ങൾക്ക് എങ്ങിനെയോ വീണുകിട്ടിയ കിട്ടിയ ഒരു ആശയമാണ് മാതൃഭൂമി സ്റ്റഡി സർക്കിൾ. മാതൃഭൂമി പത്രം ആഴ്ചയിൽ അരപേജ് ഇതിനായി മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടത് തന്നെയാവും കാരണം. മാതൃഭൂമിയുമായി അന്ന് എനിക്കുള്ള ബന്ധം വീട്ടിൽ വരുത്തുന്ന പത്രം എന്നതും ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഒന്ന് രണ്ട് കുഞ്ഞികുറിപ്പുകൾ വന്നതുമൊക്കെ ആയിരുന്നു. (ഏതാണ്ട് അമ്പതോളം എണ്ണം അയച്ചിട്ടാണ് ഒന്ന് രണ്ട് എണ്ണമെങ്കിലും അച്ചടിച്ച് വന്നത്..!!) സ്റ്റഡി സർക്കിൾ രൂപീകരണവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലേക്ക് എഴുതിയപ്പോൾ അവർ ഇത് തുടങ്ങാനുള്ള മാര്ഗ്ഗ രേഖയും മറ്റും അയച്ചു തരികയും കൊല്ലം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള നിർദ്ദേശവും നല്കി. അന്ന് സ്റ്റഡിസർക്കിൾ ജില്ലാ സെക്രട്ടറി ആയിരുന്ന സഫീർ പി ഹാരിസ് നെയും കൊല്ലം ബ്യൂറോ ചീഫ് വെച്ചൂച്ചിറ മധു സാറിനെയും മാതൃഭൂമി കൊല്ലം ഓഫീസിൽ കാണാൻ പോയി തിരികെ വരുമ്പോഴാണ് ഈ സംഭവത്തിന് ഒരു രക്ഷാധികാരി വേണമെന്ന പ്രശ്നം ഉദിച്ചത്.

എന്തെങ്കിലും ഒക്കെ പരിപാടികൾക്ക് നടുക്കുന്ന് സ്കൂൾ കിട്ടാനുള്ള സാധ്യതയും മറ്റും മുൻകൂട്ടി കണ്ടിട്ടാണ് സ്കൂൾ മാനേജരുടെ മകനും, സ്കൂളിലെ പി.ടി സാറും ബോഡി ബിൽഡിംഗ് ജീവിതചര്യയാക്കി സ്വന്തമായി ജിംഖാന നടത്തുന്നയാളും സർവ്വോപരി ഒരു കലോപാസകനും ഒക്കെയായ മെഹജാബ് സാറിനെ രക്ഷാധികാരിയായി വളഞ്ഞ് പിടിക്കാൻ തീരുമാനിച്ചത് ; കൂട്ടത്തിൽ ഇത്തിരി തണ്ടും തടിയുമൊക്കെയുള്ള ഒരാൾ ഉള്ളത് നല്ലതാണെന്ന അഭിപ്രായവും തത്വത്തിൽ അംഗീകരിക്കപ്പെട്ടു.

അംഗങ്ങളുടെ ചില്ലറ കലാപരിപാടികളും കമ്മിറ്റി മീറ്റിങ്ങുകളും റിപ്പോർട്ടെഴുത്തും ഒക്കെയായി കാര്യങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു . ഇതിനിടെ ഈ യൂണിറ്റിന്റെ കാര്യം വിശദമായി , ഭാരവാഹികളുടെ പേരുകൾ സഹിതം മാതൃഭൂമി പത്രത്തിൽ അച്ചടിച്ച് വരികയും ചെയ്തു.

അടിപിടിയിൽ കലാശിച്ച കബടി മത്സരത്തോടു കൂടിയ ഒരു ഓണാഘോഷം, ആ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ പങ്കെടുത്ത ഒരു വാർഷികാഘോഷം , ഇന്ത്യാ ഗവണ്മെന്റിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗവുമായി ചേർന്നുള്ള ഡോക്കുമെന്ററി സിനിമാ പ്രദർശനങ്ങൾ തുടങ്ങി നിരവധി ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പരിപാടികൾക്കൊപ്പം പിരിവും പുട്ടടിയും , ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള അടിയുമൊക്കെ സജീവമായിരുന്നു. എങ്കിലും 1990 ൽ കേരളമൊട്ടാകെ നടന്ന സാക്ഷരതായജ്ഞ പരിപാടിയുടെ സർവ്വേയിൽ പങ്കാളിയായതും , സാക്ഷരതാ പ്രചരണാർത്ഥം പള്ളിമുക്കിൽ ഒരു ഭീമൻ പേനയുടെ മാതൃകയിൽ ബോർഡ് സ്ഥാപിച്ചതുമൊക്കെ രസകരമായ ഓർമ്മകൾ തന്നെയാണ്.

ഇതിനിടെ ഏതോ ഒരു ഇലക്ഷൻ (പഞ്ചായത്ത് ഇലക്ഷൻ ആണെന്ന് തോന്നുന്നു ) ദിവസം ബൂത്ത് ആയ നടുക്കുന്ന്‍ എൽ.പി. സ്കൂളിനു സമീപം 'കള്ളവോട്ട് തടയുക' എന്ന പേരിൽ ഒരു പോസ്റ്റർ (മാള അരവിന്ദൻ കള്ളനും പോലീസുമായി ഡബിൾ റോളിൽ വന്ന ഒരു സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചുണ്ടാക്കിയ കൊളാജ് ആണ് മെയിൻ ഐറ്റം..) കൊണ്ട് വെച്ചതിന് പ്രസിഡന്റ് ഷാജഹാനെ പോലീസ് തപ്പിക്കൊണ്ട് പോയത് (ദോഷം പറയരുതല്ലോ, ആ പോസ്റ്ററിന്റെ ആശയം അംഗീകരിച്ച് കുറച്ച് ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ എസ് .ഐ സമ്മതിച്ചു) സാമൂഹികപ്രശ്നങ്ങളിലേക്ക് തരംഗിണിയുടെ ആദ്യത്തെ ( അവസാനത്തെയും..!) ഇടപെടൽ ആയിരുന്നു.

അഖില കേരളാടിസ്ഥാനത്തിൽ ഒരു യുവജന കവിതാ മത്സരം സംഘടിപ്പിച്ചത് സത്യത്തിൽ എന്‍റെ ഒരു സുഹൃത്തിന് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാമെന്നൊരു ദുരുദ്ദേശത്തിൽ തന്നെയായിരുന്നുവെങ്കിലും അയച്ചുകിട്ടിയതെല്ലാം ഈ സുഹൃത്തിന്റെ കവിതയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റുന്നതായിരുന്നില്ല ; അപ്പോൾ പിന്നെ ഫലം എന്തായിരുന്നിരിക്കും എന്നൂഹിക്കാമല്ലോ..! ( പ്രതിഭാധനനായിരുന്ന ആ സുഹൃത്ത് ബിജി. എം. രാജ് അകാലത്തിൽ മരണപ്പെട്ടു) പക്ഷേ, അന്ന് കവിതകൾ അയച്ചവരിൽ പലരും പിന്നെയും വളരെക്കാലം എന്റെ തൂലികാ സുഹ്രുത്തുക്കൾ ആയി തുടർന്നു (അന്ന് ഇന്നത്തെ പോലെ 'ഓണ്‍ ലൈൻ ഫ്രണ്ട്സ് ഇല്ലല്ലോ, പകരം ഉള്ളത് മുടങ്ങാതെ കത്തുകൾ അയക്കുന്ന 'പെൻ ഫ്രെണ്ട്സ് 'ആയിരുന്നു ); ഇന്നും ചിലരൊക്കെ ഓണ്‍ലൈനിലും തുടരുന്നു..!

മെഹജാബ് സാറിന്റെയും എന്റെയും താത്പര്യത്തിൽ 'ഇനിയും എത്ര ദൂരം' എന്നൊരു ലഘു സിനിമ മുക്കാൽ ഭാഗത്തോളം ഷൂട്ട് ചെയ്ത് അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും വല്ലാത്തൊരു ത്രില്ലിംഗ് അനുഭവം തന്നെയായിരുന്നു അത്. ഈ ചിത്രത്തെക്കുറിച്ച് മാതൃഭൂമിയിൽ ഷൂട്ടിംഗ് യൂണിറ്റിന്റെ ചിത്രം സഹിതം റിപ്പോർട്ടുകള്‍ വന്നപ്പോൾ നാട്ടിലെ പ്രമുഖരിൽ ചിലർ റോൾ അന്വേഷിച്ച് പിന്നാലെ നടന്നത് ഓർക്കാനൊക്കെ നല്ല രസം. അതിന് മുന്‍പ് 'സമാഗമം എന്നൊരു വീഡിയോ ഷോർട്ട്ഫിലിമും എടുക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് കൊച്ച് കുട്ടികൾ പോലും കൈ വെയ്ക്കുന്ന മേഖലയാണിതെങ്കിലും അന്നത്തെ പരിമിതമായ അറിവും സാഹചര്യങ്ങളും കൊണ്ട് ഒപ്പിച്ചിരുന്ന ഈ സംഭവങ്ങൾ ഒരു ചലച്ചിത്രം പോലെ വിസ്മയകരമായ ഓർമ്മകൾ ആണ്.

ഞാന്‍ ആര്‍ക്കിടെക്ചര്‍ പഠനവുമായി ബന്ധപ്പെട്ട് കൂടുതൽ സമയം കൊല്ലത്തേക്ക് പറിച്ച് നടപ്പെടുകയും പ്രധാന നടത്തിപ്പുകാരായിരുന്ന ലത്തീഫ് സാലി അളിയന്മാർ ഒന്നിന് പുറകെ ഒന്നായി കല്യാണം കഴിക്കുകയും (ഓഫീസ് ആയി ബോർഡ് തൂക്കിയിരുന്ന ടി കടമുറി വരാന്ത ലത്തീഫ് അളിയന്റെ കല്യാണത്തോടെ തന്നെ കൈവിട്ട് പോയിരുന്നു..!) സജീവമായിരുന്ന മറ്റ് അംഗങ്ങളിൽ പലരും ഉപജീവനാർത്ഥമോ പഠനാർത്ഥമോ തിരക്കിലാവുകയും ഒക്കെ ചെയ്തതോടെ ഏകദേശം മൂന്ന് നാല് വർഷങ്ങൾ കൊണ്ട് തരംഗിണി നാമാവശേഷമായി .

അന്ന് തരംഗിണി രൂപീകരിക്കുമ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന വലിയ ഒരു സ്വപ്നം ആയിരുന്നു (സ്വാർത്ഥ താല്പര്യം എന്നും പറയാം..!) നടുക്കുന്നിൽ ഒരു ലൈബ്രറി ഉണ്ടാവുക എന്നത്. ഏറെ ചർച്ചകളും പ്രയത്നങ്ങളും ഒക്കെ നടത്തിയെങ്കിലും പൊതുവായ അഭിപ്രായ രൂപീകരണത്തിൽ പരാജയപ്പെടുകയായിരുന്നു. എണ്ണമറ്റ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെയുണ്ടെങ്കിലും അന്നും ഇന്നും നമ്മുടെ മുറ്റത്ത് ഒരു നല്ല ലൈബ്രറിയോ വായനശാലയോ (പത്തനാപുരം പഞ്ചായത്ത് ലൈബ്രറിയുടെ അന്നത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത് , ഇന്നത്തെ കാര്യം അറിവില്ല ) ഉണ്ടായില്ല എന്നത് ഭയങ്കര തമാശയാണ്. പുസ്തകങ്ങളെന്നാൽ 'പാഠപുസ്തകങ്ങൾ' മാത്രം എന്ന് ശീലിപ്പിച്ച ഒരു സമൂഹത്തിന്റെ സന്തതികൾ മാത്രമായി നമ്മുടെ തലമുറ ഇന്നും അവശേഷിക്കുന്നു; കാൽവഴി പോലും താണ്ടാനാകാതെ എന്റെ 'സ്വാർത്ഥ' സ്വപ്നവും..!

(നടുക്കുന്ന് നിവാസികളായ ഞങ്ങളുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ എഴുതിയത് )

10.2.15

അസ്സലായിരിക്കുന്നു ദൽഹി; ആശംസകൾ ..!

എ .എ .പി ക്കും കേജ്രിവാളിനും ആശംസകൾ. സാധാരണക്കാരുടെ വോട്ട് തന്നെയാണ് ഇത്തവണയെയും നിങ്ങളെ അധികാരത്തിലെത്തിച്ചത് എന്നോർക്കുക ; നിങ്ങൾ സാധാരണജനങ്ങളുടെ ഒപ്പം ആണെന്ന് കാണിക്കാനുള്ള ഗിമ്മിക്കുകളിൽ നിന്നൊഴിഞ്ഞ് എങ്ങിനെ ഭരിക്കണമെന്ന് ആധികാരികമായി തെളിയിക്കുകയാണിനി വേണ്ടത് ; അസാധാരണമല്ലാത്ത നേരായ ഭരണത്തിന്റെ അലയൊലികൾ ദില്ലി നിറഞ്ഞ് ഭാരതമൊന്നാകെ പടരുന്ന നാളുകൾക്കായി കാത്തിരിക്കാം..!

കെജ്രിവാളിനെയും എ . എ .പി കൂട്ടത്തെയും ഇന്നലെവരെ കോമാളികളിയായി കണ്ടവർപോലും (ഞാനുൾപ്പെടെ..!) ഇരുട്ടി വെളുത്തപ്പോൾ അഭിനന്ദിക്കുന്നു.. അനുമോദനങ്ങൾ കൊണ്ട് മൂടുന്നു. ഇതിൽ അൽപമെങ്കിലും  അഭിനന്ദങ്ങൾ  എ .എ .പി ക്ക് മനസാക്ഷിയുടെ വോട്ട് രേഖപ്പെടുത്തിയ എല്ലാ ദൽഹി കോണ്‍ഗ്രസ്സുകാർക്കും കൂടി വീതിച്ച് കൊടുക്കേണ്ടതല്ലേ ..?!!.  ഇത്തവണത്തെ വോട്ട് പാഴായി പോയില്ലല്ലോ എന്നാശ്വസിച്ചിരിക്കുന്ന ആ ടീംസിന് അതൊരു വലിയ ഉത്തേജകം ആയിരിക്കും..!

 

9.2.15

മഴനിഴല്‍ പ്രദേശങ്ങള്‍നാടോടിയപ്പോള്‍ ഞാനും പങ്കുചേര്‍ന്നു. കാമറകളുടെ മുന്നിലേക്കല്ല. കുറച്ച് നാട്ടുകാരും കൂട്ടുകാരും കുട്ടികളും ഒരു മഹാമേളയുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തോടെ ഒരു കാതം ഓടിത്തീര്‍ത്തു. ഓര്‍ക്കാപ്പുറത്താണ് കരിനിഴല്‍ വീണുതുടങ്ങിയത്. നാട്യങ്ങളും കാപട്യവും അഹങ്കാരത്തിന്റെ ദുര്‍ഗന്ധവും ചേര്‍ന്ന് മനസ്സില്‍ വേലികള്‍ നിര്‍മിച്ചു. കാണാമറയത്ത് തുഴച്ചിലുകാരും അമ്പെയ്ത്തുകാരും രാജ്യത്തിന്റെ അഭിമാന താരങ്ങളായത് നാം ശ്രദ്ധിക്കുന്നുമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ഒരു തീരുമാനത്തിന്റെ ബലത്തില്‍ സൂക്ഷ്മതയോടെ എല്ലാം ചെയ്തുതീര്‍ക്കാനുള്ള സാവകാശം കിട്ടിയതുമാണ്. എന്നിട്ടും അവസാനത്തെ ധിറുതികാലം പാര്‍ത്ത് പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. അതവര്‍ക്ക് കൊയ്ത്തുകാലമാണ്. കായിക കേരളത്തിന്റെ നെറുകയില്‍ നെറ്റിപ്പട്ടം ചാര്‍ത്താനുള്ള അവസരം കൈവിട്ടുപോയിരിക്കുന്നു. സാരമില്ല, അടുത്ത തവണയെങ്കിലും സംഘാടനം ജാഗ്രതയോടെ, സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും അതിവേഗതയിലുള്ള യാത്രകള്‍ അഭികാമ്യമായ വികസന പഥങ്ങളിലേക്ക് എത്തുകയില്ല എന്നാണ് എന്റെ  വിശ്വാസം.

ആർക്കിടെക്റ്റ്  പത്മശ്രീ ജി. ശങ്കർ മാധ്യമം  ദിനപത്രത്തിൽ  രണ്ടാഴ്ചയിൽ ഒരിക്കലെഴുതുന്ന  'പൊരുളുതേടി' എന്ന പംക്തിയിലെ ആദ്യ ലേഖനത്തിൽ നിന്ന്. പൂർണ്ണ വായനയ്ക്ക്. :  മഴനിഴല്‍ പ്രദേശങ്ങള്‍

3.2.15

കായിക തമാശകൾ


നമ്മുടെ കായിക മന്ത്രി ഭയങ്കര തമാശക്കാരൻ കൂടിയാണ് ; ഭരണത്തിൽ കഴിഞ്ഞ എല്ലാ വർഷങ്ങളിലും  ഒന്നോ രണ്ടോ ദേശീയ ഗെയിംസ് വീതം നടത്തി പരിചയമുണ്ടായിരുന്നെങ്കിൽ ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് അടിപൊളിയാക്കിയേനെ എന്ന്..; ഏത്..!

വേറൊന്ന് , എന്ത് പരിപാടി അലമ്പായാലും "നടത്തിപ്പുകാർ ഒക്കെ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണ് , അതിനാൽ ഇങ്ങിനെ ആയിപ്പോയി " എന്നൊരു ക്ലീഷേ ഡയലോഗും..  പിന്നെ മേമ്പൊടിക്ക് ഇത്തിരി 'രഹസ്യ അജണ്ടയും ' ഉണ്ടായാൽ മതി..!  മുൻ സർക്കാർ നിയമിച്ചതാണെങ്കിലും  അല്ലെങ്കിലും  താഴെയുള്ള ഉദ്യോഗസ്ഥരെ കൃത്യമായി ഭരിക്കാൻ അറിയില്ലെങ്കിൽ , അവരുടെ രഹസ്യ അജണ്ട മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണിങ്ങനെയൊരു മന്ത്രിയും പരിവാരങ്ങളും..?

കാര്യവട്ടത്ത് അരങ്ങേറിയ ലാലിസം തട്ടിക്കൂട്ട് ഉടായിപ്പ് പരിപാടി ആയിരുന്നു എന്ന് കോർഡിനേറ്ററും  ( "ഇതൊന്നുമല്ല ലാലിസം , യഥാർത്ഥ  ലാലിസം വരാനിരിക്കുന്നെയുള്ളൂ" - രതീഷ്‌ വേഗ ) സാക്ഷാൽ മോഹൻലാലും (" ആസൂത്രണം ചെയ്ത് വെച്ചിരുന്ന സംഗീത വിരുന്ന് നടക്കാതെ വന്നപ്പോൾ സർക്കാർ തന്നെ സമീപിച്ചതിനാൽ ..") സമ്മതിച്ച സ്ഥിതിക്ക് മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ശ്രദ്ധേയമാണ്  " ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ലാലിസത്തെ പറ്റി മാത്രമാണ് പരാതികളുള്ളത്" ; ബാക്കിയെല്ലാ കുറ്റങ്ങളും കുറവുകളും അഴിമതിയും ലാലിസത്തിൽ  മറച്ച് വെച്ചതിലെ നൈപുണ്യം ആ വരികൾക്കിടയിൽ തെളിഞ്ഞ് നില്ക്കുന്നില്ലേ..? !!  നമ്മുടെ പ്രിയങ്കരനും ഡീസന്റും  ആയ ലാലേട്ടൻ അങ്ങിനെ ഒരു സർക്കാർ വക നാടകത്തിൽ ജീവനുള്ള  'ശിഖണ്ടി' റോളിലും കൂടി അഭിനയിച്ചു എന്ന് കരുതി നമുക്കാശ്വസിക്കാം.

ലാലേട്ടാ..പ്ലീസ് , ആ കാശ് തിരിച്ച് കൊടുക്കരുത് ,  'മുൻ സർക്കാരിന്റെ ഉദ്യോഗസ്ഥർ' ഇനി അതും മന്ത്രി അറിയാതെ   പുട്ടടിച്ചേക്കും... !! :)

 

1.2.15

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

2015ന്റെ തുടക്കം തന്നെ രോഗാതുരമായിപ്പോയല്ലോ ( വാഴക്കുല എപ്പിസോഡ് )എന്ന മാനസിക പ്രയാസത്തിലും, പൂർണമായും വിട്ടുമാറി യിട്ടില്ലാത്ത  ശാരീരിക അസ്വസ്ഥതകളോടും കൂടി ദുബായ് വഴി നൈജീരിയക്ക് തിരികെ പറക്കുമ്പോൾ കൂട്ടിന് രണ്ട് മൂന്ന് പുസ്തകങ്ങളുമെടുത്തു. തിരുവനന്തപുരം എയർപ്പോർട്ടിലെ മുഷിഞ്ഞ കാത്തിരിപ്പിനിടയിൽ വെറുതെ കഥാസാരം ഒക്കെയൊന്ന് മറിച്ച്  നോക്കാമെന്ന് കരുതി ആദ്യമെടുത്തത് ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' . ഏറെ ചർച്ച ചെയ്യപ്പെട്ട ടി.ഡി യുടെ തൊട്ടുമുൻപെത്തെ നോവൽ 'ഫ്രാൻസിസ് ഇട്ടിക്കോര'യിലെ  വേറിട്ടതെന്ന് പറയപ്പെടുന്ന  ആഖ്യാനശൈലിയിലെ സൂത്രപ്പണികൾ ഒക്കെതന്നെയെ ഇതിലും പ്രതീക്ഷിച്ചുള്ളൂ.  പക്ഷേ സാധാരണയിൽ നിന്നും വ്യത്യസ്തമായി , ഫ്ലൈറ്റുകളിൽ ഇരുന്ന് ഒരു സിനിമ പോലും കാണാതെ, ഒരു പാട്ട് പോലും കേൾക്കാതെ, സുഖകരമല്ലാത്ത  ശാരീരിക അവസ്ഥകളെയപ്പാടെ  വിസ്മൃതിയിലാക്കി  ചരിഞ്ഞും മലർന്നും ഇരുന്നും കിടന്നും  വായനയിലൂടെ മാത്രം  ഇത്തവണ ഞാൻ ലാഗോസിൽ (നൈജീരിയ) എത്തിപ്പെടുമ്പോൾ ശ്രീലങ്കയും അവിടുത്തെ മനുഷ്യാവകാശ ധ്വംസന ചരിത്രവും  വംശീയ സംഘർഷ  പുരാണവും ഒക്കെ  എൻറെയുള്ളിൽ ഒരു നെരിപ്പോട് തീർത്തിരുന്നു ; അതിന്റെ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിട്ടില്ല..!

 
യഥാർത്ഥ സംഭവമായ ഡോ. രജനി തിരണഗാമയുടെ (കൂടുതൽ വായനയ്ക്ക്- വിക്കി  )  കൊലപാതക സാഹചര്യങ്ങളിലേക്കും മറ്റും  യാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന മറ്റ് ചില സംഭവവിവരണങ്ങളും  ദേവനായകിയെന്ന കാൽപനിക കഥാപാത്രത്തെയും ചേരുംപടി ചേർത്തുവെയ്ക്കുന്നിടത്താണ് ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലില്‍ ഈ നോവല്‍ ആസ്വാദ്യകരമാകുന്നത് എന്ന് പറയാം. 
വംശീയ യുദ്ധത്തിന്റെ സംഘർഷഭരിതമായ ഭൂമികയിൽ  ജീവിക്കാൻ വിധിക്കപ്പെട്ട ,  ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകൾ നിറഞ്ഞ സ്ത്രീമനസ്സുകളുടെ നിസ്സഹായതയും , നിരാശയും, അതിനൊക്കെ മേലെ  അവരുടെ പോരാട്ടവീര്യവും  എമ്പാടും ചിതറിക്കിടക്കുന്ന ഈ നോവലിന്റെ പശ്ചാത്തലത്തിൽ   സിനിമ കൂടി വിഷയമാകുന്നത് കൊണ്ടുള്ള താല്പര്യം ഒരു പക്ഷേ എന്റെ വായനയും സ്വാധീനിച്ചിരിക്കാം. നോവലിൽ പലതവണ  പ്രതിപാദിക്കപ്പെടുന്ന   രജനി തിരണഗാമയെ കുറിച്ചുള്ള  ഡോക്യു മെന്ററി 'No More Tears Sister '  (2005) ഞാൻ നേരത്തെ കണ്ടിട്ടുള്ളതാണ്. ഈ ചിത്രത്തിനു ബദലായി സർക്കാർ  സഹായത്തോടു കൂടി ഒരു ഹോളിവുഡ് സിനിമാ പ്രോജക്ടുമായി വരുന്ന പ്രൊഡക്ഷൻ ടീമിലെ പ്രധാനി സ്ക്രിപ്റ്റ് റൈറ്റർ  പീറ്റർ ജീവാനന്ദം സഞ്ചരിക്കുന്ന വഴികളും അയാളുടെ അനുഭവങ്ങളും അന്വേഷണങ്ങളും  വികാര വിചാരങ്ങളിലൂടെയുമാണ് ദേവനായകിയുടെ കഥാഗതി.
ഈ അന്വേഷണ യാത്രയ്ക്കിടയിൽ ശ്രീലങ്കയുടെ ഭൂതകാല ചരിത്രത്തിലേക്കും വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളിലേക്കും സിംഹള - തമിഴ് വംശങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈരത്തിനു തുടക്കമിടുന്ന പുരാണത്തിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ടു പോകുന്നു. ശ്രീലങ്കയുടെ വർത്തമാനകാല രാഷ്ട്രീയവും വംശീയ സംഘർഷ ഭരിതമായ നാളുകളുമെല്ലാം  ദേവനായകി എന്ന കാൽപ്പനിക കഥാപാത്രത്തിലേക്കും കാന്തള്ളൂർ ശാല തുടങ്ങിയ പുരാതന ഭൂമികയിലേക്കും(തിരുവനന്തപുരത്തിനടുത്തെവിടെയോ ആണ് ഈ പ്രദേശമെന്നു  ചരിത്രകാരന്മാർ; വിഴിഞ്ഞം തുറമുഖം  , ആര്യശാല, പദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയവയുമായൊക്കെയായി  ബന്ധമുള്ളതും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നതുമായ  ഈ പുരാതന വിദ്യാഭ്യാസ കേന്ദ്രം 'ആയ്' രാജാക്കന്മാരുടെ കാലത്ത് നില നിന്നിരുന്നതാണെന്നു ആർക്കിയോളജിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്  -കൂടുതൽ വായനയ്ക്ക്- വിക്കി )  വായനക്കാരനെ കൂടെ കൊണ്ട് നടന്ന് കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മനോ വിചാരങ്ങളും  പകർന്നു നൽകുന്നതിൽ നോവലിസ്റ്റ് ഒരു പരിധിവരെ വിജയിക്കുന്നുണ്ട്.
തീർച്ചയായും ഒന്ന് കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന നോവൽ.

18.1.15

വാഴക്കുല വരുത്തുന്ന വിനകള്‍..!

ജോലിത്തിരക്കിലിരിക്കുമ്പോൾ പലപ്പോഴും 'ഒന്ന് കിടക്കാൻ ' പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നും. പക്ഷെ കഴിഞ്ഞ പത്ത് പന്ത്രണ്ട്  ദിവസമായി കിടന്ന് കിടന്ന് മടുത്തു എന്ന് തന്നെ പറയാം; ഒന്ന് നടു നിവർത്തിയിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്ന നാളുകൾ...!
പ്രവാസലോകത്തിരിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഹരിതാഭ, പച്ചപ്പ് , മണ്ണ്, മണ്ണിന്റെ മണം തുടങ്ങിയ നൊസ്റ്റാൾജിക് അസ്കിതകളുടെ ഭാഗമായിട്ടൊന്നുമല്ലങ്കിൽ കൂടി നാട്ടിലെത്തുമ്പോൾ ഇത്തിരിയുള്ള പറമ്പിൽ കുറച്ച് സമയം ചിലവഴിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. ഇത്തവണ ദാ  നിൽക്കുന്ന നല്ലൊരു പാളയംകോടൻ കുലപതി; വെട്ടുകത്തിയെടുക്കുന്നു, വീണിതല്ലോ കിടക്കുന്നു ധരണിയിൽ വാഴമുട്ടൻ. പിന്നെ വാഴക്കുലയുമായി ഈ കാലഘട്ടത്തിൻറെ ആവശ്യകതയായ 'സെൽഫി' , മൊബൈൽ ഫോട്ടോ പോസിങ്ങ്  തുടങ്ങിയ കലാപരിപാടികൾ.
അത് കഴിഞ്ഞു പിണ്ടിയുരിക്കലായി (പാളയംകോടൻ വാഴയുടെ പിണ്ടിയും ചെറുപയറും ഇട്ടൊരു തോരൻ , രസികനല്ലേ..?!) ; കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിന്റെ ആവേശം. ഇത് പക്ഷേ ഒരു ഒന്നൊന്നര ഉരിക്കലായിപ്പോയി , വാഴയ്ക്ക് നല്ല വണ്ണമുണ്ടായിരുന്നന്നേ; ഉരിച്ചിട്ടും ഉരിച്ചിട്ടും തീരുന്നുമില്ല.  ഭാര്യാവ് അടുത്ത് നിൽക്കുന്നു , നമ്മൾ ഇത് എത്ര കണ്ടതാണ് എന്നൊരു ജാഡയിൽ പിണ്ടി ഉരിച്ചെടുത്ത് കഴിഞ്ഞപ്പോഴേക്കും നമ്മുടെ 'ഊര' യ്ക്ക് മേല്‍ഭാഗത്തൊരു ചെറിയ പിടുത്തം..!
അതൊന്നും വകവെയ്ക്കാതെ വാഴക്കുലയും പൊക്കിയെടുത്ത് വീട്ടിൽ എത്തിയപ്പോഴേക്കും മനസ്സിലായി, നടു പണിമുടക്കാൻ സാധ്യതയുണ്ട് എന്ന്. 
നല്ല വേദന; അക്ഷരാർത്ഥത്തിൽ വേദനകൊണ്ട് പുളയുക തന്നെയായിരുന്നു. വേദന പിന്നെയും അധികരിച്ച് തുടങ്ങും മുന്നേ നല്ലപാതി ഡോക്ട്ടറെ  വിളിക്കുന്നു, മരുന്ന് എത്തിക്കുന്നു. കൂടെയൊരു ഉപദേശവും "കട്ടിലിൽ നേരെ കിടന്നാലേ ഇത് മാറൂ.." . തള്ളികളയാൻ പറ്റാത്ത ഉപദേശമാണ്; കാരണം നടുവൊടിയല്‍ കേസില്‍ അവളുടെ മുൻകാല പ്രായോഗിക പരിചയം അത്രയ്ക്കുണ്ട്.
 ഏതായാലും ഭാര്യാവിൻ ഉപദേശവും പരിചരണവും ഞങ്ങളുടെ  പ്രിയപ്പെട്ട ഡോകടർ സാറിന്റെ കൈപ്പുണ്യമാർന്ന മരുന്നും (ഇദ്ദേഹത്തെക്കുറിച്ച്  വിശദമായി മറ്റൊരു കുറിപ്പ് പിന്നീട് ) , എന്നാൽ പിന്നെ ഇതൊക്കെ പാലിച്ചും അനുസരിച്ചും സേവിച്ചും കിടന്നേക്കാം എന്ന എന്റെ മനസ്സും കാരണം ദാ  ഇപ്പോഴെങ്കിലും എണീറ്റിരുന്നു റ്റൈപ്പ് ചെയ്യാന്‍ പറ്റുന്നു. 

വാഴക്കുല / പിണ്ടിയുരിക്കല്‍ എപ്പിസോഡിൽ സംഭവിച്ചത് ക്ഷീണം പറ്റിയിരുന്ന നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള (L3-L4) ഡിസ്കുകളില്‍ കാര്യമായ ബള്‍ജിംഗും L5 യില്‍ ചെറിയ ക്ഷതവുമൊക്കെയാണെന്ന് വേദനയൊന്ന് കുറഞ്ഞ ശേഷം (മൂന്ന്‍ ദിവസങ്ങള്‍ക്കു ശേഷം) നടത്തിയ എം. ആര്‍. ഐ. സ്കാന്‍ വെളിവാക്കി തന്നു. തത്സമയം മരുന്നും വിശ്രമവും ഒക്കെ തുടങ്ങിയതിനാല്‍ മാത്രം വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ലന്നും..!

ഈ കിടപ്പില്‍ ഫേസ്ബുക്കിലും മറ്റും വരുന്ന നിങ്ങളുടെയൊക്കെ സ്റ്റാറ്റസും മെസ്സേജും പോസ്റ്റുകളും ചിത്രങ്ങളുമോക്കെയായിരുന്നു എനിക്ക് കൂട്ട്; വേദനയുടെ കടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിങ്ങളുടെ നുറുങ്ങുകളുടെ ആശ്വാസം (പലതിലും 'ലൈക്ക്' അടിക്കാന്‍ പറ്റുമായിരുന്നെങ്കിലും കമന്റുകള്‍ ചിലസമയം അസാധ്യമായിരുന്നു..! ) ചെറുതല്ല..!

അധിക സമയം ഇരിക്കാന്‍ അനുവാദമില്ല...ബാക്കി പിന്നെ..!! ഇനിയും  ഒരാഴ്ച കൂടി പൂര്‍ണ്ണ വിശ്രമം അനിവാര്യം..!!!
സ്നേഹ പൂര്‍വ്വം
- അലീഫ്

ചെരുപ്പുകള്‍


കാന്‍സര്‍ പാലിയേറ്റീവ് വാര്‍ഡില്‍ കൂട്ടിരിപ്പുകാരെ അങ്ങിനെയിങ്ങനെയൊന്നും അനുവദിക്കാറില്ല; അഥവാ അനുവദിച്ചാല്‍ തന്നെ ചെരിപ്പിടാന്‍ സമ്മതിക്കുകയുമില്ല. രോഗിക്ക് ഉപയോഗിക്കാം; ടോയ് ലറ്റിലും മറ്റും പോകുമ്പോള്‍.
പക്ഷെ ടോയ് ലറ്റിലേക്ക് കയറുന്ന വഴിയില്‍ ഏകദേശം നൂറ്റമ്പതിലധികം ജോഡി ചെരുപ്പുകള്‍ അടുക്കിയും അല്ലാതെയുമൊക്കെ ഇരിക്കുന്നത് കണ്ട് ആകെ കണ്‍ഫ്യൂഷനായി; ആകെ 42 രോഗികള്‍ക്ക് കിടക്കാവുന്ന ആ വാര്‍ഡില്‍ ഇത്രയധികം ചെരുപ്പുകള്‍?  എന്റെ ആശയക്കുഴപ്പത്തിന് അറുതിവരുത്തിക്കൊണ്ട് ആ വാര്‍ഡില്‍ നിന്ന് അപ്പോള്‍ മരിച്ചു പോയ ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടു പോയി; പുതിയ ഒരാള്‍ കുറച്ചു സമയത്തിനകം അതേ കട്ടിലിലേക്ക് വരികയും ചെയ്തു..!
ചെരിപ്പ് ഇട്ട് വരുന്നവര്‍ മിക്കവരും ഇവിടെ നിന്ന് പോകുമ്പോള്‍ അത് തിരികെ കൊണ്ടു പോകുന്നില്ലന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല

(എഫ്.ബി. സ്റ്റാറ്റസ് :  07.01.2015 )