28.10.06

ഒരു ബൂലോക ഗസറ്റ്‌ വിജ്ഞാപനം

'എടേയ്‌ നീ വാ, നമുക്കൊരു ബാങ്ക്‌ ഡ്രാഫ്റ്റ്‌ എടുത്തിട്ട്‌ വരാം'
ഡ്രാഫ്റ്റിംഗ്‌ ബോര്‍ഡിനു മുകളില്‍ ഒട്ടിച്ച്‌ പേപ്പറില്‍, പണിയൊന്നുമില്ലാത്തതിനാല്‍ കുത്തിട്ട്‌ കളിയ്കുകയായിരുന്ന എനിക്കാ വിളിയൊരാശ്വാസമായിരുന്നു.കൂടപ്പോയാല്‍ രണ്ട്‌ കാര്യം നടക്കും; ചായകുടിയും പിന്നെയൊരു വില്‍സും. ശരി അണ്ണാ, ഞാന്‍ എഴുന്നേറ്റു.

ഞങ്ങള്‍ മേല്‍പറഞ്ഞ മുന്‍കൂര്‍ കലാപരിപാടികള്‍ക്ക്‌ ശേഷം ബാങ്കിലെത്തി, ഡ്രാഫ്റ്റ്‌ എടുക്കാനുള്ള കാര്യപരിപാടികള്‍ തുടങ്ങി.കാശൊക്കെ അടച്ചിട്ട്‌, വൃത്തിയാക്കാത്തത്‌ കൊണ്ടോ, ആരും ഇന്നേവരെ ഇരിക്കാത്തത്‌ കൊണ്ടോ എന്നറിയില്ല പൊടിപിടിച്ച്‌ കിടന്നിരുന്ന ഒരു സോഫയിലിരുന്ന് ആഗോളവല്‍ക്കരണത്തിന്റെ രൂക്ഷവശങ്ങളെ കുറിച്ച്‌ കത്തി ആരംഭിച്ചു, കത്തി, അതിനി ഏതു വിഷയമായാലും ഞങ്ങള്‍ക്കൊരു വീക്‍നെസ്സ്‌ ആയിപോയിരുന്നു. കത്തിക്കിടയിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്നപോലെ കൌണ്ടറിലേക്ക്‌ തന്നെയായിരുന്നു, കാരണം സംസാരിച്ച്‌ സംസാരിച്ച്‌ തമ്പാനൂര്‍ നിന്നും കൊല്ലത്തേക്ക്‌ പോകാനുള്ളതിനു പകരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ കേറി നെയ്യാറ്റിന്‍കര ഇറങ്ങിയ ചരിത്രപുരുഷന്മാരായിരുന്നു ഞങ്ങള്‍.

വലിയ തിരക്കൊന്നും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ ഡ്രാഫ്റ്റ്‌ മാത്രമെന്തേ വൈകുന്നതെന്ന ചിന്ത ഇടയ്ക്കിടെ ഉണ്ടായെങ്കിലും സ്‌റ്റേറ്റ് ‌ബാങ്കിന്റെ മഹത്തരമായ സര്‍വ്വീസില്‍ പുളകം കൊണ്ടിരുന്ന ഞങ്ങള്‍ സംസാരം തുടര്‍ന്നു. ഒടുവില്‍ എന്നാലിനിയൊന്നു അന്വേഷിച്ചുകളയാം എന്നു കരുതി കൌണ്ടറില്‍ ചോദിച്ചു. 'എല്ലാ ഡി.ഡി.യും കൊടുത്തല്ലോ, ഒന്നൊഴികെ' എന്ന മറുപടിയും ഒപ്പം നിങ്ങള്‍ക്കൊന്നും ചെവി കേട്ടുകൂടെ എന്നൊരാട്ടും.
'അതിനു നിങ്ങള്‍ വിളിച്ചില്ലല്ലോ ചേട്ടാ'
"അപ്പീ, എതിനേക്കാലും ഉച്ചത്തില്‍ വിളിച്ച്‌ കൂവാനൊന്നും പറ്റൂല്ല കേട്ടാ, കുമാര്‍, കുമാര്‍ എന്നു വിളിച്ചെന്റെ അടപ്പൂരി പോയി കേട്ടാ"
അപ്പോ അതാണ്‌ പ്രശ്നം, ലവന്‍ ചെറുതായി ചൂടുപിടിച്ചു തുടങ്ങി.
'അതിന്‌ എന്റെ പേര്‌ ഉഷസ്‌ കുമാറന്നാണ്‌ അല്ലാതെ കുമാറന്നല്ലല്ലോ'
“തന്നേ; ചെല്ലാ, ഉഷസ്‌ എന്ന് മനുഷ്യന്മാര്‍ക്കാരെങ്കിലും പ്യാരിടുവോ, വല്ല ലോറിക്കോ വീട്ടിനോ ആട്ടോയ്‌ക്കോ ഒക്കെ ചേരും“
ചൂടാവണോ തണുക്കണോ ,അതോ ഇറങ്ങി ഓടണോ എന്ന കണ്‍ഫ്യൂഷനൊടുവില്‍ ഉഷസ്‌ കുമാര്‍ അവന്റെ ചെവിയിലോതിയതൊന്നും ഇവിടെ എഴുതാന്‍ കഴിയില്ല.

ഒരു പേരിലെന്തിരിക്കുന്നു
ഹാ, എനിക്കറിയില്ല. എന്റെ പേര്‌ ഭയങ്കര കുഴപ്പം പിടിച്ച ഒന്നാണോ.
ഇതുവരെ ഒരു ബാങ്ക്‌ അക്കൌണ്ട്‌ പാസ്സ്‌ ബുക്കിലും വെട്ടി തിരുത്തില്ലാത്തതായിട്ടില്ല, അതു പോലെ പലതിലും. പാസ്‌പോര്‍ട്ടിലും എസ്‌.എസ്‌.എല്‍.സി ബുക്കിലുമെന്തോ വ്യത്യാസമൊന്നുമില്ല.
Abdul Aleef എന്നാണ്‌ ഔദ്യോഗികം.Alif എന്ന് സ്വകാര്യവും. പക്ഷേ എന്റെ സ്‌പെല്ലിംഗ് എന്നെപ്പോലെ തന്നെ മിസ്‌റ്റേക്കാണ്‌. Abdul Alif, Abdul Aliph, Abdul Aleep എന്നൊക്കെ എഴുതി വരുന്നത്‌ സഹിക്കാം, മിക്കവരും എന്നെ Abdul Latheef ആക്കികളയും. കാരണം അതു വളരെ പോപ്പുലര്‍ ആയ ഒരു പേരായതുകൊണ്ടാവും.
ഒരു യഥാര്‍ത്ഥ അബ്ദുല്‍ ലത്തീഫും ഞാനുമായി നടന്ന ഫോണ്‍ സംഭാഷണം;
"ഹലോ, അബ്ദുല്‍ ലത്തീഫ്‌ സാറാണോ"
"അല്ലല്ലോ, ഞാന്‍ അബ്ദുല്‍ അലീഫ്‌ ആണ്‌"
"ഞാന്‍ അബ്ദുല്‍ ലത്തീഫ്‌ ആണ്‌"
"ഞാന്‍ ലത്തീഫ്‌ അല്ല, അലീഫ്‌ ആണ്‌"
ആകെ കണ്‍ഫ്യൂഷനടിച്ച അയാള്‍ ഫോണ്‍ വെച്ചു. ശരിക്കും അയാള്‍ എന്നെ തന്നെയാണ്‌ വിളിച്ചത്‌ എന്ന് പിന്നീട്‌ തമ്മില്‍കണ്ടപ്പോള്‍ മനസ്സിലായി.

എന്റെ പേരിലെ ഏറ്റവും പുതിയ സ്‌പെല്ലിംഗ് നൈജീരിയ ഗവണ്‍മന്റ്‌ റെസിഡെന്റ്‌ പെര്‍മിറ്റിലടിച്ച്‌ തന്നിട്ടുണ്ട്‌, Abdul atheef.അലീഫും ലത്തീഫും കൂടി മിക്‍സിയിലിട്ടടിച്ചത്‌ പോലുണ്ട്‌.

അങ്ങിനെ പേരില്‍ പല പല സ്‌പെല്ലിംഗുകളും സ്വന്തമായുള്ള ഈയുള്ളവന്‍ ഇതാ ബൂലോക ഗസറ്റില്‍ ഒരു പേരുമാറ്റ പരസ്യം ചാര്‍ത്തുന്നു.

2006 ആഗസ്റ്റ്‌ മാസം 27നു ചെണ്ട എന്ന പേരിലുള്ള ബ്ലോഗിലൂടെ ബൂലോകത്ത്‌ ബൂജാതനായ ചെണ്ടക്കാരന്‍ എന്ന ഞാന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സ്വന്തവും സ്വകാര്യവുമായ നാമധേയം 'അലിഫ്‌' എന്ന പേരിലാവും ഇനി മുതല്‍ ബ്ലോഗുന്നത്‌ എന്ന് ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു. ഈ പേരുമാറ്റം മൂലം എന്റെ പെരുമാറ്റത്തിന്‌ ഒരു മാറ്റവും ഉണ്ടാകില്ലന്നും എന്റെ ബ്ലോഗുകളായ ചെണ്ട, നൈജീരിയ വിശേഷങ്ങള്‍ എന്നിവയും, ഈ പേരുമാറ്റത്തിന്‌ കാരണമായ 'ഗൃഹപാഠം' എന്ന പുതിയ ബ്ലോഗും പതിവുപോലെ തുടരുമെന്നും ഇതിനാല്‍ അറിയിക്കുന്നതിനോടൊപ്പം ഇങ്ങോട്ടുള്ള പെരുമാറ്റം ശക്തമായിതന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സാങ്കേതികകാരണം: ഗൃഹപാഠം ഒരു ടെക്‍നോളജി ബ്ലോഗ്‌ ആണ്‌. ഭവനനിര്‍മാണ സാങ്കേതിക വിഷയമായി 'അലിഫ്‌' എന്ന പേരില്‍ വിവിധ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളില്‍ പരാമര്‍ശവിഷയമായിട്ടുള്ള സംഗതികളും, ഒറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. ചിലത്‌ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

സ്വകാര്യം: ഗൃഹപാഠ ത്തിന്‌ ഒരു കൂട്ടുപ്രതികൂടിയുണ്ട്‌. അയാള്‍ക്കും താത്പര്യം ഞാന്‍ അലിഫ്‌ എന്നു തന്നെ അറിയപ്പെടാനാണ്‌.(വീട്ടില്‍കേറേണ്ടതുള്ളതു കൊണ്ട്‌ തത്ക്കാലം അഡ്ജസ്റ്റ്‌ ചെയ്‌തേ പറ്റൂ- ഈ ബ്രാക്കറ്റിലുള്ളത്‌ ബാച്ചിലര്‍ സുഹൃത്തുക്കള്‍ വായിക്കണമെന്നില്ല)

ആത്മഗതം: ഹാവൂ, ചെണ്ടയില്‍ ഒരു പോസ്റ്റ്‌ കൂടിയായി.

27.9.06

ഒരു ബോട്ട് യാത്ര

"ഇതിനകത്തിനി കുട പിടിക്കണമല്ലോ സാറേ; എന്നാ മഴയാ. ആകെ നനഞ്ഞു കുളിച്ചു, ഹോ നശിച്ച മഴ, നശിച്ച ഈ.." ബഹളം കേട്ടാണയാള്‍ ഉണര്‍ന്നത്‌. താഴ്‌ത്തിയിട്ടിരുന്ന ഷട്ടര്‍ കുറച്ചൊന്ന് ഉയര്‍ത്തി സ്ഥലമെവിടെയാണെന്നു നോക്കി; ഇല്ല, കേശവദാസപുരമായിട്ടേയുള്ളൂ. കോരിച്ചൊരിയുന്ന മഴയുടെ ആരവം തണുത്ത കാറ്റിനൊപ്പം രോമകൂപങ്ങളിലേക്ക്‌ കുത്തിക്കയറുന്നതുപോലെ. ഷട്ടര്‍ പരമാവധി വലിച്ച്‌ താഴ്‌ത്തിയിട്ട്‌ അയാള്‍ പിന്നെയുമൊന്നു മയങ്ങാന്‍ ശ്രമിച്ചു.

എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്‌.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു.

കുട്ടിക്കാലത്ത്‌ അച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തേക്ക്‌ വന്നത്‌ അയാളോര്‍ത്തു, അതേ, അന്നിവിടെ കേശവദാസപുരത്താണിറങ്ങിയത്‌. മെഡിക്കല്‍ കോളേജില്‍ എന്തോ ശസ്ത്രക്രിയ കഴിഞ്ഞ്‌ കിടക്കുകയായിരുന്ന മാമനെ കാണാനായിരുന്നുവെന്നു തോന്നുന്നു, ഇല്ല ഓര്‍മ്മകള്‍ പിടിതരുന്നില്ല.

അച്ഛനോടൊപ്പം പിന്നെയെത്രയെത്ര യാത്രകള്‍. തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി മടുത്തിട്ടുണ്ടാകും അച്ഛന്‍, യാത്രകള്‍ തന്റെ പാഠപുസ്തകമാവുകയായിരുന്നു.താന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ ഒരു ബോട്ട്‌ യാത്രയ്ക്‌ അച്ഛന്‍ സമ്മതിച്ചത്‌.പക്ഷേ അതു അച്ഛനോടൊപ്പമുള്ള അവസാനയാത്രയുമായി.മറിഞ്ഞ്‌ പോയ ബോട്ടില്‍ നിന്നു തന്നെ എങ്ങിനെയോ കരയ്ക്കടുത്തെത്തിച്ച്‌ ഈ ലോകത്തുനിന്നു തന്നെ നീന്തിയകലുകയായിരുന്നുവോ അച്ഛന്‍ ? തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട്‌ പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു. രക്ഷാബോട്ടുകള്‍ ചീറിയടുക്കുന്നതിന്റെ മുരള്‍ച്ച, ഓടിക്കൂടുന്ന ആള്‍ക്കാരുടെ ആരവം, നിലവിളിശബ്ദത്തിലലിഞ്ഞുപോകുന്ന രക്ഷപെട്ടവരുടെ ദീര്‍ഘനിശ്വാസം, അച്ഛാ,..ദൈവമേ താനെങ്ങിനെ വീണ്ടുമീ നശിച്ച ബോട്ടില്‍ കേറി.? ആള്‍ക്കാര്‍ തിക്കിതിരക്കുന്നു, ചിലര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു; ജനല്‍പ്പഴുതിലൂടെ പുറത്ത് ഓളം വെട്ടുന്ന വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടാന്‍ വെമ്പിയ അയാളെ ആരോ തടഞ്ഞു, പതുക്കെ, തെരക്കുകൂട്ടാതെ..!

പതുക്കെ പതുക്കെ അയാളുടെ ബോധമണ്ഡലത്തിലേക്ക്‌ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു; ഹോ, തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡെത്തിയത്‌ അറിഞ്ഞില്ല!. പുറത്ത്‌ തകര്‍ത്തു പെയ്യുന്ന മഴകുറയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍, വ്യവസ്ഥിതിയെ തെറിവിളിക്കുന്നവരിലൊരാളായി ഒരു വില്‍സ്‌ ഫില്‍ട്ടറിനു അയാളും തീ കൊടുത്തു. ബസ്സിനുള്ളില്‍ പുകവലിപാടില്ലന്ന മുന്നറിയിപ്പക്ഷരങ്ങള്‍ ആ പുകയേറ്റ്‌ മങ്ങിപ്പോയി.

തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡ് - ഒരു മഴ കാഴ്ച (പഴയ ചിത്രം, അവസ്ഥയ്ക്ക് മാറ്റമില്ലന്ന് ഇന്നലെത്തെ പത്രവാര്‍ത്ത)



26.9.06

മഴയില്‍ മുങ്ങിയ തലസ്ഥാനം


കോടികള്‍മുടക്കിയ പദ്ധതികളുടെ പരാജയത്തിന്റെ പര്യായമായി വീണ്ടും തലസ്ഥാന നഗരിയുടെ പ്രധാനയിടങ്ങളായ തമ്പാനൂര്‍, പഴവങ്ങാടി , കിഴക്കേകോട്ട ഭാഗങ്ങള്‍ വെള്ളത്തിലായി.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി പഠനവും അതിന്മേല്‍ പഠനവും പിന്നെ മലമറിക്കലുമൊക്കെയായി നടന്ന പദ്ധതി നടത്തിപ്പുകള്‍, പഞ്ചനക്ഷത്ര സെമിനാറുകള്‍, സ്ലൈഡ് ഷോകള്‍, പരസ്യപ്രചാരണം. ദിനം പ്രതി മാറ്റി പരിഷ്കരിച്ച് താറുമാറാക്കിയ ട്രാഫിക്ക്. സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ പുരോഗതി വിലയിരു‍ത്തല്‍ സന്ദര്‍ശന മാമാങ്കങ്ങള്‍ ! ആമയിഴഞ്ചാന്‍ തോടു വഴി ഒഴുകിപ്പോയ കോടികള്‍ക്ക് കണക്കില്ല , പക്ഷേ മഴവെള്ളത്തിനു ഒഴുകാന്‍ പഴുതില്ലത്രേ. ഇന്നലെ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ഏതൊക്കെയൊ കലുങ്ക് തല്ലിപൊളിക്കാന്‍ പോകുന്നു. അപ്പോഴേക്കും മഴ പോകും, വെള്ളകെട്ടും മാറും. കുത്തിപൊളിച്ചു കോരിവെച്ചിരിക്കുന്നത് വീണ്ടും പഴയ അവസ്ഥയിലേക്കാകും, എങ്കിലല്ലേ അടുത്ത മഴയ്ക് മറ്റൊരു ടാസ്‌ക് ഫോഴ്സിനു സ്‌കോപ്പുള്ളൂ.
പുതിയ സര്‍ക്കാരിനു കൈയ്യൊഴിയാം, ഇതു ഞങ്ങളുടെ പിഴവല്ല , മുന്‍ സര്‍ക്കാരിന്റേ;പഴയ സര്‍ക്കാരിനു പറയാം, ഒരഞ്ച് കൊല്ലം കൂടി തന്നിരുന്നു വെങ്കില്‍! പക്ഷേ എന്തും ഏതും അനുഭവിക്കാന്‍ അനന്തപുരിവാസികള്‍ തയ്യാറായല്ലേ പറ്റൂ. ഈ വികസനത്തിന്റെ പേരില്‍ അവര്‍ എത്രനാള്‍, എത്രയധികം പൊടി തിന്നു, എത്രലിറ്റര്‍ പെട്രോള്‍ അധികമായി കത്തിച്ചു, എത്ര ട്രാഫിക്കേമാന്മാരുടെ ചീത്ത വിളി സഹിച്ചു ;പക്ഷേ ഫലമോ,വീണ്ടും മലിനജലത്തിലൂടെ നീന്തുവാനാണ്‌ യോഗം. പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ!

വാര്‍ത്തയ്ക് കടപ്പാട്: കേരള കൌമുദി പി.ഡി.എഫ്. എഡിഷന്‍ 26-09-06

21.9.06

നൈജീരിയന്‍ പാചക 'വിധി' കള്‍.

ആമുഖം:
കുട്ടിക്കാലത്ത്‌ മണ്ണപ്പം ചുട്ട്‌ കളിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ പാചകവുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു എനിക്കീ കഴിഞ്ഞ ജൂണ്‍ മാസം 13 വരെയും. അടുക്കളയുമായുള്ള ബന്ധം ഭക്ഷണം കഴിക്കാനും ( അടുക്കളേലിരുന്ന് ഭക്ഷണം കഴിക്കുന്നതൊരു സുഖമാ..) ഭാര്യയെ ശല്യം ചെയ്യാനും ഇടയ്ക്ക്‌ കയറാറുണ്ടെന്നുള്ളതും നിരവധി അടുക്കളകള്‍ രൂപകല്‍പനചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടന്നുള്ളതും മാത്രമാകുന്നു. ഇപ്പോള്‍ ഈ നൈജീരിയയില്‍, കമ്പനി ഗസ്റ്റ്‌ ഹൌസില്‍ തന്നിരുന്ന ഇറ്റാലിയന്‍ പാസ്തയും പിസായുമൊന്നും എപ്പോഴും കഴിക്കാന്‍ ഇഷ്ടമല്ലാത്തതു കൊണ്ടും(തരമാവാത്തത്‌ കൊണ്ടും)പുറത്തിറങ്ങി ഒരു ചായകുടിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തതു കൊണ്ടും (തോക്ക്‌, വെടി, വെടി, തട്ടികൊണ്ട്‌ പോകല്‍ ) ഭക്ഷണമില്ലാതെ അധികകാലം ജീവിക്കുവാന്‍ കഴിയില്ലന്നതു കൊണ്ടും പാചകത്തിനുള്ള സൌകര്യങ്ങള്‍ (ആയുധസാമഗ്രികള്‍ ഉള്‍പ്പെടെ ) കമ്പനി തന്നിരിക്കുന്ന വസതിയിലുള്ളതുകൊണ്ടും മാത്രം പാചകം ഒരു വിനോദോപാധിയായെടുത്ത (ദൈവമേ, ഉമേഷ് മാഷ് ) ഒരു 'മാര്യേഡ്‌ ബാച്ചിലറുടെ' (എന്റെ വിസാ സ്റ്റാറ്റസ്‌ അങ്ങിനെയാണ്‌) പാചക 'വിധി' ( ചുരുക്കി തലവിധിയെന്നും വായിക്കാം) യായി കരുതണമെന്ന് അപേക്ഷിക്കുന്നു..ഹോ, ക്ഷീണിച്ചു; ഇനി ഒരു ചായകുടിച്ചിട്ടാവാം (ഞാന്‍ തന്നെ ഉണ്ടാക്കിയത്‌..)

മുന്‍കൂര്‍ ജാമ്യം:
ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരമോ കുറച്ച്‌ കൈയ്യില്‍ നിന്നിട്ട്‌ പരിഷ്കരിച്ചോ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തിന്ന്, രാവിലെയോ,ഉച്ചക്കോ, രാത്രിയിലോ ,ഇതിനിടയ്കെപ്പഴെങ്കിലുമോ ആര്‍ക്കെങ്കിലും "അത്യാവശ്യ" ഘട്ടം തരണം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
സമര്‍പ്പണം:
ഒരു മുട്ടപോലും പൊട്ടാതെ വേവിച്ചെടുക്കാന്‍ കഴിയുന്നില്ലന്നു പരിഭവിക്കുന്ന ബാച്ചിലര്‍ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ നിര്‍ദ്ദേശ സഹായം നല്‍കികൊണ്ടിരിക്കുന്ന എന്റെ സഹധര്‍മ്മിണിക്കും.

മുന്നറിയിപ്പുകള്‍: അതു പിന്നെ പറയാം.

ചോറ് അഥവാ കഞ്ഞി
ഒരു നല്ല പാചകക്കാരനാവണോ, നിങ്ങള്‍ ആദ്യം കഞ്ഞി വെച്ചു പഠിക്കണം. കഞ്ഞി വെക്കാന്‍ നിങ്ങള്‍ചോറുണ്ടാക്കാന്‍ ശ്രമിച്ചു നോക്കിയാല്‍ മതി (അനുഭവമാണു ഗുരു)
അരി: 1 ഗ്ലാസ്‌
വെള്ളം: രണ്ട്‌ ഒന്നര ലിറ്റര്‍ മിനറല്‍ വാട്ടര്‍.
പാചക രീതി:
അടുപ്പ്‌ ചൂടാക്കി വെള്ളം കുറച്ച്‌ വലിയ പാത്രത്തില്‍ (വല്യ കുട്ടകമൊന്നുമല്ലേ.!) ഒന്നര ലിറ്റര്‍ വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. നന്നായി കഴുകി (സോപ്പിടണ്ട) വൃത്തിയാക്കിയ അരി തിളച്ച വെള്ളത്തിലേക്ക് മെല്ലെ ഇടുക. ഇതിനു സ്പൂണോ ചെറിയതവിയോ ഉപയോഗിച്ചാല്‍ കൈപൊള്ളാതെയിരിക്കും. അരിയുടെ അളവിന്റെ ഇരട്ടി വെള്ളം ഉണ്ടായിരിക്കണം. വെള്ളം തിളയ്കുന്നത്‌ നോക്കി നില്‍ക്കണമെന്നില്ല, എന്നു വെച്ച്‌ ഒരുപാട്‌ ദൂരേക്ക്‌ പോകാനോ സ്വയം മറന്നു പോകുന്ന ചാറ്റ്‌, ബ്ലോഗിംഗ്‌, മൊബൈല്‍ പഞ്ചാര യെന്നിവയോ പാടില്ലതാനും. ഇടയ്കിടെ വെള്ളം വറ്റിപ്പോകാതെ നോക്കണം. വെള്ളം ആവശ്യമാകുമ്പോള്‍ ഒഴിച്ച്‌ കൊടുത്താല്‍ മതി, ലവന്റെ തിളയൊന്നടങ്ങും. ഒരു 20-25 മിനുട്ട്‌ (തീയുടെ ചൂടുപോലിരിക്കും, അതുപോലെതന്നെ പലതരം അരിക്കും പല വേവാണ്‌) കഴിയുമ്പോള്‍ സ്പൂണില്‍ കുറച്ച്‌ കോരിയെടുത്ത്‌ വേവു നോക്കുക. ചോറിന്റെ പരുവമാകുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നു ഊറ്റിയെടുത്താല്‍ ചോറായി. അവസാനത്തെ തിളയുടെ കൂടെ വളരെ കുറച്ച്‌ ഉപ്പ്‌ പൊടിചേര്‍ക്കുന്ന പതിവെനിക്കുണ്ട്‌, ഒരു ടേസ്റ്റിന്‌.
ഇതിനിടയ്ക്‌ സ്പൂണിലെടുത്ത്‌ നോക്കുമ്പോള്‍ ചോറിന്റെ പരുവം കഴിഞ്ഞെന്നു തോന്നിയാല്‍ കൈവിട്ട്‌ പോയിയെന്നൊന്നും കരുതാതെ കഞ്ഞി കുടിക്കാന്‍ തീരുമാനിക്കുക. ലേശം ഉപ്പ് കൂടിയിട്ട്‌ നന്നായി വേവിച്ച്‌ തവികൊണ്ടൊന്നുടച്ചെടുത്താല്‍ കഞ്ഞി റെഡി. തേങ്ങാപ്പാല്‌ ടിന്നില്‍ കിട്ടുന്നതോ (തേങ്ങാ പിഴിഞ്ഞ്‌ ഒഴിച്ചാലും മതി..!!) തേങ്ങാപാല്‍പ്പൊടി കലക്കിയതോ ചേര്‍ത്താല്‍ നല്ല ടേസ്റ്റായിരിക്കും. (ഇതിനെയാണാവോ പാല്‍കഞ്ഞിയെന്നു പറയുന്നത്‌?)

ചെറുപയര്‍ വിഭവങ്ങള്‍
ചെറുപയര്‍ - 1 ഗ്ലാസ്‌
പച്ചമുളക്‌ - 2-3 എണ്ണം
കറിമസാല പൊടി - 2സ്പൂണ്‍
സവാള -1 എണ്ണം
എണ്ണ 5-6 സ്പൂണ്‍
കടുക്‌ -കുറച്ച്‌
തേങ്ങാപ്പാല്‍ - അര ഗ്ലാസ്‌
ഉപ്പ്‌ -ആവശ്യത്തിന്‌
പാചക രീതി:
ചെറുപയര്‍ 2-3 മണിക്കൂര്‍ മുന്‍പ്‌ തന്നെ വെള്ളത്തിലിട്ട്‌ വെയ്ക്കുക. ഒരു ചെറിയപാത്രത്തില്‍ കഴുകി കുതിര്‍ത്ത്‌ വെച്ചിരിക്കുന്ന പയര്‍ നന്നായി വേവിക്കുക. (പയറിന്റെ അടപ്പിളകുന്നതുവരെ , അതായത്‌ തോട്‌ പൊട്ടുന്നതിനു തൊട്ട്‌ മുന്‍പു വരെ) വേകുന്നതിനോടൊപ്പം കറിമസാല പ്പൊടി ചേര്‍ക്കുക. ഒരു നല്ല തിളകഴിയുമ്പോള്‍ കുറച്ച്‌ ഉപ്പു ചേര്‍ക്കുക. അവസാനം പച്ചമുളക്‌ ഉടച്ചതും ലേശം തേങ്ങാപ്പാലും ചേര്‍ത്ത്‌ ഒന്നു തിളപ്പിച്ച്‌ മാറ്റി വെയ്ക്കുക. ഒരു ഫ്രൈയിംഗ്‌ പാനില്‍ എണ്ണയൊഴിച്ച്‌ (ഞാന്‍ സോയബീന്‍ എണ്ണയാണ്‌ ഉപയോഗിക്കാറ്‌) ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിക്കുക. ചെറുതായി കൊത്തിയരിഞ്ഞ സവാള യിട്ട്‌ നന്നായി മൂപ്പിച്ച്‌ (കടുക്‌ പൊട്ടികഴിഞ്ഞാല്‍ തീ കുറയ്കണം ) ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേക്ക്‌ ചേര്‍ക്കുക. ചെറുപയര്‍കറി റെഡി.
പക്ഷേ ഇത്‌ ചോറിനല്ലേ പറ്റൂ. (ചപ്പാത്തിക്ക്‌ അസ്സലാണ്‌ട്ടോ) നമ്മള്‍ ചോറു വെച്ച് കഞ്ഞി ആയ സ്ഥിതിക്ക്‌ കുറച്ച്‌ ഡ്രൈയായിട്ടുള്ള ചെറുപയര്‍ വിഭവമാകും നല്ലത്‌. അപ്പോള്‍, കടുകിട്ട്‌ പൊട്ടിച്ച്‌ സവാള (നീളത്തിലരിഞ്ഞതായാലും മതി) യിട്ട്‌ മൂപ്പിക്കുക. തിളപ്പിച്ച്‌ മാറ്റീവെച്ചിരിക്കുന്ന കറിയില്‍ നിന്നും കുറച്ച്‌ വെള്ളം ഊറ്റികളഞ്ഞ്‌ (എന്റെ കറിപ്പൊടിയെല്ലാം പോയല്ലോന്ന് സങ്കടമുണ്ടാവും സാരമില്ല) വെച്ചിരിക്കുന്നത്‌ നമ്മുടെ സവാളമൂപ്പിച്ച്‌ കൊണ്ടിരിക്കുന്നതിലേക്ക്‌ (കുറച്ച്‌ വലിയ പാനാണ്‌ നല്ലത്‌) ഇട്ട്‌ തീ നല്ലോണം കുറച്ച്‌ ഒന്നു ഇളക്കിയെടുക്കുക. ഇതിനിടയില്‍ കുറച്ച്‌ (വളരെ കുറച്ച്‌ ) ഗരം മസാലപൊടിചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ വരുന്നതായി തോന്നീട്ടുണ്ട്‌. മൂന്ന് നാലു തുള്ളി വെളിച്ചണ്ണ കൂടി ചേര്‍ത്ത്‌ കഞ്ഞിയുടെ കൂടെ അടിച്ച്‌ നോക്കൂ..പഞ്ഞിയും കയറും..ശേ; കഞ്ഞിയും പയറും.
ചെറുപയര്‍ വെറുതേ വേവിച്ച്‌ തേങ്ങാപ്പൊടിയും ഉപ്പും ചേര്‍ത്താല്‍ വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാം.

ചപ്പാത്തി
കേള്‍ക്കാനും തിന്നാനും നിസാരമായ ഈ ഐറ്റം പഠിച്ചെടുക്കാന്‍ കുറച്ച്‌ പാടുപെട്ടു. ആദ്യപരീക്ഷണത്തിന്റെ ഫലമായി, ഒരു ശ്രീലങ്ക, ഒരു ആസ്ത്രേലിയ, പിന്നെ ഒന്നു രണ്ട്‌ മാലി ദ്വീപു പോലെത്തെ ഡിസൈനര്‍ ചപ്പാത്തികളും തിന്നാന്‍ ഭാഗ്യം സിദ്ധിച്ചു. പക്ഷേ നമ്മള്‍ വിടുമോ..ഇപ്പോ കൃത്യം വൃത്താകൃതി ഒത്തു വരുന്നില്ലങ്കിലും ( എന്റെ ഭാര്യ ഇതെങ്ങെനാവോ ഒപ്പിക്കുന്നത്‌..?) വശങ്ങളൊക്കെ വൃത്തിയായിട്ടുണ്ട്‌, മാത്രമോ പൂരി പോലെ പൊള്ളി വരുന്നതായിട്ടുമുണ്ട്‌.
ചേരുവകളള്‍
‍ഗോതമ്പ്‌ പൊടി - 2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - ആവശ്യത്തിന്‌ (ആവേശത്തിനല്ല)

ഉപ്പ്‌ ചേര്‍ത്ത്‌ പൊടിയിളക്കിയ ഗോതമ്പ്‌ മാവിലേക്ക്‌ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ കുഴച്ച്‌ തുടങ്ങുക. സൂക്ഷിക്കുക, വെള്ളം അധികമാകരുത്‌. ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നതാണു നല്ലത്‌. കൈയ്യിലൊട്ടും ഒട്ടുന്നില്ല എങ്കിലും പരത്താനുള്ള മയമുണ്ട് എന്ന പരുവമാകുന്നതു വരെ കുഴയ്ക്കുക. പിന്നെ ബോളുകളാക്കി പരത്തിയെടുക്കുക. പരത്തുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാന്‍ (പരത്താന്‍ പി.വി.സി. പൈപ്പാണു നല്ലത്‌ എന്ന് എന്റെ ശ്രീമതി, ഞാനിതു വരെ അനുസരിച്ചിട്ടില്ലാട്ടോ..)കുറച്ച്‌ പൊടി തൂവുന്നതു നല്ലതാണെങ്കിലും അധികമായാല്‍ ചപ്പാത്തി ഭയങ്കര കടുപ്പമുള്ളതായിപ്പോകും.അടുപ്പില്‍ ദോശ പാന്‍ വെച്ച്‌ (അധികം കുഴിവില്ലാത്ത തരം) നന്നായി ചൂടായി വരുമ്പോള്‍, പരത്തി വെച്ചിരിക്കുന്ന ചപ്പാത്തിയുടെ താഴ്‌ഭാഗം തന്നെ ആദ്യം ചൂട്‌ കിട്ടുന്നതു പോലെ ഇടുക. ഒരു 5 സെക്കന്റ്‌, ലവനെ വശം മറിച്ചിടാം. ഒരു ഒന്നര മിനുട്ട്‌, വീണ്ടും മറിച്ചിടുക, ചട്ടുകം കൊണ്ട്‌ ചപ്പാത്തിയുടെ മുകള്‍ ഭാഗത്ത്‌ നന്നായി അമര്‍ത്തി മസാജ്‌ ചെയ്ത്‌ കൊടുക്കുക, കണ്ടൊ പൊള്ളി വീര്‍ത്ത്‌ നല്ല സോഫ്റ്റ്‌ ചപ്പാത്തി. ഇതില്‍ ടൈമിംഗിനു വളരെ പ്രാധാന്യമുണ്ട്‌. ഒത്താലൊത്തു.. ചപ്പാത്തി മാവിന്റെ കൂടെ ലേശം ജീരകപ്പൊടി ചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ ഉണ്ട്‌.
ഇതില്‍ വിവരിച്ചിരിക്കുന്നത്‌ ഡ്രൈ ചപ്പാത്തിയാണ്‌, അതിഷ്ടമല്ലാത്തവര്‍,എണ്ണയോ, നെയ്യോ പുരട്ടി ചുട്ടടുക്കാവുന്നതാണ്‌.

പരീക്ഷിച്ച മുട്ട വിഭവങ്ങള്‍ ,മീന്‍ വിഭവങ്ങള്‍, ചിക്കന്‍ കറി, കിഴങ്ങ്‌ കറി, ഗോതമ്പ്‌ ഉപ്പുമാവ്‌ തുടങ്ങിയത്‌ അടുത്തതില്‍.

പിന്‍കുറിപ്പുകള്‍ അഥവാ മുന്നറിയിപ്പുകള്‍
1. കൈപൊള്ളിയാല്‍ പുരട്ടാന്‍ ബര്‍നോള്‍, മുറിവിനുള്ള ബാന്‍ഡ്‌ എയ്‌ഡ് തുടങ്ങിയവ കരുതുന്നത്‌ നന്ന്.
2. സവാള അരിയാനുള്ള സ്ലൈസര്‍ ഒക്കെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
3. വീട്ടില്‍ നിന്നും പോരുമ്പോള്‍ കുറച്ച്‌ അച്ചാര്‍, ചമ്മന്തിപ്പൊടി തുടങ്ങിയവകരുതിയാല്‍ പരീക്ഷണഘട്ടങ്ങളില്‍ ‍പട്ടിണിയാവാതിരിക്കാം.

" പാചക നവാഗതരേ, ഒന്നു മനസ്സിലാക്കുക, ലോകത്തിലൊരു പാചകകുറിപ്പും അതേപോലെ പ്രാവര്‍ത്തികമാക്കാന്‍ പറ്റണമെന്നില്ല, അത്‌ സൃഷ്ടിച്ച ആള്‍ക്ക്‌ പോലും. ഒക്കെ ഒരു കൈപുണ്യമല്ലിയോ, പിന്നെ ഭാഗ്യവും "

പാചക ബ്ലോഗിനികളേ സഹായിക്കൂ.തെറ്റുണ്ടങ്കില്‍ തിരുത്തി തരൂ

4.9.06

എല്ലാവര്‍ക്കും...

എല്ലാവര്‍ക്കും ഓണാശംസകള്‍..
(ഈ പോസ്റ്റ് ബൂലോകക്ലബ്ബില്‍ നിന്നും പിന്‍‌വലിച്ച് ഇവിടെ ചേര്‍ക്കുകയാണ്‌. ഇതാണു ശരിയെന്നാണ് ചര്‍ച്ചകള്‍ക്കിടയില്‍ തോന്നിയത്. ഇതൊരു മാതൃകയാക്കി ചപ്പുചവറുകളെല്ലാം ക്ലബ്ബില്‍ നിന്നും പിന്‍‌വലിക്കപ്പെടെട്ടെ..ആരവിടെ..!!
അവിടെ എന്തൊക്കെയിടാം എന്നതിനെക്കുറിച്ച് ഒരു ധാരണയായ ശേഷം ക്ലബ്ബിലു പോകുന്നതാണു ബുദ്ധി. സാധാരണ ക്ലബ്ബുകളില്‍ ഓണം കഴിഞ്ഞാണ് അടി..ഇവിടെ ഇപ്പോഴേ തുടങ്ങി, ഓണത്തല്ലാവും...‘ചുമ്മാ ബാ‘ എന്നു വിളിച്ചാണു ക്ലബ്ബിലു കയറ്റിയത്. ആ പോസ്റ്റിന്റെ തലക്കെട്ടു മാറ്റിയാല്‍ തന്നെ പകുതി പ്രശ്നം തീരും.ചര്‍ച്ചകള്‍ നടക്കട്ടെ..പങ്കെടുക്കുവാന്‍ സന്തോഷമേയുള്ളൂ. ബൂലോക കൂട്ടായ്മയില്‍
എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു.)

29.8.06

മരണാനന്തര ജീവിതം

കുഞ്ഞുന്നാളിലെ മദ്രസാ പഠനം. വല്യ വല്യ കാര്യങ്ങളാണു പഠിപ്പിക്കുന്നതെന്ന ഉസ്താദിന്റെ ഗമയും, ഓ നമുക്കിതിലൊന്നും വല്യ കാര്യമില്ലന്ന കുഞ്ഞു മനസ്സും..പക്ഷേ, ഒരു കാര്യം വന്നപ്പോള്‍ ശ്രദ്ധാലുവായി - മരണവും ഖബറിലെ ജീവിതവും. യ്യോ..അങ്ങിനെയും ചില സംഗതികളോ.? ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചപ്പോള്‍ മനസ്സിലായി..മരണമെന്നൊരു സംഗതിയുണ്ടെന്നും മരണ ശേഷം കുഴിയില്‍ വെച്ച്‌ മണ്ണിട്ട്‌ മൂടികഴിയുമ്പോള്‍ (ആദ്യമൊക്കെ മൊത്തം മണ്ണിട്ട്‌ മൂടുമെന്നാണു കരുതിയിരുന്നത്‌, പിന്നീട്‌ മനസ്സിലായി, കുഴിക്കുമുകളില്‍ പലക വെച്ചടച്ചിട്ട്‌ അതിനു മുകളില്‍ മാത്രമേ മണ്ണിടുകയുള്ളൂവെന്ന്‌) , മുന്‍കറും നക്കീറും..രണ്ടും നമ്മുടെ മലക്കുകള്‍ , പ്രധാന പരിപാടി ഇരുതോളിലും വിശ്രമവും നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നാം ചെയ്യുമ്പോള്‍ ലൈവ്‌ റിക്കോര്‍ടിംഗ്‌ അതും വീതം വെച്ച്‌. ഒന്നും വിട്ടു പോകരുതല്ലോ; പ്രത്യക്ഷപ്പെടുന്നു.കൈവശം ,ഇരുമ്പുലക്ക, വാരിക്കുന്തം, വടിവാള്‌..തുടങ്ങിയ ആയുധങ്ങള്‍..മുന്‍പ്‌ റിക്കോര്‍ട്ചെയ്തു വെച്ചിരുന്നതിന്റെ പകര്‍പ്പുംകാണും. പിന്നെ സാധാ ചില ചോദ്യങ്ങള്‍.."മന്‍ റബ്ബുക്ക" - നിന്റെ ദൈവമാര്‌..?" മന്‍ ദീനുക്ക.. " നിന്റെ മതമേത്‌..? സാധായെന്നു പറഞ്ഞെങ്കിലും..ഇഹലോകജീവിതത്തില്‍ നല്ലവനായിട്ട്‌ നടക്കുന്നവര്‍ക്കുമാത്രമേ, പണ്ട്‌ മദ്രസയില്‍ പഠിച്ച ഉത്തരങ്ങളെങ്കിലും ഓര്‍മ്മവരികയുള്ളൂ..ടപ്പ്‌ ടപ്പെ്പന്ന്‌ ഉത്തരമങ്ങോട്ടെത്തിയില്ലങ്കില്‍..ഉയര്‍ന്നു പൊങ്ങും ഇരുമ്പുലക്ക, കുന്തം ആദിയായവ..അല്‍പ്പം മുന്‍പ്‌ ഒരു ഉറുമ്പിനെ പിടിച്ച്‌ കുഴിയാന കൂട്ടിലിട്ട്‌ അതിന്റെ മരണവെപ്രാളം കണ്ട്‌ ആഹ്ലാദിച്ച ഞാനൊന്നു ഞെട്ടി..പതുക്കെ ഇടത്തെ തോളിലൊന്നു അമര്‍ത്തിതടവി..വല്ലതും മാഞ്ഞുപോയാലങ്ങ്‌ പോട്ടന്നേ..

അങ്ങിനെയിരിക്കെ, സ്ഥലത്തെ ഒരു പ്രധാനി ഇഹലോകവാസം വെടിഞ്ഞു..മൂവര്‍സംഘത്തിന്റെ, ങാ അതു പറഞ്ഞില്ല, കുട്ടിപട്ടാളം- ഷാജി , അനീഷ്‌  പിന്നെ ഞാനും. ഷാജിക്ക്  ഒന്നോ രണ്ടോ വയസ്സ്‌ മൂപ്പുകൂടുമെങ്കിലും ഞാനായിരുന്നു മേജര്‍ ജനറല്‍ ഓഫ്‌ ത്രിമെന്‍ ആര്‍മി, കാരണം പിതാജി എക്സ്‌ മിലിട്ടറി,അങ്ങേരുതന്നെ തോക്കു കണ്ടിട്ടുണ്ടോന്ന് അറിയില്ല, ഞങ്ങളുടെ വീട്ടില്‍ തോക്കുണ്ടന്ന് പറഞ്ഞ് ഞാന്‍ അവന്മാരെ വിരട്ടി. അതുപോട്ടെ, പറഞ്ഞു വന്നത്‌; ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിലും എഫ്‌.ഐ.ആറിലും മയ്യത്തായവന്‍ ആളു മോശക്കാരനല്ല..ഏഷണി, പരദൂഷണം, പാര..പിന്നെ,അതിരുമാന്തലില്‍ ഡോക്റ്ററേറ്റും...നമുക്കു പറ്റിയ ഇര. മയ്യത്ത്‌ പള്ളിപറമ്പിലേക്ക്‌ എടുക്കുന്നതും കുഴിയിലേക്കിറക്കുന്നതുമൊക്കെ ശുഷ്കാന്തിയോടെ കണ്ടു. ഈ പിള്ളാര്‍ക്കെന്താ കാര്യമെന്ന് ആരെങ്കിലും പിറുപിറുത്തോ..!
മയ്യത്തടക്കി മനുസന്മാരൊക്കെ ആറടി ദൂരം മാറിക്കഴിയുമ്പോളാണു കലാപരിപാടി ആരംഭിക്കുകയെന്നു നിസ്സാര്‍..മൂന്നടിയെന്ന് മറ്റവന്‍..നമുക്കു ഹൃദയം പടപടാ അടിക്കാന്‍ തുടങ്ങി. അവസാനത്തെ ആളും കടന്നു പോയി..പരസ്പരം കേള്‍ക്കാവുന്ന ഹൃദയമിടിപ്പോടെ ഞങ്ങള്‍ പതുക്കെ പതുക്കെ ഖബറിനടുത്തേക്കു നീങ്ങി.

തലേന്നുപെയ്ത മഴയില്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണും പള്ളിപറമ്പിലെ പാലമരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന ചന്ദനത്തിരിയുടെ മണമുള്ള കാറ്റും. കൈയ്യുംകാലുമൊക്കെ വിറക്കുന്നുണ്ട്‌. അനീഷിനെ  കാവലേല്‍പ്പിച്ച്‌ ഞങ്ങള്‍ പതുക്കെ മുട്ടു കാലിലിരുന്ന് ഖബറിന്റെ തലഭാഗത്ത്‌ ചെവിയോര്‍ത്തു. ടും..ടും..ഓ അതു നമ്മുടെ ഹൃദയമിടിപ്പ്‌. എന്തോ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ..കിര്‍..കി..ര്‍..ര്‍.ര്‍.എന്തോ ഞെരിഞ്ഞമരുന്ന പോലെ..ശബ്ദം കൂടിവരുന്നു...കിര്‍..കി..ര്‍..ര്‍.ര്‍.ര്‍.ര്‍. മണ്ണിനു അനക്കം വെച്ചതുപോലെ. "അയ്യോ..ഓടിക്കോടാ..." അനീഷിന്റെ  ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ശരീരമങ്ങോട്ട്‌ അനങ്ങുന്നില്ല..എങ്കിലും ഖബറിന്റെ മുകള്‍ ഭാഗം വിണ്ടുകീറുന്നതും ഞരിഞ്ഞമരുന്ന ശബ്ദം വലുതാവുന്നതും അറിയുന്നുണ്ട്‌..ചുറ്റും നോക്കാന്‍ വയ്യങ്കിലും മനസ്സിലായി ഞാനൊറ്റയ്ക്കാണന്ന്. പിന്നെ എപ്പഴാ ഉണര്‍ന്നതെന്ന് ഇപ്പോഴും അറിയില്ല.പക്ഷേ ഞാനെന്റെ വീട്ടിലെ കട്ടിലിലായിരുന്നു. ഖബറടക്കം കണ്ട്‌ ഭയന്നതാണന്നാണു വീട്ടുകാര്‍ കരുതിയതു..കൈകാല്‍ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല. എന്റെ പ്രിയപ്പെട്ട  മോതീൻ (ബാങ്ക് വിളിക്കുന്ന ആൾ ) നന്നത്ത  (അമ്മയുടെ പിതാവ് ) മന്ത്രിച്ചൂതിയ വെള്ളത്തില്‍ പുനര്‍ജ്ജന്മം..!

കുറേ നാളുകള്‍ക്കുശേഷമല്ലേ സംഗതിയുടെ പൊരുളു പിടികിട്ടിയത്‌;അതും ഫാദർ പട്ടാളത്തില്‍ നിന്ന്. പഴകിയ മാമ്പലകയാണു ഖബറിന്റെ മുകളില്‍ വിരിച്ചിരുന്നത്‌; നനഞ്ഞമണ്ണിന്റെ കൂടിയഭാരവും പിന്നെ ഞങ്ങൾ കൈകുത്തിയതിന്റെ കുഴപ്പവും ഒക്കെ കാരണം അത്  തകര്‍ന്നു വീഴുകയായിരുന്നു.

വാല്‍ക്കഷണം.

അന്തം വിട്ടുള്ള ഓട്ടത്തില്‍ എവിടെയോ മറിഞ്ഞു വീണു ഷാജിയുടെ ദേഹം ആകെ മുറിഞ്ഞു. പനിച്ചുതുള്ളിയകാരണം അനീഷ്‌  ഒരാഴ്ച മദ്രസയില്‍ വന്നില്ല. പനിപിടിക്കാനുള്ള ബോധം പോലുമില്ലാതിരുന്നതു കൊണ്ട്‌ പൂര്‍വ്വാധികം ശക്തിയോടെ മൂന്നു നാലു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും മദ്രസയിലേക്ക്‌ പോയി.

മുറിവാല്‍ക്കഷണം:

റബ്ബേ..ഇതും എഴുതുന്നുണ്ടാവുമല്ലോ..മുന്‍കറും നക്കീറും..!

27.8.06

ചെണ്ടയും ചെണ്ടക്കാരനും വരുന്നേ..യ്..

ണ്ട്രം..ണ്ടം..ണ്ടം...ഈ ബൂലോകത്തേക്ക്‌ ചെണ്ടയും ഒരു ചെണ്ടക്കാരനും കൂടി വരുന്നുണ്ടേ...യ്‌...
ലേശം...വൈകിപ്പോയോ..ന്നൊരു സംശയം...
ഇല്ലല്ലേ..നിക്ക്‌ തോന്നിതാവും..
ഇങ്ങെനെന്തക്കയോ ഏര്‍പ്പാട് ഉണ്ടന്ന് കേട്ടു..പക്ഷേ, മാതൃഭൂമി വായിച്ചപ്പളല്ലേ..ഇതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌..ഇവിടെ നൈജീരിയയില്‍ മലയാളത്തിലൊരു സിനിമാ നോട്ടീസെങ്കിലും കിട്ടിയാമതിയെന്നു കൊതിച്ചിരിക്കുമ്പഴാ..ഈ ബൂവുലകത്തെ ക്കുറിച്ചും ബൂലോകവാസികളെ ക്കുറിച്ചുമൊക്കെ വായിക്കാനിടയായത്‌.ഈ ചെണ്ടക്കാരനെ ക്കൂടെ കൂട്ടണേ..!!
ഇനി ചെണ്ട യെ ക്കുറിച്ച്‌..ഹൈസ്കൂള്‍ കാലയളവിലെ ഞങ്ങളുടെ കൈ എഴുത്തു മാസിക യുടെ പേര്‌ "ചെണ്ട" യെന്നായിരുന്നു..പ്രീഡിഗ്രിക്ക്‌ ഒരു ഇന്‍ലന്റ്‌ മാസിക നടത്തി..അതും ചെണ്ട..(നാലു ലക്കമേ ഓടിയുള്ളൂ..) പിന്നെ ഇപ്പോ, ഈ ബൂവുലകത്തിലൂടെ ചുമ്മാ ഒന്നു ചുറ്റിയടിച്ചപ്പോള്‍..
മനസിലായി..എപ്പോ വേണങ്കിലും 'കൊട്ട്‌' കിട്ടാമെന്ന്..!!
"ചെണ്ട യാവുമ്പോള്‍..ആര്‍ക്കും കൊട്ടാല്ലോ..".
പതുക്കെ കൊട്ടണേ..തുടക്കകാരനാണ്‌..

ചെണ്ടക്കാരനെ ക്കുറിച്ചു മറച്ചുപിടിക്കാനൊന്നുമില്ല..
വാസ്തുശില്‍പ്പിയാണെന്നാണു വെപ്പ്‌..ഇവിടെ ഇപ്പോള്‍ നൈജീരിയയില്‍ (ഈ ഭാഗത്തു നിന്നും ആരെയും ബൂവുലകത്തില്‍ കണ്ടില്ല.)പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌ എന്നയിടത്താണ്‌..ഉദരനിമിത്തം ബഹുകൃത വേഷം..
ജന്മദേശം കൊല്ലം ജില്ലയിലെ പത്തനാപുരം..തിരുവനന്തപുരത്ത്‌ സ്ഥിരവാസം..ഭാര്യ,രണ്ട്‌ കുട്ടികള്‍..പോരേ..(കുട്ടികളല്ല, ആമുഖം ഇത്രയും പോരേന്ന്.!)
അപ്പോ എല്ലാരും കൂടിയൊന്നു കൊട്ടിക്കേ...
ണ്ട്രം..ണ്ടം..ണ്ടം.....ണ്ട്രം..ണ്ടം..ണ്ടം...ണ്ടം..ണ്ടം....