14.7.20

രോഗവ്യാപനകാലത്തെ മാധ്യമ ധർമ്മം


500കളിലെവിടെയും തൊടാതെ 400 കളിൽ നിന്ന് 600 ലേക്ക് നിലംതൊടാതെ ട്രപ്പീസ് ചാട്ടം നടത്തി മുന്നേറുന്ന കോവിഡ് വ്യാപനം ആശങ്കയുണർത്തുന്നുവെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയ വേട്ടക്കാരും സ്വപ്നാടനത്തിലാണ്; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ പോലും അത് മാത്രമേ വ്യക്തമാകാവൂ എന്നാർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ.

ജനം സ്വയം സൂക്ഷിക്കാൻ പഠിച്ചില്ലെങ്കിൽ വ്യാപനത്തോത് ഇനിയും ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമില്ലാതെ കുതിച്ചുയരും, അപ്പോഴും ഉറവിടമറിയാ സമ്പർക്ക രോഗികളുടെ എണ്ണത്തെക്കാൾ മാധ്യമ വേവലാതി ഐ.എ എസ്സു കാരന്റെ കിടപ്പറയ്ക്ക് ചുറ്റും കിടന്ന് കറങ്ങും.  

ആരോഗ്യപ്രവർത്തകരും മറ്റ് സേവനപ്രവർത്തകരും മനുഷ്യരാണ്, അവർക്ക് രോഗബാധയേറ്റാലും, നിരന്തര ജോലിയിലെ മടുപ്പുമൊക്കെ ബാധിച്ചാലും നമുക്ക് മതിയായ ചികിത്സ നിരസിക്കപ്പെട്ടാലും പത്ര ധർമ്മം സർക്കാരിന്റെ  ഏതെങ്കികും വീഴ്ചയോ, അനാസ്ഥയോ അനാവരണം ചെയ്യുന്ന ആദ്യ സംഘമായി വാർത്തായിടങ്ങളിൽ ഞെളിഞ്ഞിരിക്കാനുള്ള വ്യഗ്രതയിൽ മാത്രമാകും 

പൊടിപ്പും തൊങ്ങലും ചാർത്തിയ നുണകഥകൾ പലതും 'ട്യൂണ മൽസ്യങ്ങൾ' പോലെ പിടഞ്ഞിറങ്ങാൻ ശ്രമിക്കുന്നുവെങ്കിലും പണ്ടേ പോലെ ഫലിക്കുന്നില്ല; അവയെ മിനുട്ടുകൾക്കൊണ്ടു പൊളിക്കുന്ന ഈ സാമൂഹ്യമാധ്യമ കാലത്തും പക്ഷേ പ്രിയം അത്തരം ഒളിഞ്ഞുനോട്ട വാർത്തകൾക്ക് മാത്രമാണ് താനും. തൊട്ടയൽപക്കത്തേക്ക് രോഗവ്യാപനം ഉണ്ടാവുമ്പോഴേക്കെങ്കിലും ഈ ഒളിസേവ ചർച്ചകളിൽ നിന്നൊന്നുണരാനുള്ള ശേഷി ഉണ്ടായാൽ മതിയായിരുന്നു..!

ആദ്യ കണ്മണികൾ..!

പത്ത് വർഷത്തെ നൈജീരിയവാസം കഴിഞ്ഞ് 2016ൽ തിരികെ പോരുന്നതിന് മുൻപെപ്പോഴോ, അവിടെ പ്രിയങ്കരമായിരുന്ന അവൊക്കാഡോയുടെ രണ്ട് മൂന്ന് വിത്തുകൾ കൊണ്ടു വന്നിരുന്നു. ഇവിടുത്തെ കാലാവസ്ഥയിൽ കാര്യമായ ഫലം കിട്ടില്ലന്ന മുൻവിധിയോടെ ആണെങ്കിലും, ചില സൂപ്പർ മാർക്കറ്റുകളിലെ പഴക്കൂടകളിൽ അത്യാവശ്യം വി.ഐ.പി പരിഗണനയിൽ വിലസി ഇരിക്കുന്ന ഇവന്റെ വിലനിലവാരം കൂടി മനസ്സിലിട്ടു പെരുപ്പിച്ചതിനാലാവണം, 
വാമഭാഗത്തിന്റെ കാര്യമായ പരിശ്രമത്തിൽ അതിലൊരെണ്ണം മുളച്ചു, കിളിർത്തു, ചെടിയായി.

പിന്നെ കാര്യമായ ശ്രദ്ധയോ, വളപ്രയോഗമോ ഒന്നും കൂടാതെ തന്നെ, വളരെ സാവധാനം അത് വളർന്നു വളർന്നൊരു മരമായി; ഏതാണ്ട് നാലര വർഷങ്ങൾക്കിപ്പുറം നിറയെ പൂവിട്ടു. ആദ്യ പൂവിടൽ ആയത് കൊണ്ടോ, അതോ ആ നേരത്തെ, കാലം തെറ്റിയെത്തിയ മഴയോ, അതോ കടുപ്പം കാട്ടിയ വെയിലോ, പൂക്കളിൽ ഭൂരിഭാഗവും കൊഴിഞ്ഞു പോയി; അതിജീവിച്ചവ ചെറു കായ് പരുവത്തിലും മറ്റും അറ്റ് വീണു. പിന്നെയും ശേഷിച്ചത്, ഒന്നെയൊന്ന്, എന്നും രാവിലെയും പറ്റുമെങ്കിൽ വൈകിട്ടും തൽസ്ഥിതി പരിശോധിച്ചില്ലെങ്കിൽ മനസ്സിനൊരു സമാധാനം ഇല്ലാത്ത അവസ്ഥയിൽ മാസം നാലഞ്ച് കഴിയുന്നു. ഏകദേശം മൂപ്പത്തിയെന്ന ബോധ്യത്തിൽ ഇന്ന് വിളവെടുത്തു, ആറ്റുനോറ്റ് കിട്ടിയ ആദ്യത്തെ കണ്മണിയെ പോലെ പ്രിയങ്കരമായ ഒന്ന്..!

ഇന്ന് ഞങ്ങളുടെ ആദ്യ കണ്മണിയുടെ, പ്രിയ പുത്രൻ Adhil Alif Meeran ന്റെ പിറന്നാളും, ഇരട്ടി മധുരം..!

10.7.20

ഭീതിയുണർത്തുന്ന സമരാഭാസം - ഭാഗം 2


തലസ്ഥാനനഗരിയിലും  പരിസരങ്ങളിലും രോഗവ്യാപനവും ഒപ്പം യാതൊരു മുന്കരുതലുമില്ലാത്ത, ഉത്തരവാദിത്തരഹിത  സമരകൂട്ടവും ഒരേപോലെ മത്സരിച്ചു തുടരുമ്പോൾ ഇന്നലത്തേതിന്റെ തുടർച്ച പോലെ എഴുതാനാണ് ആദ്യം തോന്നിയത്; പിന്നെ കരുതി എന്തിന്, ആരെ ഉദ്ബോധിപ്പിക്കാൻ ?

പത്രമാധ്യമങ്ങൾ കൊറോണയെല്ലാം മൂലയിലൊതുക്കി സുവർണ്ണാവസര  തുടർകഥകളിലും സ്വപ്നചിറകിലേറിയ ചിത്രകഥകളിലും അജണ്ടകളിൽ അധിഷ്ഠിതമായ രാഷ്ട്രീയ വിപണി സാധ്യത കണ്ടെത്തുന്ന കാലത്ത് ഏത് രാഷ്ട്രീയ മോഹിയാണ് ശരിയായി മാസ്ക് ധരിക്കാനും കൂട്ടംകൂടലുകൾ ഒഴിവാക്കാനും ശ്രമിക്കുക; തിരഞ്ഞെടുപ്പ് രാഷ്ട്രീയം,  അതിനും മുകളിൽ ഒരു കൊറോണയും പറക്കില്ല. ഇനിയെങ്ങാനും ഇതിനിടയ്ക്ക്  സമൂഹവ്യാപനമോ മരണ സംഖ്യാ വർദ്ധനവോ  ഉണ്ടായാൽ അതും ബോണസ് ആയി കരുതുന്ന രാഷ്ട്രീയ പാപ്പരത്തം..!

ഇതോടൊപ്പം ചേർത്തിരിക്കുന്നത് ഇന്നത്തെ പത്രത്തിൽ വന്ന ചില ചിത്രങ്ങളാണ് ; തലസ്ഥാനത്തെ എത്രയും പെട്ടന്ന് സമൂഹവ്യാപന ഗ്രേഡിലേക്ക് എത്തിക്കുവാനുള്ള കൂട്ടപ്രാർത്ഥന, കുരുതി, പൊങ്കാല, നേർച്ച, ആചാര സംരക്ഷണം എന്നിങ്ങനെ ഏത് തലക്കെട്ടും നിങ്ങൾക്കീ ചിത്രങ്ങളിൽ ചേർത്ത് വായിക്കാൻ കഴിയുന്നുവെങ്കിൽ ഉറപ്പിക്കാം , നിങ്ങൾക്ക് സ്വബോധം നഷ്ടമായിട്ടില്ല ; ഇനിയും സമയം വൈകിയിട്ടില്ല സുഹൃത്തേ , രോഗവ്യാപനത്തിനെതിരെ സ്വയം ജാഗ്രത പുലർത്തുക., മറ്റുള്ളവരെ പ്രേരിപ്പിക്കുക..!

(ചിത്രങ്ങൾക്കും വാർത്ത തലക്കെട്ടിനും കടപ്പാട്:  മലയാള മനോരമ  ഇ-പേപ്പർ  തിരുവനന്തപുരം എഡിഷൻ 10.07.2020)

9.7.20

ഭീതിയുണർത്തുന്ന സമരാഭാസങ്ങൾ ..!


ട്രിപ്പിൾ ലോക്ക്ഡൗണ് എന്ന ആംഗലേയ ചതുരവടിവൊത്ത നാമധേയത്തിൽ തിരുവനന്തപുരം നഗരി അടച്ചുപൂട്ടിയിരിപ്പായിട്ട് നാലുനാളാകുന്നു. ഈ അടച്ചുപൂട്ടൽ തീരുമാനത്തെ സാധൂകരിക്കും വിധം ഇന്നലെ പുറത്തു വന്ന രോഗബാധ സ്കോറുകളിലും  നല്ല മുന്നേറ്റമുണ്ട്; 64 ൽ 60 കേസുകളും സമ്പർക്കം.  ത്രിഗുണ പൂട്ടിടലിന്റെ ഗുണഫലം ഇനിയും വരാനിരിക്കുന്ന ദിവസങ്ങളിലെ വെളിപ്പെടുകയുള്ളൂ എന്നൊക്കെ ആശ്വസിക്കാമെങ്കിലും രാഷ്ട്രത്തോട് എന്തോ ഭയങ്കര ഉത്തരവാദിത്വം ഉണ്ടെന്ന് കാലാകാലങ്ങളായി മേനി നടിക്കുന്ന കക്ഷിരാഷ്ട്രീയ കോമരങ്ങളുടെ ചില സമരാഭാസങ്ങൾ ഈ അവസ്ഥയിൽ ആശങ്കപ്പെടുത്തുന്നതാണ്. 

തിരുവനന്തപുരം നഗരിക്ക് ചേർന്ന് കിടക്കുന്ന രണ്ട് പ്രദേശങ്ങളാണ് ബാലരാമപുരവും നെടുമങ്ങാടും. അവിടങ്ങളിൽ ഇന്നലെ നടന്ന രണ്ട് സമരങ്ങളുടെ ചിത്രങ്ങളാണ് യഥാക്രമം മുകളിലും താഴെയും; എന്ത് തരം രാഷ്ട്ര - രാഷ്ട്രീയ ഉത്തരവാദിത്വങ്ങളാണ് ഇവർ കൊണ്ടാടുന്നത്. സമരമുഖത്ത് ക്യാമറ കണ്ടാൽ മാസ്‌ക് തനിയെ താഴുന്നതാണോ, അതോ അങ്ങിനെ തന്നെ പെർമനന്റ് ഫിക്സിങ്ങ് ആണോ, അതോ രാഷ്ട്രീയ സമരങ്ങൾക്കിടയിലെ മാസ്‌ക് ധാരണത്തിന് പ്രത്യേക പ്രോട്ടോക്കോൾ വല്ലതുമുണ്ടോ..?  ഒരു മാസ്‌ക് നേരാം വണ്ണം ധരിക്കാത്തവരുടെ, സ്വയം പ്രതിരോധം തീർക്കാത്തവരുടെ സാമൂഹിക അകലപാലന രീതികളെ കുറിച്ചോ, അവർ മൂലം പോലീസ് സേന ഉൾപ്പെടെയുള്ളവരിലേക്ക് രോഗവ്യാപനം രൂക്ഷമായാലുള്ള സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ എന്ത് പറയാനാണ്?

നെടുമങ്ങാടിനു തൊട്ടപുറത്തുള്ള വെള്ളനാടും ആര്യനാടുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് മേഖല ആയിട്ടുള്ളതാണ്. ബാലരാമപുരമാകട്ടെ ഇപ്പോൾ സൂപ്പർ സ്പ്രെഡ് സ്റ്റാറ്റസിലേക്ക് രോഗ വ്യാപനം നടന്നുക്കൊണ്ടിരിക്കുന്ന മത്സ്യ ബന്ധന മേഖലയുമായും, തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളുടെയും വളരെ അടുത്തും, നിരന്തര സമ്പർക്ക സാധ്യത ഏറെയുള്ളതും.. ഏത് സമയത്തും രോഗാവസ്ഥയിലേക്ക് കൂപ്പുകുത്താവുന്ന മേഖലകളിലെ ഇത്തരം അശ്ളീല സമരമുറകൾ ആർക്ക് വേണ്ടിയാണ് ..?

നാം ഓരോരുത്തരും സ്വയം ചിന്തിക്കുക, മറ്റുള്ളവരെ  പ്രേരിപ്പിക്കുക. പോലീസും ആരോഗ്യപ്രവർത്തകരുമുൾപ്പെടെയുള്ള സന്നദ്ധ മുന്നണിയിൽ ആളെണ്ണം കുറയുന്നത് നമ്മുടെയൊക്കെ പ്രിവിലേജിനെ  തന്നെയാണ് ബാധിക്കുക.
"ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്നെങ്കിലും മനസ്സിലാക്കണം"

( രാഷ്ട്രീയ കക്ഷി ഏതെന്നുള്ളതല്ല വിഷയം എന്നതിനാൽ സമരക്കാരുടെ കൊടിയടയാളങ്ങൾ മനഃപൂർവ്വമായി മറച്ചതാണ്; യഥാര്ത്ഥ ചിത്രങ്ങൾക്ക് കടപ്പാട് : മലയാള മനോരമ , തിരുവനന്തപുരം എഡിഷൻ 09. 07.2020 )

8.7.20

സമ്പർക്ക ജാഗ്രത..!


കേരളത്തിൽ 272 പേർക്ക്‌ കോവിഡ്‌. 68 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ, അതിൽ 15 പേരുടെ ഉറവിടം അറിയില്ല.  തലസ്ഥാനത്ത്  54 ൽ 42 ഉം സമ്പർക്കത്തിലൂടെ. സമ്പർക്കം വഴി കോവിഡ്‌ ബാധ വല്ലാതെ വർദ്ധിക്കുന്നു. മാസ്ക്‌ ധരിക്കാത്ത 4000 കേസ്‌ ഇന്ന് മാത്രം ഉണ്ടായി. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും നഗരങ്ങളിൽ ഒതുങ്ങി നിൽക്കുന്നു കോവിഡ്‌, എന്നാൽ കേരളത്തിന്റെ ഗ്രാമങ്ങളിൽ പോലും ജനസാന്ദ്രത വളരെക്കൂടുതൽ ആണ്‌. അതിനാൽ ഏറ്റവും ജാഗ്രത പാലിച്ചില്ലെങ്കിൽ സൂപ്പർ സ്പ്രെഡും പിന്നാലെ സാമൂഹ്യ വ്യാപനവും ഉണ്ടായേക്കും അപ്പോഴേക്ക്‌ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥവരും, ജാഗ്രത വിട്ട് കളയരുത്...!

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിന്റെ രത്നചുരുക്കം ഇതൊക്കെയായിരിക്കെ മാധ്യമ പ്രവർത്തകർക്ക് നിരനിരയായി എയ്യാനുള്ള ചോദ്യ ശരങ്ങൾ പക്ഷേ, സ്വർണ നിധിയ്ക്കൊപ്പം വീണുകിട്ടിയ വനിതാരത്നത്തെയും അവരുടെ ഇടപാടുകാരെ കുറിച്ചും മാത്രം ; ജനസമൂഹത്തിന്റെ ആവലാതിയ്ക്കും മേലെയാണ് മാധ്യമപിമ്പുകൾക്കീ സ്വർണ്ണ തിളക്ക സ്‌ത്രീ വിഷയ വേവലാതി;  എക്സ്ക്ളൂസീവ്  വാർത്തകളിലും ചർച്ചകളിലും ഇനിയും ഒരുപാട് 'ട്യൂണ' മത്സ്യങ്ങളെ അവർ പിടയിക്കും, അധികം വൈകാതെ..!

അത്തരം എക്സ്ക്ളൂസീവ് സ്ലോട്ടുകൾക്കും ബോക്‌സ് വാർത്തകൾക്കും വേണ്ടി  ഓടിപ്പാഞ്ഞും ചോദ്യശരങ്ങൾക്ക് മൂർച്ചകൂട്ടിയും അവർ കാലം കഴിക്കട്ടെ, നമുക്ക് കോവിഡിനെ ചെറുത്തുനിൽക്കാൻ പഠിക്കാം, ജാഗ്രത പുലർത്താം.

1. അനാവശ്യമായി പുറത്തു കറങ്ങി നടക്കാതിരിക്കുക. 

2. മാസ്‌ക് അലങ്കാരമാക്കാതെ, ശരിയായ രീതിയിൽ ധരിക്കുക.

3. കൂട്ടം കൂടാതെ, കൂട്ടത്തിൽ ചേരാതെ സൂക്ഷിക്കുക.

4. സുരക്ഷിത അകലം പാലിക്കുക.

5. വ്യക്തി ശുചിത്വം പാലിക്കുക; നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ.

6. അനാവശ്യ യാത്രകൾ, ബന്ധു സുഹൃത് ഗൃഹ സന്ദർശനങ്ങൾ, ഔദ്യോഗിക കാര്യാലയ സന്ദർശങ്ങൾ, ആശുപത്രികൾ,  മുതലായ സമ്പർക്ക സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കുക.

7. പൊതുസ്ഥലങ്ങളിലോ, സ്വന്തം വീടിന്റെ പരിസരങ്ങളിലോ പോലും  തുപ്പൽ ഉൾപ്പെടെയുള്ള, ശരീര ശ്രവങ്ങൾ പതിയാതെയും  ഇത്തരത്തിൽ മറ്റുള്ളവരുടെ സ്രവങ്ങൾ പതിയാൻ ഇടയുള്ള പ്രതലങ്ങളിൽ തൊടാതിരിക്കാനും ശ്രദ്ധിക്കുക.

8. കോവിഡ് 19 മായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടാനുള്ളതാണ്‌ എന്ന് മനസ്സിലാക്കുക.

9. സ്വന്തം കുടുംബാംഗങ്ങളെ ബോധവൽക്കരിക്കുകയും മേൽപ്പറഞ്ഞ കാര്യങ്ങൾ  പാലിക്കാൻ നിർബന്ധിക്കുകയും ചെയ്യുക.

10. സുഹൃത്തുക്കളോ അയൽവാസികളോ സഹപ്രവർത്തകരോ സർക്കാർ അനുശാസിക്കുന്ന കോവിഡ് നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നില്ലെങ്കിൽ ശരിയായ രീതിയിൽ ഉപദേശിക്കുകയും, വിഫലമെങ്കിൽ ദേശദ്രോഹികളോടെന്ന വണ്ണം അകലം പാലിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യുക.

നമ്മൾ ഇനിയും വൈകിയിട്ടില്ല ; ജാഗ്രത കൈവിടാതിരിക്കാം.

ട്രിപ്പിൾ ലോക്ക്ഡൗണിണ് മുൻപ്..!


നമ്മൾ കോവിഡ് കളിയുടെ അടുത്ത സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞു. ഇന്നത്തെ രോഗബാധിത കണക്കുകളിലെ  51 പേർ പുറത്തു നിന്ന് വന്നവരല്ല, നമ്മുടെ ഇടയിൽ നിന്ന് തന്നെ അണുക്കൾ പകർന്ന് കിട്ടിയവരാണ്. അതിൽ തന്നെ സി.ഐ.എസ്.എഫും ബി.എസ് എഫും ഒക്കെ സാധാരണ മനുഷ്യന്മാരുടെ കൂട്ടം അല്ലാത്തത് കൊണ്ട് ( അല്ലേ..?) സമ്പർക്ക കണക്കിലെ ബാക്കി 38 പേരെ എടുത്താൽ പോലും നമ്മുടെയൊക്കെ ഇന്നലത്തെ ജാഗ്രത കുറവിന്റെ ഫലമാണിന്ന് കോവിഡൻ കൊയ്യുന്നത് എന്ന് മനസിലാക്കിയാൽ നന്ന്..!

ലോക്ക്ഡൗണ് ഇളവുകളെ ആഘോഷമാക്കിയ ഞാനുൾപ്പെടുന്ന തലസ്ഥാന ജനതയ്ക്ക് ഇന്ന് കിട്ടിയ സമ്പർക്ക സ്‌കോർ 22 ആണ്. തൊട്ടുരുമിയും അകലം പാലിക്കാതെയും വഴിയോരകടകളിലും മറ്റും നിന്നും, ഇരുന്നും ചായ കുടി, ന്യൂസ് പ്രിന്റിൽ പൊതിഞ്ഞൊരു കടി കയ്യിൽ, പറ്റിയാൽ ഒതുക്കത്തിൽ ഒരു വലിയും. ഇന്നലെ ഒന്നുരണ്ടിടത്ത് പൊലീസുകാരെയും കണ്ടു; ദോഷം പറയരുതല്ലോ, ചായ കപ്പ് ഡിസ്പോസിബിൾ ആണ്, അത് പോലെ മിക്കവർക്കും മാസ്‌കും  ഉണ്ട്, താടിയിലേക്ക് ഇറങ്ങിയും അപൂർവ്വം ചിലരുടെത് നെറ്റിയിലേക്ക് കയറിയും, ഒരു ചെവിയിൽ തൂങ്ങിയുമാണെങ്കിൽ പോലും..!

റോഡിൽ തിക്കും തിരക്കും ട്രാഫിക് ബ്ലോക്കും; വലിയ കടകൾക്ക് പുറത്ത് വെച്ചിരിക്കുന്ന സാനിട്ടൈസർ ചവിട്ട് മെഷീനിൽ നിന്ന് ഒരു തുള്ളി ഇറ്റിക്കാൻ വൈറ്റ് കോളർ ഗുമസ്ഥന്മാരുൾപ്പെടെയുള്ളവരുടെ ഗുസ്തി, കൂട്ടയിടി, പഞ്ചാരിമേളം. പവിത്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു ദിവസമെങ്ങാനും സമരപൂജ മുടങ്ങിപ്പോയാൽ അതിനിയെങ്ങാനും പൊളിച്ചു കളഞ്ഞേക്കുമോ എന്നുള്ള ഭീതിയാലാകുമോ രാഷ്ട്രീയ ഭക്തരുടെ നിരന്തരമായ ഇടപെടൽ; സമരമുഖത്തെ മാസ്‌ക് ധാരണ വൈവിധ്യവും സാമൂഹ്യ അകലപാലന സമസ്യകളും പത്ത് പേജിൽ കുറയാതെ ഉപന്യസിക്കാൻ തന്നെ ആവില്ല..!

ആരെയാണോ തോൽപ്പിക്കാൻ ശ്രമിക്കുന്നത്, അവന്റെ തോളിൽ കൈയ്യിട്ടിരുന്നുള്ള ഗെയിം പ്ലാനിംഗാണു ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇനിയെങ്കിലും നമുക്കൊക്കെ ബോധ്യം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു; അതോ, ട്രിപ്പിൾ ലോക്ക്ഡൗണ് കൊണ്ടൊക്കെയേ നമ്മൾ പഠിക്കൂ എന്നുണ്ടോ..?!

#Time_for_extreme_vigil
#dont_be_covidiot

FB Post Link