29.4.20

ഒറ്റ ഇരട്ട അക്കങ്ങളും ദുരിതാശ്വാസ സാധ്യതയും..!


ഇന്ന് ഈ നഗരത്തിലും പരിസരത്തും ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് ആയിരുന്നു സഞ്ചാര അനുമതി.
വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇതേപോലുള്ള മാർഗ്ഗങ്ങളെ കുറിച്ചു ഞാൻ ആദ്യമായി കേൾക്കുന്നത് നൈജീരിയ വാസകാലത്തെ സഹപ്രവർത്തകനും ആർക്കിടെക്റ്റുമായ Arnie Bau എന്ന ഫിലിപ്പൈൻസ് സ്വദേശിയുടെ അടുത്തു നിന്നാണ്. അവരുടെ മെട്രോപോളിറ്റൻ മനിലയ്ക്കും (തലസ്ഥാന നഗരി) ചുറ്റുപാടും 1995 ലും പിന്നെ 96 ൽ കുറെ അധികം മറ്റ്‌ പ്രവിശ്യകളിലേക്കും കൂടി വ്യാപിപ്പിച്ചും റോഡുകളിലെ വാഹനതിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ Unified Vehicular Volume Reduction Program (UVVRP) നെ കുറിച്ചുള്ള അറിവ് എനിക്ക് തികച്ചും പുതിയത് തന്നെയായിരുന്നു. പിന്നീട് ഡൽഹിയിൽ ഇത്തരം ഏർപ്പാട് വരുന്നു എന്ന് കേട്ടപ്പോൾ ഒട്ടും പുതുമ തോന്നിയതുമില്ല.

ഈ തരം നിയന്ത്രണമാർഗ്ഗത്തിൽ പ്രാവർത്തികമാക്കാൻ എളുപ്പം എന്നു തോന്നാവുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളിൽ ഉള്ളതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നതായി തോന്നാമെങ്കിലും ഫിലിപ്പീൻസിൽ ഏർപ്പെടുത്തിയിരിക്കുന്നത് മറ്റൊരു തരത്തിലാണ്. 1,2 (തിങ്കൾ), 3,4 (ചൊവ്വ) എന്ന ക്രമത്തിൽ 9,0 (വെള്ളി) വരെ ശനി, ഞായർ ഒഴികെയുള്ള ദിനങ്ങളിൽ ആണ് നിയന്ത്രണം. ഒറ്റ , ഇരട്ട അക്കങ്ങളിൽ രണ്ട് വാഹനം വീട്ടിലുണ്ടെങ്കിൽ എല്ലാ ദിവസവും ഒരാൾക്ക് വേണമെങ്കിൽ വാഹനയാത്ര നടത്താമെങ്കിൽ, ഈ തരം നിയന്ത്രണത്തിൽ കുറഞ്ഞത് 5 വാഹനമെങ്കിലും അത്തരത്തിൽ വേണ്ടി വരും എന്നത് ഒരു തമാശയ്ക്കായി വേണമെങ്കിൽ ചിന്തിക്കാവുന്നതാണ്.

ഞാൻ പറയാൻ വന്നത് ഇതല്ല; ഇന്ന് ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് തിരുവനന്തപുരം നഗരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കാൻ അനുവാദമെങ്കിലും വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള കേവലം അഞ്ചര കിലോമീറ്റർ യാത്രയിൽ എനിക്ക് എതിരെ വന്നതും മുൻപിലേക്ക് കയറിപോയതുമായ വാഹനങ്ങളിൽ ഒരു എഴുപത്, അല്ലെങ്കിൽ വേണ്ട അറുപത് ശതമാനത്തിലധികം വാഹനങ്ങളും ഇരട്ട അക്കത്തിൽ അവസാനിക്കുന്നവയായിരുന്നു എന്നതാണ് സത്യം.
(ഇനി എനിക്ക് അക്കവും ദിവസവും തെറ്റിയതാണോ എന്ന് വരെ തോന്നിപ്പോയി..!) റോഡിൽ അധികം പോലീസ് പരിശോധന ഒന്നും കണ്ടില്ല. ഒരിടത്തു ഉണ്ടായിരുന്നു, അവിടെ ചില വാഹനങ്ങളുടെ ഫോട്ടോ എടുക്കുന്നുമുണ്ടായിരുന്നു, പക്ഷേ അപ്പോഴും എതിർ ദിശയിൽ നിരവധി ഇരട്ട അക്ക വാഹനങ്ങൾ നിർബാധം യാത്ര തുടർന്ന് പോകുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇന്നത്തെ പത്രങ്ങളിൽ ഏതാണ്ട് 200 ലധികം കേസുകൾ എടുത്തതായി വാർത്ത ഉണ്ട്. ഈ കേസുകൾക്ക് എന്താണ് പിഴ നൽകേണ്ടത് എന്നറിയില്ല, എന്നിരുന്നാലും ഈ ഒറ്റ- ഇരട്ട നിയന്ത്രണം ഭേദിക്കുന്നവരുടെ പിഴ തുക എത്രയായാലും അത് CMDRF ലേക്ക് മുതൽ കൂട്ടിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട് (ഇപ്പോൾ അങ്ങനെയാണോ എന്നും അറിയില്ല) അത്യാവശ്യം നല്ലൊരു തുക ഈ ഇനത്തിൽ നിന്ന് വേണമെങ്കിൽ പിരിഞ്ഞു കിട്ടും എന്ന് തന്നെയാണ് ഇന്നത്തെ യാത്രാനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായത്. കോവിഡ് 19മായി ബന്ധപ്പെട്ട ഏത് തരം നിയന്ത്രണങ്ങളും ഭേദിക്കപ്പെട്ടാൽ , അതിനുള്ള പിഴ ശിക്ഷ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഫണ്ടിനു നൽകുക വഴി നാട്ടുകാർക്ക് ഒരു വലിയ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളിയാകാനുള്ള സുവർണ്ണാവസരം കൂടിയാകുകയും ചെയ്യും..!

ഒന്ന് കൂടി; ഈ നിയന്ത്രണം ഒക്കെ ഭേദിച്ചു വാഹനങ്ങൾ ഓടിക്കുകയെന്നത് പലർക്കും
ഒരു ഹരമായിരിക്കുന്നു എന്നും തോന്നിപ്പോയി.. ഇവരൊക്കെ കൂടി എങ്ങോട്ടാണോ ഈ നാടിനെ കൊണ്ട് പോകുന്നത്..!!


( പത്ര ഭാഗങ്ങൾ 29.04.2020 മലയാള മനോരമയിൽ നിന്നും,  ഒപ്പം Arnie Bau മായുള്ള  ഒരു ഓർമ്മ ചിത്രവും )

Original  FB Post LINK 

19.4.20

പട്ടാളച്ചിട്ടയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും..!

ഞാനൊരു റിട്ടയേർഡ് പട്ടാളക്കാരന്റെയും മകനാണ്..!
കഴിഞ്ഞൊരു കുറിപ്പിൽ പിതാവിന്റെ കൃഷി രീതികളും മറ്റും സൂചിപ്പിച്ചപ്പോൾ എന്നെ നേരിട്ട് അറിയാവുന്ന പലരും 'പിതാവ് പട്ടാളത്തിൽ ആയിരുന്നില്ലേ' എന്ന് സന്ദേഹിച്ചു മെസേജുകളും മറ്റും അയച്ചിരുന്നതിനാലാണ് ആമുഖമായി ഇങ്ങിനെ കുറിക്കുന്നത്. 17 വർഷത്തോളം പട്ടാള സേവനമനുഷ്ഠിച്ച് വിരമിച്ചതിനുശേഷം അദ്ദേഹത്തിന് പിറന്ന മകനാണ് ഞാൻ; അതിനും ശേഷമാണ് അദ്ദേഹം കൃഷിയിലേക്ക് കടക്കുന്നത്.
റേഡിയോയിലിടയ്ക്ക് കേൾക്കുന്ന ഹിന്ദി പാട്ടുകളും സർവ്വീസിൽ നിന്ന് പെൻഷനായി വന്നപ്പോഴെങ്ങോ കൊണ്ടുവന്ന പരുക്കൻ കമ്പിളി കരിമ്പടത്തിന്റെ ഇളം ചൂടും മാസാമാസം കൊല്ലത്തുള്ള ഒരു ഓഫീസിൽ പോയി വാങ്ങി വരുന്ന പെൻഷൻ (പിന്നീട് അത് ബാങ്കു വഴിയായി) ദിവസത്തെ ധാരാളിത്വവും ഒഴിച്ചാൽ, പട്ടാളജീവിത അടയാളമായി, അവിടെനിന്നും പകർത്തിയതെന്നോണം അനുവർത്തിച്ചു പോന്ന ഒരു കാര്യം രാത്രി അത്താഴത്തിനുള്ള സമയക്രമം ആയിരുന്നു; കൃത്യം 8.30 ന് ഡൈനിങ്ങ് ടേബിളിൽ എല്ലാവരും ഹാജരാകണമെന്ന അലിഖിത നിയമം.
ഈ ഡൈനിങ്ങ് ടേബിൾ എന്നൊരു ആഡംബരത്തിനു പറഞ്ഞന്നേ ഉള്ളൂ, അടുക്കളയിൽ ഇട്ടിരിക്കുന്ന ഒരു ചെറു മേശയും 2 തടി കസേരയും, ഒരു ബഞ്ചും. ഒരേയൊരു പെങ്ങളുടെ ഭർത്താവ് കൂടിയുള്ളപ്പോൾ ഒരു തടി സ്റ്റൂൾ കൂടി എടുത്ത് ഇടും, അതിൽ മിക്കവാറുമൊക്കെ എനിക്കായിരിക്കും സ്ഥാനം.
ഭക്ഷണം കഴിക്കുക എന്ന കർമ്മത്തിലുപരി ചർച്ചകളും (രാഷ്ട്രീയവും മതവും ഉൾപ്പെടെ) വാർത്ത അവലോകനങ്ങളും (ലോക്കൽ പരദൂഷണം മുതൽ ഇന്റർനാഷണൽ വരെ) ഒക്കെയും ഉൾപ്പെടുന്ന ഒരു കുടുംബ കൂടിയിരുപ്പ് കൂടിയായിരുന്നു അത്. അന്നത്തെ കുടുംബകാര്യങ്ങളും പിറ്റേന്നത്തേക്കുള്ള കാര്യങ്ങളുമൊക്കെ പറയാനും തർക്കിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമൊക്കെയുള്ള ഒരു വേദി. ഞാൻ കുറച്ചു മുതിർന്ന് പുറത്ത് കൂട്ടുകാരുമൊക്കെയായി കറങ്ങലും ഒക്കെയായപ്പോൾ എട്ടര എന്നതിൽ നിന്ന് ഒന്പതിലേക്ക് മാറ്റി തന്നു എന്നതൊഴിച്ചാൽ വീട്ടിലെ ക്ളോക്കിന്റെ സൂചി നിലച്ചാലും അത്താഴ സമയക്രമം കൃത്യമായി പാലിച്ചിരുന്നു.
അമ്മ ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്സ് ജോലിയിൽ ആയിരുന്നതിനാൽ ചിലപ്പോൾ നൈറ്റ് ഡ്യൂട്ടി വരും ; അപ്പോഴും, അമ്മയെ കൊണ്ട് വിട്ട് വന്നിട്ട്, കൂടെയിരിക്കാൻ ഞാൻ മാത്രമേ ഉള്ളൂവെങ്കിൽ കൂടിയും പരിപാടിയിൽ മാറ്റമില്ല. മുൻ‌കൂർ അനുവാദമില്ലാതെ ഈ ഡിന്നർ കമ്മിറ്റിയിൽ നിന്നും ഒരാൾക്കും ഒഴിവാകാനും കഴിഞ്ഞിരുന്നില്ല.
ഇത് എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ മരണത്തോളം,
റംസാൻ നോമ്പ് കാലത്തും വിശേഷ ദിവസങ്ങളിലും ചില വയ്യായ്ക കാലങ്ങളിലും ഒഴികെ വീട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ തുടർന്നു പോന്നിരുന്നതാണ്. സുഹൃത്തുക്കളിൽ പലരും ഈ മിലിട്ടറിച്ചിട്ടയുടെ കാര്യം പറഞ്ഞു എന്നെ ധാരാളം കളിയാക്കിയിട്ടുണ്ട്. യുവത്വത്തിന്റെ തിളപ്പിൽ എപ്പോഴൊക്കെയോ
എനിക്കും ചില അലോരസങ്ങൾ ഈ ഏർപ്പാടിനോട് തോന്നിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. പക്ഷേ, കാർക്കശ്യത്തെക്കാൾ കരുതലായിരുന്നു, താങ്ങും തണലുമായിരുന്നു, നേർ വഴികാട്ടലായിരുന്നു അതൊക്കെയെന്നു പിന്നീട് തിരിച്ചറിഞ്ഞിട്ടുമുണ്ട്; പിതാവിന്റെ മരണശേഷം എനിക്ക് നഷ്ടമായതും ഈ കരുതലിന്റെ നിറവാണ്.
പഠനത്തിന്റെയും, ജോലിയുടെയും, കുടുംബജീവിത തിരക്കുകളിലുമൊക്കെ പെട്ടുഴലുമ്പോളൊന്നും കിട്ടാതിരുന്ന ഈ പറഞ്ഞ രക്ഷാകർത്ത മേലാപ്പിന്റെ തണൽ ബോധം കോവിഡ് കാലം കൊണ്ട് തന്നു എന്ന് പറയാം. എന്നെ സംബന്ധിച്ചിടത്തോളം, അതേപോലൊരു കാർക്കശ്യവും കരുതലും തിരികെ കിട്ടിയതെന്ന് തോന്നിപ്പിച്ച ഒന്നായിരുന്നു ഈ മാഹാമാരി കാലത്തെ മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറുമണിക്കുള്ള പത്ര സമ്മേളന കാഴ്ചകൾ. വീട്ടിൽ അടച്ചു പൂട്ടിയിരുന്നു ജോലികളിലും പഠനത്തിലും മറ്റും വ്യാപൃതരാകുമ്പോഴുള്ള മുഷിപ്പിലും ലോകമെമ്പാടും പടരുന്ന രോഗബാധയുടെ ആശങ്കയിലും കുടുംബാഗംങ്ങൾ ഒരുമിച്ചിരുന്നു ശ്രദ്ധാപൂർവം വീക്ഷിച്ചുപോന്ന 'സമയ കൃത്യത' പാലിക്കുന്ന ഈ പരിപാടി ഒരു ഉറപ്പും ധൈര്യവുമൊക്കെയായിരുന്നു.
ഓരോ ദിവസത്തെ സമകാലിക വിവരങ്ങളും സർക്കാർ നടപടിക്രമങ്ങളും സംസ്‌ഥാനത്തെ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്ന പ്രക്രിയയ്ക്കിടയിലെവിടെയോ ഒളിപ്പിച്ചു വെച്ച ആത്മവിശ്വാസ കണികകൾ ഉത്പാദിപ്പിച്ച ധൈര്യത്തിൽ, പൊതുജനം ആശയ കുഴപ്പങ്ങളില്ലാതെ, വിവരങ്ങൾക്കായി ചാനലുകൾ തോറും പരതി നടക്കാതെ രാജ്യവ്യാപക ലോക്ക്ഔട്ടും ബ്രെക്ക്‌ ദ് ചെയിനും പുതിയ അനുഭവങ്ങൾ ആയിട്ടുകൂടി കാര്യഗൗരവത്തോടെ മനസ്സിലാക്കി വീട്ടിലിരുന്നു; കോവിഡ് യുദ്ധ പ്രഖ്യാപനത്തിൽ ഭാഗഭാക്കായി.
എന്ത് കാരണത്താലായാലും
മുഖ്യമന്ത്രിയുടെ ലൈവ് പത്രസമ്മേളനം താൽക്കാലികമായേ നിർത്തിയിട്ടുള്ളൂ എന്ന് കരുതാനാണ് എനിക്ക് താല്പര്യം;
ശരിക്കും, we miss CM's daily press meet and updates..!

#Kovid_19

(Original FB Post Link )


കൃഷിപാഠം

വേനൽ കടുക്കുന്നു; പച്ചക്കറി ചെടികൾക്ക് എത്ര വെള്ളം കൊടുത്താലും ഇനിയും കൊണ്ട് വാ എന്ന മട്ടാണ്. ഇടയ്ക്ക് ഒന്ന് രണ്ട് മഴ കിട്ടിയെങ്കിലും ഭൂമിയുടെ ദാഹം തീരെ ശമിച്ചിട്ടില്ല.
ചെറിയ തോതിലാണെങ്കിലും എന്റെ കൃഷിയുടെ രീതികളും മറ്റും അറിഞ്ഞോ അറിയാതെയോ പിതാവിൽ നിന്ന് പകർന്ന് കിട്ടിയതാവണം. അദ്ദേഹം വലിയ കൃഷിക്കാരനോ കർഷകശ്രീയോ ഒന്നുമല്ലായിരുന്നുവെങ്കിലും മണ്ണിൽ വിളയിറക്കിയിരുന്നതും വിളവെടുത്തിരുന്നതും തികച്ചും സത്യസന്ധമായിട്ടായിരുന്നു, മണ്ണിനോടും മനുഷ്യരോടും. അന്നീ ഓർഗാനിക് കൃഷിയൊന്നും സ്പെഷ്യൽ ഐറ്റമായി അവതരിച്ചിരുന്നില്ലെങ്കിൽ കൂടി നാട്ടിൽ മിക്കവരും ചെയ്തിരുന്നത് ജൈവം തന്നെയായിരുന്നു.
അത്തരത്തിൽ ഒരു കൃഷി രീതിയും വിളവെടുപ്പും ഓർമ്മയിൽ ഉള്ളത് അദ്ദേഹം ഒരിക്കൽ പരീക്ഷിച്ച ഇഞ്ചി കൃഷി ആണ്. ഇഞ്ചി നടുന്നതിന് മുൻപ് ആ വയൽ ഭാഗം നിറയെ കപ്പലണ്ടി കൃഷി ചെയ്തു (കാർഷിക ഭവനിൽ നിന്നെങ്ങോ ആണ് വിത്ത് കിട്ടിയത്) അത് വഴി പോകുന്ന പലരും കളിയാക്കലുകൾ കൊണ്ട് മുറിപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, കപ്പലണ്ടി ചെടികൾ വേഗത്തിൽ തഴച്ചു വളർന്നു , പൂത്തു , പിന്നെ വാടി കൊഴിഞ്ഞു; വിളവെടുപ്പിനു ഓരോ ചെടിയുടെ ചുവട്ടിലും നിറയെ കപ്പലണ്ടി കൂട്ടം. പക്ഷെ ഇത് സാധാരണ ചെയ്യാറുള്ള പോലെ കമ്പോളത്തിൽ വിൽക്കാനൊന്നും പോയില്ല, കുറെ ഞങ്ങൾക്കും ബന്ധുമിത്രാദികൾക്കും അതിലേറെ കളിയാക്കിയ ടീമുകൾക്കും ഒക്കെ നൽകി. അതായിരുന്നില്ല പുള്ളിയുടെ തുറുപ്പ് ചീട്ട് എന്ന് പിന്നീടാണ് മനസ്സിലായത്; വിളവെടുത്ത് അവശേഷിച്ച കപ്പലണ്ടി ചെടി തണ്ടുകളും വേരുപടലങ്ങളും മറ്റും ആ പണകളിൽ തന്നെ ഇട്ട് ചീയിച്ചു, മണ്ണിൽ കലരാനനുവദിച്ചു. ശേഷം കാര്യമായി ഇഞ്ചി നട്ടു. സാധാരണ നൽകിയിരുന്ന വളങ്ങൾ തുശ്ചമായി മാത്രം നൽകി. പക്ഷെ, ആ വർഷത്തെ ഇഞ്ചിയുടെ വിളവ് പോലെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ലന്ന് വേണം പറയാൻ. കപ്പലണ്ടി ചെടിയുടെ വേരിലും മറ്റും എന്തോ നൈട്രജനോ ഒക്കെ ഉണ്ടെന്നും അത് വിളവ് കൂടാൻ സഹായിക്കും എന്നൊക്കെയാണ് അന്ന് പറഞ്ഞു തന്നത്.
കൃഷിയിൽ നിന്നുള്ള വരുമാനം കൂടി ചേർത്ത് പരുവപ്പെടുത്തിയെടുത്ത സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിനിടയ്‌ക്കൊന്നും പക്ഷേ കാർഷിക വൃത്തിയിൽ തരിമ്പും താൽപര്യം എനിക്കുണ്ടായിരുന്നില്ല. വല്ലപ്പോഴും വെള്ളമൊഴിക്കലിനോ, വയൽകിളികളെ കൂവി വിളിച്ചും പാട്ട കൊട്ടിയും പറത്തി വിടാനോ ഒക്കെയുള്ള സാധാ ചുമതലകളെ എനിക്ക് കിട്ടിയിരുന്നുള്ളൂ. എങ്കിലും അദ്ദേഹവുമായുള്ള ആശയ വിനിമയവും ചർച്ചകളും വിനോദങ്ങളും പരാതി പരിഹാരവും മറ്റും ഏതാണ്ട് പൂർണമായും കൃഷിയിടങ്ങളിൽ വെച്ചായിരുന്നു. അതിനിടയ്ക്കെപ്പൊഴോ ഒക്കെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാർഷിക വിദ്യാഭ്യാസമാവും എനിക്കുള്ളത്. എന്തായാലും, അത് തീരെ മോശമായിട്ടില്ലന്നാണ് സ്വയമൊരു വിലയിരുത്തൽ..!
പറഞ്ഞു വന്നത് ചെടികൾക്ക് വെള്ളം നൽകുന്നതിനെ കുറിച്ചും ദാഹിച്ചു വരളുന്ന ഭൂമിയെ കുറിച്ചുമാണ്. ഇന്ന് കുറെ പച്ചക്കറി ചെടികൾക്ക് തടമെടുത്ത് കരിയിലകൾ കൊണ്ട് പുതയിട്ടു. ഈ വേനലിൽ വെള്ളത്തിന്റെ ദുരുപയോഗം, കൃഷിക്കാണെങ്കിൽ പോലും ഒഴിവാക്കേണ്ടതുണ്ട്; കുറച്ചു വെള്ളം കൊണ്ട് ചെടികളുടെ ദാഹം നികത്താനാകുമോ എന്ന് നോക്കട്ടെ..!

വാൽകഷ്ണം:
അടുത്തിടെ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ കുറച്ചു പച്ച കപ്പലണ്ടി വാങ്ങി, ഉദ്ദേശം ഭാവിയിലെ ഇഞ്ചി കൃഷി ആണെന്ന് നിങ്ങൾക്ക് ഇപ്പോൾ ഏറക്കുറെ മനസ്സിലായിക്കാണും; പക്ഷെ വീട്ടിലെ പാചക രത്നത്തിന് മനസ്സിലായില്ല ! അതെടുത്ത് വറുത്ത് റോസ്റ്റാക്കി കൊറോണ വീട്ടിലിരുപ്പിനിടെ വൈകുന്നേരത്തെ ചായക്ക് ടച്ചിങ്ങ്സ് ആയി തന്നു, വറുത്ത കപ്പലണ്ടി തിന്നാൽ കൊറോണ വരില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടായാലും അല്ലെങ്കിലും ദോഷം പറയരുതല്ലോ; നല്ല ടേസ്റ്റി ആയിരുന്നു..!!
( ചിത്രത്തിൽ ഉള്ളത് പാൽമുളക്, വഴുതന ചെടികളാണ് )

(Original FB post Link )

കൊറോണ കാലത്തെ സൗഹൃദസംഗമം..!


വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഒത്തുകൂടുക എന്നത് ഞങ്ങൾ സഹപാഠികളുടെ ഒരു ശീലമായി പോയി. ആർക്കിടെക്‌ചർ എന്ന തിരക്കും അഹംബോധവും അഹംഭാവവും നിറഞ്ഞ പ്രൊഫെഷനിൽ നിന്നും ഒന്നോ രണ്ടോ ദിവസം അവധിയെടുത്തു ഞങ്ങളിലേക്ക് ചുരുങ്ങുകയല്ല, ഞങ്ങൾക്കും അപ്പുറത്തേക്ക് വികാസം കൊള്ളാൻ ഹേതുവാകുകയുമാണ് ഈ കൂടിച്ചേരലുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഞങ്ങളുടെ ഈ സഹപാഠി കൂട്ടം നിർമ്മിച്ചു നൽകിയ വീടിന്റെ കേറിതാമസ ചടങ്ങിന്റെ ദിവസമാണ് കുറച്ചു പേരെങ്കിലും അവസാനമായി ഒത്ത് കൂടിയത്; പിന്നെ ഇപ്പോൾ കൊറോണയായി, ലോക്ക് ഡൗണ് ആയി , യാത്രാ വിലക്കായി, വീട്ടിലിരിപ്പായി. പക്ഷേ, അങ്ങിനെ ഞങ്ങളെ ഒതുക്കിയിരുത്താൻ നോക്കണ്ട, ഇന്നലെ ഞങ്ങൾ പത്ത് പേർ വീണ്ടും ഒത്തുകൂടി, ഇപ്പോഴത്തെ പ്രത്യേക ആരോഗ്യ, മുന്നറിയിപ്പ് സാഹചര്യത്തിൽ പറ്റാവുന്ന രീതിയിൽ; സത്യം പറഞ്ഞാൽ ഇന്ന് നല്ല മനസുഖമുണ്ട്, ഒരു പ്രസരിപ്പും ഉന്മേഷവുമൊക്കെ തോന്നുന്നുമുണ്ട്. സാമൂഹിക ഒറ്റപ്പെടലിന്റെ നടുവിലും സ്നേഹ സൗഹൃദത്തിന്റെ കണ്ണികൾക്കും കൂടിച്ചേരലുകൾക്കും മാത്രം നൽകാവുന്ന ഒരു അദൃശ്യ ശക്തിമരുന്ന്..
ഗോ കൊറോണ, ഗോ; ഞങ്ങൾക്ക് നീ പുല്ലാണ്..!

ഐസൊലേഷൻ കൂടുകൾ


കൊറോണ ചൈനയിൽ തുടങ്ങി നുമ്മടെ തൃശൂർ ഭാഗത്തേക്ക് എത്തിയപ്പോൾ മുതൽ വീണ്ടും കേൾക്കാൻ തുടങ്ങി ഇപ്പോൾ കേരളക്കരയാകെ ചിരപരിചിതമായ വാക്കുകളാണ് ഐസൊലേഷൻ, ക്വാറൻറ്റെയിൻ തുടങ്ങിയവ. ഇതിനു മുൻപ് നിപ്പ വന്നപ്പോൾ , അതങ്ങ് കോഴിക്കോട്ടല്ലേ , 'നമ്മെ എന്തര് ബാധിക്കാൻ ' എന്ന് ആശ്വസിച്ചു നടന്നവരും ഇപ്പോൾ ഈ വാക്കുകൾ കേട്ടാലൊന്ന് ഞെട്ടും. അതുക്കും മുൻപ് നൈജീരിയ വാസത്തിനിടെ 'എബോള; പൊട്ടിപുറപ്പെട്ടപ്പോളാണ് ഞാൻ ശരിക്കും ഈ വാക്കുകൾ കേട്ടതും അങ്ങിനെ കഴിയുന്നവരുടെയും അതിലേറെ അവരെ പരിചരിക്കുന്നവരുടെയും മറ്റും അവസ്ഥ അറിഞ്ഞു ഞെട്ടിയതും.
എന്തായാലും വീട്ടിൽ ഐസൊലേറ്റഡ് ആയ സ്ഥിതിക്ക് പതിവിലും അധികം സമയം നേരമ്പോക്കിനായി കിട്ടുന്നുവെന്നതിനാൽ കുറച്ചു ഐസൊലേഷൻ കൂടുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു; ഞെട്ടിയോ, എന്നാൽ വേണ്ട, ഇത് കൊറോണ ഐസൊലേഷൻ അല്ല.
പ്രതിയൊരു പൂവൻ കോഴിയും അവന്റെ ലീലാവിലാസങ്ങളിൽ ആകൃഷ്ടരായ പതിനഞ്ച് - ഇരുപത് പിടകളുമാണ്. അയൽവാസികളുടെയാണ്, വൈകുന്നേരം അടുപ്പിച്ചു ഒരു നാല് മണികഴിയുമ്പോൾ എന്റെ ഇത്തിരിപ്പോന്ന നേരമ്പോക്ക് കൃഷിയിടത്തിൽ മേയലാണ് (അതേ, നേരമ്പോക്ക് തന്നെ, ഒപ്പം വിഷരഹിത പച്ചക്കറിയെന്ന സ്വപ്നവും തടിയിത്തിരി കുറയ്ക്കാനുള്ള മെയ്യഭ്യാസങ്ങളും ) സാധാരണയായി ആപ്പീസ് പണികഴിഞ്ഞു അഞ്ചര ആറോടെ ഞാൻ വീടണയുമ്പോഴേക്കും ഇവറ്റകൾ അത്യാവശ്യം പണിയും കഴിഞ്ഞു കൂടണഞ്ഞിട്ടുണ്ടാവും എന്നതിനാൽ മുഖാമുഖം കാണാൻ ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ജനതാ കർഫ്യൂ വേണ്ടി വന്നു (സാധാരണ പബ്ലിക് അവധി ദിനങ്ങൾ ഇവറ്റകൾക്കും 'ഓഫ് ഡേ ഓഫ് ദി പണിതരൽ' ആണോന്ന് സംശയം ഉണ്ട്)
എന്തായാലും നമ്മുടെ പി.എം @ 8 പി.എം. ആഹ്വാനം ചെയ്ത ഡെമോ കർഫ്യൂവും ആസ്വദിച്ചു വീട്ടിലിരുന്നു അഞ്ച് മണിക്കുള്ള പാത്രം മുട്ടലിനായി കോപ്പു കൂട്ടുകയും ചെയ്തിരിക്കുമ്പോഴാണ് പ്രതി പൂവൻ കോഴിയുടെ അസാധാരണ ചിന്നം വിളികളും 'വരിക വരിക സഹജരെ' മോഡലിലോ മറ്റോ ഉള്ള മുദ്രാവാക്യം വിളികളും ശ്രദ്ധയിൽ പെടുന്നത്. മുട്ടാൻ സ്റ്റീൽ പാത്രങ്ങൾ കയ്യിലിരുന്നത് നന്നായി, എടുത്തെറിഞ്ഞോടിച്ചപ്പോൾ എല്ലാം കൂടി ആർത്തട്ടഹസിച്ചും ചിലച്ചും ശിങ്കാരിമേളം മുഴക്കി (അതോ, മൊത്തം ചില്ലറ എനിക്കുള്ള തെറിയായിരുന്നോ എന്തോ) ഓടിയും പറന്നും അവനോന്റെ വീടുകളിലേക്ക് പോയി. ഈ ശബ്ദകോലാഹലത്തിൽ അയൽവാസികളാരുടെയോ ഒക്കെ പാത്രം മുട്ടൽ ചടങ്ങിന്റെ ഡോൾബി സൗണ്ട് നാട്ടാരാരും കേട്ടില്ലെന്നും പരാതിയുണ്ടത്രേ..!
ഇവറ്റകളുടെ മെയിൻ പണി ചിക്കി ചികയൽ ആണെന്നതിൽ എനിക്കൊരു പരാതിയും ഇല്ല, ഇതിനിടയിൽ വല്ലപ്പോഴും കാഷ്ടിച്ചു വെയ്ക്കുന്നത് എന്റെ ഇടത്തിനു നല്ലതുമാണ്. പക്ഷെ ഇടയ്ക്കുള്ള മറ്റ് ചില സൂത്രപ്പണികൾ ആണ് പ്രശ്നഹേതു. എന്ത് തൈ നട്ടുവെച്ചാലും അതിന്റെ ഇലകൾ; നേരത്തെ തളിര് മാത്രമായിരുന്നു, ഇപ്പോൾ ചെടിയോടെ, കൊത്തി തിന്നലാണ് പരിപാടി. അത്യാവശ്യം ഓലമടലൊക്കെ വെട്ടി കൂട്ടി നട്ടതിന്റെ ചുവട്ടിൽ ഇട്ട് ആദ്യമൊക്കെ പ്രതിരോധിച്ചുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥകൊണ്ടാണെന്ന് തോന്നുന്നു സകല പ്രതിരോധങ്ങളെയും തച്ചു തകർത്ത് നടുന്ന സകലമാന വിള ചെടികളുടെയും ഇലകൾ തിന്നു തീർക്കുകയാണ്. (അവിടവിടെ പാഴ്ചെടികളും പുല്ലുമൊക്കെ പിടിക്കുന്നുണ്ട് , അതൊന്നും ഇവറ്റകൾക്ക് വേണ്ട , നമ്മൾ നടുന്നതാണ് പഥ്യം..!)

അയൽവാസികളോട് പറഞ്ഞു കോഴികളെ ഐസൊലേറ്റ് ചെയ്യൽ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുമൊക്കെ കൂട്ടം കൂടരുതെന്ന ആഹ്വാനത്തെ ഇന്നാട്ടുകാർ ആഘോഷമാക്കിയതിനേക്കാൾ പ്രയാസകരമായിരിക്കും. അതിലും എളുപ്പം ഇനി ചെടികൾ നടുമ്പോൾ അവയെ ഒരു കവചിതമറയ്ക്കുള്ളിൽ ആക്കുന്നതാവും എന്ന തോന്നലിൽ, കുറച്ചു പി.വി.സി ഫെൻസ് നെറ്റ് വാങ്ങിയിരുന്നത് ഇന്ന് എടുത്ത് മുറിച്ചു കുറെ കൂടുകൾ ഒരുക്കി വട്ടമറ തീർത്തിട്ടുണ്ട്. കോഴിപ്പൂവനും സംഘവും ഇന്നൊന്ന് വന്ന് എത്തിനോക്കി പോയി; അല്ല, ഓടിച്ചു വിട്ടു. 'പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു' എന്ന ഡയലോഗോ മറ്റോ ആണോ പോകുന്ന പോക്കിൽ അവൻ അവസാനം കൂകി വിളിച്ചത് എന്നൊരു സംശയവും ഇല്ലാതില്ല..🙄
#Kovid_19

(Original FB Post Link )