19.4.20

പട്ടാളച്ചിട്ടയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും..!

ഞാനൊരു റിട്ടയേർഡ് പട്ടാളക്കാരന്റെയും മകനാണ്..!
കഴിഞ്ഞൊരു കുറിപ്പിൽ പിതാവിന്റെ കൃഷി രീതികളും മറ്റും സൂചിപ്പിച്ചപ്പോൾ എന്നെ നേരിട്ട് അറിയാവുന്ന പലരും 'പിതാവ് പട്ടാളത്തിൽ ആയിരുന്നില്ലേ' എന്ന് സന്ദേഹിച്ചു മെസേജുകളും മറ്റും അയച്ചിരുന്നതിനാലാണ് ആമുഖമായി ഇങ്ങിനെ കുറിക്കുന്നത്. 17 വർഷത്തോളം പട്ടാള സേവനമനുഷ്ഠിച്ച് വിരമിച്ചതിനുശേഷം അദ്ദേഹത്തിന് പിറന്ന മകനാണ് ഞാൻ; അതിനും ശേഷമാണ് അദ്ദേഹം കൃഷിയിലേക്ക് കടക്കുന്നത്.
റേഡിയോയിലിടയ്ക്ക് കേൾക്കുന്ന ഹിന്ദി പാട്ടുകളും സർവ്വീസിൽ നിന്ന് പെൻഷനായി വന്നപ്പോഴെങ്ങോ കൊണ്ടുവന്ന പരുക്കൻ കമ്പിളി കരിമ്പടത്തിന്റെ ഇളം ചൂടും മാസാമാസം കൊല്ലത്തുള്ള ഒരു ഓഫീസിൽ പോയി വാങ്ങി വരുന്ന പെൻഷൻ (പിന്നീട് അത് ബാങ്കു വഴിയായി) ദിവസത്തെ ധാരാളിത്വവും ഒഴിച്ചാൽ, പട്ടാളജീവിത അടയാളമായി, അവിടെനിന്നും പകർത്തിയതെന്നോണം അനുവർത്തിച്ചു പോന്ന ഒരു കാര്യം രാത്രി അത്താഴത്തിനുള്ള സമയക്രമം ആയിരുന്നു; കൃത്യം 8.30 ന് ഡൈനിങ്ങ് ടേബിളിൽ എല്ലാവരും ഹാജരാകണമെന്ന അലിഖിത നിയമം.
ഈ ഡൈനിങ്ങ് ടേബിൾ എന്നൊരു ആഡംബരത്തിനു പറഞ്ഞന്നേ ഉള്ളൂ, അടുക്കളയിൽ ഇട്ടിരിക്കുന്ന ഒരു ചെറു മേശയും 2 തടി കസേരയും, ഒരു ബഞ്ചും. ഒരേയൊരു പെങ്ങളുടെ ഭർത്താവ് കൂടിയുള്ളപ്പോൾ ഒരു തടി സ്റ്റൂൾ കൂടി എടുത്ത് ഇടും, അതിൽ മിക്കവാറുമൊക്കെ എനിക്കായിരിക്കും സ്ഥാനം.
ഭക്ഷണം കഴിക്കുക എന്ന കർമ്മത്തിലുപരി ചർച്ചകളും (രാഷ്ട്രീയവും മതവും ഉൾപ്പെടെ) വാർത്ത അവലോകനങ്ങളും (ലോക്കൽ പരദൂഷണം മുതൽ ഇന്റർനാഷണൽ വരെ) ഒക്കെയും ഉൾപ്പെടുന്ന ഒരു കുടുംബ കൂടിയിരുപ്പ് കൂടിയായിരുന്നു അത്. അന്നത്തെ കുടുംബകാര്യങ്ങളും പിറ്റേന്നത്തേക്കുള്ള കാര്യങ്ങളുമൊക്കെ പറയാനും തർക്കിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമൊക്കെയുള്ള ഒരു വേദി. ഞാൻ കുറച്ചു മുതിർന്ന് പുറത്ത് കൂട്ടുകാരുമൊക്കെയായി കറങ്ങലും ഒക്കെയായപ്പോൾ എട്ടര എന്നതിൽ നിന്ന് ഒന്പതിലേക്ക് മാറ്റി തന്നു എന്നതൊഴിച്ചാൽ വീട്ടിലെ ക്ളോക്കിന്റെ സൂചി നിലച്ചാലും അത്താഴ സമയക്രമം കൃത്യമായി പാലിച്ചിരുന്നു.
അമ്മ ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്സ് ജോലിയിൽ ആയിരുന്നതിനാൽ ചിലപ്പോൾ നൈറ്റ് ഡ്യൂട്ടി വരും ; അപ്പോഴും, അമ്മയെ കൊണ്ട് വിട്ട് വന്നിട്ട്, കൂടെയിരിക്കാൻ ഞാൻ മാത്രമേ ഉള്ളൂവെങ്കിൽ കൂടിയും പരിപാടിയിൽ മാറ്റമില്ല. മുൻ‌കൂർ അനുവാദമില്ലാതെ ഈ ഡിന്നർ കമ്മിറ്റിയിൽ നിന്നും ഒരാൾക്കും ഒഴിവാകാനും കഴിഞ്ഞിരുന്നില്ല.
ഇത് എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ മരണത്തോളം,
റംസാൻ നോമ്പ് കാലത്തും വിശേഷ ദിവസങ്ങളിലും ചില വയ്യായ്ക കാലങ്ങളിലും ഒഴികെ വീട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ തുടർന്നു പോന്നിരുന്നതാണ്. സുഹൃത്തുക്കളിൽ പലരും ഈ മിലിട്ടറിച്ചിട്ടയുടെ കാര്യം പറഞ്ഞു എന്നെ ധാരാളം കളിയാക്കിയിട്ടുണ്ട്. യുവത്വത്തിന്റെ തിളപ്പിൽ എപ്പോഴൊക്കെയോ
എനിക്കും ചില അലോരസങ്ങൾ ഈ ഏർപ്പാടിനോട് തോന്നിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. പക്ഷേ, കാർക്കശ്യത്തെക്കാൾ കരുതലായിരുന്നു, താങ്ങും തണലുമായിരുന്നു, നേർ വഴികാട്ടലായിരുന്നു അതൊക്കെയെന്നു പിന്നീട് തിരിച്ചറിഞ്ഞിട്ടുമുണ്ട്; പിതാവിന്റെ മരണശേഷം എനിക്ക് നഷ്ടമായതും ഈ കരുതലിന്റെ നിറവാണ്.
പഠനത്തിന്റെയും, ജോലിയുടെയും, കുടുംബജീവിത തിരക്കുകളിലുമൊക്കെ പെട്ടുഴലുമ്പോളൊന്നും കിട്ടാതിരുന്ന ഈ പറഞ്ഞ രക്ഷാകർത്ത മേലാപ്പിന്റെ തണൽ ബോധം കോവിഡ് കാലം കൊണ്ട് തന്നു എന്ന് പറയാം. എന്നെ സംബന്ധിച്ചിടത്തോളം, അതേപോലൊരു കാർക്കശ്യവും കരുതലും തിരികെ കിട്ടിയതെന്ന് തോന്നിപ്പിച്ച ഒന്നായിരുന്നു ഈ മാഹാമാരി കാലത്തെ മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറുമണിക്കുള്ള പത്ര സമ്മേളന കാഴ്ചകൾ. വീട്ടിൽ അടച്ചു പൂട്ടിയിരുന്നു ജോലികളിലും പഠനത്തിലും മറ്റും വ്യാപൃതരാകുമ്പോഴുള്ള മുഷിപ്പിലും ലോകമെമ്പാടും പടരുന്ന രോഗബാധയുടെ ആശങ്കയിലും കുടുംബാഗംങ്ങൾ ഒരുമിച്ചിരുന്നു ശ്രദ്ധാപൂർവം വീക്ഷിച്ചുപോന്ന 'സമയ കൃത്യത' പാലിക്കുന്ന ഈ പരിപാടി ഒരു ഉറപ്പും ധൈര്യവുമൊക്കെയായിരുന്നു.
ഓരോ ദിവസത്തെ സമകാലിക വിവരങ്ങളും സർക്കാർ നടപടിക്രമങ്ങളും സംസ്‌ഥാനത്തെ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്ന പ്രക്രിയയ്ക്കിടയിലെവിടെയോ ഒളിപ്പിച്ചു വെച്ച ആത്മവിശ്വാസ കണികകൾ ഉത്പാദിപ്പിച്ച ധൈര്യത്തിൽ, പൊതുജനം ആശയ കുഴപ്പങ്ങളില്ലാതെ, വിവരങ്ങൾക്കായി ചാനലുകൾ തോറും പരതി നടക്കാതെ രാജ്യവ്യാപക ലോക്ക്ഔട്ടും ബ്രെക്ക്‌ ദ് ചെയിനും പുതിയ അനുഭവങ്ങൾ ആയിട്ടുകൂടി കാര്യഗൗരവത്തോടെ മനസ്സിലാക്കി വീട്ടിലിരുന്നു; കോവിഡ് യുദ്ധ പ്രഖ്യാപനത്തിൽ ഭാഗഭാക്കായി.
എന്ത് കാരണത്താലായാലും
മുഖ്യമന്ത്രിയുടെ ലൈവ് പത്രസമ്മേളനം താൽക്കാലികമായേ നിർത്തിയിട്ടുള്ളൂ എന്ന് കരുതാനാണ് എനിക്ക് താല്പര്യം;
ശരിക്കും, we miss CM's daily press meet and updates..!

#Kovid_19

(Original FB Post Link )


No comments: