21.4.21

താടി മാമന്റെ കുടുംബ വിസിറ്റ് (20.04.2021)

'താടിയുള്ള അപ്പനെയെ പേടിക്കൂ' എന്നേതോ നാട്ടുകാര് പഴംചൊല്ലിക്കൊടുത്തത് വിശ്വസിച്ചാവണം, വെള്ളവും വളവും പിന്നെയിത്തിരി ജി.ഡി.പി യും തളിച്ച് വളർത്തിയ ശുഭ്രവർണ്ണ ശ്മശ്രുഭാരവുമായി തറവാട്ടിലെ കാർന്നോര്; ഞങ്ങളുടെ താടി മാമൻ,  ഇന്നലെ രാത്രി പെട്ടെന്ന് വലിയ മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടുംബത്തേക്ക് കയറി വന്നത്.

പത്തിരുപത് മിനുട്ട് തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും മറ്റും പറഞ്ഞു പേടിപ്പിച്ചു, പിന്നെന്തോ യുദ്ധത്തിന്റെ കാര്യമൊക്കെ പറഞ്ഞു; അവനോന്റെ കാര്യം നോക്കി കുടുംബത്ത് ഇരുന്നാൽ മതി തറവാടിൻറെ അടിത്തറയൊക്കെ പുള്ളി കോൺട്രാക്ട് കൊടുത്തു ഇളക്കി റെഡിയാക്കി തരാമെന്നൊക്കെയാണെന്ന് പറഞ്ഞതെന്ന് തോന്നുന്നു. ഭാഗ്യത്തിന് അയലോക്കക്കാരുമായി നടത്തേണ്ട അതിർത്തി വഴക്കിനെ കുറിച്ചൊന്നും ഇന്നലെ മിണ്ടിയില്ല;  തൊട്ട് അയല്പക്കത്തിനും അപ്പുറത്തും അതിന്റെയും അപ്പുറത്തുള്ള വീടുകളിൽ പോലും നമ്മളെ അടുപ്പിക്കില്ലന്നുള്ള തിട്ടൂര വാർത്തയെയും തൊട്ടില്ല.

തറവാട് തളർന്നാലും താടി വളരണം എന്ന പോളിസിയുമെടുത്ത് കഴിഞ്ഞ ഒരു വർഷത്തോളമായി അശ്രാന്ത പരിശ്രമം നടത്തുന്ന കാർന്നോരോട് ആർക്കും ഒന്നും ചോദിക്കാനും പാടില്ല; എന്തേലും ചോദിച്ചാൽ ചിലപ്പോൾ കരഞ്ഞു കളയുമോ എന്നൊരു പേടിയും, കണ്ണുനീര് പോലും താടിക്ക് വളമാക്കുന്ന ടീമാണ്..!

തറവാട് മുടിഞ്ഞുകൊണ്ടിരിക്കുന്നതിൽ 'മാമനോടോന്നും തോന്നല്ലേ മക്കളേ' എന്ന ഭാവത്തിൽ  സന്ദർശനം കഴിഞ്ഞു പോകുമ്പോഴും ഒരു ഗൂഢസ്മിതം ആ നനുത്ത താടിമീശകൾക്കിടയിൽ കണ്ടത് കുടുംബത്തിലെ ഇളമുറക്കാർ മാത്രമാണോ..?


14.4.21

വിഷു - 2021

'കാലമിനിയുമുരുളും..' അല്ലെങ്കിൽ വേണ്ട, വിഷുവായാലും തിരുവോണമായാലും കിടക്കപ്പൊറുതിയില്ലാത്ത സഫലമീയാത്ര പുതിയ കാലപ്രമാണത്തിൽ 'ക്ളീഷേ ലിസ്റ്റി' ലാണത്രെ..!

മഞ്ഞയണിഞ്ഞുനിൽക്കേണ്ട  കൊന്നമരക്കൊമ്പുകൾ വേനൽ മഴയുടെ തല്ലികൊഴിക്കലിൽ ഏതാണ്ട് ശൂന്യം, ബാക്കി മരം കയറി പിള്ളേരും കൊണ്ടോയി. കൊഴിഞ്ഞതത്രയും ആർക്കും വേണ്ടാതെ, ഭൂമിയെ മഞ്ഞപുതപ്പിട്ടു കിടത്തിയിരിക്കുന്നു; മനോഹരം.

സ്‌മൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളും; ആശങ്കയുടെ നാളുകളുകളിലും  ആശ്വാസത്തിന്റെ കണിയൊരുക്കാനുള്ള തിരക്കിനൊപ്പം റംസാൻ നോമ്പിന്റെ ആദ്യദിന തള്ളലും; നഗരത്തിലെ  പഴം പച്ചക്കറി കടകളിലൊക്കെയും ഇന്നലെ തിരക്കോട് തിരക്ക്.   

ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റിയ്ക്ക് കാരണം തെരഞ്ഞെടുപ്പ് ആണെന്ന്  ശാസ്ത്രീയമായും അല്ലാതെയും പാണന്മാർ പാടി തെളിയിക്കുന്നു; ആഘോഷങ്ങൾ, അതിനൊരു കൊറോണയപ്പനെയും പേടിയില്ല. എന്തായിരുന്നാലും ഇനി കിട്ടാതാകുമോ എന്ന പേടിയാലാണോ എന്തോ, വാക്സിൻ കുത്തുകേന്ദ്രങ്ങളിൽ അത്യാവശ്യം തിരക്ക് കൂട്ടുന്നുണ്ട്, നന്ന്.

എല്ലാവർക്കും  സ്നേഹസമൃദ്ധിയുടെ , അതില്പരം കരുതലിന്റെ കാലം  ആശംസിക്കുന്നു; വിഷുദിനാശംസകൾ