25.10.16

'Travaux Publics' - പൊതുമരാമത്ത് വകുപ്പ്

പോണ്ടിച്ചേരി യാത്രയുടെ വലിയ ഒരു ആകര്‍ഷണം അനവധി സമാന്തര -ലംബരേഖകളിലെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന നിരത്തുകളിലൂടെയുള്ള കാല്‍നട സവാരിയാണ്. എത്ര കണ്ടാലും പുതുമ തോന്നിപ്പിക്കുന്നതും  വിദേശ അധിനിവേശ കാലത്തിന്റെ തിരുശേഷിപ്പുകളുമായ നിരവധി വാസ്തുശില്പങ്ങൾ. മിക്കവയും കൂട്ടിച്ചേർക്കലുകളോ പുനഃരുദ്ധാരണമോ ഒക്കെ നടത്തി ഹോട്ടലുകളും കഫറ്റീരിയകളും വസ്ത്ര കരകൗശല വില്പനശാലകളുമൊക്കെയായി മാറ്റപ്പെട്ടവയാണെങ്കിലും ഓരോ തവണയും ഇത് നേരത്തെ കണ്ടിട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെ നമുക്ക് കണ്ടത്താനാവുമെന്നാണ് അനുഭവം.
ഹൈകോര്‍ട്ട് ഭാഗത്ത് നിന്നും സ്പൈസ് റൂട്ട് ഭോജനശാലയ്ക്ക് അരികിലൂടെ ഗ്രാന്‍ഡ്‌ കനാല്‍ ഭാഗത്തേക്ക് ബിസി സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോഴാണ് 'Travaux Publics' എന്നൊരു സാമാന്യം വലിയ ബോര്‍ഡും കമാന വാതിലും ശ്രദ്ധയില്‍ പെട്ടത്.  ഈ ഭാഗത്തെ മിക്ക കെട്ടിടങ്ങളും നിരത്തിനോട് ചേർന്ന്, ജനവാതിലുകൾ തുറക്കുന്ന പോലെയാണെങ്കിൽ ഇത് തികച്ചും വ്യത്യസ്തമായി ചുറ്റുമതിലിനുള്ളില്‍ നിറഞ്ഞ പച്ചപ്പില്‍ ഒളിപ്പിച്ച് വെച്ചപോലെയാണ്.
ക്ലാസ്സിക് കൊളോണിയൽ ശൈലിയിലുള്ള ഈ കെട്ടിടം കമാനാകൃതിയിലുള്ള വലിയ പ്രവേശന കവാടം, ചുറ്റുമതിൽ/ വേലിക്കെട്ട്, ഇരുമ്പ് കൈവരികളോട് കൂടിയ ബാൽക്കണികൾ, ഉയരം കൂടിയതും കമാനാകൃതിയിലുള്ളതുമായ ജാലകങ്ങൾ തുടങ്ങിയവയാൽ പുറമെ നിന്ന് ശ്രദ്ധേയമാണ്.
അവധി ദിനമാകയാൽ അകത്തേക്ക് പ്രവേശിക്കുവാനോ കൂടുതൽ ചിത്രങ്ങൾ എടുക്കുവാനോ (അനുവാദം കിട്ടുമോ എന്നറിയില്ല) കഴിഞ്ഞില്ലെങ്കിലും തദ്ദേശീയരായ സുഹൃത്തുക്കളിൽ നിന്നും ഗവണ്മെന്റ് വെബ് സൈറ്റിൽ നിന്നുമൊക്കെ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനായി.
1736=38 കാലയളവിൽ പണികഴിപ്പിക്കപ്പെട്ട Hotel de la Monnaie 1761 ൽ നശിപ്പിക്കപ്പെടുകയും പിന്നീട് 1766 ൽ വീണ്ടും പഴയ രീതിയിൽ തന്നെ പുനർ നിർമ്മിക്കപ്പെടുകയുമുണ്ടായി. നാണയ കമ്മട്ടമായും (mint) ശേഖരണ സ്ഥലമായും പ്രവർത്തിച്ചിരുന്ന ഇവിടം 1884ൽ പബ്ലിക് ലൈബ്രറിയാക്കി (Bibliotheque Publique) മാറ്റപ്പെട്ടു. കൂട്ടത്തിൽ റോഡുകളുടെയും പാലങ്ങളുടെയും എൻജിനീയറിങ്ങ് ഓഫീസ് (Bureau des Ponts et Chaussées) കൂടി  പ്രവർത്തിച്ചിരുന്നു.  പിന്നീട് 1954ൽ  പൂർണമായും പബ്ലിക് വർക്സ് ഡിപാർട്മെന്റ് (പി.ഡബ്ള്യു.ഡി) എന്നർത്ഥം വരുന്ന Bureau des Travaux Publics സ്ഥാപനമാകുകയും ചെയ്തു.
പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, ദേശീയ പാത, പൊതു കെട്ടിടങ്ങൾ, ജലസേചനം , ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, പൊതുജനാരോഗ്യം തുടങ്ങി വിവിധങ്ങളായ വിഭാഗങ്ങളുടെ പ്രധാന ഓഫീസായി ഇവിടം പ്രവർത്തിക്കുന്നു.

ചിത്രങ്ങൾ :  മോഹൻദാസ്  ( Maverick Dass @ FB)
#Travel #pondichery #architecture

14.10.16

ഒരു ഹര്‍ത്താല്‍ സെല്‍ഫി..!

പോണ്ടിച്ചേരിയെന്ന പുതിയ പുതുച്ചേരിയിലേക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച വണ്ടി കയറുമ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നു, തമിഴ് മുഖ്യമന്ത്രിയമ്മാവുക്ക് വല്ലതും പറ്റിയാല്‍ പാണ്ടിനാട്ടില്‍ തെണ്ടിയത് തന്നെ; പക്ഷെ പണികിട്ടിയത് ഇന്ന് സ്വന്തം മലയാളത്താന്മാരില്‍ നിന്നും..!
പോണ്ടിയില്‍ നിന്നും 'രതിമീന' വണ്ടിയില്‍ ഇന്നലെ രാത്രി കേറി, രാവിലെ നാഗര്‍കോവില്‍ എത്തി, ബസ്സ്‌ മച്ചാന്‍ന്മാര്‍ തന്നെ വളരെ 'ഡീസന്റ്' ആയി , റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച് ടിക്കറ്റ് (ചായ, വട, പ്രാതല്‍ പൊതികള്‍ സഹിതം- അതല്ലേ ഡീസന്റ് ഇടപാട് എന്ന് പറഞ്ഞത് ) എടുത്ത് കയറ്റി വിട്ടു. നേമം കഴിഞ്ഞപ്പോള്‍ മുതല്‍ വണ്ടി എവിടെങ്കിലും പിടിച്ചിട്ടാല്‍ അവിടെ ഇറങ്ങാന്‍ കുടുംബയോഗ തീരുമാനമായിരുന്നു. കരമന പള്ളിയ്ക്ക് താഴെ ക്രോസ്സിങ്ങില്‍ വണ്ടി നിര്‍ത്തിയ ഇത്തിരി നേരം കൊണ്ട് ഭാണ്ഡകെട്ടുകള്‍ സഹിതം ചാടി.
കരമന വരെ ഒരു ഷോര്‍ട്ട്കട്ട് നടപ്പ് (ഊടുവഴികള്‍ക്ക് മകനെ Adhil , നൻഡ്രി..!) ; ശേഷം ബൈക്കുകളില്‍ തവണകളായി തമലത്തെ വീട്ടിലേക്ക്; എട്ടര ഒന്‍പതു മണിക്ക് ടാര്‍ജറ്റ് ചെയ്തിരുന്നത് പത്തരയായി എന്നേയുള്ളൂ.. എങ്കിലും 'നോര്‍ത്ത് 24 കാതം' സിനിമയുടെ ഒരു മിനിയേച്ചര്‍ വേര്‍ഷന്‍ ഈ യാത്രയിലൂടെ പകര്‍ന്ന് കിട്ടിയതില്‍ വളരെ സന്തോഷം; താങ്ക്യു ഹർത്താൽ ചേട്ടന്മാരെ..! :(
ഒരു പെരുവഴി സെൽഫി കൂടിയില്ലാതെ പിന്നെന്ത് ഹർത്താൽ ആഘോഷം..!?

Matrimandir revisited..!


20 വർഷങ്ങൾക്ക് മുൻപ് ആദ്യമായി പോണ്ടിച്ചേരിയിലെ Auroville സന്ദർശിക്കുമ്പോൾ Matrimandir ന്റെ നിർമ്മാണം പുരോഗമിക്കുന്നതെയുള്ളൂ; കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരുമ്പോൾ ഭാര്യാസമേതം എന്നൊരു മാറ്റം എനിക്കും, സുവർണ്ണ മേലങ്കി അണിയാനുള്ള തയ്യാറെടുപ്പ് Matrimandir നും. പിന്നെയും ഒന്ന് രണ്ട്‌ തവണ പല ആവശ്യങ്ങൾക്കായ് Auroville വന്നപ്പോഴെല്ലാം സുവർണ്ണ ആവരണം പുരോഗമിക്കുന്നത് കാഴ്ചയായി; വളരെയടുത്തു നിന്ന് തന്നെ. ആ സമയങ്ങളില്‍ നേടിയ അറിവുകളും പോസിറ്റീവ് എനര്‍ജിയും ഇവിടേക്ക് വീണ്ടുമൊരു യാത്രയ്ക്ക് പ്രോത്സാഹനമായി; കുടുംബത്തെ പറഞ്ഞ് കൊതിപ്പിച്ചു.
ഇന്ന്( 11 oct 2016)  ഇവിടേക്ക് വീണ്ടും എത്തുമ്പോൾ സുവർണ്ണ മേലാട പൂർണ്ണം; പക്ഷെ ബൌദ്ധിക നിബന്ധനകളുടെ അതിർ വരമ്പുകളും ഭൗതിക വേലികെട്ടുകളും ദർശനപരിധി നിശ്ചയിച്ച് Matrimandir view point എന്നയിടത്തേക്ക് വീക്ഷണകോണുകളെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിലും അസഹനീയം ഇതേ അതിര്‍വരമ്പുകള്‍ ഇവിടുത്തെ അന്തേവാസികളുടെ നിലപാടുകള്‍ക്ക് മേലും പെരുമാറ്റങ്ങളിലും വരെ നിഴലിട്ടിരിക്കുന്നു എന്നതാണ്. Volunteering അഥവാ  സന്നദ്ധസേവനം എന്നതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാതെ എന്ത് തരം 'ധ്യാനം' ആണ് ഈ വാഗ്ദത്ത 'ലോക ഭൂമിക' യില്‍ ഇവര്‍ ഉദ്ബോധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാവുന്നില്ല.
Meditation എന്നത് സുവർണ്ണ മേലാപ്പിനുള്ളിലെ പൂർണ്ണ ശുഭ്രതയിലും നിശ്ശബ്ദതയിലും കൃത്യമായി പ്രകാശം കേന്ദ്രീകരികരിച്ച ഒരു ബിന്ദുവിലേക്ക് മനസ്സിനെ ഏകീകരിക്കുക മാത്രമാണെന്നു ഞാൻ കരുതുന്നില്ല. ചുറ്റുപാടുമുള്ള സന്നദ്ധ സേവകര്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന 'നെഗറ്റീവ് എനര്‍ജിയെ' തളച്ചിടാന്‍ പൂര്‍ണ്ണ നിശബ്ദതയ്ക്കോ അനന്തതയില്‍ നിന്ന് വരുന്ന (വരുത്തുന്ന) പ്രകാശ രശ്മികള്‍ക്കോ ആവില്ല. 
എന്നിലെ വാസ്തുശില്പ ആസ്വാദകന്റെ ധ്യാനം വേലികെട്ടുകളില്ലാത്ത കാഴ്ചകളുടെയും ജിജ്ഞാസകളുടെയും ഏകീകരണമാണ്; അതുകൊണ്ട് തന്നെ ഇനി ഇവിടേക്ക്, അകറ്റി നീർത്തപ്പെടുന്ന ഈ കാഴ്ചകളിലേക്ക് ഇനിയുമൊരു യാത്ര ഉണ്ടാവാനിടയില്ല..!!
(കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ഭാര്യയും മക്കളും..!!!)