19.6.21

ഒരു ഓർമ്മകുറിപ്പ്..!

കുറച്ചു വർഷങ്ങൾക്ക് മുൻപ് ആണ്, (2000- 2001 ആകണം,കൃത്യമായ വര്ഷം ഓർമ്മയില്ല) ; അന്ന് ഞാൻ തിരുവനന്തപുരത്ത്, ആർക്കിടെക്ട് ജി.ശങ്കർ എന്ന ഞങ്ങളുടെ ശങ്കർജിക്ക് ഒപ്പമാണ്. അദ്ദേഹത്തിന് വാസ്തുശില്പം കഴിഞ്ഞാൽ സിനിമ- സംഗീത പരിപാടികളിലും മറ്റുമുണ്ടായിരുന്ന താല്പര്യവും ഈ മേഖലകളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുമായുള്ള അടുപ്പവും ഉള്ളതിനാലാവും ചെറുതും വലുതുമായ നിരവധി സ്റ്റേജ് പരിപാടികളും മറ്റും സംഘടിപ്പിക്കുവാനും ഒക്കെ മുന്നിട്ടിറങ്ങുന്ന ശീലമുണ്ട്; അത് വഴി ഇത്തരം പരിപാടികളുടെ സംഘാടനത്തിന്റെ ഭാഗമാകുവാനും മറ്റും എന്നെ പോലുള്ളവർക്ക് അവസരവും നിരവധി പ്രഗത്ഭരെ കാണാനും ഇടപെടാനുമൊക്കെയുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്.

പറഞ്ഞു വന്നത്, ആ കാലത്ത് അത്ര പ്രമുഖൻ ഒന്നുമല്ലാത്ത ഒരു വോക്കലിസ്റ്റ്, ഏതോ ഒരു സംഘടനയുടെയോ മറ്റോ ഭാഗമായി തിരുവനന്തപുരം പങ്കജ് ഹോട്ടലിലെ ഹാളിൽ വെച്ചു ഒരു സംഗീത പരിപാടി നടത്തുന്നു. അതിന്റെ മേളം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ സംഘടിപ്പിക്കാൻ ശങ്കർജി ഏൽക്കുന്നുവെങ്കിലും ഓഫീസിലെ തിരക്കിലോ മറ്റോ അത് മറന്നും പോകുന്നു. സംഭവം ഓർമ്മ വരുന്നത് പരിപാടി നടക്കേണ്ട ദിവസം രാവിലെ, പുള്ളി സ്ഥലത്തുമില്ല, ആലപ്പുഴയിലെവിടെയോ ആണ്.

ഇത്തരം സന്ദർഭങ്ങളിൽ ഓഫീസിലെ ശ്രീഹരി എന്ന സ്റ്റാഫിനെയാണ് ആദ്യം വിളിക്കുക, കൂട്ടത്തിൽ ഞാനും കൂടി. "മ്യൂസിക് സ്‌കൂളും പ്രോഗ്രാമും ഒക്കെ നടത്തുന്ന രമേശ് നാരായണൻ എന്ന ഒരു സംഗീത സംവിധായകൻ തമലം ഭാഗത്ത് ഉണ്ട്, അവിടെ പോയാൽ തബല, മൃദംഗം ഒക്കെ കൈകാര്യം ചെയ്യുന്ന രണ്ട് മൂന്ന് പേരെ കിട്ടും, അവരെ വൈകുന്നേരത്തിന് മുൻപ് പങ്കജിൽ എത്തിക്കണം" ഫോൺ കട്ട്.

സത്യം പറഞ്ഞാൽ, രമേശ് നാരായണൻ എന്നൊരു പേര് ഞങ്ങൾ അന്ന് കേട്ടിട്ടില്ല, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം താമസിക്കുന്ന വീടിന്റെ / മ്യൂസിക് സ്‌കൂളിന്റെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കി ബൈക്കിൽ ഞങ്ങൾ പുറപ്പെട്ടു. എന്നാൽ അവിടെ കാത്തിരുന്നത് ഒന്ന് രണ്ട് മാസം മുൻപ് പുള്ളി അവിടുന്ന് താമസം മാറിയെന്ന ഹൃദയഭേദകമായ വാർത്ത. അതിലും ഭീകരം, എങ്ങോട്ടാണ് പോയതെന്ന് അവിടെ പരിസരത്ത് ആർക്കും ഒരു പിടിയുമില്ലന്നതും..!

ബൈക്കിൽ കുറെ ചുറ്റിയും അന്വേഷിച്ചും മറ്റും കുറച്ചകലെ ഒരു വീട്ടിൽ ഞങ്ങൾ എത്തി ചേർന്നു. (അപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞു, ഭക്ഷണം ഒന്ന് രണ്ട് സോഡ നാരങ്ങായിൽ ഒതുങ്ങി നിൽക്കുകയാണ്) റോഡിൽ കണ്ട ഓട്ടോ ചേട്ടന്മാരും നാരങ്ങ സോഡ കടക്കാരനും ഒക്കെ സഹായിച്ചാണ് അവിടെ എത്തിയത്.
ഗാർഡനിൽ അത്യാവശ്യം പ്രായമുള്ള, വെട്ടിയൊതുക്കാത്ത കുറ്റിത്താടിമീശയും കുറച്ചു മുഷിഞ്ഞ ബനിയനുമൊക്കെയായി ഒരാൾ നിൽക്കുന്നുണ്ട്.

"രമേശ് സാറിന്റെ വീട്..?"

"ഇത് തന്നെ , വരൂ ,അകത്തിരിക്കാം..!" ഹാപ്പി, സമാധാനം, അലച്ചിലിന് ഫലം കണ്ടല്ലോ, ഇത് ജോലിക്കാരൻ ആകും..!

ഞങ്ങൾ സിറ്റ്ഔട്ടിലേക്ക് കേറി, ഗാർഡനിൽ കണ്ട കക്ഷി വീടിന് അകത്തേക്കും. മുഷിഞ്ഞ ബനിയൻ ഒക്കെ മാറ്റി കുട്ടപ്പനായി ദേ അങ്ങേര് തന്നെ വരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി; കാരണം, കണ്ടിട്ട് പ്രതീക്ഷിച്ച ഒരു മ്യൂസിക് ലുക്ക് ഒന്നും ഇല്ല, എന്നാൽ എവിടെയോ കണ്ട, അറിഞ്ഞ, ഒരു ഫീൽ ഉണ്ട് താനും..!

"എവിടുന്നാണ്, വന്ന കാര്യം പറയൂ"

സർ, ഞങ്ങൾ ആർക്കിടെക്ട് ശങ്കർജി പറഞ്ഞിട്ട് വരുന്നതാണ്; മ്യൂസിക് ഒക്കെ ചെയ്യുന്ന രമേശ് ..സാർ, സിനിമ.. പാട്ട്.. ഞാൻ ചെറുതായി വിക്കി തുടങ്ങി. അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് സംഭവം കൈവിട്ട് പോയി എന്ന് ഏകദേശം എനിക്ക് മനസ്സിലായി; മറ്റേ കക്ഷി ആളെ കണ്ടെത്തിയ സന്തോഷത്തിൽ ആശ്വാസപെട്ടിരിക്കുകയുമാണ്..!

"നിങ്ങൾ ഒരു പാട് അലഞ്ഞു തിരിഞ്ഞു വന്നതാണല്ലേ.. കുറച്ചു ജ്യൂസ് എന്തെങ്കിലും എടുക്കട്ടേ..?"

"ആയിക്കോട്ടെ" എന്ന് ശ്രീഹരി എന്റെ കാലിന്റെ ചവിട്ട് വകവെയ്ക്കാതെ പറഞ്ഞു; 2 ജ്യൂസ് എടുക്കാൻ പുള്ളി അകത്തേക്ക് വിളിച്ചും പറഞ്ഞു.

"അതേയ്, ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല; എന്റെ പേര് രമേശൻ നായർ, സിനിമയിൽ പാട്ടൊക്കെ എഴുതും, കേട്ടിട്ടുണ്ടോ..?"

ഞാൻ കാര്യമായി വിയർത്തു, ചെറുതായി തലയാട്ടി.. "ങും.."
ആളു മാറിയെന്നറിഞ്ഞ ഷോക്കിലാണോ, അതോ ശരിക്കും ഈ ആളെ അറിയാത്തത് കൊണ്ടാണോ ശ്രീഹരിയുടെ വായിൽ നിന്ന് വീണത് "അറിയില്ല" എന്നാണെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്!

എന്തായാലും അദ്ദേഹം, ജ്യൂസും തന്നു, ഒപ്പം പുള്ളിയുടെ കുറച്ചു പാട്ടുകളെ കുറിച്ചും ഒക്കെ പറഞ്ഞു. ആ സമയത്ത് ഇറങ്ങിയത് 'പ്രിയം' ഒക്കെ ആയതിനാലോ, നമ്മുടെ ആ സമയത്തെ അവസ്‌ഥ മനസ്സിലാക്കിയി
ട്ടോ എന്തോ, പുള്ളി പറഞ്ഞു തുടങ്ങിയത് 'കട്ടുറുമ്പിന് കല്യാണം' ഒക്കെയാണ് എന്നാണ് ഓർമ്മ.
എത്രയോ തവണ കേട്ടിട്ടുള്ള, ഇഷ്ട ഗാനങ്ങൾ, ഹിറ്റുകൾ 'എത്ര പൂക്കാലവും' , 'പൂമുഖ വാതിൽക്കലും', 'ചന്ദനം മണക്കുന്ന പൂന്തോപ്പും', 'ശരർപൊളി മാല ചാർത്തി' യും ഒന്നും ആ നേരത്ത് എന്റെ മനസ്സിൽ വന്നില്ല; ഒരു വലിയ പാട്ടെഴുത്തുകാരന്റ, കവിയുടെ മുന്നിലാണ് ഇരിക്കുന്നത് എന്ന ബോധത്തിന്റെ അമ്പരപ്പിൽ, കിട്ടിയ ജ്യൂസ് തന്നെ തൊണ്ടയിൽ പാതി കുടുങ്ങിയ നിലയിലാണ്. അദ്ദേഹത്തിന്റെ സംസാരം പോലും ഞങ്ങളുടെ തലച്ചോറിലേക്ക് വളരെ കുറച്ചേ ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ടാവുകയുള്ളൂ.
അദ്ദേഹം തന്നെ രമേശ് നാരായണൻജി ആ സമയത്ത് താമസിച്ചിരുന്ന ലൊക്കേഷനും മറ്റും കൃത്യമായി പറഞ്ഞു തന്നു, ഞങ്ങളെ യാത്രയാക്കി.

വീട് മാറി, ആള് മാറി, എന്നിട്ടും ഇത്രയും സാത്വികനായ ഒരു മനുഷ്യനായി, അദ്ദേഹം ഞങ്ങളുടെ അവസ്‌ഥ മനസ്സിലാക്കുകയും പരിഗണനാപൂർവ്വം പെരുമാറുകയും ചെയ്തത് എന്ത് കൊണ്ടാവും  എന്ന് ഇന്നും അത്ഭുതപ്പെടുന്നു.

(ഞങ്ങൾക്ക് എസ്.രമേശൻ നായർ എന്ന എഴുത്തുകാരന്റെ ആതിഥ്യം അനുഭവിക്കാൻ ഉള്ള ഭാഗ്യം നല്കാനായി മാത്രം ഇടക്കാലത്തേക്ക് താമസം മാറിയ പോലെ രമേശ് നാരായണൻ ജി, ഞങ്ങൾ ആദ്യം അന്വേഷിച്ചു പോയ പ്രദേശത്തേക്ക് തന്നെ പിന്നീട് താമസം മാറ്റി; അതിന് വളരെയടുത്താണ് പിൽക്കാലത്ത് എനിക്ക് വീട് വെച്ച് താമസിക്കാനുള്ള യോഗം ഉണ്ടായതും.)

ഒരു പാട് നല്ല ഗാനങ്ങളിലൂടെ നമ്മുടെയൊക്കെ മനസ്സ് കീഴടക്കിയ പ്രിയ കവിക്ക്, എസ്.രമേശൻ നായർ എന്ന മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ..!