15.11.07

കോരന്‍ ശശിയുടെ രൂപത്തില്‍

വീടുകളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ കഴിയുന്നതും രാവിലെ തന്നെ ചെയ്ത്‌ തീര്‍ക്കാനാണ്‌ എനിക്ക്‌ താത്പര്യം അതിനു വേണ്ടി ചിലപ്പോള്‍ രാവിലെ 6 മണിക്കും മുന്‍പ്‌ തന്നെ പണിക്കാരെ ഏര്‍പ്പാടാക്കും.തട്ട്‌ കോണ്‍ക്രീറ്റ്‌ തുടങ്ങും മുന്‍പ്‌ കമ്പികെട്ടിയിരിക്കുന്നതും മറ്റു ശരിയാണൊ എന്ന് പരിശോധിക്കേണ്ടതുണ്ട്‌. അത്തരം വര്‍ക്ക്‌ അറേഞ്ച്‌മന്റ്‌ നടക്കുന്ന ഒരു വൈകുന്നേരം..

" ശശീ, നാളെ രാജേഷ്‌ കുറച്ച്‌ താമസിച്ചേ എത്തൂ , നീ ആ സോമന്‍ നഗറിലെ കോണ്‍ക്രീറ്റ്‌ ഒന്ന് രാവിലെ പോയി നോക്കികൊള്ളണേ"

"പിന്നെന്ത്‌ സാറേ, ലൊക്കേഷന്‍ പറഞ്ഞാട്ടെ, രാവിലെ തന്നെ ഞാന്‍ സൈറ്റില്‍ എത്തിക്കോളാം"

"സോമന്‍ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീട്‌, അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ രാവിലെ അഞ്ചര മണിക്ക്‌ തന്നെ വരും"

"ശരി, സാര്‍, ഞാന്‍ പോയി നോക്കാം"

ശശി എന്റെ സൈറ്റ്‌ അസിസ്റ്റന്റ്‌, കോണ്‍ക്രീറ്റിനു പോകുന്ന ദിവസം ചെറിയ 'കൈമടക്ക്‌' ഒക്കെ തടയാനിടയുള്ളതിനാല്‍ നല്ല ഉത്സാഹം. കോണ്‍ക്രീറ്റ്‌ ദിവസം അതിരാവിലെ മുതല്‍ കാശുമുടക്കുന്ന ക്ലൈന്റിനെക്കാള്‍ ടെന്‍ഷന്‍ ആണ്‌ എനിക്ക്‌, മഴപെയ്യുമോ, വെള്ളം തികയുമോ,പണിക്കാര്‍ അലമ്പുണ്ടാക്കുമോ..എന്നൊക്കെ.

പിറ്റേന്ന് രാവിലെ ആറരയ്ക്ക്‌ ഒരു ഫോണ്‍, ലൈനില്‍ നമ്മുടെ ശശി തന്നെ
" സാറെ, ഇവിടെ ആര്‌ കമ്പികെട്ടിയത്‌, ഓട്‌ വെച്ച്‌ വാര്‍ക്കലാണന്ന് അറിഞ്ഞൂടെ എവന്മാര്‍ക്ക്‌, ഞാന്‍ മണിയന്‍ മേസ്തിരിയെ പൊക്കികൊണ്ടു വന്ന് കമ്പി അഴിച്ച്‌ കെട്ടികൊണ്ടിരിക്കുവാണ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങാന്‍ താമസിക്കും, സാറു പതുക്കെ വന്നാല്‍ മതി"

എന്തേലും ചോദിക്കാനോ പറയാനോ കഴിയും മുന്‍പ്‌ ഫോണ്‍ കട്ട്‌, നാണയം ഇട്ട്‌ വിളിക്കുന്ന ഏതോ ലോക്കല്‍ ബൂത്തില്‍ നിന്ന് വിളിച്ചതാണ്‌. ടെന്‍ഷന്‍ കൂടാന്‍ ഇനി വേറെ വല്ലതും വേണോ..! കമ്പികെട്ടുന്നവര്‍ താരതമ്യേന പുതിയ ഒരു ടീം ആയിരുന്നു, എങ്കിലും എല്ലാം വിശദമായി പറഞ്ഞ്‌ കൊടുത്തതുമാണ്‌. കമ്പി കെട്ടുമ്പോള്‍ സാധാരണയായി ചെയ്യുന്ന 6 ഇഞ്ച്‌ -5 ഇഞ്ച്‌ സ്പേസിങ്ങിനു പകരം മേച്ചില്‍ ഓട്‌ ഇടയ്ക്ക്‌ വെച്ച്‌ വാര്‍ക്കുന്ന രീതിയായതിനാല്‍ 13 ഇഞ്ച്‌- 19 ഇഞ്ച്‌ അകലമിട്ടാണ്‌ കമ്പി കെട്ടേണ്ടത്‌, ഇനി അതൊക്കെ അഴിച്ച്‌ കെട്ടി കോണ്‍ക്രീറ്റ്‌ ചെയ്യുമ്പോഴേക്കും എത്രമണിയാകും, ഇന്നത്തെ ദിവസം പോയി..എന്നൊക്കെ ആലോചിച്ച്‌ ഓടിച്ചൊന്ന് ഫ്രഷ്‌ ആയി, 7 മണിയായപ്പോഴേക്കും വണ്ടിയെടുത്ത്‌ സൈറ്റില്‍ എത്തി, അവിടെ ശശിയുടെ പൊടിപോലുമില്ല. സൈറ്റ്‌ ‘എഞ്ചിനീരെ’ സമയത്ത്‌ കാണാത്തതിനാല്‍ കോണ്‍ക്രീറ്റിനു വന്ന പണിക്കാരോട്‌ മെക്കിട്ട്‌ കയറുന്ന മേസ്തിരിയോട്‌ അന്വേഷിച്ചപ്പോള്‍ ശശി അവിടെങ്ങും വന്നിട്ടേയില്ലന്ന് മറുപടിയും. ഉള്ളൊന്ന് കാളി, ഇവന്‍ ഏത്‌ സൈറ്റില്‍ നിന്നാവും രാവിലെ വിളിച്ചത്‌..!

അന്വേഷിച്ച്‌ അധികം ചുറ്റേണ്ടിവന്നില്ല, അതേ നഗറിലെ മറ്റൊരു സൈറ്റില്‍ (വേറെ ആരുടെയോ വര്‍ക്ക് സൈറ്റ്‌ ) തട്ടിന്റെ പുറത്ത്‌ പണിക്കാരെകൊണ്ട്‌ കമ്പി അഴിച്ച്‌ കെട്ടിക്കുന്ന ശശിയെ കണ്ടെത്താന്‍. ആ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കുറച്ച്‌ നല്ല മനസ്സുള്ളവനായതിനാലും, അവിടെ കോണ്‍ക്രീറ്റ്‌ പിറ്റേ ദിവസത്തേക്കാണു നിശ്ചയിച്ചിരുന്നത്‌ എന്നതിനാലും അടികൊള്ളാതെ രക്ഷപെട്ടു, പണിക്കാര്‍ക്ക്‌ കുറച്ച്‌ കാശും കൊടുക്കേണ്ടിവന്നെങ്കിലും.

" ശശീ, തന്നോട്‌ ഞാന്‍ പറഞ്ഞതല്ലേ,ഈ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീടാണെന്ന്?.. മാത്രമല്ല അവിടെ രാവിലെ അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ അഞ്ചര മണിക്ക്‌ തന്നെ ഉണ്ടാവുമെന്നും..?"

"അതാണു സാര്‍ എനിക്ക്‌ പറ്റിപ്പോയത്‌, ഞാന്‍ രാവിലെ പരപരാന്ന് വെളുത്തപ്പോഴെ ഇങ്ങ്‌ പോന്നതല്ലേ, ഇവിടെയും ഇലക്ട്രീഷ്യന്മാര്‍ നിന്ന് പൈപ്പിടുന്നുണ്ടായിരുന്നു, പിന്നെ വളവും തിരിവുമൊന്നും ഞാന്‍ നോക്കിയില്ല"

ഇനി നിങ്ങള്‍ പറയൂ, ഈ ശശിയും ഒരു കോരന്‍ അല്ലേ..?

വാല്‍ക്കഷണം: പിന്നെയും 3 വര്‍ഷത്തോളം ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ശശി, എന്നും ഓര്‍ക്കാവുന്ന കഥാപാത്രമായി മനസ്സില്‍ ഇന്നും.

13.11.07

ശിശുദിനാശംസകള്‍അന്നത്തെ കുട്ടികള്‍ക്കും
ഇന്നത്തെ കുട്ടികള്‍ക്കും
കുട്ടികളായിട്ടും കുട്ടിത്തം
മാറാത്തവര്‍ക്കും..

ശിശുദിനാശംസകള്‍..!!

1.11.07

കന്യാകുമാരി - മഴ

“കടലില്‍ മഴ പെയ്യുന്നത്‌ കണ്ടിട്ടുണ്ടോ..?”
“മഴയുടെ സൗമ്യ ശബ്ദം കടല്‍തിരമാലകളുടെ ഹുങ്കാരത്തില്‍ അലിഞ്ഞില്ലാതാവുന്നത്‌ അറിഞ്ഞിട്ടുണ്ടോ..? ”
“മഴയുടെ നനുത്ത ആവരണം കടലിനെ മറയ്ക്കുന്നത്‌ കാണാനെന്ത്‌ രസമാണന്നോ..?”
കടല്‍തീരത്തെ ഹോസ്റ്റലില്‍ പ്രീഡിഗ്രി കാലത്തെങ്ങോ താമസിച്ച അനുഭവത്തില്‍ പ്രണയത്തെ പുല്‍കിയ നാളുകളിലെന്നോ അവള്‍ സംസാരിച്ച്‌ കൊണ്ടേയിരുന്നപ്പോള്‍ സതീഷ്‌ ബാബു പയ്യന്നൂരിന്റെ 'മഴയുടെ നീണ്ടവിരലുകളിലെ’ വരികള്‍ ഞാന്‍ ഓര്‍മ്മിച്ചു..
"മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍ക്കരവരെ പോകണം"

പ്രണയം ദാമ്പത്യത്തിനു വഴിമാറിയിട്ടും ഒരിക്കലും ഒരു മഴക്കാലത്തും കടല്‍കരയില്‍ പോകാനായില്ല, മഴയും കടലും ഒരുമിക്കുന്നത്‌ അറിയാനുമായില്ല.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട്‌ ദിവസം മുന്‍പ്‌ കന്യാകുമാരിയില്‍ എത്തുമ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു.കടലിലേക്ക്‌ നല്ല ദര്‍ശനമുള്ള മുറികിട്ടിയപ്പോള്‍ കരുതിയില്ല,കടലുകളുടെ സംഗമസ്ഥാനത്തു തന്നെ മഴ ഇത്രമേല്‍ ദൃശ്യ വിസ്മയമൊരുക്കി ഞങ്ങളെയും കാത്തിരിക്കുന്നുവെന്ന്.

ഹോട്ടല്‍ മുറിയുടെ മൂന്ന് ചുവരുകളുടെ സ്വകാര്യതയ്ക്ക്‌ മേലെ നാലാം ചുവരിനു പകരം തീര്‍ത്ത ബാല്‍ക്കണിയിലൂടെയുള്ള കടലിന്റെ വിശാലമായ കാഴ്ച, താളം ചവിട്ടി പതഞ്ഞ്‌ ഇറങ്ങുന്ന മഴ, ഏറെ നേരം നോക്കിനിന്നാല്‍ കടല്‍ വെള്ളം കാറ്റില്‍ ആടിയുലയുന്ന മഴനാരുകളില്‍ അള്ളിപ്പിടിച്ച്‌ മുകളിലേക്ക്‌ കയറുന്നത്‌ പോലെ തോന്നും.മുറിയിലെ ശീതികരണിയുടെ മുരള്‍ച്ചെയെക്കാളും തണുപ്പിനെക്കാളും മഴയുടെ വശ്യതയും താളവും തെന്നലും മക്കള്‍ക്കും സുഖകരമായി തോന്നി.

മഴനൂലുകളില്‍ തീര്‍ത്ത തിരശീലയുടെ നനുത്ത മറവില്‍ വിവേകാനന്ദപാറയുടെയും മണ്ഡപത്തിന്റെയുമൊക്കെ വിദൂരകാഴ്ചയ്ക്‌ ഭംഗിയേറിയത്‌ പോലെ.


മഴയുടെ ശക്തികുറഞ്ഞ വൈകുന്നേരം , ചാറ്റല്‍ മഴയില്‍ കൈകള്‍കോര്‍ത്ത്‌ കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു " മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍കര വരെ പോകണം"

മഴ തുള്ളികള്‍ക്കൊപ്പം തുള്ളികളിക്കാന്‍ കിട്ടിയ അവസരം നഷ്ടപെടുത്താതെ ചാടിതിമിര്‍ക്കുന്ന മക്കള്‍ ബാല്യകാല മഴയനുഭങ്ങളുടെ സ്മരണയുണര്‍ത്തി. ഇടയ്ക്കെപ്പോഴോ സുവര്‍ണ്ണവെളിച്ചം വിതാനിച്ച്‌ സൂര്യന്‍ പോയ്‌മറഞ്ഞു.കാര്‍മേഘചിന്തുകള്‍ക്കിടയില്‍ മുങ്ങിപ്പോയ സൂര്യാസ്തമന കാഴ്ചകളോടൊപ്പം ജല തര്‍പ്പണം നടത്തുന്നവരുടെ നിഴല്‍ രൂപങ്ങള്‍.

തിരികെ മുറിയിലെത്തി ബാല്‍ക്കണിയില്‍ ഇരുന്ന് കടലിന്റെ പാട്ട്‌ കേട്ട്‌, തിരമാലകളുടെ താളമറിഞ്ഞ്‌, വൈദ്യുതപ്രഭയില്‍ അലങ്കരിച്ച വിവേകാനന്ദ സ്മാരകത്തിന്റെ ദൃശ്യമാസ്വദിച്ച്‌, അകലെയെവിടുന്നോ, കനംതൂങ്ങിയ ഇരുളില്‍ പിച്ചവെച്ച്‌ കടന്ന് വരുന്ന മഴയെയും കാത്ത്‌..പിന്നെ, പുലരിയുടെ വര്‍ണ്ണാഭമാര്‍ന്ന വരവിനു കാതോര്‍ത്ത്‌, കണ്ണ് പൂട്ടി മഴയോടൊപ്പം ഒരു രാത്രി..!!

21.10.07

അക്ഷരം ആശംസകള്‍അക്ഷരങ്ങളുടെ
അറിവിന്റെ
വിസ്മയലോകത്തേക്ക്‌
ഹരിശ്രീ കുറിച്ചെത്തുന്ന
കുരുന്നോമനകള്‍ക്ക്‌

ആശംസകളോടെ

അലിഫ്‌, ഷംല, ആദില്‍ & അഫ്ര

12.10.07

ഈദ് ആശംസകള്‍
ഈദ് ആശംസകള്‍

2.10.07

'മാല്‍ക്കമിന്റെ അഞ്ച്‌ - അഞ്ച്‌ വിജയം'

ഇരുപത്‌ ഇരുപതില്‍ ഇന്ത്യയുടെ ആദ്യമത്സരം നടക്കേണ്ടിയിരുന്ന - സ്കോട്ട്‌ലന്‍ഡുമായി- ദിവസമാണ്‌ മാല്‍ക്കമിനെ പരിചയപ്പെടേണ്ടി വന്നത്‌, അത്‌ തികച്ചും യാദൃശ്ചികമൊന്നുമല്ല, അയാള്‍ മനപൂര്‍വ്വം ഇങ്ങോട്ട്‌ കയറി മുട്ടിയതാണ്‌. ഫെഡറല്‍ ലൈറ്റ്‌ ടെര്‍മിനല്‍ എന്ന എഫ്‌.എല്‍.റ്റി പോര്‍ട്ടിലൂടെ പതിവല്ലാത്ത സൈറ്റ്‌ പരിശോധനയ്ക്കിടെ ഒരു ബ്ലാക്കന്‍ വന്ന് “ഇന്നല്ലേ നിങ്ങളുടെ ആദ്യ മത്സരം, കാണാന്‍ പോകുന്നില്ലേ” എന്ന് ചോദിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്ന് ഞെട്ടി.. മാത്രവുമല്ല അവനെ കൊണ്ട്‌ ഒന്നൂടെ അത്‌ പറഞ്ഞ്‌ കേട്ടിട്ടേ എനിക്ക്‌ സംഭവം മനസ്സിലായതുമുള്ളൂ.

ഇതുവരെയും ഒരു നൈജീരിയക്കാരന്‍ ക്രിക്കറ്റിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേട്ടിട്ടില്ലാത്തതിനാലും ഇവനെ കണ്ടാല്‍ ആളു കറുപ്പാണെങ്കിലും നൈജീരിയക്കാരനാവാന്‍ വഴിയില്ലാത്തതിനാലും 'എവിടാ വീട്‌, സൗത്ത്‌ ആഫ്രിക്കയാ' എന്നാണു ചോദിച്ചതെങ്കിലും വെളിയില്‍ വന്നത്‌ 'എന്താ പേര്‌' എന്നാണ്‌. “ഐ ആം മാല്‍ക്കം, മാല്‍ക്കം ഡേവിഡ്‌ ” എന്നൊരുമാതിരി ജയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ മൊഴിഞ്ഞത്‌ കേട്ടപ്പോള്‍ മനസ്സിലൊരു മിന്നായം..അത്‌ തന്നെ, മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനാവണം ഇവന്‍.. "വെസ്റ്റ്‌ ഇന്‍ഡീസ്‌ ആണല്ലേ..?" എന്ന എന്റെ ഒറ്റ ചോദ്യത്തില്‍ അവന്‍ പുളകിതനായി. പിന്നെ പരിചയപ്പെടലായി, ക്രിക്കറ്റായി, എന്തിനു, അന്ന് രാവിലത്തെ അവരുടെ ടീമിന്റെ ബംഗ്ലാദേശുമായുള്ള മത്സരത്തെ കുറിച്ച്‌ പറഞ്ഞ്‌ ആശാന്‍ കുറച്ച്‌ സെന്റിയുമായി. പിന്നെ എപ്പോള്‍ പോര്‍ട്ടിലൂടെ പോകുമ്പോഴും, ക്യാമ്പിലും , റെസ്റ്റാറന്റിലുമെവിടെ വെച്ച്‌ കണ്ടാലും ഒരു 'ഹായ്‌' ഉം കളിയെ കുറിച്ചൊരു ചെറു അവലോകനവും തമ്മില്‍ പതിവായി.

ഇന്ത്യയുടെ മിക്ക കളികളും- ന്യൂസിലാണ്ടുമായിട്ടുള്ളതൊഴിച്ച്‌ - ഇവിടുത്തെ സമയം വൈകിട്ട്‌ 5 മണി കഴിഞ്ഞായത്‌ ഓഫീസ്‌ വിട്ട്‌ ക്യാമ്പിലെത്തി നേരെ റ്റി.വി. തുറന്ന് അതിന്റെ മുന്നിലിരിക്കാന്‍ പ്രേരിപ്പിച്ചു,കാരണം മാല്‍ക്കമിനോടൊപ്പം പിടിച്ച്‌ നില്‍ക്കണ്ടേ..! ആദ്യ റൗണ്ടില്‍ തന്നെ വെസ്റ്റ്‌ ഇന്‍ഡീസ്‌ പുറത്തായത്‌ മാല്‍ക്കമിനെ വിഷമത്തിലാക്കിയെങ്കിലും 'ഇന്‍ഡീസ്‌' കൂടെയുള്ളതിനാല്‍ ഇന്ത്യന്‍ കളികള്‍ കാണാന്‍ അയാള്‍ക്കും പ്രേരണയായിട്ടുണ്ടാവണം.

ക്രിക്കറ്റ്‌ കളിയില്ലാത്ത ഒരു നാട്ടില്‍ വെച്ച്‌ ക്രിക്കറ്റ്‌ കളിയില്‍ ഒരു കാലത്തെ കിടിലങ്ങളായ നാട്ടുകാരനില്‍ നിന്നും തുടര്‍ച്ചയായി 'കണ്‍ഗ്രാചുലേഷന്‍സ്‌' കിട്ടുന്നതില്‍ എന്നിലെ ഇന്ത്യക്കാരന്‍ അഭിമാനം കൊണ്ടു, രോമാഞ്ചകഞ്ചുകിതനായി. ഇന്ത്യ ഫൈനലില്‍ എത്തി, അല്ലെങ്കില്‍ ഞാനും കൂടി പ്രാര്‍ത്ഥിച്ച്‌ എത്തിച്ചു..(കുറച്ച്‌ ക്രഡിറ്റ്‌ എനിക്കും ഇരിക്കട്ടെന്നേ..!) ഫൈനല്‍ മത്സരം ഇവിടുത്തെ സമയം ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌ ആയതിനാല്‍ അന്നത്തെ എന്റെ സൈറ്റ്‌ പരിശോധന മൊത്തമായും താമസിക്കുന്ന ക്യാമ്പിനകത്താക്കി ഷെഡ്യൂള്‍ ചെയ്തു ( ബുദ്ധിമാനും, കമ്പനിയോട്‌ കൂറുമുള്ള പണിക്കാരനുമല്ലേ ഞാന്‍..!) മാല്‍ക്കം അന്ന് വൈകിട്ട്‌ നേരത്തെ എത്താമെന്ന് ഉറപ്പ്‌ നല്‍കി ഉച്ചക്ക്‌ പിരിഞ്ഞു.

ഇന്ത്യ വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ , റെസ്റ്റാറന്റിലേക്ക്‌ പോകും വഴിയാണ്‌ പിന്നെ മാല്‍ക്കമിനെ കണ്ടത്‌. പതിവ്‌ അഭിനന്ദനങ്ങള്‍ക്കൊപ്പം ഒരു ‘ഹസ്തതാഢനവും’ (എന്നാ ആരോഗ്യമാ ഇവന്റെ ഒക്കെ കൈക്ക്‌, കൈ കൊടുത്താല്‍ ഒടിച്ച്‌ പറിച്ചാണു തിരികെ കിട്ടുക..!!)
"ഉഗ്രന്‍ കളിയായിരുന്നല്ലേ, എന്നാ ടെന്‍ഷന്‍ ആയിരുന്നു..അഞ്ചേ-അഞ്ചിനല്ലേ കപ്പടിച്ചത്‌.." മാല്‍ക്കത്തിന്റെ ഹൈലൈറ്റ്‌സ്‌ കമന്ററി കേട്ടപ്പോള്‍ ഒന്ന് ഞെട്ടി, കൂടെയുണ്ടായിരുന്ന ക്രിക്കറ്റ്‌ ആരാധകനായ സുഹൃത്ത്‌ (ഇദ്ദേഹം കോളേജിലെ ക്രിക്കറ്റ്‌ ടീമിലൊക്കെ അംഗമായിരുന്നു) കുറച്ച് കൂടി വലുതായി തന്നെ ഞെട്ടി. ഇവനേത്‌ കളിയുടെ കാര്യമാണീ പറയുന്നത്‌, ക്രിക്കറ്റ് അല്ലന്നുറപ്പ്, ഇനി സാനിയ വല്ലയിടത്തും പോയി ഗപ്പ് അടിച്ചോ.,ഫുട്ബോളിലുമൊക്കെ അഞ്ച്‌- അഞ്ച്‌ എന്നാല്‍ സമനിലയല്ലേ, ജയമല്ലല്ലോ; ദൈവമേ ,ഇവനു വട്ട്‌ ആയോ..?

ഞങ്ങളുടെ ഞെട്ടല്‍ കണ്ടിട്ടാവും, മാല്‍ക്കം തന്നെ വിശദീകരിച്ചു.."അഞ്ചു റണ്‍സിനും അഞ്ച്‌ വിക്കറ്റിനുമൊക്കെ ഒരു ഫൈനല്‍ ജയിക്കുകാന്ന് വെച്ചാല്‍ ചില്ലറ കാര്യമാന്നോ..!!"
ഓ, അപ്പോ അതാണു കാര്യം, ഇന്ത്യക്ക്‌ അവസാനം മിച്ചമുണ്ടായിരുന്ന അഞ്ച്‌ വിക്കറ്റിനും, പിന്നെ പാകിസ്ഥാനു നേടാന്‍ കഴിയാതെ പോയ ആ ചില്ലറ അഞ്ചു റണ്‍സിനും വിജയിച്ചു എന്നാണു മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനും പേരുകാരനുമായ ഈ പഹയന്‍ വിചാരിച്ച്‌ വെച്ചിരിക്കുന്നത്‌.

അവനെ ബോധവല്‍ക്കരിക്കാന്‍ തുനിഞ്ഞ സുഹൃത്തിനെ ഞാന്‍ തന്നെ വിലക്കി, കിട്ടിയ 'അഭിനന്ദനങ്ങളും' ഞെരിഞ്ഞമര്‍ന്ന് പടമായ കൈപ്പത്തിയിലൊരു ചെറു തിരുമലുമായി പതുക്കെ സ്ഥലം കാലിയാക്കി.മാല്‍ക്കത്തിനെ കുറ്റം പറയാനും പറ്റില്ല, അഭിനവ ക്രിക്കറ്റ്‌ കളിയുടെ ആദ്യപാദത്തില്‍ ഇന്ത്യ ഇതേ പാകിസ്ഥാനെ തോല്‍പ്പിച്ചത്‌ മൂന്ന്-പൂജ്യം എന്ന ക്രമത്തിലായിരുന്നില്ലേ..!

വിജയശ്രീലാളിതരായി നാട്ടിലെത്തിയ താരങ്ങള്‍ക്ക്‌ മുംബൈയില്‍ സ്വീകരണമൊരുക്കി രാഷ്ട്രീയ'മാല്‍ക്കം' മാര്‍ വേദിയുടെ മുന്‍നിരയില്‍ ഞെളിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോഴും സംശയം ബാക്കി..അല്ല, ഇനി ഇന്ത്യ ജയിച്ചത്‌ അഞ്ചേ-അഞ്ചിനാണോ..?!!

7.9.07

പോസ്റ്റ്‌ ഡിലീറ്റാനുണ്ടോ.. പോസ്റ്റ്‌..!!

ബ്ലോഗ്‌ എന്നത്‌ ഒരു സ്വതന്ത്ര മാദ്ധ്യമം എന്ന നിലയ്ക്കാണ്‌ പലപ്പോഴും പ്രതിപത്തി തോന്നീട്ടുള്ളത്‌, ഇത്‌ വിഭാവനം ചെയ്തവരും അത്‌ തന്നെയാണുദ്ദേശിച്ചിട്ടുള്ളത്‌ എന്നാണ്‌ ഈ ചുരുങ്ങിയ ഒരു വര്‍ഷക്കാലം കൊണ്ട്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞതും. ആദ്യകാല പ്രയോക്താക്കളില്‍ പലരും ഇതിനെ ഒരു ഡയറികുറിപ്പിന്റെ ലാഘവത്തിലവതരിപ്പിച്ചത്‌ ബ്ലോഗ്‌ എന്ന മാദ്ധ്യമത്തെ ലക്ഷ്യപ്രാപ്തിയിലേക്കെത്താന്‍ സഹായിച്ചില്ല, ഇനിയും സഹായിക്കില്ല എന്ന് തന്നെയാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

മലയാളം ബ്ലോഗ്‌ എന്നത്‌ ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ സഹായകരമായ രീതിയിലേക്കും കൂടി, അക്ഷരമില്ലാതെ അനന്തതയില്‍ ലയിച്ച ലോകത്തെ നിരവധി ഭാഷാ കൂട്ടങ്ങളില്‍ ഒന്നാകരുതേ മലയാളം എന്ന പ്രാര്‍ത്ഥനയ്ക്കും ഇടമുണ്ടാക്കി. എത്ര പെട്ടന്നാണ്‌ മലയാളം ബ്ലോഗിംഗ്‌ തലം ഇത്രമാത്രം എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിച്ചത്‌. വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന ഈ വിവരസാങ്കേതികയുഗത്തിലും ഭാഷയോടുള്ള അഭിനിവേശം എഴുത്തിലൂടെയും വായനയിലൂടെയും പങ്ക്‌ വെയ്ക്കുന്ന പല തലമുറകളില്‍ പെട്ടവരെയും കോര്‍ത്തിണക്കാന്‍ ബ്ലോഗിംഗ്‌ സമ്പ്രദായത്തിനു കഴിഞ്ഞു എന്നതൊരു ചെറുതല്ലാത്ത വലിയ കാര്യമാണ്‌. പക്ഷേ, ഈ മാദ്ധ്യമത്തെ കസ്റ്റമൈസ്‌ ചെയ്ത്‌ ചെയ്ത്‌ മിക്ക ബ്ലോഗര്‍മാരും ഇന്ന് അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്ത്‌ ചെന്ന് മൂക്കും കുത്തി താഴോട്ട്‌ വീഴുന്നപോലെ..!

പലപ്പോഴും കണ്ടിട്ടുള്ള ഒരു പ്രവണതയാണ്‌ വിവാദങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടാകുമ്പോള്‍ ബ്ലോഗിലെ പോസ്റ്റുകളോ, ബ്ലോഗ്‌ തന്നെയോ ഡിലീറ്റ്‌ ചെയ്യാനുള്ള ആവശ്യങ്ങള്‍ ഉയരുന്നത്‌. മിക്കപ്പോഴും ഇത്‌ സീനിയര്‍ ബ്ലോഗര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ ഭാഗത്ത്‌ നിന്നുമായിരിക്കും എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരാള്‍ ഒരു കുറിപ്പ്‌ കഥയോ കവിതയോ, ലേഖനമോ എന്തെങ്കിലുമായികൊള്ളട്ടെ, അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. രാജ്യസുരക്ഷാ താത്പര്യത്തിനെതിരും ജാതി,മത രാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലവുമൊക്കെയായ നിലപാടുകളൊന്നും തന്നെയില്ലെങ്കില്‍ ആര്‍ക്കും ആരോടും ആവശ്യപ്പെടാനാകില്ല, ആ കുറിപ്പ്‌ ഡിലീറ്റ്‌ ചെയ്യുവാന്‍. ഈ പ്രസിദ്ധീകൃതമായ കുറിപ്പിനു ചുവട്‌ പിടിച്ച്‌ നല്ലതും ചീത്തയും, അപകീര്‍ത്തികരവുമായ കമന്റുകള്‍ വരാം , വരാതിരിക്കാം, അതിനു പോസ്റ്റിടുന്നയാള്‍ ഉത്തരവാദിയായിരിക്കുമോ..? അഥവാ അങ്ങിനെ സഹബ്ലോഗര്‍മാരുടെ ധാര്‍മ്മികസമരം കണക്കിലെടുത്ത്‌ ഡിലീറ്റ്‌ ചെയ്യപ്പെട്ട ഒരു പോസ്റ്റ്‌ , അതിന്റെ ഓഫ്‌ലൈന്‍ കോപ്പി സൂക്ഷിച്ച്‌ വെച്ചിരുന്ന യാതൊരു ധാര്‍മ്മികമൂല്യ ബോധവുമില്ലാത്ത മറ്റൊരു ബ്ലോഗര്‍ അത്‌ പൂര്‍ണ്ണമായോ,ഭാഗികമായോ പബ്ലിഷ്‌ ചെയ്താല്‍ ആര്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും?

പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്യുന്നത്‌ കൊണ്ടുള്ള ലാഭം, ആവശ്യമില്ലാതെ കമന്റ്‌ ചങ്ങലകള്‍ സൃഷ്ടിച്ച്‌ ഖ്യാതി നേടുന്നവര്‍ക്കും, അനോണി മുഖമൂടിയിലൊളിച്ചിരുന്ന് തമ്മിലടിപ്പിക്കുന്ന ചോരകൊതിയന്മാര്‍ക്കും മാത്രം..! നഷ്ടം, ചില അവസരങ്ങളിലെങ്കിലും നല്ല നല്ല പോസ്റ്റുകളുടെ തുടര്‍വായനക്കാര്‍ക്കും, ബ്ലോഗ്‌ മൊത്തമായി പൂട്ടികെട്ടി ഒളിച്ചോടേണ്ടി വരുന്ന സൃഷ്ടികര്‍ത്താക്കള്‍ക്കും. വേറൊന്ന്, ഏതെങ്കിലും പോസ്റ്റിലൂടെ വ്യക്തിഹത്യയെ നേരിടേണ്ടി വന്നവര്‍ക്ക്‌ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു എന്നത്‌ കൊണ്ട്‌ മാത്രം പോയ മാനം തിരിച്ചും കിട്ടുമെന്ന് കരുതാനും വയ്യ..!

കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളില്‍ നിന്ന് ബ്ലോഗ്‌ പോസ്റ്റുകളെ മോചിപ്പിച്ചേ മതിയാകൂ. ബ്ലോഗറുടെ സൃഷ്ടികളെ അയാളുടെ കമന്റ്‌ ഓപ്‌ഷന്‍ തുറന്ന് വെച്ചിരിക്കുന്നിടത്തോളം ആര്‍ക്കും വിമര്‍ശിക്കാം, വിശകലനം ചെയ്യാം. അല്ലാതെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , അതിനി എന്തുതന്നെയായികൊള്ളട്ടെ, സഹബ്ലോഗര്‍മാര്‍ക്ക്‌ അവകാശമില്ല എന്ന് തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. പറയുമ്പോള്‍, സ്വതന്ത്രമാദ്ധ്യമാണ്‌ ബ്ലോഗ്‌, എഡിറ്റര്‍മാരില്ലാതെ, സ്വയം പബ്ലിഷര്‍ ആകാനുള്ള സ്വാതന്ത്ര്യം..പക്ഷേ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ആക്രോശങ്ങളില്‍ അതൊക്കെയും ഇല്ലാതായി പോകുന്നില്ലേ എന്നൊരു സന്ദേഹം..!

ഈയിടെ കണ്ട്‌ വരുന്ന മറ്റൊരു പ്രവണത,ഒരു ബ്ലോഗര്‍ അവതരിപ്പിച്ച ഏതെങ്കിലും സൃഷ്ടിയില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അയാളെ പോസ്റ്റിലൂടെയും, കമന്റിലൂടെയുമെല്ലാം തേജോവധം ചെയ്യാനുപയോഗിക്കുക എന്നുള്ളതാണ്‌.ഞാന്‍ എന്ന കഥാപാത്രം ചിലപ്പോള്‍ കള്ളുകുടിയനോ പെണ്ണുപിടിയനായോ അവതരിച്ചാല്‍, അല്ലെങ്കില്‍ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ , ഞാന്‍ ഫുള്‍ടൈം കള്ളും കുടിച്ച്‌, പെണ്ണും പിടിച്ച്‌ നടക്കുന്ന ഒരാളുടെ പ്രതിരൂപമായി മാറുമോ..? ഇതിനു കമന്റ്‌ ചെയ്യുന്നവരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല, മൂലകാരണം -ബ്ലോഗെന്നാല്‍ കേവലം ഡയറി കുറിപ്പുകളെന്നപോലെ ലഘൂകരിക്കപ്പെട്ടത്‌ തന്നെയാവണം,ആത്മകഥാംശം കലര്‍ന്ന കുറിപ്പുകളുടെ ധാരാളിത്വവും..!

സൃഷ്ടികര്‍ത്താക്കളുടെ വ്യക്തിപരമായ കാര്യങ്ങളെയാണ്‌ നമ്മള്‍ അളവുകോലാക്കിയിരുന്നതെങ്കില്‍, സാഹിത്യവും കലയുമൊക്കെ ആസ്വാദകരില്ലാതെ, വിമര്‍ശകരില്ലാതെ എന്നേ മണ്‍മറഞ്ഞ്‌ പോയേനെ. ബ്ലോഗിലൂടെ വായിക്കാന്‍,അറിയാന്‍, ആസ്വദിക്കാന്‍ അല്ലെങ്കില്‍ വിമര്‍ശിക്കുവാന്‍ താത്പര്യപ്പെടേണ്ടത്‌ ബ്ലോഗറെയല്ല,മറിച്ച്‌ അവരുടെ പോസ്റ്റുകളെയാണ്‌. സമൂഹജീവികളെന്ന നിലയില്‍ വ്യക്തിബന്ധങ്ങള്‍ പലതും ഇതിനിടയിലൂടെ ഉടലെടുക്കുന്നുണ്ടാകാം,കൂട്ടായ്മകളും. അത്‌ പോസ്റ്റുകളെയും, കമന്റുകളെയും ബാധിക്കുന്നതലത്തിലേക്ക്‌ കടന്നാല്‍ ഈ പറയുന്ന 'സ്വാതന്ത്ര്യം' ബ്ലോഗ്‌ എന്നല്ല, ഒരു മാദ്ധ്യമവും നമുക്ക്‌ നല്‍കില്ല.

വാല്‍ക്കഷണം:
മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ബ്ലോഗ്‌ എഴുത്തിന്റെ ആവശ്യമുണ്ടോ,സ്വന്തം കുട്ടികളുള്‍പ്പെടെ ഒരു എട്ട്‌ പത്ത്‌ കുട്ടികള്‍ക്ക്‌ മലയാളം അക്ഷരമാല പഠിപ്പിച്ച്‌, അവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കിയാല്‍ പോരെ..?!

27.4.07

ദുര്‍ബുവിന്റെ ധര്‍മ്മസങ്കടം


ഡയറിതാളുകളിലെ തുറന്നെഴുത്തിലൂടെ , തന്റെ കൗമാരകാലത്തേക്ക്‌ സഞ്ചരിക്കുന്ന ദുര്‍ബലന്‍ പലപ്പോഴും സമാനതകളുള്ള ഓര്‍മ്മകള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുന്നു. വളരെ സാദൃശ്യമുള്ള ഒരു ചക്ക സംഭവം വിവരിക്കുന്ന കുറിപ്പ്‌, അറിഞ്ഞോ അറിയാതയോ എനിക്ക്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ വായിച്ചപ്പോള്‍ തോന്നിയ ഒരു സ്കെച്ച്‌..വെറുതെ കോറിയിടുന്നു.

സമര്‍പ്പണം: ദുര്‍ബുവിന്റെ 28കാരി ജയനി ക്ക്‌.

5.3.07

An architects view towards Yahoo India's blog Content Theft

An architects view towards Yahoo India's blog Content Theftഈ ചിത്രം പികാസ വെബില്‍

എന്‍റെ പ്രതിഷേധകുറിപ്പ്:

സൂര്യഗായത്രിയെന്ന സു വിന്റെ കറിവേപ്പിലയിലെ പാചകകുറിപ്പുകള്‍ വെബ്‌ ദുനിയ എന്ന സ്ഥാപനത്തിന്റെ ഒത്താശയോടെ കൊത്തിക്കൊണ്ട്‌ പോവുകയും , അവരുടെ ഭാരതീയ പോര്‍ട്ടലിലെ മലയാളഭാഷാ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുകയും , ഇത്‌ ശരിയാണോ യാഹൂ എന്ന് ചോദിച്ചാല്‍,"അതൊക്കെ അങ്ങ്‌ ദുനിയാവില്‍ പോയി പറഞ്ഞാമതി" എന്ന് സമീപനം സ്വീകരിക്കുകയും ചെയ്യുന്ന യാഹൂ എന്ന ആഗോളകഴുകന്റെ ധിക്കാരപരമായ തിളപ്പിനെതിരെയല്ല എന്റെ പ്രതിഷേധം.


വിരുന്നുകാരന്‌ ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തികൊടുത്ത്‌ 'ഹോ ഇതൊക്കെ എന്റെ ഭാര്യയുടെ കൈപ്പുണ്യമെന്ന്' മേനിനടിക്കുകയും, "നിങ്ങളുടെ മകന്‍ ഇപ്പോ ഹോട്ടലില്‍ നിന്നും വാങ്ങിവന്നതല്ലേ ഇതൊക്കെ" എന്ന ചോദ്യത്തിന്‌ 'അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചുകള' എന്ന എങ്ങുംതൊടാത്ത ഒരു ഉത്തരം കൊടുക്കുകയും ചെയ്യുന്ന വെബ്‌ദുനിയ എന്ന വീട്ടുകാരനോടുമല്ല, എന്റെ പ്രതിഷേധം.

കോണ്‍വെന്റ്‌ സ്കൂളുകളില്‍ അടവെച്ച്‌ വിരിയിച്ചെടുക്കുന്ന 'ഞാന്‍, എന്റെ, എനിക്ക്‌' പോളിസിക്കാരായ കുട്ടികള്‍, സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ അവകാശപോരാട്ടങ്ങളെ കാണുംമട്ടിലും നയിക്കുന്നതാരെന്ന് നോക്കിയും വ്യക്തിതാല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയും 'ഓ, ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല' എന്ന കരുതല്‍ പ്രമാണക്കാരായ ബ്ലോഗ്‌ സുഹൃത്തുക്കളോട്‌ , ഈ ബൂലോകത്ത്‌ വന്നിട്ട്‌ അധികകാലമാകാത്ത എനിക്ക്‌ പ്രതിഷേധിക്കാനെന്ത്‌ അവകാശം.


ഇവിടെ ഉണ്ട്‌ എന്ന് കരുതിപോന്നിരുന്ന സൗഹൃദങ്ങളെ പല തട്ടിലാക്കി തമ്മില്‍ പോരടിപ്പിക്കുവാനും ഭിന്നിപ്പിച്ച്‌ വിജയിക്കുവാനും ശ്രമിച്ച്‌ തനിയാവര്‍ത്തനം നടത്തുന്ന ആഗോളഭീമന്‍മാരുടെ കൂട്ടുകൃഷിക്ക്‌ വളമാക്കുവാന്‍ നമ്മെയൊക്കെതന്നെയും വെട്ടിയരിഞ്ഞിട്ടാലും,അതിനെതിരെ പ്രതികരിക്കുവാന്‍ ചെറുവിരല്‍പോലുമനക്കാന്‍ കഴിയാത്തവണ്ണം ദുര്‍ബലമായ ഒരു സമൂഹജീവിയാണല്ലോ ഞാനുമെന്ന യാഥാര്‍ത്ഥ്യത്തോടും സ്വന്തം സൃഷ്ടികളെ പിതൃത്വം മറന്ന് യാഹൂ പോലുള്ള കുത്തകകളുടെ അടുക്കളയില്‍ വളര്‍ത്താന്‍ കൊടുക്കേണ്ടിവന്നാല്‍ അതിലുമഭിമാനിക്കുന്ന ഒരു ജനതയിലാണല്ലോ ഞാനുമെന്ന അവസ്ഥയോടുമാണെന്റെ പ്രതിഷേധം,ഒപ്പം ബ്ലോഗെഴുത്തുകളെ വെറും തുറന്ന ഡയറികുറിപ്പുകളെന്ന് മുദ്രചാര്‍ത്തി ചോരണമാരണം നടത്തുന്ന യാഹൂ അടക്കമുള്ള സകല പകര്‍പ്പവകാശലംഘകരോടും..സമരപന്തല്‍ ഇവിടെ
ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

3.3.07

അകവും പുറവും - ബ്ലോഗ്കളവ് കാര്‍ട്ടൂണ്‍ -2ബ്ലോഗ് കളവ് സമര പന്തലിലേക്ക് ഇന്നത്തെ കാര്‍ട്ടൂണ്‍..അകവും പുറവും അഥവാ ബ്ലോഗ് പാത്ര മൊത്തവ്യാപാരികള്‍

ഈ ചിത്രം പികാസ വെബില്‍

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..

യാഹു വിന്റെ മലയാളം പോര്‍ട്ടലില്‍ തുടക്കത്തിലെതന്നെയുണ്ടായ ബ്ലോഗെഴുത്ത്‌ മോഷണമെന്ന കല്ലുകടി പരക്കെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. അമ്മയെതല്ലിയാലും രണ്ടഭിപ്രായമുണ്ടാകുമെന്നത്‌ പോലെ ഇവിടെയുമുണ്ടായി രണ്ട്‌ ചേരി. അത്‌ ഒരു വിധത്തില്‍ നല്ലത്‌ തന്നെ, പ്രതിപക്ഷമില്ലാതെന്ത്‌ ഭരണപക്ഷം.കോപ്പിറൈറ്റിനെകുറിച്ചൊക്കെ ലേശം വിവരം വെയ്ക്കാന്‍ ഇടയാക്കിയചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍. അതൊക്കെ കേവലം ചില ബ്ലോഗുകളിലേക്കും വ്യക്തികളിലേക്കും മാത്രം കേന്ദ്രീകരിക്കുകയും പഴയ ബ്ലോഗര്‍മാരില്‍ പലരും മൗനം പാലിക്കുകയും ചെയ്തത്‌ മടുപ്പുളവാക്കിയെന്നതും 'അരിയെത്ര പയറഞ്ഞാഴി' പോലുള്ള മറുപടികളും തമ്മില്‍തല്ലും ഒരിക്കലും ഗുണമാവില്ലന്ന് കണ്ട്‌ മറ്റ്‌പലരുടെയുമൊപ്പം ഞാനും ഇടംകാലിയാക്കി. പക്ഷേ കാര്യങ്ങള്‍ 'ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ' യെന്നമട്ടിലാണ്‌. മലയാളികളുടെ ബ്ലോഗ്‌ കൂട്ടായ്മക്ക്‌ തുരങ്കം വെക്കുന്ന രീതിയിലേക്കും , വ്യക്തിഹത്യയിലേക്ക്‌ തരം താഴുന്ന അവസ്ഥയിലേക്കും യാഹൂ ഭീമന്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഇതിനെല്ലാം കാരണമായ ബ്ലോഗ്‌ കോപ്പിയടിക്ക്‌ എതിരെ നടത്തുന്ന മാര്‍ച്ച്‌ അഞ്ചിലെ പ്രതിഷേധത്തിന്‌ ഞാനും കൂടുന്നു, ചില ചില്ലറ കാര്‍ട്ടൂണുകളുമായി. ആദ്യമായിട്ടാണ്‌ നിത്യേന ഉപയോഗിക്കുന്നതെങ്കിലും AutoCAD എന്ന സോഫ്റ്റ്‌ വെയറിലൂടെ കാര്‍ട്ടൂണ്‍ വരക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്‌ ഇതാദ്യം.

ആദ്യത്തെ കാര്‍ട്ടൂണ്‍ ഇന്ന്.
ഈ ചിത്രം പികാസ വെബില്‍

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

20.1.07

ട്രാഫിക്കും കിഷോറും

തിരുവനന്തപുരത്തേക്ക്‌ വാടകക്കാരനായി എത്തിയപ്പോള്‍ തന്നെ തുടങ്ങിയ സൗഹൃദമാണ്‌ കിഷോറുമായിട്ടുള്ളത്‌. ഏത്‌ പാതിരാത്രിയും, വേണമെങ്കിലതുകഴിഞ്ഞും എന്തത്യാവശ്യത്തിനു വിളിച്ചാലും ഓടിയോ നടന്നോ ബൈക്കിലോ ആവശ്യാനുസരണം എത്തുന്ന ഒരു ഉപകാരി, കോളേജ്‌ ഓഫ്‌ എന്‍ഞ്ചിനീയറിംഗ്‌, തിരുവനന്തപുര (സി.ഇ.റ്റി ) ത്തിന്റെ പൊന്നോമനയും യൂണിയന്‍ ഭാരവാഹിയും ഒക്കെയുമായിരുന്നവന്‍; രണ്ടേ രണ്ട്‌ ദൗര്‍ബല്യം. ഒന്ന് -പാന്‍ പരാഗ്‌, രണ്ട്‌ ട്രാഫിക്‌ പോലീസ്‌.

പാന്‍ പരാഗ്‌ ഒരു മൂന്ന് നാലു പാക്കറ്റൊക്കെ ഒന്നിച്ച്‌ പൊട്ടിച്ച്‌ വായിലോട്ടിട്ട്‌ അതിന്റെ വെള്ളപ്പൊടി ഊതികളയുന്നത്‌ കണ്ടാല്‍, വെറുതെയെങ്കിലും ഒരു പാക്കറ്റ്‌ പൊട്ടിച്ചിട്ട്‌ ഒന്ന് ഊതാന്‍ കാണുന്നവര്‍ക്കും തോന്നും. വണ്ടി റോഡിലിറക്കുന്നവന്റെയെല്ലാം പുറത്ത്‌, പ്രത്യേകിച്ച്‌ ടൂ വീലര്‍, മെക്കിട്ട്‌ കേറുകയും കൈമടക്കിയും നീട്ടിയും വാങ്ങുന്ന തിരുവനന്തപുരത്തെ കുറച്ച്‌ ട്രാഫിക്ക്‌ പോലീസുകാരെ വട്ടംചുറ്റിക്കുകയാണ്‌ പ്രധാനഹോബിയെന്ന് തോന്നും ചിലപ്പോള്‍. ഇക്കൂട്ടത്തിലെ നല്ലവരുമായിട്ട്‌ പുള്ളി നല്ല കമ്പനിയുമാണെന്നത്‌ വിരോധാഭാസം.

ഒരിക്കല്‍ പട്ടം എല്‍.ഐ.സി യ്ക്ക്‌ സമീപം ചെറിയ ഒരാള്‍ക്കൂട്ടം. ബസ്സില്‍ വരികയായിരുന്ന ഞാന്‍ നോക്കിയപ്പോള്‍ ട്രാഫിക്‌ എസ്‌ ഐയോടും ഒരു പോലീസുകാരനോടും എന്തൊക്കെയോ സംസാരിക്കുന്ന കിഷോറും പിന്നെ വേറൊരു ചങ്ങാതിയും. എന്തായാലും അവിടെ ഇറങ്ങി.
“എന്ത്‌ കിഷോറെ പ്രശ്നം..?''
“ഒന്നുമില്ല ബായി, ലൈസന്‍സുണ്ടായിട്ടും ഈ സാറ് എന്നെ വണ്ടി ഓടിക്കാന്‍ സമ്മതിക്കുന്നില്ല”
കിഷോറും ചങ്ങാതിയും ബൈക്കില്‍ വരുന്നു, ആളൊഴിഞ്ഞയിടത്ത്‌ വണ്ടിയൊതുക്കിയിട്ട്‌ ഏമാനും ശിഷ്യനും വണ്ടിപിടുത്തവും 'പിടുത്ത' വും. കിഷോറിന്റെ വണ്ടിയും പിടിച്ചു. ആര്‍.സി ബുക്ക്‌,ടാക്സ്‌ ടോക്കണ്‍, ഇന്‍ഷുറന്‍സ്‌ തുടങ്ങിയവയെല്ലാം അപ്റ്റുഡേറ്റ്‌.(അതവന്റെ മറ്റൊരു ശീലം).
" എന്നാല്‍ പിന്നെ ലൈസന്‍സ്‌ എടുക്ക്‌" എന്നായി. കിഷോര്‍ പോക്കറ്റില്‍ നിന്നും ലൈസന്‍സ്‌ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ പോലിസുകാരന്‍ തടഞ്ഞിട്ട്‌, കൂടെയുണ്ടായിരുന്ന ചങ്ങാതീടെ ലൈസന്‍സ്‌ ആവശ്യപെട്ടു, അവനാണത്രേ വണ്ടി ഓടിച്ചിരുന്നത്‌.
കിഷോര്‍: “അല്ല, സാറേ, ഞാനാ വണ്ടി ഓടിച്ചിരുന്നത്‌.”
പോ.കാ: “അല്ല, മറ്റേയാളാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”
കിഷോര്‍: “സാറിനു തെറ്റി, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌..”
പോ.കാ: “അല്ല, ...”
സംഭവം ഈ ടോണില്‍ മുറുകിയ സീനിലാണ്‌ ഞാനും ആ നാട്ടുകാരുടെയൊപ്പം കൂടുന്നത്‌. തര്‍ക്കം നല്ലോണം മൂത്തു. കിഷോര്‍ എസ്‌.ഐ യോട്‌
"നോക്ക്‌ സാറെ, ഈ സാറു പറയുന്നത്‌, ഞാനല്ല വണ്ടിയോടിച്ചതെന്ന്, ഒപ്പം കൂടെയുള്ളവനോട്‌ "ഡാ, നിന്റെ ലൈസന്‍സ്‌ ഈ സാറിനെ കാണിക്ക്‌"

അവന്‍ ലൈസന്‍സ്‌ എടുത്ത്‌ എസ്‌.ഐ ക്ക്‌ കൊടുത്തു, അതും കൃത്യം.
കിഷോര്‍: “സാറെ ഇപ്പോ ഇവന്‌ ലൈസന്‍സില്ലേല്‍, ഈ സാറു പറയുന്നത്‌ ന്യായം, ഞാന്‍ പറ്റിക്കുകയാണന്ന്. ഇതിപ്പം ഞങ്ങള്‍ക്ക്‌ രണ്ട്‌ പേര്‍ക്കും ലൈസന്‍സുണ്ട്‌, പിന്നെ ഞാനെന്തിന്‌ കള്ളം പറയണം സാറേ, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌ ”
പോലീസുകാരന്‍ : “അല്ല സാറേ, മറ്റേവനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”
കിഷോര്‍: “ദേ, പിന്നേം, എന്നെ ഒരു മാതിരി കള്ളനാക്കരുത്‌ കേട്ടോ, ഞാനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌”
എസ്‌.ഐ: “സ്ഥലം മെനക്കടുത്താതെ വണ്ടി എടുത്തിട്ട്‌ പോടാ..”(ലൈസന്‍സ്‌ തിരികെ കൊടുക്കുന്നു)
കിഷോര്‍: “അതെന്ത്‌ സാറെ , അങ്ങിനെ പറയുന്നത്‌, ഞാന്‍ വണ്ടിയോടിച്ച്‌ വന്നു, നിങ്ങള്‍ നിര്‍ത്തിച്ചു, എന്നിട്ടിപ്പം, എടുത്തിട്ട്‌ പോടാന്നാ. ഞാനാണ്‌ വണ്ടിയോടിച്ചിരുന്നത്‌.”
പോ.കാ: “നീയല്ല, മറ്റവനാണ്‌ വണ്ടി ഓടിച്ചിരുന്നത്‌.”

തര്‍ക്കം നല്ലോണം മുറുകി, പോലീസുകാരന്‍ കിഷോറിന്റെ വലയില്‍ കുരുങ്ങികഴിഞ്ഞു, എസ്‌.ഐ ക്ക്‌ മിണ്ടാട്ടമില്ല, നാട്ടുകാര്‍ക്കും എനിക്കും നല്ല ഹരം. അവസാനം കൂട്ടത്തിലൊരമ്മാവന്‍ കിഷോറിനോട്‌, “വണ്ടിയെടുത്തിട്ട്‌ പോണം അപ്പീ, എന്തര്‌ തര്‍ക്കം, ഇവറ്റകള്‍ടെ പിരിവ്‌ മൊടക്കണ്ട ”

ഇത്‌ കൂടി കേട്ടതോടെ ഏമാനും ശിഷ്യനും അവരുടെ വണ്ടിയുമെടുത്ത്‌ ഒരു പോക്ക്‌, എന്താ ശേല്‌.ചെറുതായിടൊന്ന് കൂവി നാട്ടുകാരും പിരിഞ്ഞു.

"എടേയ്‌, ആക്ച്വലി എന്താ സംഭവം..? "
"ഒന്നൂല്ലന്റെ ബായി, ഞാന്‍ രാവിലെ അങ്ങോട്ട്‌ പോയപ്പോള്‍ തുടങ്ങിയ പിരിവാ അവന്മാരുടെ. ഇങ്ങോട്ട്‌ വന്നപ്പം ഞാനിവന്‌ വണ്ടിയോടിക്കാന്‍ കൊടുത്തു, അത്ര തന്നെ."
ഇതാണ്‌ കിഷോര്‍.

കിഷോറിന്റെ കൂടെ ബൈക്കില്‍ പോകുമ്പോള്‍, എവിടേലും ട്രാഫിക്‌ ചെക്കിംഗ്‌ എന്ന ഓമനപ്പേരിലുള്ള പിരിവ്‌ കണ്ടാല്‍, പറ്റുമെങ്കില്‍ അവന്‍ അവരുടെ അടുത്തെത്തി ഒന്ന് പരുങ്ങിയശേഷം യു-ടേണ്‍ അടിയ്ക്കും, തൊട്ടടുത്തുള്ള ഏതേലും മുറുക്കാന്‍ കടയ്ക്ക്‌ സമീപം നിര്‍ത്തി പാന്‍-പരാഗ്‌ ചോദിക്കും. ഇവന്റെ വണ്ടി നമ്പര്‍ അറിയാത്ത പോലീസുകാരാണെങ്കില്‍ ഉറപ്പ്‌, ഒരു ജീപ്പോ, ട്രാഫിക്ക്‌ ബൈക്കോ ഉടനെത്തും, എല്ലാം പരിശോധിക്കും, കൂടുന്ന നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യരായി തിരിച്ച്‌ പോകുകയും ചെയ്യും, ഒപ്പം നമ്പറും നോക്കിവെയ്ക്കും; ഇനിയും അബദ്ധം പറ്റരുതല്ലോ.

കിഷോറിന്റെ ചോദ്യമിതാണ്‌, “ഈ പോലീസുകാരിതെന്തിനാണ്‌ വണ്ടിയുടെ ബുക്കും പേപ്പറും നോക്കുന്നത്‌..?? ”

(അവന്‍റെ കയ്യില്‍ നിന്നും വെറുതേ തല്ല് കൊള്ളണ്ടന്ന് പേടിച്ചിട്ടൊന്നുമല്ല, കിഷോര്‍ യഥാര്‍ത്ഥ പേരല്ല..)