1.11.07

കന്യാകുമാരി - മഴ

“കടലില്‍ മഴ പെയ്യുന്നത്‌ കണ്ടിട്ടുണ്ടോ..?”
“മഴയുടെ സൗമ്യ ശബ്ദം കടല്‍തിരമാലകളുടെ ഹുങ്കാരത്തില്‍ അലിഞ്ഞില്ലാതാവുന്നത്‌ അറിഞ്ഞിട്ടുണ്ടോ..? ”
“മഴയുടെ നനുത്ത ആവരണം കടലിനെ മറയ്ക്കുന്നത്‌ കാണാനെന്ത്‌ രസമാണന്നോ..?”
കടല്‍തീരത്തെ ഹോസ്റ്റലില്‍ പ്രീഡിഗ്രി കാലത്തെങ്ങോ താമസിച്ച അനുഭവത്തില്‍ പ്രണയത്തെ പുല്‍കിയ നാളുകളിലെന്നോ അവള്‍ സംസാരിച്ച്‌ കൊണ്ടേയിരുന്നപ്പോള്‍ സതീഷ്‌ ബാബു പയ്യന്നൂരിന്റെ 'മഴയുടെ നീണ്ടവിരലുകളിലെ’ വരികള്‍ ഞാന്‍ ഓര്‍മ്മിച്ചു..
"മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍ക്കരവരെ പോകണം"

പ്രണയം ദാമ്പത്യത്തിനു വഴിമാറിയിട്ടും ഒരിക്കലും ഒരു മഴക്കാലത്തും കടല്‍കരയില്‍ പോകാനായില്ല, മഴയും കടലും ഒരുമിക്കുന്നത്‌ അറിയാനുമായില്ല.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട്‌ ദിവസം മുന്‍പ്‌ കന്യാകുമാരിയില്‍ എത്തുമ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു.കടലിലേക്ക്‌ നല്ല ദര്‍ശനമുള്ള മുറികിട്ടിയപ്പോള്‍ കരുതിയില്ല,കടലുകളുടെ സംഗമസ്ഥാനത്തു തന്നെ മഴ ഇത്രമേല്‍ ദൃശ്യ വിസ്മയമൊരുക്കി ഞങ്ങളെയും കാത്തിരിക്കുന്നുവെന്ന്.

ഹോട്ടല്‍ മുറിയുടെ മൂന്ന് ചുവരുകളുടെ സ്വകാര്യതയ്ക്ക്‌ മേലെ നാലാം ചുവരിനു പകരം തീര്‍ത്ത ബാല്‍ക്കണിയിലൂടെയുള്ള കടലിന്റെ വിശാലമായ കാഴ്ച, താളം ചവിട്ടി പതഞ്ഞ്‌ ഇറങ്ങുന്ന മഴ, ഏറെ നേരം നോക്കിനിന്നാല്‍ കടല്‍ വെള്ളം കാറ്റില്‍ ആടിയുലയുന്ന മഴനാരുകളില്‍ അള്ളിപ്പിടിച്ച്‌ മുകളിലേക്ക്‌ കയറുന്നത്‌ പോലെ തോന്നും.മുറിയിലെ ശീതികരണിയുടെ മുരള്‍ച്ചെയെക്കാളും തണുപ്പിനെക്കാളും മഴയുടെ വശ്യതയും താളവും തെന്നലും മക്കള്‍ക്കും സുഖകരമായി തോന്നി.

മഴനൂലുകളില്‍ തീര്‍ത്ത തിരശീലയുടെ നനുത്ത മറവില്‍ വിവേകാനന്ദപാറയുടെയും മണ്ഡപത്തിന്റെയുമൊക്കെ വിദൂരകാഴ്ചയ്ക്‌ ഭംഗിയേറിയത്‌ പോലെ.


മഴയുടെ ശക്തികുറഞ്ഞ വൈകുന്നേരം , ചാറ്റല്‍ മഴയില്‍ കൈകള്‍കോര്‍ത്ത്‌ കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു " മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍കര വരെ പോകണം"

മഴ തുള്ളികള്‍ക്കൊപ്പം തുള്ളികളിക്കാന്‍ കിട്ടിയ അവസരം നഷ്ടപെടുത്താതെ ചാടിതിമിര്‍ക്കുന്ന മക്കള്‍ ബാല്യകാല മഴയനുഭങ്ങളുടെ സ്മരണയുണര്‍ത്തി. ഇടയ്ക്കെപ്പോഴോ സുവര്‍ണ്ണവെളിച്ചം വിതാനിച്ച്‌ സൂര്യന്‍ പോയ്‌മറഞ്ഞു.കാര്‍മേഘചിന്തുകള്‍ക്കിടയില്‍ മുങ്ങിപ്പോയ സൂര്യാസ്തമന കാഴ്ചകളോടൊപ്പം ജല തര്‍പ്പണം നടത്തുന്നവരുടെ നിഴല്‍ രൂപങ്ങള്‍.

തിരികെ മുറിയിലെത്തി ബാല്‍ക്കണിയില്‍ ഇരുന്ന് കടലിന്റെ പാട്ട്‌ കേട്ട്‌, തിരമാലകളുടെ താളമറിഞ്ഞ്‌, വൈദ്യുതപ്രഭയില്‍ അലങ്കരിച്ച വിവേകാനന്ദ സ്മാരകത്തിന്റെ ദൃശ്യമാസ്വദിച്ച്‌, അകലെയെവിടുന്നോ, കനംതൂങ്ങിയ ഇരുളില്‍ പിച്ചവെച്ച്‌ കടന്ന് വരുന്ന മഴയെയും കാത്ത്‌..പിന്നെ, പുലരിയുടെ വര്‍ണ്ണാഭമാര്‍ന്ന വരവിനു കാതോര്‍ത്ത്‌, കണ്ണ് പൂട്ടി മഴയോടൊപ്പം ഒരു രാത്രി..!!

9 comments:

അലിഫ് /alif said...

മഴയുടെ ശക്തികുറഞ്ഞ വൈകുന്നേരം , ചാറ്റല്‍ മഴയില്‍ കൈകള്‍കോര്‍ത്ത്‌ കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു " മനസ്സില്‍ പ്രണയമുള്ളവര്‍ മഴ നനഞ്ഞ്‌ കടല്‍കര വരെ പോകണം"

ദിലീപ് വിശ്വനാഥ് said...

ആഹഹാ.. അവിടെ പോയ ഒരനുഭൂതി.

Jayakeralam said...

very good and simple style!
.......................
ജയകേരളം.കോം
http://www.jayakeralam.com

സാജന്‍| SAJAN said...

ആലിഫ്ക്കാ,വായിച്ചപ്പോള്‍ ആ മഴയത്ത് നടന്നത് പോലെ ഫീല്‍ ചെയ്തു:)
കുറച്ച് കൂടെ ഫോട്ടോസ് ഇടാര്‍ന്നു:)

കണ്ണൂരാന്‍ - KANNURAN said...

കൊതിപ്പിച്ചല്ലൊ ഫോട്ടോകളും, എഴുത്തും... അഭിനന്ദനങ്ങള്‍...

ശ്രീ said...

നന്നായിരിക്കുന്നു, ചിത്രങ്ങളും കുറിപ്പുകളും.നല്ല ഒരു മഴ നനഞ്ഞതു പോലെ.

:)

ആഷ | Asha said...

ഇത്രയും നാള്‍ കാത്തിരുന്ന ശേഷം പോയപ്പോ മഴയുംകൂടെ വന്നല്ലോ :)

chithrakaran ചിത്രകാരന്‍ said...

മനോഹരം.

വാണി said...

ആ മഴ ഈ അക്ഷരങ്ങളിലൂടെ......

അഭിനന്ദനങ്ങള്‍!!