12.5.20

നേഴ്‌സമ്മ ദിനം

 "നീ ആ പട്ടാളക്കാരന്റെ മോനല്ലേ.. ?" അതെയെന്ന് അഭിമാനത്തോടെ തലകുലുക്കും
" നീ നമ്മുടെ പാത്തുമ്മാ നേഴ്‌സിന്റെ മോനല്ലേ..?" അതെയെന്ന് തലകുലുക്കുമെങ്കിലും മനസ്സിൽ അഭിമാനത്തേക്കാൾ ഏറെ അമ്മയുടെ വാത്സല്യമില്ലാ ബാല്യത്തിന്റെ നഷ്ടബോധം അടിഞ്ഞു കിടക്കും. അത് പോലെ ആ ചോദ്യത്തിൽ മിക്കപ്പോഴും ചേർത്തുപോരുന്ന 'നമ്മുടെ' എന്ന പദത്തിലെ സ്നേഹവും കരുതലുമൊക്കെ  തിരിച്ചറിയാൻ പാകമായപ്പോഴേക്കും അമ്മ ആ ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

'അമ്മ 'പാലാ' യിൽ ANM (Auxiliary Nursing & Midwifery) നേഴ്‌സായി ജോലി നോക്കുമ്പോഴായിരുന്നു എന്റെ ജനനം. പിന്നീട് എപ്പോഴോ നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്നുവെങ്കിലും പലപ്പോഴും മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. എന്റെ ബാല്യവും കൗമാരവും അവർ സേവനബദ്ധയായി നാട് ചുറ്റുകയായിരുന്നു. നാട്ടിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റും ജോലി നോക്കുമ്പോഴും അമ്മയെ അടുത്തുകിട്ടുക അത്ര എളുപ്പമായിരുന്നില്ല. നൈറ്റ് ഷിഫ്റ്റിലെ ഡ്യൂട്ടി കാരണം വല്ലപ്പോഴുമാകും രാത്രിയിൽ ഒന്ന് കെട്ടിപിടിച്ചുറങ്ങാൻ കിട്ടുക. അങ്ങനെയായാൽ തന്നെ  മിക്കപ്പോഴും രാവിലെ കണ്ണ് തുറന്ന് നോക്കുമ്പോൾ അടുത്തുണ്ടാവുകയുമില്ല; രാത്രിയിൽ പേറ്റു നോവിൽ വലഞ്ഞ ആരുടെയെങ്കിലും ബന്ധുക്കൾ വന്ന് കൂട്ടികൊണ്ട് പോയിട്ടുണ്ടാവും. ഞാൻ കുറച്ചു മുതിർന്നു കഴിഞ്ഞു നാല് ബാറ്ററിയുള്ള വലിയ ടോർച്ചിന്റെയോ കത്തിച്ച ചൂട്ടുകറ്റയുടെയോ ഒക്കെ വെളിച്ചത്തിൽ അമ്മ 'പ്രസവ കിറ്റു' മെടുത്ത്  തിരക്ക് പിടിച്ചു പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

അന്നൊക്കെ പ്രസവ ആവശ്യവുമായി ആശുപത്രിയിൽ പോകുന്നവർ ചുരുക്കമാണ്; താഴെക്കിടയിൽ ഉള്ളവർ പ്രത്യേകിച്ചും. വയറ്റാട്ടികളും പതിച്ചികളുമൊക്കെ അരങ്ങു വാണിരുന്ന കാലത്ത് ശാസ്ത്രീയ പ്രസവശുശ്രൂഷിക (Midwifery) പഠിച്ചു, സർക്കാർ ജോലി നേടുകയും, ജോലിയുടെ ഭാഗമായിട്ടായാൽ പോലും സാമ്പത്തികമായും മറ്റും നോക്കിയാൽ താഴേ തട്ടിലുണ്ടായിരുന്ന കുറെയേറെ പേർക്ക് അതിന്റെ പ്രയോജനം എത്തിക്കുകയും ചെയ്തിരുന്ന ആതുര സേവികയുടെ മകന്, അമ്മയെ കൂടുതൽ അടുത്ത് കിട്ടാത്തതിന്റെ വിഷമവും പ്രയാസവും ഒക്കെ  ആ പ്രായത്തിൽ തോന്നിയിരിക്കുക സ്വാഭാവികം. 

ആ കാലത്ത് , നാട്ടിലെ കുറെ കുട്ടികളെ എങ്കിലും പ്രസവിച്ചിട്ടത് അമ്മയുടെ കൈകളിലേക്കാണ് എന്ന് കേട്ടിട്ടുണ്ട്. എന്റെ തലമുറയിലെ ഒരു പാട് പേർ ഇപ്പോഴും 'അമ്മ' എന്നോ 'നേഴ്‌സമ്മ' എന്നോ ആണ്  അവരെ സംബോധന ചെയ്യുന്നത്. ഒരു പാട് കുട്ടികളുടെ 'നേഴ്‌സമ്മ' ആയിരുന്ന ഒരമ്മയുടെ മകനായി ജനിക്കാനും ജീവിക്കുവാനും കഴിഞ്ഞതിൽ ഇന്ന് അഭിമാനിക്കുന്നു. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞു പോയ അമ്മദിനത്തിലെ ഓർമ്മിക്കപെടലിനേക്കാൾ ഇന്ന്, നേഴ്‌സസ് ദിനത്തിൽ , ലോകമെമ്പാടുമുള്ള പ്രിയ നേഴ്‌സമ്മമാരെ ഈ കുറിപ്പിലൂടെ ആദരിക്കാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നതും..! 

1.5.20

മെയ് ദിനം 2020

മെയ്മാസത്തിലെ ആദ്യ പുലരി;
തൊഴിലിന്റെ മഹത്വവും, തൊഴിലാളികളുടെ അവകാശങ്ങളും പോരാട്ടങ്ങളും ഓർമ്മിപ്പിക്കുന്ന മെയ്ദിനം.
പക്ഷേ, തൊഴിലിന് പോയിട്ട് നാളുകളായ മനുഷ്യരാണ് ഇന്ന് നമുക്ക് ചുറ്റും.
തൊഴിൽ നഷ്ടപെടലിന്റെ, വറുതിയുടെ, ആശങ്കകളുടെ, എന്നാൽ അതിജീവന പോരാട്ടത്തിന്റെ ദിനങ്ങൾ..!
അടിമത്വ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ
അതെ കരുത്തിൽ, തകർക്കാം
മാഹാമാരി ചങ്ങല കണ്ണികളെ,
ദുരിത വ്യാപനത്തിന്റെ ശൃംഖലകളെ..!
ഒന്നായ് പൊരുതാം, കാത്തിരിക്കാം, നഷ്ടമായതെല്ലാം വീണ്ടെടുക്കാവുന്ന നാളെയുടെ, നന്മയുടെ പുലരിക്കായി..!
മെയ് ദിന ആശംസകൾ..!
#mayday_2020
#break_the_chain

FB പോസ്റ്റ് Link