7.9.07

പോസ്റ്റ്‌ ഡിലീറ്റാനുണ്ടോ.. പോസ്റ്റ്‌..!!

ബ്ലോഗ്‌ എന്നത്‌ ഒരു സ്വതന്ത്ര മാദ്ധ്യമം എന്ന നിലയ്ക്കാണ്‌ പലപ്പോഴും പ്രതിപത്തി തോന്നീട്ടുള്ളത്‌, ഇത്‌ വിഭാവനം ചെയ്തവരും അത്‌ തന്നെയാണുദ്ദേശിച്ചിട്ടുള്ളത്‌ എന്നാണ്‌ ഈ ചുരുങ്ങിയ ഒരു വര്‍ഷക്കാലം കൊണ്ട്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞതും. ആദ്യകാല പ്രയോക്താക്കളില്‍ പലരും ഇതിനെ ഒരു ഡയറികുറിപ്പിന്റെ ലാഘവത്തിലവതരിപ്പിച്ചത്‌ ബ്ലോഗ്‌ എന്ന മാദ്ധ്യമത്തെ ലക്ഷ്യപ്രാപ്തിയിലേക്കെത്താന്‍ സഹായിച്ചില്ല, ഇനിയും സഹായിക്കില്ല എന്ന് തന്നെയാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

മലയാളം ബ്ലോഗ്‌ എന്നത്‌ ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ സഹായകരമായ രീതിയിലേക്കും കൂടി, അക്ഷരമില്ലാതെ അനന്തതയില്‍ ലയിച്ച ലോകത്തെ നിരവധി ഭാഷാ കൂട്ടങ്ങളില്‍ ഒന്നാകരുതേ മലയാളം എന്ന പ്രാര്‍ത്ഥനയ്ക്കും ഇടമുണ്ടാക്കി. എത്ര പെട്ടന്നാണ്‌ മലയാളം ബ്ലോഗിംഗ്‌ തലം ഇത്രമാത്രം എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിച്ചത്‌. വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന ഈ വിവരസാങ്കേതികയുഗത്തിലും ഭാഷയോടുള്ള അഭിനിവേശം എഴുത്തിലൂടെയും വായനയിലൂടെയും പങ്ക്‌ വെയ്ക്കുന്ന പല തലമുറകളില്‍ പെട്ടവരെയും കോര്‍ത്തിണക്കാന്‍ ബ്ലോഗിംഗ്‌ സമ്പ്രദായത്തിനു കഴിഞ്ഞു എന്നതൊരു ചെറുതല്ലാത്ത വലിയ കാര്യമാണ്‌. പക്ഷേ, ഈ മാദ്ധ്യമത്തെ കസ്റ്റമൈസ്‌ ചെയ്ത്‌ ചെയ്ത്‌ മിക്ക ബ്ലോഗര്‍മാരും ഇന്ന് അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്ത്‌ ചെന്ന് മൂക്കും കുത്തി താഴോട്ട്‌ വീഴുന്നപോലെ..!

പലപ്പോഴും കണ്ടിട്ടുള്ള ഒരു പ്രവണതയാണ്‌ വിവാദങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടാകുമ്പോള്‍ ബ്ലോഗിലെ പോസ്റ്റുകളോ, ബ്ലോഗ്‌ തന്നെയോ ഡിലീറ്റ്‌ ചെയ്യാനുള്ള ആവശ്യങ്ങള്‍ ഉയരുന്നത്‌. മിക്കപ്പോഴും ഇത്‌ സീനിയര്‍ ബ്ലോഗര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ ഭാഗത്ത്‌ നിന്നുമായിരിക്കും എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരാള്‍ ഒരു കുറിപ്പ്‌ കഥയോ കവിതയോ, ലേഖനമോ എന്തെങ്കിലുമായികൊള്ളട്ടെ, അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. രാജ്യസുരക്ഷാ താത്പര്യത്തിനെതിരും ജാതി,മത രാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലവുമൊക്കെയായ നിലപാടുകളൊന്നും തന്നെയില്ലെങ്കില്‍ ആര്‍ക്കും ആരോടും ആവശ്യപ്പെടാനാകില്ല, ആ കുറിപ്പ്‌ ഡിലീറ്റ്‌ ചെയ്യുവാന്‍. ഈ പ്രസിദ്ധീകൃതമായ കുറിപ്പിനു ചുവട്‌ പിടിച്ച്‌ നല്ലതും ചീത്തയും, അപകീര്‍ത്തികരവുമായ കമന്റുകള്‍ വരാം , വരാതിരിക്കാം, അതിനു പോസ്റ്റിടുന്നയാള്‍ ഉത്തരവാദിയായിരിക്കുമോ..? അഥവാ അങ്ങിനെ സഹബ്ലോഗര്‍മാരുടെ ധാര്‍മ്മികസമരം കണക്കിലെടുത്ത്‌ ഡിലീറ്റ്‌ ചെയ്യപ്പെട്ട ഒരു പോസ്റ്റ്‌ , അതിന്റെ ഓഫ്‌ലൈന്‍ കോപ്പി സൂക്ഷിച്ച്‌ വെച്ചിരുന്ന യാതൊരു ധാര്‍മ്മികമൂല്യ ബോധവുമില്ലാത്ത മറ്റൊരു ബ്ലോഗര്‍ അത്‌ പൂര്‍ണ്ണമായോ,ഭാഗികമായോ പബ്ലിഷ്‌ ചെയ്താല്‍ ആര്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും?

പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്യുന്നത്‌ കൊണ്ടുള്ള ലാഭം, ആവശ്യമില്ലാതെ കമന്റ്‌ ചങ്ങലകള്‍ സൃഷ്ടിച്ച്‌ ഖ്യാതി നേടുന്നവര്‍ക്കും, അനോണി മുഖമൂടിയിലൊളിച്ചിരുന്ന് തമ്മിലടിപ്പിക്കുന്ന ചോരകൊതിയന്മാര്‍ക്കും മാത്രം..! നഷ്ടം, ചില അവസരങ്ങളിലെങ്കിലും നല്ല നല്ല പോസ്റ്റുകളുടെ തുടര്‍വായനക്കാര്‍ക്കും, ബ്ലോഗ്‌ മൊത്തമായി പൂട്ടികെട്ടി ഒളിച്ചോടേണ്ടി വരുന്ന സൃഷ്ടികര്‍ത്താക്കള്‍ക്കും. വേറൊന്ന്, ഏതെങ്കിലും പോസ്റ്റിലൂടെ വ്യക്തിഹത്യയെ നേരിടേണ്ടി വന്നവര്‍ക്ക്‌ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു എന്നത്‌ കൊണ്ട്‌ മാത്രം പോയ മാനം തിരിച്ചും കിട്ടുമെന്ന് കരുതാനും വയ്യ..!

കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളില്‍ നിന്ന് ബ്ലോഗ്‌ പോസ്റ്റുകളെ മോചിപ്പിച്ചേ മതിയാകൂ. ബ്ലോഗറുടെ സൃഷ്ടികളെ അയാളുടെ കമന്റ്‌ ഓപ്‌ഷന്‍ തുറന്ന് വെച്ചിരിക്കുന്നിടത്തോളം ആര്‍ക്കും വിമര്‍ശിക്കാം, വിശകലനം ചെയ്യാം. അല്ലാതെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , അതിനി എന്തുതന്നെയായികൊള്ളട്ടെ, സഹബ്ലോഗര്‍മാര്‍ക്ക്‌ അവകാശമില്ല എന്ന് തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. പറയുമ്പോള്‍, സ്വതന്ത്രമാദ്ധ്യമാണ്‌ ബ്ലോഗ്‌, എഡിറ്റര്‍മാരില്ലാതെ, സ്വയം പബ്ലിഷര്‍ ആകാനുള്ള സ്വാതന്ത്ര്യം..പക്ഷേ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ആക്രോശങ്ങളില്‍ അതൊക്കെയും ഇല്ലാതായി പോകുന്നില്ലേ എന്നൊരു സന്ദേഹം..!

ഈയിടെ കണ്ട്‌ വരുന്ന മറ്റൊരു പ്രവണത,ഒരു ബ്ലോഗര്‍ അവതരിപ്പിച്ച ഏതെങ്കിലും സൃഷ്ടിയില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അയാളെ പോസ്റ്റിലൂടെയും, കമന്റിലൂടെയുമെല്ലാം തേജോവധം ചെയ്യാനുപയോഗിക്കുക എന്നുള്ളതാണ്‌.ഞാന്‍ എന്ന കഥാപാത്രം ചിലപ്പോള്‍ കള്ളുകുടിയനോ പെണ്ണുപിടിയനായോ അവതരിച്ചാല്‍, അല്ലെങ്കില്‍ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ , ഞാന്‍ ഫുള്‍ടൈം കള്ളും കുടിച്ച്‌, പെണ്ണും പിടിച്ച്‌ നടക്കുന്ന ഒരാളുടെ പ്രതിരൂപമായി മാറുമോ..? ഇതിനു കമന്റ്‌ ചെയ്യുന്നവരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല, മൂലകാരണം -ബ്ലോഗെന്നാല്‍ കേവലം ഡയറി കുറിപ്പുകളെന്നപോലെ ലഘൂകരിക്കപ്പെട്ടത്‌ തന്നെയാവണം,ആത്മകഥാംശം കലര്‍ന്ന കുറിപ്പുകളുടെ ധാരാളിത്വവും..!

സൃഷ്ടികര്‍ത്താക്കളുടെ വ്യക്തിപരമായ കാര്യങ്ങളെയാണ്‌ നമ്മള്‍ അളവുകോലാക്കിയിരുന്നതെങ്കില്‍, സാഹിത്യവും കലയുമൊക്കെ ആസ്വാദകരില്ലാതെ, വിമര്‍ശകരില്ലാതെ എന്നേ മണ്‍മറഞ്ഞ്‌ പോയേനെ. ബ്ലോഗിലൂടെ വായിക്കാന്‍,അറിയാന്‍, ആസ്വദിക്കാന്‍ അല്ലെങ്കില്‍ വിമര്‍ശിക്കുവാന്‍ താത്പര്യപ്പെടേണ്ടത്‌ ബ്ലോഗറെയല്ല,മറിച്ച്‌ അവരുടെ പോസ്റ്റുകളെയാണ്‌. സമൂഹജീവികളെന്ന നിലയില്‍ വ്യക്തിബന്ധങ്ങള്‍ പലതും ഇതിനിടയിലൂടെ ഉടലെടുക്കുന്നുണ്ടാകാം,കൂട്ടായ്മകളും. അത്‌ പോസ്റ്റുകളെയും, കമന്റുകളെയും ബാധിക്കുന്നതലത്തിലേക്ക്‌ കടന്നാല്‍ ഈ പറയുന്ന 'സ്വാതന്ത്ര്യം' ബ്ലോഗ്‌ എന്നല്ല, ഒരു മാദ്ധ്യമവും നമുക്ക്‌ നല്‍കില്ല.

വാല്‍ക്കഷണം:
മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ബ്ലോഗ്‌ എഴുത്തിന്റെ ആവശ്യമുണ്ടോ,സ്വന്തം കുട്ടികളുള്‍പ്പെടെ ഒരു എട്ട്‌ പത്ത്‌ കുട്ടികള്‍ക്ക്‌ മലയാളം അക്ഷരമാല പഠിപ്പിച്ച്‌, അവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കിയാല്‍ പോരെ..?!