19.4.20

കൃഷിപാഠം

വേനൽ കടുക്കുന്നു; പച്ചക്കറി ചെടികൾക്ക് എത്ര വെള്ളം കൊടുത്താലും ഇനിയും കൊണ്ട് വാ എന്ന മട്ടാണ്. ഇടയ്ക്ക് ഒന്ന് രണ്ട് മഴ കിട്ടിയെങ്കിലും ഭൂമിയുടെ ദാഹം തീരെ ശമിച്ചിട്ടില്ല.
ചെറിയ തോതിലാണെങ്കിലും എന്റെ കൃഷിയുടെ രീതികളും മറ്റും അറിഞ്ഞോ അറിയാതെയോ പിതാവിൽ നിന്ന് പകർന്ന് കിട്ടിയതാവണം. അദ്ദേഹം വലിയ കൃഷിക്കാരനോ കർഷകശ്രീയോ ഒന്നുമല്ലായിരുന്നുവെങ്കിലും മണ്ണിൽ വിളയിറക്കിയിരുന്നതും വിളവെടുത്തിരുന്നതും തികച്ചും സത്യസന്ധമായിട്ടായിരുന്നു, മണ്ണിനോടും മനുഷ്യരോടും. അന്നീ ഓർഗാനിക് കൃഷിയൊന്നും സ്പെഷ്യൽ ഐറ്റമായി അവതരിച്ചിരുന്നില്ലെങ്കിൽ കൂടി നാട്ടിൽ മിക്കവരും ചെയ്തിരുന്നത് ജൈവം തന്നെയായിരുന്നു.
അത്തരത്തിൽ ഒരു കൃഷി രീതിയും വിളവെടുപ്പും ഓർമ്മയിൽ ഉള്ളത് അദ്ദേഹം ഒരിക്കൽ പരീക്ഷിച്ച ഇഞ്ചി കൃഷി ആണ്. ഇഞ്ചി നടുന്നതിന് മുൻപ് ആ വയൽ ഭാഗം നിറയെ കപ്പലണ്ടി കൃഷി ചെയ്തു (കാർഷിക ഭവനിൽ നിന്നെങ്ങോ ആണ് വിത്ത് കിട്ടിയത്) അത് വഴി പോകുന്ന പലരും കളിയാക്കലുകൾ കൊണ്ട് മുറിപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, കപ്പലണ്ടി ചെടികൾ വേഗത്തിൽ തഴച്ചു വളർന്നു , പൂത്തു , പിന്നെ വാടി കൊഴിഞ്ഞു; വിളവെടുപ്പിനു ഓരോ ചെടിയുടെ ചുവട്ടിലും നിറയെ കപ്പലണ്ടി കൂട്ടം. പക്ഷെ ഇത് സാധാരണ ചെയ്യാറുള്ള പോലെ കമ്പോളത്തിൽ വിൽക്കാനൊന്നും പോയില്ല, കുറെ ഞങ്ങൾക്കും ബന്ധുമിത്രാദികൾക്കും അതിലേറെ കളിയാക്കിയ ടീമുകൾക്കും ഒക്കെ നൽകി. അതായിരുന്നില്ല പുള്ളിയുടെ തുറുപ്പ് ചീട്ട് എന്ന് പിന്നീടാണ് മനസ്സിലായത്; വിളവെടുത്ത് അവശേഷിച്ച കപ്പലണ്ടി ചെടി തണ്ടുകളും വേരുപടലങ്ങളും മറ്റും ആ പണകളിൽ തന്നെ ഇട്ട് ചീയിച്ചു, മണ്ണിൽ കലരാനനുവദിച്ചു. ശേഷം കാര്യമായി ഇഞ്ചി നട്ടു. സാധാരണ നൽകിയിരുന്ന വളങ്ങൾ തുശ്ചമായി മാത്രം നൽകി. പക്ഷെ, ആ വർഷത്തെ ഇഞ്ചിയുടെ വിളവ് പോലെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ലന്ന് വേണം പറയാൻ. കപ്പലണ്ടി ചെടിയുടെ വേരിലും മറ്റും എന്തോ നൈട്രജനോ ഒക്കെ ഉണ്ടെന്നും അത് വിളവ് കൂടാൻ സഹായിക്കും എന്നൊക്കെയാണ് അന്ന് പറഞ്ഞു തന്നത്.
കൃഷിയിൽ നിന്നുള്ള വരുമാനം കൂടി ചേർത്ത് പരുവപ്പെടുത്തിയെടുത്ത സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിനിടയ്‌ക്കൊന്നും പക്ഷേ കാർഷിക വൃത്തിയിൽ തരിമ്പും താൽപര്യം എനിക്കുണ്ടായിരുന്നില്ല. വല്ലപ്പോഴും വെള്ളമൊഴിക്കലിനോ, വയൽകിളികളെ കൂവി വിളിച്ചും പാട്ട കൊട്ടിയും പറത്തി വിടാനോ ഒക്കെയുള്ള സാധാ ചുമതലകളെ എനിക്ക് കിട്ടിയിരുന്നുള്ളൂ. എങ്കിലും അദ്ദേഹവുമായുള്ള ആശയ വിനിമയവും ചർച്ചകളും വിനോദങ്ങളും പരാതി പരിഹാരവും മറ്റും ഏതാണ്ട് പൂർണമായും കൃഷിയിടങ്ങളിൽ വെച്ചായിരുന്നു. അതിനിടയ്ക്കെപ്പൊഴോ ഒക്കെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാർഷിക വിദ്യാഭ്യാസമാവും എനിക്കുള്ളത്. എന്തായാലും, അത് തീരെ മോശമായിട്ടില്ലന്നാണ് സ്വയമൊരു വിലയിരുത്തൽ..!
പറഞ്ഞു വന്നത് ചെടികൾക്ക് വെള്ളം നൽകുന്നതിനെ കുറിച്ചും ദാഹിച്ചു വരളുന്ന ഭൂമിയെ കുറിച്ചുമാണ്. ഇന്ന് കുറെ പച്ചക്കറി ചെടികൾക്ക് തടമെടുത്ത് കരിയിലകൾ കൊണ്ട് പുതയിട്ടു. ഈ വേനലിൽ വെള്ളത്തിന്റെ ദുരുപയോഗം, കൃഷിക്കാണെങ്കിൽ പോലും ഒഴിവാക്കേണ്ടതുണ്ട്; കുറച്ചു വെള്ളം കൊണ്ട് ചെടികളുടെ ദാഹം നികത്താനാകുമോ എന്ന് നോക്കട്ടെ..!

വാൽകഷ്ണം:
അടുത്തിടെ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ കുറച്ചു പച്ച കപ്പലണ്ടി വാങ്ങി, ഉദ്ദേശം ഭാവിയിലെ ഇഞ്ചി കൃഷി ആണെന്ന് നിങ്ങൾക്ക് ഇപ്പോൾ ഏറക്കുറെ മനസ്സിലായിക്കാണും; പക്ഷെ വീട്ടിലെ പാചക രത്നത്തിന് മനസ്സിലായില്ല ! അതെടുത്ത് വറുത്ത് റോസ്റ്റാക്കി കൊറോണ വീട്ടിലിരുപ്പിനിടെ വൈകുന്നേരത്തെ ചായക്ക് ടച്ചിങ്ങ്സ് ആയി തന്നു, വറുത്ത കപ്പലണ്ടി തിന്നാൽ കൊറോണ വരില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടായാലും അല്ലെങ്കിലും ദോഷം പറയരുതല്ലോ; നല്ല ടേസ്റ്റി ആയിരുന്നു..!!
( ചിത്രത്തിൽ ഉള്ളത് പാൽമുളക്, വഴുതന ചെടികളാണ് )

(Original FB post Link )

No comments: