21.9.06

നൈജീരിയന്‍ പാചക 'വിധി' കള്‍.

ആമുഖം:
കുട്ടിക്കാലത്ത്‌ മണ്ണപ്പം ചുട്ട്‌ കളിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ പാചകവുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു എനിക്കീ കഴിഞ്ഞ ജൂണ്‍ മാസം 13 വരെയും. അടുക്കളയുമായുള്ള ബന്ധം ഭക്ഷണം കഴിക്കാനും ( അടുക്കളേലിരുന്ന് ഭക്ഷണം കഴിക്കുന്നതൊരു സുഖമാ..) ഭാര്യയെ ശല്യം ചെയ്യാനും ഇടയ്ക്ക്‌ കയറാറുണ്ടെന്നുള്ളതും നിരവധി അടുക്കളകള്‍ രൂപകല്‍പനചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടന്നുള്ളതും മാത്രമാകുന്നു. ഇപ്പോള്‍ ഈ നൈജീരിയയില്‍, കമ്പനി ഗസ്റ്റ്‌ ഹൌസില്‍ തന്നിരുന്ന ഇറ്റാലിയന്‍ പാസ്തയും പിസായുമൊന്നും എപ്പോഴും കഴിക്കാന്‍ ഇഷ്ടമല്ലാത്തതു കൊണ്ടും(തരമാവാത്തത്‌ കൊണ്ടും)പുറത്തിറങ്ങി ഒരു ചായകുടിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തതു കൊണ്ടും (തോക്ക്‌, വെടി, വെടി, തട്ടികൊണ്ട്‌ പോകല്‍ ) ഭക്ഷണമില്ലാതെ അധികകാലം ജീവിക്കുവാന്‍ കഴിയില്ലന്നതു കൊണ്ടും പാചകത്തിനുള്ള സൌകര്യങ്ങള്‍ (ആയുധസാമഗ്രികള്‍ ഉള്‍പ്പെടെ ) കമ്പനി തന്നിരിക്കുന്ന വസതിയിലുള്ളതുകൊണ്ടും മാത്രം പാചകം ഒരു വിനോദോപാധിയായെടുത്ത (ദൈവമേ, ഉമേഷ് മാഷ് ) ഒരു 'മാര്യേഡ്‌ ബാച്ചിലറുടെ' (എന്റെ വിസാ സ്റ്റാറ്റസ്‌ അങ്ങിനെയാണ്‌) പാചക 'വിധി' ( ചുരുക്കി തലവിധിയെന്നും വായിക്കാം) യായി കരുതണമെന്ന് അപേക്ഷിക്കുന്നു..ഹോ, ക്ഷീണിച്ചു; ഇനി ഒരു ചായകുടിച്ചിട്ടാവാം (ഞാന്‍ തന്നെ ഉണ്ടാക്കിയത്‌..)

മുന്‍കൂര്‍ ജാമ്യം:
ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരമോ കുറച്ച്‌ കൈയ്യില്‍ നിന്നിട്ട്‌ പരിഷ്കരിച്ചോ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തിന്ന്, രാവിലെയോ,ഉച്ചക്കോ, രാത്രിയിലോ ,ഇതിനിടയ്കെപ്പഴെങ്കിലുമോ ആര്‍ക്കെങ്കിലും "അത്യാവശ്യ" ഘട്ടം തരണം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
സമര്‍പ്പണം:
ഒരു മുട്ടപോലും പൊട്ടാതെ വേവിച്ചെടുക്കാന്‍ കഴിയുന്നില്ലന്നു പരിഭവിക്കുന്ന ബാച്ചിലര്‍ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ നിര്‍ദ്ദേശ സഹായം നല്‍കികൊണ്ടിരിക്കുന്ന എന്റെ സഹധര്‍മ്മിണിക്കും.

മുന്നറിയിപ്പുകള്‍: അതു പിന്നെ പറയാം.

ചോറ് അഥവാ കഞ്ഞി
ഒരു നല്ല പാചകക്കാരനാവണോ, നിങ്ങള്‍ ആദ്യം കഞ്ഞി വെച്ചു പഠിക്കണം. കഞ്ഞി വെക്കാന്‍ നിങ്ങള്‍ചോറുണ്ടാക്കാന്‍ ശ്രമിച്ചു നോക്കിയാല്‍ മതി (അനുഭവമാണു ഗുരു)
അരി: 1 ഗ്ലാസ്‌
വെള്ളം: രണ്ട്‌ ഒന്നര ലിറ്റര്‍ മിനറല്‍ വാട്ടര്‍.
പാചക രീതി:
അടുപ്പ്‌ ചൂടാക്കി വെള്ളം കുറച്ച്‌ വലിയ പാത്രത്തില്‍ (വല്യ കുട്ടകമൊന്നുമല്ലേ.!) ഒന്നര ലിറ്റര്‍ വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. നന്നായി കഴുകി (സോപ്പിടണ്ട) വൃത്തിയാക്കിയ അരി തിളച്ച വെള്ളത്തിലേക്ക് മെല്ലെ ഇടുക. ഇതിനു സ്പൂണോ ചെറിയതവിയോ ഉപയോഗിച്ചാല്‍ കൈപൊള്ളാതെയിരിക്കും. അരിയുടെ അളവിന്റെ ഇരട്ടി വെള്ളം ഉണ്ടായിരിക്കണം. വെള്ളം തിളയ്കുന്നത്‌ നോക്കി നില്‍ക്കണമെന്നില്ല, എന്നു വെച്ച്‌ ഒരുപാട്‌ ദൂരേക്ക്‌ പോകാനോ സ്വയം മറന്നു പോകുന്ന ചാറ്റ്‌, ബ്ലോഗിംഗ്‌, മൊബൈല്‍ പഞ്ചാര യെന്നിവയോ പാടില്ലതാനും. ഇടയ്കിടെ വെള്ളം വറ്റിപ്പോകാതെ നോക്കണം. വെള്ളം ആവശ്യമാകുമ്പോള്‍ ഒഴിച്ച്‌ കൊടുത്താല്‍ മതി, ലവന്റെ തിളയൊന്നടങ്ങും. ഒരു 20-25 മിനുട്ട്‌ (തീയുടെ ചൂടുപോലിരിക്കും, അതുപോലെതന്നെ പലതരം അരിക്കും പല വേവാണ്‌) കഴിയുമ്പോള്‍ സ്പൂണില്‍ കുറച്ച്‌ കോരിയെടുത്ത്‌ വേവു നോക്കുക. ചോറിന്റെ പരുവമാകുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നു ഊറ്റിയെടുത്താല്‍ ചോറായി. അവസാനത്തെ തിളയുടെ കൂടെ വളരെ കുറച്ച്‌ ഉപ്പ്‌ പൊടിചേര്‍ക്കുന്ന പതിവെനിക്കുണ്ട്‌, ഒരു ടേസ്റ്റിന്‌.
ഇതിനിടയ്ക്‌ സ്പൂണിലെടുത്ത്‌ നോക്കുമ്പോള്‍ ചോറിന്റെ പരുവം കഴിഞ്ഞെന്നു തോന്നിയാല്‍ കൈവിട്ട്‌ പോയിയെന്നൊന്നും കരുതാതെ കഞ്ഞി കുടിക്കാന്‍ തീരുമാനിക്കുക. ലേശം ഉപ്പ് കൂടിയിട്ട്‌ നന്നായി വേവിച്ച്‌ തവികൊണ്ടൊന്നുടച്ചെടുത്താല്‍ കഞ്ഞി റെഡി. തേങ്ങാപ്പാല്‌ ടിന്നില്‍ കിട്ടുന്നതോ (തേങ്ങാ പിഴിഞ്ഞ്‌ ഒഴിച്ചാലും മതി..!!) തേങ്ങാപാല്‍പ്പൊടി കലക്കിയതോ ചേര്‍ത്താല്‍ നല്ല ടേസ്റ്റായിരിക്കും. (ഇതിനെയാണാവോ പാല്‍കഞ്ഞിയെന്നു പറയുന്നത്‌?)

ചെറുപയര്‍ വിഭവങ്ങള്‍
ചെറുപയര്‍ - 1 ഗ്ലാസ്‌
പച്ചമുളക്‌ - 2-3 എണ്ണം
കറിമസാല പൊടി - 2സ്പൂണ്‍
സവാള -1 എണ്ണം
എണ്ണ 5-6 സ്പൂണ്‍
കടുക്‌ -കുറച്ച്‌
തേങ്ങാപ്പാല്‍ - അര ഗ്ലാസ്‌
ഉപ്പ്‌ -ആവശ്യത്തിന്‌
പാചക രീതി:
ചെറുപയര്‍ 2-3 മണിക്കൂര്‍ മുന്‍പ്‌ തന്നെ വെള്ളത്തിലിട്ട്‌ വെയ്ക്കുക. ഒരു ചെറിയപാത്രത്തില്‍ കഴുകി കുതിര്‍ത്ത്‌ വെച്ചിരിക്കുന്ന പയര്‍ നന്നായി വേവിക്കുക. (പയറിന്റെ അടപ്പിളകുന്നതുവരെ , അതായത്‌ തോട്‌ പൊട്ടുന്നതിനു തൊട്ട്‌ മുന്‍പു വരെ) വേകുന്നതിനോടൊപ്പം കറിമസാല പ്പൊടി ചേര്‍ക്കുക. ഒരു നല്ല തിളകഴിയുമ്പോള്‍ കുറച്ച്‌ ഉപ്പു ചേര്‍ക്കുക. അവസാനം പച്ചമുളക്‌ ഉടച്ചതും ലേശം തേങ്ങാപ്പാലും ചേര്‍ത്ത്‌ ഒന്നു തിളപ്പിച്ച്‌ മാറ്റി വെയ്ക്കുക. ഒരു ഫ്രൈയിംഗ്‌ പാനില്‍ എണ്ണയൊഴിച്ച്‌ (ഞാന്‍ സോയബീന്‍ എണ്ണയാണ്‌ ഉപയോഗിക്കാറ്‌) ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിക്കുക. ചെറുതായി കൊത്തിയരിഞ്ഞ സവാള യിട്ട്‌ നന്നായി മൂപ്പിച്ച്‌ (കടുക്‌ പൊട്ടികഴിഞ്ഞാല്‍ തീ കുറയ്കണം ) ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേക്ക്‌ ചേര്‍ക്കുക. ചെറുപയര്‍കറി റെഡി.
പക്ഷേ ഇത്‌ ചോറിനല്ലേ പറ്റൂ. (ചപ്പാത്തിക്ക്‌ അസ്സലാണ്‌ട്ടോ) നമ്മള്‍ ചോറു വെച്ച് കഞ്ഞി ആയ സ്ഥിതിക്ക്‌ കുറച്ച്‌ ഡ്രൈയായിട്ടുള്ള ചെറുപയര്‍ വിഭവമാകും നല്ലത്‌. അപ്പോള്‍, കടുകിട്ട്‌ പൊട്ടിച്ച്‌ സവാള (നീളത്തിലരിഞ്ഞതായാലും മതി) യിട്ട്‌ മൂപ്പിക്കുക. തിളപ്പിച്ച്‌ മാറ്റീവെച്ചിരിക്കുന്ന കറിയില്‍ നിന്നും കുറച്ച്‌ വെള്ളം ഊറ്റികളഞ്ഞ്‌ (എന്റെ കറിപ്പൊടിയെല്ലാം പോയല്ലോന്ന് സങ്കടമുണ്ടാവും സാരമില്ല) വെച്ചിരിക്കുന്നത്‌ നമ്മുടെ സവാളമൂപ്പിച്ച്‌ കൊണ്ടിരിക്കുന്നതിലേക്ക്‌ (കുറച്ച്‌ വലിയ പാനാണ്‌ നല്ലത്‌) ഇട്ട്‌ തീ നല്ലോണം കുറച്ച്‌ ഒന്നു ഇളക്കിയെടുക്കുക. ഇതിനിടയില്‍ കുറച്ച്‌ (വളരെ കുറച്ച്‌ ) ഗരം മസാലപൊടിചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ വരുന്നതായി തോന്നീട്ടുണ്ട്‌. മൂന്ന് നാലു തുള്ളി വെളിച്ചണ്ണ കൂടി ചേര്‍ത്ത്‌ കഞ്ഞിയുടെ കൂടെ അടിച്ച്‌ നോക്കൂ..പഞ്ഞിയും കയറും..ശേ; കഞ്ഞിയും പയറും.
ചെറുപയര്‍ വെറുതേ വേവിച്ച്‌ തേങ്ങാപ്പൊടിയും ഉപ്പും ചേര്‍ത്താല്‍ വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാം.

ചപ്പാത്തി
കേള്‍ക്കാനും തിന്നാനും നിസാരമായ ഈ ഐറ്റം പഠിച്ചെടുക്കാന്‍ കുറച്ച്‌ പാടുപെട്ടു. ആദ്യപരീക്ഷണത്തിന്റെ ഫലമായി, ഒരു ശ്രീലങ്ക, ഒരു ആസ്ത്രേലിയ, പിന്നെ ഒന്നു രണ്ട്‌ മാലി ദ്വീപു പോലെത്തെ ഡിസൈനര്‍ ചപ്പാത്തികളും തിന്നാന്‍ ഭാഗ്യം സിദ്ധിച്ചു. പക്ഷേ നമ്മള്‍ വിടുമോ..ഇപ്പോ കൃത്യം വൃത്താകൃതി ഒത്തു വരുന്നില്ലങ്കിലും ( എന്റെ ഭാര്യ ഇതെങ്ങെനാവോ ഒപ്പിക്കുന്നത്‌..?) വശങ്ങളൊക്കെ വൃത്തിയായിട്ടുണ്ട്‌, മാത്രമോ പൂരി പോലെ പൊള്ളി വരുന്നതായിട്ടുമുണ്ട്‌.
ചേരുവകളള്‍
‍ഗോതമ്പ്‌ പൊടി - 2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - ആവശ്യത്തിന്‌ (ആവേശത്തിനല്ല)

ഉപ്പ്‌ ചേര്‍ത്ത്‌ പൊടിയിളക്കിയ ഗോതമ്പ്‌ മാവിലേക്ക്‌ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ കുഴച്ച്‌ തുടങ്ങുക. സൂക്ഷിക്കുക, വെള്ളം അധികമാകരുത്‌. ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നതാണു നല്ലത്‌. കൈയ്യിലൊട്ടും ഒട്ടുന്നില്ല എങ്കിലും പരത്താനുള്ള മയമുണ്ട് എന്ന പരുവമാകുന്നതു വരെ കുഴയ്ക്കുക. പിന്നെ ബോളുകളാക്കി പരത്തിയെടുക്കുക. പരത്തുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാന്‍ (പരത്താന്‍ പി.വി.സി. പൈപ്പാണു നല്ലത്‌ എന്ന് എന്റെ ശ്രീമതി, ഞാനിതു വരെ അനുസരിച്ചിട്ടില്ലാട്ടോ..)കുറച്ച്‌ പൊടി തൂവുന്നതു നല്ലതാണെങ്കിലും അധികമായാല്‍ ചപ്പാത്തി ഭയങ്കര കടുപ്പമുള്ളതായിപ്പോകും.അടുപ്പില്‍ ദോശ പാന്‍ വെച്ച്‌ (അധികം കുഴിവില്ലാത്ത തരം) നന്നായി ചൂടായി വരുമ്പോള്‍, പരത്തി വെച്ചിരിക്കുന്ന ചപ്പാത്തിയുടെ താഴ്‌ഭാഗം തന്നെ ആദ്യം ചൂട്‌ കിട്ടുന്നതു പോലെ ഇടുക. ഒരു 5 സെക്കന്റ്‌, ലവനെ വശം മറിച്ചിടാം. ഒരു ഒന്നര മിനുട്ട്‌, വീണ്ടും മറിച്ചിടുക, ചട്ടുകം കൊണ്ട്‌ ചപ്പാത്തിയുടെ മുകള്‍ ഭാഗത്ത്‌ നന്നായി അമര്‍ത്തി മസാജ്‌ ചെയ്ത്‌ കൊടുക്കുക, കണ്ടൊ പൊള്ളി വീര്‍ത്ത്‌ നല്ല സോഫ്റ്റ്‌ ചപ്പാത്തി. ഇതില്‍ ടൈമിംഗിനു വളരെ പ്രാധാന്യമുണ്ട്‌. ഒത്താലൊത്തു.. ചപ്പാത്തി മാവിന്റെ കൂടെ ലേശം ജീരകപ്പൊടി ചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ ഉണ്ട്‌.
ഇതില്‍ വിവരിച്ചിരിക്കുന്നത്‌ ഡ്രൈ ചപ്പാത്തിയാണ്‌, അതിഷ്ടമല്ലാത്തവര്‍,എണ്ണയോ, നെയ്യോ പുരട്ടി ചുട്ടടുക്കാവുന്നതാണ്‌.

പരീക്ഷിച്ച മുട്ട വിഭവങ്ങള്‍ ,മീന്‍ വിഭവങ്ങള്‍, ചിക്കന്‍ കറി, കിഴങ്ങ്‌ കറി, ഗോതമ്പ്‌ ഉപ്പുമാവ്‌ തുടങ്ങിയത്‌ അടുത്തതില്‍.

പിന്‍കുറിപ്പുകള്‍ അഥവാ മുന്നറിയിപ്പുകള്‍
1. കൈപൊള്ളിയാല്‍ പുരട്ടാന്‍ ബര്‍നോള്‍, മുറിവിനുള്ള ബാന്‍ഡ്‌ എയ്‌ഡ് തുടങ്ങിയവ കരുതുന്നത്‌ നന്ന്.
2. സവാള അരിയാനുള്ള സ്ലൈസര്‍ ഒക്കെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
3. വീട്ടില്‍ നിന്നും പോരുമ്പോള്‍ കുറച്ച്‌ അച്ചാര്‍, ചമ്മന്തിപ്പൊടി തുടങ്ങിയവകരുതിയാല്‍ പരീക്ഷണഘട്ടങ്ങളില്‍ ‍പട്ടിണിയാവാതിരിക്കാം.

" പാചക നവാഗതരേ, ഒന്നു മനസ്സിലാക്കുക, ലോകത്തിലൊരു പാചകകുറിപ്പും അതേപോലെ പ്രാവര്‍ത്തികമാക്കാന്‍ പറ്റണമെന്നില്ല, അത്‌ സൃഷ്ടിച്ച ആള്‍ക്ക്‌ പോലും. ഒക്കെ ഒരു കൈപുണ്യമല്ലിയോ, പിന്നെ ഭാഗ്യവും "

പാചക ബ്ലോഗിനികളേ സഹായിക്കൂ.തെറ്റുണ്ടങ്കില്‍ തിരുത്തി തരൂ

18 comments:

പുള്ളി said...

ചെറുപയര്‍ മാത്രമുണ്ടാക്കാനറിയവുന ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നൂ. അദ്ദേഹത്തിന്റെ രീതി നളപാകത്തിലെതു പോലെ ചേരുവകള്‍ക്കൊക്കെ 1 എന്ന നമ്പര്‍ കൊടുത്ത്‌, 1-)0 നമ്പര്‍ ചേരുവകള്‍ ഒക്കെ കുക്കറില്‍ വേവിച്ചെടുക്കുക എന്നതാണ്‌ കേള്‍ക്കുമ്പോള്‍ ലളിതമാണേങ്കിലും അദ്ദേഹത്തിനതു വളരെ കോമ്പ്ലിക്കേറ്റഡ്‌ കാര്യമായിരുന്നൂത്രേ.

പിന്നെ വെള്ളത്തിന്റെ അളവു്‌ ഇഷ്ടപ്പെട്ടു :)
വെള്ളം - ആവശ്യത്തിന്‌ (ആവേശത്തിനല്ല)

അലിഫ് /alif said...

നൈജീരിയന്‍ പാചക ‘വിധി’ കള്‍
സമര്‍പ്പണം: ഒരു മുട്ടപോലും പൊട്ടാതെ വേവിച്ചെടുക്കാന്‍ കഴിയുന്നില്ലന്നു പരിഭവിക്കുന്ന ബാച്ചിലര്‍ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ നിര്‍ദ്ദേശ സഹായം നല്‍കികൊണ്ടിരിക്കുന്ന എന്റെ സഹധര്‍മ്മിണിക്കും.

ഉമ്മര് ഇരിയ said...

ഇങ്ങിനെ എത്രയൊ പരിക്ഷണത്തിനു ശേഷമാണ് ഞാനും ഒരു ഓം‌ലെറ്റൊക്കെ മുറിയാതെയുണ്ടാക്കാന്‍ പഠിച്ചത്.എന്റെ സ‌ഹമുറിയന്മാര്‍ ഏന്നെ ഒരുപാട് സഹിച്ചിട്ടുണ്ട്.
ആദ്യം ദുബായിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കനിരുന്നപ്പോള്‍ ഒരു മുതിര്‍ന്ന സഹമുറിയന്‍ പറഞ്ഞു ഫ്രിഡ്ജില്‍ തൈരുണ്ട് എടുത്തിട്ടുവായെന്ന് ഞാന്‍ എടുത്തു വന്നാപ്പോള്‍ ദേഷ്യയത്തില്‍ ചുടാക്കാതെ കൊണ്ടുവന്നിരിക്കുന്നത്.സത്യയത്തില്‍ ഞാന്‍ വിചാരിച്ചു ഇവിടെയൊക്കെ തൈര് ചുടാക്കിയിട്ടായിരിക്കും കഴിക്കലെന്ന് അങ്ങിനെ ഞാന്‍ അടുക്കളയില്‍ ചുടാക്കാന്‍ ചെന്നപ്പോള്‍ പിന്നില്‍ നിന്നൊരു കൂട്ടച്ചിരി.

Adithyan said...

ഇതെനിക്കിഷ്ടപ്പെട്ടു. സാധാരണ പാചകവിധി കണ്ടാല്‍ ഞാന്‍ അപ്പോ സ്‌കൂട്ട് ചെയ്യും. പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം... :)
പക്ഷെ ഇത് പുലിയാണ് കേട്ടാ.. ആ ബ്രായ്ക്കറ്റില്‍ കൊടുത്തിരിക്കുന്ന ഐറ്റംസ് എല്ലാം അടിപൊളി.

ബിന്ദു said...

ഇങ്ങനെ എല്ലാംകൂടി ഒരു ദിവസം കൊണ്ടിവരെ പഠിപ്പിക്കല്ലെ, മിടുക്കന്‍‌മാരായി പോവും. ;)പിന്നെ ചപ്പാത്തിക്കു കുഴക്കുന്ന മാവില്‍ ഇത്തിരി എണ്ണ ഒഴിച്ച് കുഴച്ചാലും സോഫ്റ്റാവും. ഏതായാലും പുലി തന്നെ(ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നു പറയുന്നത് ഇതു കൊണ്ടാണല്ലേ? :))

റീനി said...

ചെണ്ടക്കാരാ, ദെന്താത്‌, ചില ശബരിമലക്ക്‌ പോകുന്നവര്‍ക്കുള്ള റെസിപ്പികള്‍ ഒക്കെ എഴുതിവിട്ടിരിക്കുന്നു. നൈജീരിയന്‍ കാടുകളില്‍ ഓടിച്ചിട്ടുപിടിച്ച വല്ല കാട്ടുപന്നിയെയോ കലമാനിനെയൊക്കെ കുക്കുചെയ്യുന്ന റെസിപ്പി പോസ്റ്റ്‌ ചെയ്യു.

Anonymous said...

റീനിയെ മദ്ധ്യതിരുവിതാംകൂറുകാരിത്തിയാണല്ല്യോ.
പണ്ടൊരു കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്..ഒരു മയില്‍ അങ്ങിനെ ഭംഗിയായി പീലി വിടര്‍ത്തി ആടണ കണ്ടാല്‍..മദ്ധ്യതിരുവിതാംകൂര്‍ അച്ചായന്മാര് പറയും....
“ഹൊ! മയില്‍ ഇറച്ചിക്കൊക്കെ നല്ല ടേസ്റ്റായിരിക്കും” :-)

Adithyan said...

ഈ ബ്ലോഗിന്റെ ടൈറ്റില്‍ പടം ആയുണ്ടല്ലോ... അതിന്റെ മുകളിലായി ചെണ്ട് എന്ന് എഴുതിയും വെച്ചിട്ടുണ്ട്. ആത് മനഃപൂര്‍വം വെച്ചിരിക്കുന്നതാണോ? ആ മുകളിലെ ചെണ്ട എന്നത് വേണ്ടെങ്കില്‍ ടെമ്പ്ലെറ്റില്‍

<div id="header">

<h1 id="blog-title">
<ItemPage><a href="<$BlogURL$>"></ItemPage>
<$BlogTitle$>
<ItemPage></a></ItemPage>
</h1>
<p id="description"><$BlogDescription$></p>

</div>

എന്ന ഭാഗം മൊത്തത്തില്‍ അങ്ങ് ഡിലിറ്റ് ചെയ്താല്‍ മതി.

qw_er_ty

റീനി said...

ഇഞ്ചീ, ഞാനൊരു അച്ചായത്തിയാണെന്ന്‌ വച്ചോ. കണ്ണൂര്‍കാര്‌ ആണെന്നുതോന്നുന്നു ഉണ്ടാക്കുന്നൊരു കഞ്ഞി റെസിപ്പി അറിയാമോ? അരിയും, ചെറുപയറും, തേങ്ങചിരവിയതും ഉപ്പുമിട്ട്‌ ഉണ്ടാക്കുന്ന ഒരു കഞ്ഞി. അതിന്റെ റെസിപ്പി എഴുതുമോ?

Adithyan said...

റീനിയേ,
കഞ്ഞീടെ റെസ്യൂമി ഇവിടത്തെ പെണ്ണു കെട്ടിയ ക്ലബ്ബുകാര്‍ടടുത്ത് ചോദിച്ചാ മതിയാരിക്കും. ഡൈലി കഴിച്ചു കഴിച്ച് നല്ല പരിചയമാരിക്കും...

പാപ്പാന്‍‌/mahout said...

ഡെയിലി കഞ്ഞിയെങ്കിലും കുടിച്ചുനടക്കുന്ന ഒരു ക്ലബ്ബുകാര്‍; ഡെയിലി കഞ്ഞികളായി നടക്കുന്ന മറ്റൊരു ക്ലബ്ബുകാര്‍. ഹാ പുഷ്പമേ...

റീനി said...

ആദിയേ, ഇന്ന്‌ ബാച്ചിലേര്‍സ്‌ ക്ലബ്ബില്‍ ഡിന്നറിന്‌ മട്ടണ്‍ ബിരിയാണിയായിരുന്നോ, അതോ ചിക്കന്‍ ബിരിയാണിയോ? കൂട്ടത്തില്‍ കരിമീന്‍ പൊള്ളിച്ചതും?

Adithyan said...

ഹോട്ടലുകള്‍ ഈ പറയുന്ന സാധനങ്ങള്‍ ഒക്കെ വെച്ചു വിളമ്പുന്നിടത്തോളം കാലം ഒരു ബാച്ചിലറും ഇവിടെ പട്ടിണി കിടക്കില്ല റീനീ, പട്ടിണി കിടക്കില്ല.

ഇതൊക്കെപ്പറഞ്ഞ് കൊതിപ്പിച്ചാല്‍ അനുഭവിക്കാന്‍ പോകുന്നത് ദില്‍ബന്‍ പറഞ്ഞപോലെ ‘നാലു നേരം ബണ്ണും റസ്കും‘ കിട്ടുന്നതായിരുന്നു ദമയന്തിപാചകത്തേക്കാള്‍ ഭേദം എന്ന് മനസിലോര്‍ത്തു നടക്കുന്ന ചില പെ കെ ആ ക്ലബ്ബുകാരായിരുക്കും... അവര്‍ക്കാണെങ്കിലോ ഹോട്ടലില്‍ നിന്ന് കഴിക്കാനൊട്ട് അനുവാദമില്ല താനും :)

InjiPennu said...

റീനിക്കുട്ട്യേ,

സൂവേച്ചി ആയിരിക്കും ആ റെസിപ്പിക്ക് ബെസ്റ്റ്
ആള്... സൂവേച്ചിക്ക് അറിയില്ലെങ്കില്‍ ആര്‍പ്പി..ആര്‍പ്പികും അറിഞ്ഞൂടെങ്കില്‍ ഞാന്‍ നോക്കട്ടെ..ആര്‍ക്കും അറിഞ്ഞൂടെങ്കി എനിക്ക് എന്തു വേണേലും പറയാലൊ.. :-)

ഇന്നാ ബാച്ചിലേര്‍സ് കുറച്ച് കരിമീന്‍ പൊള്ളിച്ചത് ! ഇത് നിങ്ങള്‍ക്ക് വേണ്ടി മാത്രം..നിങ്ങളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ അകത്താക്കി...എന്റെ കൂടെ നിത്യ ബാച്ചിലര്‍ ആവാന്‍ കൊതിക്കുന്ന ഒരാളും :-)

റീനി said...

നന്ദി, ഇഞ്ചി. ഇനി കണ്ണുര്‍ക്കാരോട്‌ റെസിപ്പി ചോദിച്ചോളാം.ഞാനെല്ലാം കൂടി ഇട്ട്‌ വേവിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌.
ഞങ്ങടെ നാട്ടില്‌ പൊടിവറ എന്നൊരു ഡിഷ്‌ കള്ളുഷാപ്പിനോട്‌ അനുബന്ധിച്ചുള്ളൊരു ഹോട്ടലില്‍ കിട്ടും. ചെറിയ ചെമ്മീനാണ്‌ സാധനം. ഇഞ്ചീടെ മീന്‍വറുത്തത്‌ കണ്ടപ്പോള്‍ വെറുതെ ഓരോന്ന്‌ ഓര്‍ത്തുപോയി.

കലേഷ്‌ കുമാര്‍ said...

കലക്കി ചെണ്ടക്കാരാ‍..
മലയാളം റെസീപ്പികള്‍ വേണോ?
www.chintha.com/pachakam നോക്കൂ!

അലിഫ് /alif said...

നൈജീരിയന്‍ വിഭവങ്ങള്‍ കൊതിച്ചെത്തി കഞ്ഞിയും പയറിലുമൊതുങ്ങേണ്ടി വന്ന പുള്ളി,ഇരിയനാദി, ആദിത്യന്‍,ബിന്ദു,റീനി,ഇഞ്ചി,പാപ്പാന്‍,കലേഷ്; എല്ലാവര്‍ക്കും നന്ദി. കൂട്ടുകാരൊന്നുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, മറ്റു നിവൃത്തിയില്ലാതെ തുടങ്ങിയതാണെങ്കിലും നന്നായി ആസ്വദിക്കുന്നു, പാചകപരീക്ഷണങ്ങള്‍.
ആദിത്യന്‍; ടൈറ്റിലിലെ ‘ചെണ്ട’ അറിവില്ലാ പൈതലായിരുന്നപ്പോള്‍ പറ്റിയതാണ്. നൈജീരിയ വിശേഷത്തില്‍ മാറ്റിയെങ്കിലും ഇതില് മറന്നു. നന്ദി.
റീനി; അടുത്തതില്‍ എനിക്കും ഏറെ പ്രിയപ്പെട്ട നോണ്‍ വെജിലേക്കു കേറാം, കാട്ടു പന്നിയും കലമാനും ഒന്നും പ്രതീക്ഷിക്കല്ലേ..യ്യോ.
ബിന്ദു; പിള്ളാരു പഠിക്കട്ടന്നേ, (എവിടെ..) ചപ്പത്തിമാവില്‍ എണ്ണ പരീക്ഷണമാവാം. ഗതികെട്ടാല്‍ പുലി പുല്ല് പാചകം ചെയ്തും തിന്നുമെന്നിപ്പോള്‍ കണ്ടില്ലേ., നന്ദി.
കലേഷ്; ‘ചിന്ത’യിലെത്തിയിരുന്നു, പക്ഷേ പല ഐറ്റവും ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമല്ല, പിന്നെ ഉള്ളതുകൊണ്ട് ഓണമെന്ന പോളിസിയിലാണ്. നന്ദി.

ചക്കര said...

ചെണ്ടക്കാരാ.. വെള്ളം - ആവശ്യത്തിന്‌ (ആവേശത്തിനല്ല)..ഹ ഹ..നന്നായി..