19.2.15

മരണകിടക്കയുടെ ഫോട്ടോഗ്രഫി..!

റീജിയണൽ ക്യാൻസർ സെന്ററിൽ അടുത്തകാലത്ത് നടത്തിയ സന്ദർശനവേളകളിൽ കാണാനിടയായ വേദനിപ്പിക്കുന്ന അനവധി ദൃശ്യങ്ങളിൽ പക്ഷേ ഇപ്പോൾ കൂടുതൽ തെളിഞ്ഞ് വരുന്നത് എന്തിനെയും ഏതിനെയും മൊബൈൽ ക്യാമറയുടെ ലെൻസിനുള്ളിലാക്കാനുള്ള ചിലരുടെ വ്യഗ്രതയാണ്. ആർ. സി. സി. യിലെ ആ വാർഡിൽ മിക്കവരും മരണത്തോട് വളരെയടുത്ത് , വേദനയുടെ മൂർധന്യതയിലും അസ്വസ്ഥതയിലും കടന്ന് പോയിക്കൊണ്ടിരിക്കുന്ന രോഗികളാണ് ; സന്ദർശകർക്ക് വളരെയധികം നിയന്ത്രണങ്ങളുമുണ്ട്. എങ്കിലും ചില സന്ദർശകർ മരണവക്രത്തിൽ പെട്ടുഴലുന്ന, അല്ലെങ്കിൽ ചികിത്സയുടെ പാരമ്യതയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രോഗിയായ ആളുടെ (ബന്ധുക്കൾ ആണോ എന്നറിയില്ല..!) അവസ്ഥ വാർഡിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും മറ്റും കണ്ണ് വെട്ടിച്ച്  മൊബൈൽ ക്യാമറയിൽ പകർത്തുന്ന കാഴ്ച വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഇത്രയ്ക്ക് വിവേകശൂന്യരും ലവലേശം മനുഷ്യത്വമില്ലാത്തവരുടെയും കൂടി സമൂഹത്തിലാണല്ലോ ഞാൻ ജീവിച്ചിരിക്കുന്നത് എന്ന ലജ്ജയോടെ തലതാഴ്ത്തേണ്ടി വരുമ്പോഴും നമ്മുടെ രോഗിയെ കാണാൻ വന്നവരൊന്നും അങ്ങിനെ ചെയ്യാത്തതിൽ സമാധാനിച്ചിരുന്നു.
പക്ഷേ ഞാൻ സന്ദർശിച്ച് കൊണ്ടിരുന്ന രോഗി മരണമടഞ്ഞപ്പോൾ ഫേസ് ബുക്കിൽ അദ്ദേഹത്തിൻറെ അടുത്ത ബന്ധുവിന്റേതായി വന്ന സ്റ്റാറ്റസ് അപ്ഡേറ്റിനൊപ്പം ചേർത്തിരുന്ന ഫോട്ടോ കണ്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി..! രോഗത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരവഴിയിൽ ഓർമ്മയുടെ കണികകൾ മിക്കതും നഷ്ടപ്പെട്ട്  അബോധാവസ്ഥയിൽ കട്ടിലിനോട് ചേർന്നു പോയ ആ രൂപം എങ്ങിനെ ഒരാൾക്ക് മൊബൈലിൽ പകർത്താനും സോഷ്യൽ മീഡിയയിൽ മരണ വാർത്തയോട് ചേർത്ത് ( ആ ചിത്രം കണ്ടാൽ മരണം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ എന്ന് തോന്നിപ്പിക്കുന്നതാണ്..! ) അപ് ലോഡ് ചെയ്യാനും കഴിയുന്നു എന്ന് ചിന്തിക്കാൻ പോലും ആകാതെ തളർന്നു പോയി. എന്തായാലും അധിക സമയം കഴിയുന്നതിനു മുൻപ് സ്വന്തം വീണ്ടുവിചാരത്തിലാണോ മറ്റാരെങ്കിലും ഉപദേശിച്ചിട്ടാണോ എന്നറിയില്ല ആ ഫോട്ടോ അവിടെ നീക്കം ചെയ്യപ്പെട്ടു; നല്ലത് , ഇനിയും ഇത്തരം ചിത്രങ്ങൾ പകർത്തുന്ന തരം മാനസികരോഗാവസ്ഥയിൽ നിന്ന് കൂടി ആ സുഹൃത്തിന് വിടുതൽ കിട്ടുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!
( ആ ഫോട്ടോ വന്ന സമയത്ത് എന്തെങ്കിലും പറയാനോ എഴുതാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല; ഇപ്പോഴെങ്കിലും ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാകുകയുമില്ല..! )

No comments: