13.2.15

പ്രിയമുള്ളൊരാളുടെ വേർപാട്..!

പ്രിയമുള്ളൊരാളുടെ വേർപാടിന്റെ വേദന ചിലപ്പോൾ ഹൃദയത്തിലൊരു കനത്ത മുറിവ് ഉണ്ടാക്കും; ബന്ധങ്ങൾക്കുപരി വർഷങ്ങളുടെ പഴക്കം കൊണ്ട് പ്രിയതരമായിരുന്ന ഓർമ്മകളുടെ തികട്ടിവരവിൽ നീറ്റലുണ്ടാക്കുന്ന മുറിവ്.
എനിക്കദ്ദേഹം സഹോദരീ ഭർത്താവ് മാത്രമായിരുന്നില്ല. ഇല്ലാതെ പോയ ജ്യേഷ്ഠ സഹോദരനും, എന്തും പറയാവുന്ന സുഹൃത്തും എന്തിന്, പിതാവിന്റെ മരണശേഷം പ്രിതൃതുല്യനുമായിരുന്നു. അല്ലെങ്കിലും എന്നെക്കാൾ 17 വയസ്സിനു മൂത്ത (ഒരേയൊരു) സഹോദരിയുടെ  എന്നോട് എന്നുമുണ്ടായിരുന്ന മാതൃഭാവത്തിന്റെ ഒരു വിപുലീകരണവും കരുതലുമായിരുന്നു  അദ്ദേഹത്തിന്റെ പെരുമാറ്റം. കുറച്ച് നാൾമുൻപ് ചില തെറ്റിദ്ധാരണകൾ മൂലമുണ്ടായ മനുഷ്യസഹജമായ കലഹത്തിന്റെ നെരിപ്പോടുകൾ ഒരൊറ്റ ആശ്ലേഷത്തിന്റെ മലവെള്ളപാച്ചിലിൽ അണച്ച് കളയാനും മാത്രം തീവ്രമായ ഒരു മാനസിക അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
അറിയാൻ വളരെ വൈകിപ്പോയ , ചികിത്സിക്കാൻ പഴുതുകളേറെയൊന്നുമില്ലാത്ത വിധം  കടുത്ത അർബുദ രോഗബാധിതനായപ്പോഴും "കുഴപ്പമൊന്നുമില്ലടാ, മരുന്നൊക്കെ കഴിക്കുന്നുണ്ട്..!" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് കൊണ്ടിരുന്ന നാളുകൾ; പിന്നെ വേദനകളിൽ പുളയുന്ന പകലുകളും രാത്രികളും ; വളരെ ഉയർന്ന തോതിൽ ശരീരത്തിലേക്ക് കയറ്റി വിടുന്ന മരുന്നുകളുടെയും കീമോയുടെയും, കൃത്യമായ ഇടവേളകളിൽ ഏൽപ്പിക്കുന്ന  റേഡിയേഷന്റെയുമൊക്കെ പ്രതിപ്രവർത്തനത്തിൽ താളം തെറ്റുന്ന ഓർമ്മകണ്ണികളുടെ പിടച്ചിലും..!
റീജിയണൽ ക്യാൻസർ സെന്ററിൽ നിന്നും ഇനിയും  ചികിത്സിക്കാൻ പഴുതില്ലാന്നുള്ള അറിയിപ്പോടെ അഞ്ചൽ മിഷൻ ഹോസ്പിറ്റലിലേക്ക് പോകാൻ ആമ്പുലൻസിൽ കയറ്റുമ്പോൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു; ഒരു പക്ഷേ അവിടുത്തെ വാർഡിലെ കിടപ്പിൽ നിന്നുള്ള രക്ഷപെടലായോ, വീടിനടുത്തേക്ക് തന്നെ പോകുന്നതിന്റെ ആശ്വസിക്കലോ , അതുമല്ലങ്കിൽ രോഗം ഭേദമാകുന്നു എന്ന വ്യാജ പ്രതീക്ഷയോ ആയിരുന്നിരിക്കാം. ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന മരണമെന്ന സത്യത്തിലേക്കാണ് ആ യാത്രയെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നുവെങ്കിലും ശുഭാശംസകളോടെ പിരിയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയി; അതായിരുന്നു ഞങ്ങളുടെ അവസാന കൂടികാഴ്ചയും. 
ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്നലെ (12.02.2015) മരണവാർത്ത എന്റെ ചെവിടുകളെ തേടിയെത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അധികം വേദനകളില്ലാതെ കഴിഞ്ഞു പോകണമെന്ന് പ്രാർത്ഥിച്ചിരുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു വല്ലാത്ത നീറ്റൽ; പ്രിയമുള്ള മറ്റൊരാൾ കൂടി എന്നെ വേർപെട്ട് പോയിരിക്കുന്നു. അശ്രുപുഷ്പങ്ങൾ അർപ്പിച്ച് അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കി കൊടുക്കണമേയെന്നുള്ള പ്രാർത്ഥന മാത്രം ബാക്കിയാകുന്നു.

No comments: