10.11.15

എസ്. എ സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ...!

''അല്പസമയത്തിനകം ദൽഹിയിൽ നിന്നുമുള്ള മലയാള വാർത്തകൾ , അതുവരെ എസ്. എ  സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ''  ഗാർഹിക വിനോദ ആർഭാടമായി എന്റെ തലമുറയുടെ ബാല്യം ആസ്വദിച്ചിരുന്ന ആകാശവാണിയിൽ നിന്ന് ഇതേപോലൊരു അറിയിപ്പ് കേൾക്കാത്തവർ ഉണ്ടാവാനിടയില്ല; പ്രത്യേകിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ പ്രാദേശിക വാർത്തകൾക്കും ഒരു മണിയുടെ മലയാള വാർത്തകൾക്കുമിടയിൽ. എത്ര തവണ കേട്ടാലും മതിവരാത്ത ഉപകരണ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് ഈ ഇടവേളകളിൽ നമ്മെ കൂട്ടികൊണ്ടു പോയിരുന്ന  പ്രിയപെട്ട സ്വാമി ഇന്നലെ അന്തരിച്ചു; ആദരാഞ്ജലികൾ നേരുന്നു.
(വാർത്ത : കേരള കൗമുദി 10നവം.2015)
കൗമാരത്തിൽ സുഹ്രുത്തുക്കളോടൊപ്പം കാസറ്റ്  കടകളിൽ കയറി ഇറങ്ങുമ്പോഴും ഏറെ കൗതുകത്തോടെ തിരഞ്ഞിരുന്ന ഒന്നാണു ഇദ്ദേഹത്തിന്റെ ഫിലിം ട്യൂണ്‍ സമാഹാരങ്ങൾ, പക്ഷേ ഒരിക്കലും കിട്ടിയില്ല. ആ നിരാശയ്ക്ക് ഒക്കെ അറുതിയെന്നോണം തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് കാലത്തിന്റെ തുടക്കത്തിലൊരിക്കൽ സാക്ഷാൽ ശ്രീമാൻ എസ്. എ. സ്വാമി എനിക്കുമുന്നിൽ ഭവന നിർമ്മാണ ആവശ്യവുമായി പ്രത്യക്ഷപ്പെടുന്നു. വിവിധ മേഖലകളിലെ ഒരുപാട് പ്രമുഖരെയും പ്രശസ്തരേയും ഹാബിറ്റാറ്റ് വഴി നേരിൽ കാണാനും പരിചയപ്പെടാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും (നന്ദി ശങ്കർജി ) ഇദ്ദേഹവുമായുള്ള ആദ്യ കൂടികാഴ്ചയും പിന്നീട് നിരവധി വൈകുന്നേരങ്ങളിലെ ചർച്ചകളും ബൈക്കിന്റെ പുറകിൽ ഇരുന്നുള്ള യാത്രയും ഒന്നും ഒരിക്കലും മറക്കാനാവില്ല.
ആകാശവാണിയുടെ സ്റ്റുഡിയോ ഉൾത്തളങ്ങൾ എന്റെ അക്കാദമിക് താൽപര്യാർത്ഥം കാണിക്കുവാൻ കൊണ്ടുപോയിട്ടുണ്ട്. റേഡിയോയിലൂടെ വായിച്ചിരുന്ന നൂറുകണക്കിന് ഫിലിം റ്റ്യൂണുകളിൽ രണ്ട് മൂന്നെണ്ണം എന്റെ നിർബന്ധിച്ചുള്ള ആവശ്യപ്രകാരം വായിച്ച് കേൾപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്; വളരെ അന്തർമുഖനായിരുന്നു എന്ന് തോന്നുമെങ്കിലും പ്രിയമുള്ളവരോട്‌ വലിയ തോതിൽ  അടുപ്പവും സൗഹൃദവും പുലർത്തിയിരുന്ന ആളായിരുന്നു സ്വാമി എന്നാണ് എനിക്ക് മനസ്സിലാക്കാനായത്.
അന്ന് ഭവന നിർമ്മാണ ആവശ്യത്തിനായി അദ്ദേഹം കണ്ടെത്തിയിരുന്ന സ്ഥലം ഹരിതമേഖല (Green Belt) യിലോ മറ്റോ പെട്ടിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയും ഞാൻ പഠനപൂർത്തീകരണത്തിനായി കുറേക്കാലത്തേക്ക് ഹാബിറ്റാറ്റ് വിട്ടുപോവുകയും ചെയ്തതിനാലാവണം ആ സൗഹൃദ കണ്ണി ഇടയ്ക്കെപ്പോഴോ മുറിഞ്ഞു പോയി; ആ ഭവന നിർമ്മാണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇന്നും അറിയില്ലന്നത് മുറിഞ്ഞു പോയ ഓർമ്മകൾ കൂട്ടിയോജിപ്പിക്കുമ്പോൾ ഖേദകരമാകുന്നു.
എന്തായാലും സംഗീതാസ്വാദനം കാസറ്റിൽ നിന്ന് സി.ഡി. യുഗത്തിലേക്കും ഡി.വി.ഡി.കളിലേക്കും  കടന്നപ്പോഴും ഈ ഫിലിം റ്റ്യൂണുകൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. ഓണ്‍ലൈൻ തിരച്ചിലിൽ വീണുകിട്ടിയ ചില എം.പി ത്രീകൾ കിട്ടിയത് ഇന്നും സൂക്ഷിക്കുന്നു. ഈ അടുത്തയിടെയാണ് ഇദ്ദേഹം രോഗാതുരനായതിനെക്കുറിച്ചും മകൾ സമ്മാനിച്ച ഗിറ്റാറിലൂടെ വീണ്ടും ഫിലിം റ്റ്യൂണുകൾ വായിച്ച് ഉയിർത്തെണീൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരു ഞായറാഴ്ച പതിപ്പിൽ വായിക്കാനിടയായത്. നാട്ടിൽ പോയപ്പോൾ ഒന്ന് രണ്ട് തവണ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആശ്വസിക്കുവാൻ ഇട നൽകി ഏതോ ഒരു മ്യൂസിക് സ്റ്റോറിന്റെ  അലമാരയിൽ നിന്നും കിട്ടിയ 'ധ്വനി തരംഗ് ' എന്ന ആൽബം എപ്പോഴും എന്റെ ഒപ്പമുണ്ട്. (ഇത്തരമൊരു സംരംഭത്തിനു മുൻകൈ എടുത്തതിന് പ്രശസ്ത സംഗീത സംവിധായകൻ  ശ്രീ എം.ജയചന്ദ്രന് അഭിനന്ദനം അർഹിക്കുന്നു).
ശങ്കരമംഗലം അയ്യപ്പസ്വാമിയെന്ന എസ് . എ സ്വാമിയുടെ ഫിലിം റ്റ്യൂണുകൾ ആകാശവാണി ശ്രവണത്തിന്റെ നൊസ്റ്റാൾജിയയായി  എന്നും എപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും; ഹ്രസ്വമായതെങ്കിലും സമ്പുഷ്ടമായിരുന്ന ആ സൗഹൃദകാലവും...!
( ഗാനാ.കോം  ചില ഗാനങ്ങൾ ഓണ്‍ലൈൻ ശ്രവണത്തിനായി നൽകുന്നുണ്ട് ;  ഇവിടെ അമർത്തുക )

No comments: