25.3.17

ഖസാക്കിന്റെ ഇതിഹാസം - പുത്തൻ നാടകാനുഭവം

വളരെ വളരെ കാലത്തിനു ശേഷം, എന്ന് പറഞ്ഞാൽ ഏതാണ്ട് ഒരു 18 -20   വർഷങ്ങളുടെ ഇടവേളയ്ക്ക്  ശേഷമാണ്  ഒരു മലയാള നാടകം കാണുവാൻ അവസരമുണ്ടാകുന്നതെന്ന ഉൾബോധത്തിന്റെ ഊർജ്ജവും ഇക്കാലയളവിൽ നാടക വേദികൾക്കും , അവതരണത്തിനുമൊക്കെയുണ്ടായിട്ടുള്ള മാറ്റങ്ങൾ കൂടി മനസ്സിലാക്കാമെന്ന കൗതുകവുമെന്നതിനും അപ്പുറം വായനയും നിരവധി പുനർവായനകളിലുമായി, മനസ്സിലായതിനേക്കാൾ ദുരൂഹതയിൽ തുടരുന്ന  ഖസാക്ക് എന്ന മായികപ്രപഞ്ചവും അതിലെ കഥാപാത്രങ്ങളെയും കുറേക്കൂടി അടുത്തറിയുകയെന്നതുമായിരുന്നു   'ഖസാക്കിന്റെ ഇതിഹാസം' കാണുവാനുള്ള ഉത്സാഹം.
പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ നാടക  ഉത്സവത്തിന്റെ  ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂൾ വളപ്പിൽ കെട്ടിയുയർത്തിയ താൽക്കാലിക ഗ്യാലറി പടവുകളൊന്നിൽ, പാസ്സുണ്ടായിട്ടും  'ഇടിച്ചു കയറി' തരപ്പെടുത്തേണ്ടി വന്ന കസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ആദ്യം അത്ഭുതപ്പെടുത്തിയത് രംഗവേദിയുടെ രൂപകൽപ്പനയാണ്. നാടകത്തിന്റെ  പതിവ്, സാമ്പ്രദായിക രീതികൾക്കതീതമായി ചില ഓപ്പറ  തീയറ്ററുകളെ  അനുസ്‌മരിപ്പിക്കുന്ന വിധം മൂന്നു വശത്തും കാണികൾക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പ്പടവുകൾ, നാലാം വശത്തു തടി പലകകൾ കൊണ്ട് തീർത്ത സ്റ്റേജ് എന്ന് വിശേഷിപ്പിക്കുവാൻ തക്കതൊന്നുമില്ലാത്ത ഉയർന്ന തട്ട് , അതിനും പുറകിൽ കാഴ്ചയെ മറയ്ക്കുവാനെന്നോണം തടിപ്പലകയിൽ
തീർത്തു വെള്ളയടിച്ച്‌  ലംബമായി  സ്ഥാപിച്ചിരിക്കുന്ന വലിയൊരു തടി മറ. ഉയർന്ന സ്റ്റേജ് അഥവാ തട്ടിനും  കാണികൾക്കുമിടയിൽ ബെഞ്ചുകൾ കൊണ്ട് അതിർത്തി തീർത്ത് മണ്ണ് നിറഞ്ഞ വിശാലമായൊരു നടുത്തളം. സാമ്പ്രദായിക നാടക അവതരണത്തിന് അത്യന്താപേക്ഷിതമായ യവനികയോ  പിൻ തിരശ്ശീലയോ , പശ്ചാത്തലദൃശ്യങ്ങളോ, മറ്റ് വസ്തുവകകളോ ഇല്ലാത്ത രംഗ സ്ഥലം. ആദ്യമൊന്ന് അമ്പരപ്പിപ്പിച്ചെങ്കിലും , പണ്ടെങ്ങോ ചില തെരുവ് നാടകങ്ങളുടെയുമൊക്കെ ഭാഗമായിരുന്നതിനാൽ ചിന്ത ആ വിധത്തിലേക്കും കടന്നു.

കാണികൾക്കും കളിക്കാർക്കുമിടയിൽ ബാഹ്യ വേർതിരിവുകളധികമില്ലാത്ത അവതരണത്തിന്റെ സാധ്യതകളേക്കാൾ കൂടുതൽ വെല്ലുവിളികൾ; ഒപ്പം നാടകത്തിനോ ചലച്ചിത്രത്തിനോ പോലും വഴങ്ങാൻ പ്രയാസമായ ഖസാക്ക് എന്ന വിഖ്യാത കൃതിയുടെ ഭാഷയും, പ്രകൃതിയും, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുമൊക്കെയിങ്ങനെ മനസ്സിലൂടെ കടന്നുപോയ ഏതാണ്ട് പതിനഞ്ച് മിനുട്ടിന്റെ കാത്തിരുപ്പ് തന്നെയൊരു രൂപപ്പെടുത്തലാണെന്ന് പിന്നീട് ബോധ്യമായി.

മൂന്നരമണിക്കൂർ നാടകത്തിന്റെ ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ ശക്തമായ എഴുത്ത് ബിംബങ്ങൾ കൊണ്ട് ഉള്ളിന്റെ ഉള്ളിലെവിടെയോ വരഞ്ഞിട്ട ഖസാക്ക് ; അതെ, കൂമന്കാവിന്റെ പ്രാചീനതയും, ചെതലിമലയുടെ വിഭ്രമിപ്പിക്കുന്ന നിഴലും, അറബികുളത്തിന്റെ മാസ്മരികതയുടെ ആഴവും  നിറഞ്ഞ ഭൂമിക, അവിടുത്തെ  പള്ളി മിനാരങ്ങളും സമീപത്തെ ഓത്ത് പള്ളിയും, ഞാറ്റുപുരയും, ദൈവപ്പുരയും,  പാടവരമ്പുകളും, കുളക്കടവും ഊടുവഴികളുമെല്ലാമെല്ലാം തീവ്രമായ മയക്കുമരുന്നെന്നപോലെ ശരീര ഗ്രന്ധികളിലെമ്പാടും അരിച്ചരിച്ചു കയറി കഴിഞ്ഞിരുന്നു.

നോവലിന്റെ നാടകാവിഷ്‌ക്കാരമായല്ല, മറിച്ച് സാമ്പ്രദായിക രംഗവേദികളിൽ ഒതുക്കാനോ  ഇണക്കാനോ പറ്റാത്തത്ര സങ്കീർണ്ണതകളെയും ഉൾകൊണ്ട് തനത് വ്യാഖ്യാനമാണ്  സംവിധായകൻ ദീപൻ ശിവരാമനും സംഘവും നടത്തുന്നത്. മൂലകൃതിയുടെ ആഖ്യാനത്തിലെ കാലഗണനക്രമം ഏതാണ്ട് അതെ പടി പിന്തുടരുമ്പോഴും തള്ളേണ്ടവ തള്ളാനും നാടക രൂപത്തിനാവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തുവാനും , രംഗഭാഷയുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് വിവർത്തനം ചെയ്യുവാനുമാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

ബസ്സ് റൂട്ടിന്റെ അവസാനമായ കൂമൻകാവിൽ ബസ്സിറങ്ങുന്ന രവിയിലാണ് നോവൽ തുടങ്ങുന്നതെങ്കിൽ നാടകത്തിലത് കത്തിച്ച് പിടിച്ച ചൂട്ടുകളുമായി ഏതാണ്ട് സ്ലോമോഷനിലെന്നവണ്ണം നടന്നടുത്ത് വേദിയിൽ നിറയുന്ന ഖസാക്കിലെ ആബാലവൃദ്ധം ജനതയുടെ പ്രതിനിധികളിലാണ്. ഈ സമയത്ത് ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികത ഏതോ മായാലോകത്തുള്ള ഖസാക്ക് എന്ന ഗ്രാമത്തിന്റെ പ്രാചീനതയിലേക്കാണ് കാണികളെ കൊണ്ടെത്തിക്കുക;  പക്ഷേയതെനിക്ക്  'വളരെ പണ്ട് , ഒരു പൗർണ്ണമി രാത്രിയിൽ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പടയുമായി  , സയ്യദ് മിയാൻ ഷെയ്ക്കും  തങ്ങന്മാരും' വന്നു പോകുന്നതിന്റെ ഭ്രമാത്മകശബ്ദവിന്യാസമായും തോന്നിപ്പിച്ചു. കാണിയെന്ന നിലയിൽ നിന്ന് ഒരു ഖസാക്ക്കാരനായി രൂപാന്തരപെടാൻ ഇതിലുമധികം താളക്രമമാർന്ന ആമുഖം ആവശ്യമില്ലതന്നെ.

പലതലത്തിലുള്ള , സങ്കീർണ്ണമായതും സംഘർഷഭരിതമായതുമായ ജീവിത വ്യവസ്ഥകളുടെ കുഴഞ്ഞുമറിയലുകൾക്ക് വിധേയരാവുന്നുണ്ട് ഖസാക്കിലെ കഥാപാത്രങ്ങൾ. ഖസാക്ക് എന്നപ്രദേശത്തിന്റെ ആവാസവ്യവസ്ഥയിൽ കൊണ്ടും കൊടുത്തും ജീവിച്ചവരും മരിച്ചവരും ജീവച്ഛവമായവരുമെല്ലാമുണ്ട്. പ്രതീകാത്മകരൂപങ്ങളുടെ, ശബ്ദങ്ങളുടെ, ഗന്ധങ്ങളുടെ, ദൃശ്യങ്ങളുടെ, ചിഹ്നങ്ങളുടെ തുടർച്ചയായ അവതരണ മികവിലൂടെ സംവിധായകൻ ഇവയെയെല്ലാം കൂട്ടിച്ചേർക്കുകയും മറികടക്കുകയും ചെയ്യുന്നുണ്ട്; പഞ്ചഭൂതങ്ങളെയും രംഗവേദിയിൽ ഉപയോഗിച്ച് തീർക്കുന്ന വിസ്മയത്തിൽ കാഴ്ചക്കാരുടെ പഞ്ചേന്ദ്രിയതന്മാത്രകളും ഉണർന്ന് ഖസാക്ക് എന്ന പ്രദേശത്തിലേക്ക്, രവിയിലേക്ക് , നൈസാമലിയിലേക്ക്, മൈമൂനയിലേക്ക്, അള്ളാപിച്ച മൊല്ലാക്കയിലേക്ക്, ചാന്തുമ്മയിലേക്ക്, കുഞ്ഞാമിനയിലേക്ക്, അപ്പുക്കിളിയിലേക്ക്, കുപ്പുവച്ചനിലേക്ക്, നിരവധിയനവധി മറ്റ് കഥാപാത്രങ്ങളിലേക്ക്, അവരുടെ ജീവിതങ്ങളിലേക്ക്  ഇടതടവില്ലാതെ കേന്ദ്രീകരിക്കപ്പെടും, അവരുടെ ജീവിത പ്രയാണങ്ങളിൽ നമ്മളും ഒപ്പം സഞ്ചരിക്കപ്പെടും.
അവതരണത്തിലെ പുതുമയും നൈപുണ്യവും തന്നെയാണ് ഈ നാടകത്തെ വേറിട്ടതാക്കുന്നത്. പുകപിടിച്ച് കത്തുന്ന പാനീസ് വിളക്കിന്റെ നിഴലനക്കവും ആളിക്കത്തിയും അണഞ്ഞും പിന്നെയും ജ്വലിച്ചും നിറഞ്ഞു നിൽക്കുന്ന ചൂട്ടുകറ്റയുടെ  പുകച്ചൂടും, സാമ്പ്രാണിതിരിയുടെ നിഗൂഢ ഗന്ധവും, മണ്ണിന്റെ, ചെളിയുടെ തണുത്ത സ്പർശവും മഴനൂലുകളുടെ പ്രണയസുരതവുമെല്ലാമെല്ലാം ഈ മൂന്നരമണിക്കൂറിൽ ശരീര തന്മാത്രകളിൽ ഒരു ബാധയായി അതിക്രമിച്ച് കയറുന്ന അനുഭവം; ഇന്നേക്ക് ഏതാണ്ട് ഒരാഴ്ച തികഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഈ കുറിപ്പ്  'നൈസാമലിയുടെ മന്ത്രിച്ചൂതലി'നേക്കാൾ ശക്തിയിൽ ഈ ബാധയെ കുറച്ചെങ്കിലും ലഘൂകരിക്കുമെന്ന് കരുതുന്നു; അടുത്തെവിടെയെങ്കിലും വീണ്ടും ഈ നാടകം അവതരിപ്പിക്കും വരെയെങ്കിലും..!!

കടപ്പാട് : നാടകത്തിൽ മുഴുവൻ ശ്രദ്ധയും ചേർത്ത് വച്ചിരുന്നതിനാൽ ചിത്രങ്ങൾ പകർത്തുവാൻ കഴിഞ്ഞില്ല ; ഇതിലുപയോഗിച്ചിരിക്കുന്നത്  ഫേസ്‌ബുക്ക് പേജിൽ നിന്നും മറ്റ് ചില വാർത്താ വെബ്‌സൈറ്റുകളിൽ നിന്നും എടുത്ത ചിത്രങ്ങളാണ്.

നാടകത്തിന്റെ ട്രെയ്‌ലർ ഇവിടെ കാണാം :   YouTube

നാടക അവതരണം : തൃക്കരിപ്പൂര്‍ K.M.K സ്മാരക കലാസമിതി: ഫേസ്ബുക്ക് പേജ്

2 comments:

devi said...
This comment has been removed by the author.
devi said...

ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ട്.ആ കലാസൃഷ്ടിയുടെ ദൃശ്യാവിഷ്‌കാരം പരിചയപ്പെടുത്തി തന്നതിന് നന്ദി.