ട്രാഫിക്കും കിഷോറും
തിരുവനന്തപുരത്തേക്ക് വാടകക്കാരനായി എത്തിയപ്പോള്‍ തന്നെ തുടങ്ങിയ സൗഹൃദമാണ് കിഷോറുമായിട്ടുള്ളത്. ഏത് പാതിരാത്രിയും, വേണമെങ്കിലതുകഴിഞ്ഞും എന്തത്യാവശ്യത്തിനു വിളിച്ചാലും ഓടിയോ നടന്നോ ബൈക്കിലോ ആവശ്യാനുസരണം എത്തുന്ന ഒരു ഉപകാരി, കോളേജ് ഓഫ് എന്‍ഞ്ചിനീയറിംഗ്, തിരുവനന്തപുര (സി.ഇ.റ്റി ) ത്തിന്റെ പൊന്നോമനയും യൂണിയന് ഭാരവാഹിയും ഒക്കെയുമായിരുന്നവന്‍; രണ്ടേ രണ്ട് ദൗര്‍ബല്യം. ഒന്ന് -പാന്‍ പരാഗ്, രണ്ട് ട്രാഫിക് പോലീസ്.
പാന്‍ പരാഗ് ഒരു മൂന്ന് നാലു പാക്കറ്റൊക്കെ ഒന്നിച്ച് പൊട്ടിച്ച് വായിലോട്ടിട്ട് അതിന്റെ വെള്ളപ്പൊടി ഊതികളയുന്നത് കണ്ടാല്‍, വെറുതെയെങ്കിലും ഒരു പാക്കറ്റ് പൊട്ടിച്ചിട്ട് ഒന്ന് ഊതാന്‍ കാണുന്നവര്‍ക്കും തോന്നും. വണ്ടി റോഡിലിറക്കുന്നവന്റെയെല്ലാം പുറത്ത്, പ്രത്യേകിച്ച് ടൂ വീലര്‍, മെക്കിട്ട് കേറുകയും കൈമടക്കിയും നീട്ടിയും വാങ്ങുന്ന തിരുവനന്തപുരത്തെ കുറച്ച് ട്രാഫിക്ക് പോലീസുകാരെ വട്ടംചുറ്റിക്കുകയാണ് പ്രധാനഹോബിയെന്ന് തോന്നും ചിലപ്പോള്‍. ഇക്കൂട്ടത്തിലെ നല്ലവരുമായിട്ട് പുള്ളി നല്ല കമ്പനിയുമാണെന്നത് വിരോധാഭാസം.
ഒരിക്കല്‍ പട്ടം എല്‍.ഐ.സി യ്ക്ക് സമീപം ചെറിയ ഒരാള്‍ക്കൂട്ടം. ബസ്സില്‍ വരികയായിരുന്ന ഞാന്‍ നോക്കിയപ്പോള്‍ ട്രാഫിക് എസ് ഐയോടും ഒരു പോലീസുകാരനോടും എന്തൊക്കെയോ സംസാരിക്കുന്ന കിഷോറും പിന്നെ വേറൊരു ചങ്ങാതിയും. എന്തായാലും അവിടെ ഇറങ്ങി.
“എന്ത് കിഷോറെ പ്രശ്നം..?''
“ഒന്നുമില്ല ബായി, ലൈസന്‍സുണ്ടായിട്ടും ഈ സാറ് എന്നെ വണ്ടി ഓടിക്കാന്‍ സമ്മതിക്കുന്നില്ല”
കിഷോറും ചങ്ങാതിയും ബൈക്കില്‍ വരുന്നു, ആളൊഴിഞ്ഞയിടത്ത് വണ്ടിയൊതുക്കിയിട്ട് ഏമാനും ശിഷ്യനും വണ്ടിപിടുത്തവും 'പിടുത്ത' വും. കിഷോറിന്റെ വണ്ടിയും പിടിച്ചു. ആര്.സി ബുക്ക്,ടാക്സ് ടോക്കണ്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം അപ്റ്റുഡേറ്റ്.(അതവന്റെ മറ്റൊരു ശീലം).
" എന്നാല്‍ പിന്നെ ലൈസന്‍സ് എടുക്ക്" എന്നായി. കിഷോര്‍ പോക്കറ്റില്‍ നിന്നും ലൈസന്‍സ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ പോലിസുകാരന് തടഞ്ഞിട്ട്, കൂടെയുണ്ടായിരുന്ന ചങ്ങാതീടെ ലൈസന്‍സ് ആവശ്യപെട്ടു, അവനാണത്രേ വണ്ടി ഓടിച്ചിരുന്നത്.
കിഷോര്‍: “അല്ല, സാറേ, ഞാനാ വണ്ടി ഓടിച്ചിരുന്നത്.”
പോ.കാ: “അല്ല, മറ്റേയാളാണ് വണ്ടി ഓടിച്ചിരുന്നത്.”
കിഷോര്‍: “സാറിനു തെറ്റി, ഞാനാണ് വണ്ടി ഓടിച്ചിരുന്നത്..”
പോ.കാ: “അല്ല, ...”
സംഭവം ഈ ടോണില്‍ മുറുകിയ സീനിലാണ് ഞാനും ആ നാട്ടുകാരുടെയൊപ്പം കൂടുന്നത്. തര്‍ക്കം നല്ലോണം മൂത്തു. കിഷോര്‍ എസ്.ഐ യോട്
"നോക്ക് സാറെ, ഈ സാറു പറയുന്നത്, ഞാനല്ല വണ്ടിയോടിച്ചതെന്ന്, ഒപ്പം കൂടെയുള്ളവനോട് "ഡാ, നിന്റെ ലൈസന്‍സ് ഈ സാറിനെ കാണിക്ക്"
അവന് ലൈസന്‍സ് എടുത്ത് എസ്.ഐ ക്ക് കൊടുത്തു, അതും കൃത്യം.
കിഷോര്‍: “സാറെ ഇപ്പോ ഇവന് ലൈസന്‍സില്ലേല്‍, ഈ സാറു പറയുന്നത് ന്യായം, ഞാന്‍ പറ്റിക്കുകയാണന്ന്. ഇതിപ്പം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ലൈസന്‍സുണ്ട്, പിന്നെ ഞാനെന്തിന് കള്ളം പറയണം സാറേ, ഞാനാണ് വണ്ടി ഓടിച്ചിരുന്നത് ”
പോലീസുകാരന് : “അല്ല സാറേ, മറ്റേവനാണ് വണ്ടി ഓടിച്ചിരുന്നത്.”
കിഷോര്‍: “ദേ, പിന്നേം, എന്നെ ഒരു മാതിരി കള്ളനാക്കരുത് കേട്ടോ, ഞാനാണ് വണ്ടി ഓടിച്ചിരുന്നത്”
എസ്.ഐ: “സ്ഥലം മെനക്കടുത്താതെ വണ്ടി എടുത്തിട്ട് പോടാ..”(ലൈസന്‍സ് തിരികെ കൊടുക്കുന്നു)
കിഷോര്‍: “അതെന്ത് സാറെ , അങ്ങിനെ പറയുന്നത്, ഞാന്‍ വണ്ടിയോടിച്ച് വന്നു, നിങ്ങള്‍ നിര്‍ത്തിച്ചു, എന്നിട്ടിപ്പം, എടുത്തിട്ട് പോടാന്നാ. ഞാനാണ് വണ്ടിയോടിച്ചിരുന്നത്.”
പോ.കാ: “നീയല്ല, മറ്റവനാണ് വണ്ടി ഓടിച്ചിരുന്നത്.”
തര്‍ക്കം നല്ലോണം മുറുകി, പോലീസുകാരന് കിഷോറിന്റെ വലയില്‍ കുരുങ്ങികഴിഞ്ഞു, എസ്.ഐ ക്ക് മിണ്ടാട്ടമില്ല, നാട്ടുകാര്‍ക്കും എനിക്കും നല്ല ഹരം. അവസാനം കൂട്ടത്തിലൊരമ്മാവന്‍ കിഷോറിനോട്, “വണ്ടിയെടുത്തിട്ട് പോണം അപ്പീ, എന്തര് തര്‍ക്കം, ഇവറ്റകള്ടെ പിരിവ് മൊടക്കണ്ട ”
ഇത് കൂടി കേട്ടതോടെ ഏമാനും ശിഷ്യനും അവരുടെ വണ്ടിയുമെടുത്ത് ഒരു പോക്ക്, എന്താ ശേല്.ചെറുതായിടൊന്ന് കൂവി നാട്ടുകാരും പിരിഞ്ഞു.
"എടേയ്, ആക്ച്വലി എന്താ സംഭവം..? "
"ഒന്നൂല്ലന്റെ ബായി, ഞാന്‍ രാവിലെ അങ്ങോട്ട് പോയപ്പോള്‍ തുടങ്ങിയ പിരിവാ അവന്മാരുടെ. ഇങ്ങോട്ട് വന്നപ്പം ഞാനിവന് വണ്ടിയോടിക്കാന്‍ കൊടുത്തു, അത്ര തന്നെ."
ഇതാണ് കിഷോര്‍.
കിഷോറിന്റെ കൂടെ ബൈക്കില്‍ പോകുമ്പോള്‍, എവിടേലും ട്രാഫിക് ചെക്കിംഗ് എന്ന ഓമനപ്പേരിലുള്ള പിരിവ് കണ്ടാല്‍, പറ്റുമെങ്കില്‍ അവന് അവരുടെ അടുത്തെത്തി ഒന്ന് പരുങ്ങിയശേഷം യു-ടേണ്‍ അടിയ്ക്കും, തൊട്ടടുത്തുള്ള ഏതേലും മുറുക്കാന്‍ കടയ്ക്ക് സമീപം നിര്‍ത്തി പാന്‍-പരാഗ് ചോദിക്കും. ഇവന്റെ വണ്ടി നമ്പര്‍ അറിയാത്ത പോലീസുകാരാണെങ്കില്‍ ഉറപ്പ്, ഒരു ജീപ്പോ, ട്രാഫിക്ക് ബൈക്കോ ഉടനെത്തും, എല്ലാം പരിശോധിക്കും, കൂടുന്ന നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യരായി തിരിച്ച് പോകുകയും ചെയ്യും, ഒപ്പം നമ്പറും നോക്കിവെയ്ക്കും; ഇനിയും അബദ്ധം പറ്റരുതല്ലോ.
കിഷോറിന്റെ ചോദ്യമിതാണ്, “ഈ പോലീസുകാരിതെന്തിനാണ് വണ്ടിയുടെ ബുക്കും പേപ്പറും നോക്കുന്നത്..?? ”
(അവന്റെ കയ്യില്‍ നിന്നും വെറുതേ തല്ല് കൊള്ളണ്ടന്ന് പേടിച്ചിട്ടൊന്നുമല്ല, കിഷോര്‍ യഥാര്‍ത്ഥ പേരല്ല..)
7 comments:
“എന്ത് കിഷോറെ പ്രശ്നം..?''
“ഒന്നുമില്ല ബായി, ലൈസന്‍സുണ്ടായിട്ടും ഈ സാറ് എന്നെ വണ്ടി ഓടിക്കാന്‍ സമ്മതിക്കുന്നില്ല”
കിഷോറും ചങ്ങാതിയും ബൈക്കില്‍ വരുന്നു, ആളൊഴിഞ്ഞയിടത്ത് വണ്ടിയൊതുക്കിയിട്ട് ഏമാനും ശിഷ്യനും വണ്ടിപിടുത്തവും 'പിടുത്ത' വും. കിഷോറിന്റെ വണ്ടിയും പിടിച്ചു. ആര്.സി ബുക്ക്,ടാക്സ് ടോക്കണ്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം അപ്റ്റുഡേറ്റ്.(അതവന്റെ മറ്റൊരു ശീലം).
" എന്നാല്‍ പിന്നെ ലൈസന്‍സ് എടുക്ക്" എന്നായി. കിഷോര്‍ പോക്കറ്റില്‍ നിന്നും ലൈസന്‍സ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ പോലിസുകാരന് തടഞ്ഞിട്ട്, കൂടെയുണ്ടായിരുന്ന ചങ്ങാതീടെ ലൈസന്‍സ് ആവശ്യപെട്ടു..
- ട്രാഫിക്കും കിഷോറും - ഒരു ചെറിയ പോസ്റ്റ്, 'ചെണ്ട' യില്‍
അലിഫേ,
ഇതിപ്പം ചെണ്ടാന്ന് പേരിട്ടത് ട്രാഫിക്ക് പോലീസുകാരനെ ചെണ്ട് കൊട്ടിച്ച പോലെ വെറെ ആരേയെങ്കിലും കൊട്ടിക്കാനാണോ?
ദേ, വഴീ കണ്ടപ്പ ഞാനും കൊട്ടി:ടും ണ്ടും....
കൈതമുള്ള് കൊണ്ട് കൊട്ടിയാ എന്റെ ചെണ്ട പൊട്ടിപോകുമോ എന്തോ. (എന്റെ പോസ്റ്റില്‍ ഞാന്‍ തന്നെ ഓഫടിക്കുകയോ..ശ്ശേ.) എന്നാലും കൊട്ടിക്കോ..ടും ണ്ടും....
അലിഫ് ബായി,
ഈ കിഷോര്‍ ബായി ഒരൊന്നര കഥാപാത്രമാണല്ലോ:)
വളരെ പ്രധാന്യത്തോടെ വായിക്കുന്നു, ഇനിയും വായിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കട്ടെ :
അലിഫ് ബായ്..
വളരെ താല്പര്യത്തോടെ വായിച്ചു.ഈ കിഷോറിന്റെ അഡ്രസ് ഒന്നു തരുമോ?. ട്രാഫിക്കനാണേലും അല്ലേലും ഈ പോലീസുകാരുടെ വണ്ടി പരിശോധനയും ചോദ്യവും ഒക്കെ കേട്ടാല്‍ അരിശം വരും...പേപ്പേഴ്സ് മുതല്‍ ഈര്‍ക്കിലി വരെ വണ്ടിയില്‍ സൂക്ഷിച്ചിട്ടും കാര്യമില്ല....
വകുപ്പുകള്‍ കാണിച്ച് ഒടുക്കം 2 നോട്ട് കൈമടക്കി ക്കൊടുക്കുന്നതു വരെ പ്രശ്നം തീരില്ല...
പക്ഷേ കിഷോര്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്,
നമ്മുടെ നാട്ടിലെ ഏമാന്മാരുടെ സ്വഭാവം കിഷോറീനറിയാവുന്നതല്ലേ, നിയമം മാത്രം നോക്കി കേസേടുക്കന്നവരായിരുന്നുവെങ്കില് ഓക്കെ.. ഇത് എവിടെങ്കിലും കൊണ്ട് ചൊരുക്ക് തീര്ക്കാനായിരിക്കുമല്ലോ അവന്മാര്ക്ക് വ്യഗ്രത..
ആലിഫ്ക്കാ അപ്പോ നിങ്ങള്‍ എവിടാ തിരുവനന്തപുരത്താണോ? നൈജീരയയില്‍ നിന്നും പോരുന്നോ?
Post a Comment