പോസ്റ്റ് ഡിലീറ്റാനുണ്ടോ.. പോസ്റ്റ്..!!
ബ്ലോഗ് എന്നത് ഒരു സ്വതന്ത്ര മാദ്ധ്യമം എന്ന നിലയ്ക്കാണ് പലപ്പോഴും പ്രതിപത്തി തോന്നീട്ടുള്ളത്, ഇത് വിഭാവനം ചെയ്തവരും അത് തന്നെയാണുദ്ദേശിച്ചിട്ടുള്ളത് എന്നാണ് ഈ ചുരുങ്ങിയ ഒരു വര്‍ഷക്കാലം കൊണ്ട് മനസ്സിലാക്കുവാന്‍ കഴിഞ്ഞതും. ആദ്യകാല പ്രയോക്താക്കളില്‍ പലരും ഇതിനെ ഒരു ഡയറികുറിപ്പിന്റെ ലാഘവത്തിലവതരിപ്പിച്ചത് ബ്ലോഗ് എന്ന മാദ്ധ്യമത്തെ ലക്ഷ്യപ്രാപ്തിയിലേക്കെത്താന്‍ സഹായിച്ചില്ല, ഇനിയും സഹായിക്കില്ല എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മലയാളം ബ്ലോഗ് എന്നത് ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയിലേക്കും കൂടി, അക്ഷരമില്ലാതെ അനന്തതയില്‍ ലയിച്ച ലോകത്തെ നിരവധി ഭാഷാ കൂട്ടങ്ങളില്‍ ഒന്നാകരുതേ മലയാളം എന്ന പ്രാര്‍ത്ഥനയ്ക്കും ഇടമുണ്ടാക്കി. എത്ര പെട്ടന്നാണ് മലയാളം ബ്ലോഗിംഗ് തലം ഇത്രമാത്രം എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിച്ചത്. വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന ഈ വിവരസാങ്കേതികയുഗത്തിലും ഭാഷയോടുള്ള അഭിനിവേശം എഴുത്തിലൂടെയും വായനയിലൂടെയും പങ്ക് വെയ്ക്കുന്ന പല തലമുറകളില്‍ പെട്ടവരെയും കോര്‍ത്തിണക്കാന്‍ ബ്ലോഗിംഗ് സമ്പ്രദായത്തിനു കഴിഞ്ഞു എന്നതൊരു ചെറുതല്ലാത്ത വലിയ കാര്യമാണ്. പക്ഷേ, ഈ മാദ്ധ്യമത്തെ കസ്റ്റമൈസ് ചെയ്ത് ചെയ്ത് മിക്ക ബ്ലോഗര്‍മാരും ഇന്ന് അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് മൂക്കും കുത്തി താഴോട്ട് വീഴുന്നപോലെ..!
പലപ്പോഴും കണ്ടിട്ടുള്ള ഒരു പ്രവണതയാണ് വിവാദങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടാകുമ്പോള്‍ ബ്ലോഗിലെ പോസ്റ്റുകളോ, ബ്ലോഗ് തന്നെയോ ഡിലീറ്റ് ചെയ്യാനുള്ള ആവശ്യങ്ങള്‍ ഉയരുന്നത്. മിക്കപ്പോഴും ഇത് സീനിയര്‍ ബ്ലോഗര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ ഭാഗത്ത് നിന്നുമായിരിക്കും എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരാള്‍ ഒരു കുറിപ്പ് കഥയോ കവിതയോ, ലേഖനമോ എന്തെങ്കിലുമായികൊള്ളട്ടെ, അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. രാജ്യസുരക്ഷാ താത്പര്യത്തിനെതിരും ജാതി,മത രാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലവുമൊക്കെയായ നിലപാടുകളൊന്നും തന്നെയില്ലെങ്കില്‍ ആര്‍ക്കും ആരോടും ആവശ്യപ്പെടാനാകില്ല, ആ കുറിപ്പ് ഡിലീറ്റ് ചെയ്യുവാന്‍. ഈ പ്രസിദ്ധീകൃതമായ കുറിപ്പിനു ചുവട് പിടിച്ച് നല്ലതും ചീത്തയും, അപകീര്‍ത്തികരവുമായ കമന്റുകള്‍ വരാം , വരാതിരിക്കാം, അതിനു പോസ്റ്റിടുന്നയാള്‍ ഉത്തരവാദിയായിരിക്കുമോ..? അഥവാ അങ്ങിനെ സഹബ്ലോഗര്‍മാരുടെ ധാര്‍മ്മികസമരം കണക്കിലെടുത്ത് ഡിലീറ്റ് ചെയ്യപ്പെട്ട ഒരു പോസ്റ്റ് , അതിന്റെ ഓഫ്ലൈന് കോപ്പി സൂക്ഷിച്ച് വെച്ചിരുന്ന യാതൊരു ധാര്‍മ്മികമൂല്യ ബോധവുമില്ലാത്ത മറ്റൊരു ബ്ലോഗര്‍ അത് പൂര്‍ണ്ണമായോ,ഭാഗികമായോ പബ്ലിഷ് ചെയ്താല്‍ ആര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?
പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് കൊണ്ടുള്ള ലാഭം, ആവശ്യമില്ലാതെ കമന്റ് ചങ്ങലകള്‍ സൃഷ്ടിച്ച് ഖ്യാതി നേടുന്നവര്‍ക്കും, അനോണി മുഖമൂടിയിലൊളിച്ചിരുന്ന് തമ്മിലടിപ്പിക്കുന്ന ചോരകൊതിയന്മാര്‍ക്കും മാത്രം..! നഷ്ടം, ചില അവസരങ്ങളിലെങ്കിലും നല്ല നല്ല പോസ്റ്റുകളുടെ തുടര്‍വായനക്കാര്‍ക്കും, ബ്ലോഗ് മൊത്തമായി പൂട്ടികെട്ടി ഒളിച്ചോടേണ്ടി വരുന്ന സൃഷ്ടികര്‍ത്താക്കള്‍ക്കും. വേറൊന്ന്, ഏതെങ്കിലും പോസ്റ്റിലൂടെ വ്യക്തിഹത്യയെ നേരിടേണ്ടി വന്നവര്‍ക്ക് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നത് കൊണ്ട് മാത്രം പോയ മാനം തിരിച്ചും കിട്ടുമെന്ന് കരുതാനും വയ്യ..!
കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളില്‍ നിന്ന് ബ്ലോഗ് പോസ്റ്റുകളെ മോചിപ്പിച്ചേ മതിയാകൂ. ബ്ലോഗറുടെ സൃഷ്ടികളെ അയാളുടെ കമന്റ് ഓപ്ഷന് തുറന്ന് വെച്ചിരിക്കുന്നിടത്തോളം ആര്‍ക്കും വിമര്‍ശിക്കാം, വിശകലനം ചെയ്യാം. അല്ലാതെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , അതിനി എന്തുതന്നെയായികൊള്ളട്ടെ, സഹബ്ലോഗര്‍മാര്‍ക്ക് അവകാശമില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പറയുമ്പോള്‍, സ്വതന്ത്രമാദ്ധ്യമാണ് ബ്ലോഗ്, എഡിറ്റര്‍മാരില്ലാതെ, സ്വയം പബ്ലിഷര്‍ ആകാനുള്ള സ്വാതന്ത്ര്യം..പക്ഷേ ഈ പോസ്റ്റ് ഡിലീറ്റ് ആക്രോശങ്ങളില്‍ അതൊക്കെയും ഇല്ലാതായി പോകുന്നില്ലേ എന്നൊരു സന്ദേഹം..!
ഈയിടെ കണ്ട് വരുന്ന മറ്റൊരു പ്രവണത,ഒരു ബ്ലോഗര്‍ അവതരിപ്പിച്ച ഏതെങ്കിലും സൃഷ്ടിയില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അയാളെ പോസ്റ്റിലൂടെയും, കമന്റിലൂടെയുമെല്ലാം തേജോവധം ചെയ്യാനുപയോഗിക്കുക എന്നുള്ളതാണ്.ഞാന്‍ എന്ന കഥാപാത്രം ചിലപ്പോള്‍ കള്ളുകുടിയനോ പെണ്ണുപിടിയനായോ അവതരിച്ചാല്‍, അല്ലെങ്കില്‍ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ , ഞാന്‍ ഫുള്‍ടൈം കള്ളും കുടിച്ച്, പെണ്ണും പിടിച്ച് നടക്കുന്ന ഒരാളുടെ പ്രതിരൂപമായി മാറുമോ..? ഇതിനു കമന്റ് ചെയ്യുന്നവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മൂലകാരണം -ബ്ലോഗെന്നാല്‍ കേവലം ഡയറി കുറിപ്പുകളെന്നപോലെ ലഘൂകരിക്കപ്പെട്ടത് തന്നെയാവണം,ആത്മകഥാംശം കലര്‍ന്ന കുറിപ്പുകളുടെ ധാരാളിത്വവും..!
സൃഷ്ടികര്‍ത്താക്കളുടെ വ്യക്തിപരമായ കാര്യങ്ങളെയാണ് നമ്മള് അളവുകോലാക്കിയിരുന്നതെങ്കില്‍, സാഹിത്യവും കലയുമൊക്കെ ആസ്വാദകരില്ലാതെ, വിമര്‍ശകരില്ലാതെ എന്നേ മണ്മറഞ്ഞ് പോയേനെ. ബ്ലോഗിലൂടെ വായിക്കാന്‍,അറിയാന്‍, ആസ്വദിക്കാന്‍ അല്ലെങ്കില്‍ വിമര്ശിക്കുവാന് താത്പര്യപ്പെടേണ്ടത് ബ്ലോഗറെയല്ല,മറിച്ച് അവരുടെ പോസ്റ്റുകളെയാണ്. സമൂഹജീവികളെന്ന നിലയില്‍ വ്യക്തിബന്ധങ്ങള്‍ പലതും ഇതിനിടയിലൂടെ ഉടലെടുക്കുന്നുണ്ടാകാം,കൂട്ടായ്മകളും. അത് പോസ്റ്റുകളെയും, കമന്റുകളെയും ബാധിക്കുന്നതലത്തിലേക്ക് കടന്നാല്‍ ഈ പറയുന്ന 'സ്വാതന്ത്ര്യം' ബ്ലോഗ് എന്നല്ല, ഒരു മാദ്ധ്യമവും നമുക്ക് നല്‍കില്ല.
വാല്‍ക്കഷണം:
മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ബ്ലോഗ് എഴുത്തിന്റെ ആവശ്യമുണ്ടോ,സ്വന്തം കുട്ടികളുള്‍പ്പെടെ ഒരു എട്ട് പത്ത് കുട്ടികള്‍ക്ക് മലയാളം അക്ഷരമാല പഠിപ്പിച്ച്, അവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കിയാല്‍ പോരെ..?!
13 comments:
കൂട്ടായ്മകളും വ്യക്തി ബന്ധങ്ങളും ബ്ലോഗെന്ന സ്വതന്ത്രമാദ്ധ്യമത്തിന്റെ കഴുത്തില്‍ കത്തിവെയ്ക്കുവാനിടവരുത്തുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വെറുതെ ഒന്ന് ചിന്തിച്ചത്.. ! പിന്നെ, ‘ചെണ്ട’ യില്‍ ഒന്ന് കൊട്ടി നോക്കിയിട്ടും കുറച്ച് നാളായി..!
വേറൊരു കാര്യം ശ്രദ്ധിച്ചില്ലേ,
പോസ്റ്റിനു പകരം കമന്റു പോസ്റ്റ്.
കമന്റിനു പകരവും കമന്റ് പോസ്റ്റായി തന്നെ!
വേഡ് വേരി :(
idotveid
ഇഡിയറ്റിന്റെ വീടെന്ന്-അറിയാം അപ്പോ കാര്യം.
:)
:)
:)
അലീഫ് ഭായി... നിങള്‍ ആളു ശരിയ്യല്ല.. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം.. :D എന്നെ തല്ലല്ലേ.. ഞാന്‍ പാവമാ..
ഹ ഹ ഹ ഹ ഹ ഹ.. പിന്നെ വനജേച്ചി.. കമന്റൈനെ പോസ്റ്റ് ആക്കുന്നതില്‍ ഒരു ഗുണം ഉണ്ട്.. അത് ആ ആള് തന്നെയാ എഴുതിയത് എന്നതിനു തെളിവാകും.. :)
OT: word verification veno?
" കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളില്‍ നിന്ന് ബ്ലോഗ് പോസ്റ്റുകളെ മോചിപ്പിച്ചേ മതിയാകൂ. ബ്ലോഗറുടെ സൃഷ്ടികളെ അയാളുടെ കമന്റ് ഓപ്ഷന് തുറന്ന് വെച്ചിരിക്കുന്നിടത്തോളം ആര്‍ക്കും വിമര്‍ശിക്കാം, വിശകലനം ചെയ്യാം. അല്ലാതെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , അതിനി എന്തുതന്നെയായികൊള്ളട്ടെ, സഹബ്ലോഗര്‍മാര്‍ക്ക് അവകാശമില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പറയുമ്പോള്‍, സ്വതന്ത്രമാദ്ധ്യമാണ് ബ്ലോഗ്, എഡിറ്റര്‍മാരില്ലാതെ, സ്വയം പബ്ലിഷര്‍ ആകാനുള്ള സ്വാതന്ത്ര്യം..പക്ഷേ ഈ പോസ്റ്റ് ഡിലീറ്റ് ആക്രോശങ്ങളില്‍ അതൊക്കെയും ഇല്ലാതായി പോകുന്നില്ലേ എന്നൊരു സന്ദേഹം..! "
റൈറ്റ്. നൂറു ശതമാനം റൈറ്റ്.
njaan case-le oru prathiyaa... thonnumpam thonnumpam deletum :( aarum parayaathethanne...
deletaan paranjondu vannaal delete-unna kaaryam aalochikkaam :P
ചെണ്ടക്കാരാ,
ബ്ളോഗ് ലക്ഷ്യത്തിലെത്തിയില്ലെന്നു പറയുന്ന താങ്കള്‍ , ആദ്യം എന്താണ് ബ്ളോഗിന്റ്റെ ലക്ഷ്യം എന്ന് വിവരിക്കേണ്ടിയിരിക്കുന്നു , കാരണം , ഒരു പ്രഖ്യാപിത ലക്ഷ്യങ്ങളില്ലെന്ന എന്നെപ്പോലുള്ളവരുടെ അറിവ് തിരുത്താന്‍ അതുപകരിച്ചേക്കും.
സ്വതന്ത്ര്യമീഡിയ എന്നതുകൊണ്ട് , എഴുത്തുകാരന് (നിയമപരമായി എതിരില്ലാത്ത) , എന്തും എഴുതാനും അവ സ്വയം പൊതുജനത്തിനു മുന്നില്‍ സാമ്പത്തിയക ബാധ്യതയില്ലാതെ തുറന്നുകാട്ടാനുമുള്ള സംവിധാനം എന്നതൊക്കെയാണെന്റ്റെ അറിവ്.
ഞാനടക്കം ബ്ളോഗില്‍ വല്ലതും കുത്തിക്കുറിക്കുന്നത് മേല്പറഞ്ഞ സ്വാതന്ത്ര്യം ഒന്നുകൊണ്ടുമാത്രമാണ്.
സാഹിത്യം എന്തെന്നറിയാത്ത എന്നെപ്പോലുള്ളവരുടെ എഴുത്തുകളില്‍ ആത്മാശം ഉള്‍ക്കൊണ്ട ഡയറിക്കുറിപ്പുകളാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയട്ടെ , വായനക്കാരന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളപ്പോള്‍ , ഇത്തരം ഒരു വേര്‍തിരിവിന്റ്റെ ആവശ്യമുണ്ടോ എന്ന ചോദ്യം മുഴച്ചു നില്ക്കുന്നു,
പ്രത്യേകിച്ചും അത്തരത്തിലുള്ള ഡയറിക്കുറിപ്പുകളും വായിക്കാനാളുകളുള്ള സ്ഥിതിക്ക്.
ഒന്നുകൂടി , സീനിയര്‍ ബ്ളോഗര്‍ പട്ടം എന്നുമുതല്‍ ബ്ളോഗ് തുടങ്ങിയവര്‍ക്കാണ് കിട്ടുക ? :)
ചെണ്ടക്കാരാ , കെറുവരുതേ , മനസ്സില്‍ വന്ന ചോദ്യങ്ങള്‍ ചോദിച്ചെന്നുമാത്രം , മാത്രമല്ല പുറം ചൊറിയല്‍ അറിയില്ല :)
തറവാടി,
താങ്കളുടെ കമന്റില്‍ തന്നെ ആദ്യ പാരഗ്രാഫില്‍ ചോദ്യവും അടുത്തതില്‍ അതിന്റെ ഉത്തരവും നല്‍കിയിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. താങ്കള്‍ കരുതുന്നത് പോലെ ("സ്വതന്ത്ര്യമീഡിയ എന്നതുകൊണ്ട് , എഴുത്തുകാരന് (നിയമപരമായി എതിരില്ലാത്ത) , എന്തും എഴുതാനും അവ സ്വയം പൊതുജനത്തിനു മുന്നില്‍ സാമ്പത്തിയക ബാധ്യതയില്ലാതെ തുറന്നുകാട്ടാനുമുള്ള സംവിധാനം എന്നതൊക്കെയാണെന്റ്റെ അറിവ്.
ഞാനടക്കം ബ്ളോഗില്‍ വല്ലതും കുത്തിക്കുറിക്കുന്നത് മേല്പറഞ്ഞ സ്വാതന്ത്ര്യം ഒന്നുകൊണ്ടുമാത്രമാണ്" )
സ്വതന്ത്രമീഡിയം എന്നത് തന്നെയല്ലേ ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യം..?
ഒരാള്‍ എഴുതി പബ്ലിഷ് ചെയ്യുന്ന പോസ്റ്റ്, തുടര്‍ന്ന് വരുന്ന കമന്റുകളെയും മറ്റും അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെടുമ്പോള്‍, അതെന്തിന്റെ പേരിലായാലും ആ പോസ്റ്റിട്ടയാള്‍ക്ക് ബ്ലോഗര്‍ അനുവദിച്ചു കൊടുക്കുന്ന പ്രസാധന സ്വാതന്ത്ര്യം നഷ്ടമാകുന്നു എന്നാണ് ഞാന്‍ കരുതുന്നത് എന്നതാണ് എന്റെ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച വിഷയം. അതിപ്പോള്‍ ഒരുപക്ഷേ എന്റെ കരുതല്‍ മാത്രമായിരിക്കാം, അല്ലായിരിക്കാം..!പലപ്പോഴും വ്യക്തിബന്ധങ്ങളിലധിഷ്ടിതമായ 'കമന്റ് ചങ്ങലകള്‍' പോസ്റ്റുകളെ കാര്‍ന്ന് തിന്നുന്നതായി തോന്നിയതും ഈ പോസ്റ്റിനു കാരണമായി.
ആത്മാംശം ഉള്‍ക്കൊണ്ട ഡയറികുറിപ്പുകളെ പോലെയുള്ള പോസ്റ്റുകളെയല്ല, അവയിലെ ആത്മാംശത്തെ പിന്നീട് പലപ്പോഴും വ്യക്തിഹത്യയ്ക്ക് കമന്റുകളിലൂടെ ഉപയോഗിക്കപ്പെടുന്നതിന്റെ കാര്യമാണ് വിമര്ശിക്കുവാന് ശ്രമിച്ചത്, അതും ബ്ലോഗറുടെ സ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളി തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ എന്നതേ ഞാന്‍ സീനിയര്‍ ബ്ലോഗര്‍ എന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ ഇന്ന കാലഘട്ടത്തില്‍ ബ്ലോഗ് തുടങ്ങിയവര്‍ എന്ന് ഉദ്ദേശിച്ചിട്ടില്ല ( സീനിയര്‍ പട്ടം ചാര്ത്തികിട്ടിയാല് ജൂനിയര്‍ ബ്ലോഗര്‍മാരെ 'റാഗ്' ചെയ്യാന്‍ വല്ല ഉദ്ദേശവുമുണ്ടോ..? :) :))
പുറം ചൊറിയലില്‍ അത്ര എക്സ്പീരിയന്‍സ് ഇല്ലാത്ത ഒറ്റപ്പെട്ട ഒരു ബ്ലോഗര്‍ ആണു ഞാന്‍ എന്നാണ് ഇത്രയും നാള് സ്വയം വിശ്വസിച്ച് പോരുന്നത്..ഇനി അങ്ങിനെ അല്ലേ..?! പിന്നെ എവിടെ കമന്റ് വെച്ചാലും ഈ പുറംചൊറിയല്‍ പരാമര്‍ശം വേണമെന്ന് നിര്‍ബന്ധമുണ്ടോ..? "എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ കണ്ടവനെന്ന് തോന്നുമോ" എന്ന് പണ്ടാരാണ്ടും ചോദിച്ചപോലെ..!!
മനു,
ബ്ലോഗിലെ സ്വാതന്ത്ര്യം എന്ന് പറയുന്നത് സ്വയം എഡിറ്ററും, പബ്ലിഷറുമാകാമെന്നത് പോലെ, സ്വയം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ളത് കൂടിയാണ് എന്നോര്‍മ്മിപ്പിച്ചതിനു നന്ദി; ഇവിടെ പറയാന്‍ ശ്രമിച്ചത് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ ആവശ്യപെടുന്നതിനെ കുറിച്ചാണ്.
ചെണ്ടക്കാരാ ,
എല്ലാ ഉത്തരങ്ങളും ബലേ ഭേഷ്.
പിന്നെ , എനിക്കുള്ള താങ്കളുടെ അവസാനത്തെ പാരഗ്രാഫിനെക്കുറിച്ച്,
അല്ല ശരില്ലും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ കണ്ടവനെന്ന് തോന്നുമോ?
അലീഫു് ഭായീ,
ചേണ്ടയില് ഞാനുമൊന്നു കൊട്ടി നോക്കി.
അവതാളമല്ല. താള ബദ്ധം തന്നെ.:)
തറവാടി മാഷേ,
ഞാനൊരു തര്‍ക്കത്തിനില്ല :)
പലപ്പോഴും ഈ പുറംചൊറിയല്‍ പരാമര്‍ശം താങ്കള്‍ നടത്തിയിട്ടുള്ള ഓര്‍മ്മയ്ക്കും (തെളിവെടുപ്പിനൊന്നും നേരമില്ലാട്ടോ..!!) പുറംചൊറിയല്‍ പ്രസ്ഥാനത്തില്‍ യാതൊരു താല്പര്യവും ഇല്ലാഞ്ഞിട്ടും ഈ പോസ്റ്റില്‍ അങ്ങിനെ ഒരു പരാമര്‍ശം വന്നത് കൊണ്ടും പറഞ്ഞ് പോയതാണ്..മാത്രവുമല്ല ആ ചൊല്ലിലെ "കിണ്ണം കട്ടവന്" എന്നത് മാറ്റി "കിണ്ണം കട്ടവനെ കണ്ടവന്" എന്നാക്കുകയും ചെയ്തത് മനപൂര്‍വ്വമാണ്..കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന കാലമല്ലേ.. :) :)
Post a Comment