29.6.08

സമരകാലത്തെ പ്രണയം


"സരളേ, നീ വീട്ടിൽ പൊയ്ക്കോ, ഇന്ന് സമരമാ, ക്ലാസ്സില്ല"
"അല്ലേൽ എന്നാ ഇപ്പോ ക്ലാസ്സ്‌ നടന്നിട്ടുള്ളത്‌, എന്നും സമരമല്ലേ..! അല്ല റഫീക്ക്‌ ചേട്ടാ, എന്തിനാ ഇപ്പോൾ ഈ സമരം"
"ഹ..ഹ.. അതൊന്നും എനിക്കറിയില്ല, ഞങ്ങളുടെ നേതാവ്‌ എന്ത്‌ പറയുന്നോ, അങ്ങിനെ തന്നെ സിന്ദാബാദ്‌.."
" അത്‌ തന്നെ , ചുമ്മാതല്ല ചേട്ടൻ മൂന്ന് വർഷമായി ഏഴാം ക്ലാസ്സിൽ തന്നെ പഠിക്കുന്നത്‌"
"എടീ അത്‌ കൊണ്ടെന്താ, നമ്മൾ ഇപ്പോൾ ഒരു ക്ലാസ്സിൽ ആയില്ലേ, സരളേ നീയെന്റെ കരളാണ്‌.."
"പിന്നേ, ഒരു കാര്യം പറഞ്ഞേക്കാം, ചേട്ടന്റെ പഞ്ചാരയടി കുറച്ച്‌ കൂടുന്നുണ്ട്‌..!"
"അതിനെന്താ സരള മോളേ, നമുക്ക്‌ വലുതാവുമ്പം കല്യാണം കഴിക്കാം"
"അതെങ്ങിനെ ചേട്ടാ, ഞാൻ ഹിന്ദുവും ചേട്ടൻ മുസ്ലിമുമല്ലേ..?"
"അതു കൊണ്ടൊന്നും കുഴപ്പമില്ല, നമ്മുടെ വറീത്‌ മാഷ്‌ രഹന ടീച്ചറെ കെട്ടിയില്ലേ.., ശൈലജ ടീച്ചറും അജ്‌മൽ സാറും തമ്മിൽ മുടിഞ്ഞ പ്രേമം, ഉടനെ കെട്ടുമെന്നാ കേട്ടത്‌.."
"എന്നാലും.."
"ഒരു എന്നാലുമില്ല, എടീ കല്യാണത്തിനു ജാതീം മതവുമൊന്നും ഇല്ല..,പിന്നെ നമുക്ക്‌ കൊച്ചുണ്ടാവുമ്പോ അവനു 'ജീവൻ' എന്ന് പേരിടേണ്ടി വരും.."
"അതെന്താ, അങ്ങിനെ..?"
"ങാ, അങ്ങിനെ യെന്തൊക്കെയോ പ്രശ്നങ്ങൾ നമ്മുടെ സാമൂഹ്യ പാഠത്തിലുണ്ടന്നൊക്കെ പറഞ്ഞാ ഇപ്പോഴത്തെ ഈ സമരം തന്നെ..നേതാവ്‌ അന്ന് പ്രസംഗിക്കുമ്പോൾ കേട്ടതാ.."
"അപ്പോ കൊച്ച്‌ പെണ്ണാന്നെങ്കിലോ.., എന്ത്‌ പേരിടും.."
"അത്‌ നമുക്ക്‌ മാഷോട്‌ ചോദിക്കാം.."
"അതിനിനി സമരം കഴിയണ്ടേ, സമരമെന്ന് കേട്ടപാടെ മാഷുമാരും ടീച്ചർമ്മാരുമൊക്കെ വീട്ടിൽ പോയി.."
"എന്നാ പിന്നെ നേതാവിനോട്‌ ചോദിക്കാം.. നമ്മുടെ നേതാവ്‌...."
"..........എങ്ങിനെ പറയുന്നോ, അങ്ങിനെ തന്നെ സിന്ദാബാദ്‌....!"

3 comments:

അലിഫ് /alif said...

നമ്മുടെ നേതാവ് എങ്ങിനെ പറയുന്നോ അങ്ങിനെ തന്നെ സിന്ദാബാദ്..!! ഇപ്പോഴത്തെ പാഠപുസ്തക വിവാദ സമരത്തോടുള്ള എന്റെ പ്രതികരണം ഇത്രമാത്രം.

നന്ദു said...

പെൺകുഞ്ഞാണെങ്കിൽ “ജീവി” ന്നു വിളിക്കാം അല്ലേ അലീഫ്?
പ്രശ്നം ഏതായാലും നേതാക്കളൂടെ കയ്യിലെ കുട്ടിക്കുരങ്ങന്മാരാണ് വിദ്യാർത്ഥികൾ. എസ്.എഫ് .ഐ ആയാലും കെ. എസ്. യു ആയാലും എബി.വി.പി. ആയാലും സ്ഥിതിയൊക്കെ ഒന്നു തന്നെ.

സാദിഖ്‌ മുന്നൂര്‌ said...

kollaam. nalla prathikaranam.