12.12.20

കിം കി ദുക് -പ്രണാമം 

 

ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്നാൽ ഉത്സവത്തിന്റെ കൊടിയേറ്റമാണ് , അന്ന് മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവുക, അതിനായി വാർഷിക അവധി ദിനങ്ങളുടെ കരുതലും, മുടങ്ങി കിടക്കുന്ന ജോലി തീർക്കലും ഒക്കെ കഴിഞ്ഞു എല്ലാം മറന്നു ചലച്ചിത്ര കാഴ്ചകളിൽ മാത്രമായി അമർന്നിരുന്നും ഓടിനടന്നും ഇടിച്ചു കയറിയും സംഘാടകരോട് പിണങ്ങിയും കയർത്തും ഒഴിവ് നേരങ്ങളിൽ വണ്ടി തട്ടിന്റെ സൗകര്യക്കുറവിൽ ആനന്ദിച്ചിരുന്നൊരു കട്ടനും ബജ്ജിയും ; ഇതൊരു മേനി പറച്ചിലല്ല, തിരുവന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള അങ്ങനെയൊക്കെയാണ്.

ആദ്യമൊക്കെ സിനിമകൾ തിരഞ്ഞെടുത്തു കാണാറില്ലായിരുന്നു; ഏത് തീയറ്ററാണോ അടുത്ത് , അതിലേക്ക് നുഴഞ്ഞു കയറി കിട്ടുന്നതെല്ലാം കാണുക എന്നൊരു പോളിസി (കേൾവി കേട്ട ഇറാൻ സിനിമകളായിരുന്നു ഇതിനൊരു അപവാദം) അത്തരത്തിൽ 2005 ലെ മേളയ്‌ക്കിടെ എങ്ങിനെയോ കലാഭവനിൽ എത്തി പെട്ട് കണ്ടതാണ് 3 iron എന്ന സിനിമ; വല്ലാത്ത ഒരാകര്ഷണം ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് എന്ന ഉത്സവപ്രേമികളുടെ കൊച്ചുപുസ്തകത്തിൽ തിരഞ്ഞാണ് ഇതൊരു ദക്ഷിണ കൊറിയൻ സംവിധായകന്റെ സിനിമയാണെന്നും, ഈ മേളയിൽ അദ്ദേഹത്തിന്റെ മറ്റ് അഞ്ച് സിനിമകൾ കൂടി പ്രദര്ശിപ്പിക്കുന്നുണ്ട് എന്നറിഞ്ഞത്; അപ്പോഴേക്കും അതിലെ ഒന്ന് രണ്ട് സിനിമകൾ പ്രദർശനം പൂർത്തിയായിരുന്നു.

ആ മേളയിൽ ബാക്കിയുണ്ടായിരുന്ന The Coast Guard, Samaritan Girl, Adress Unknown, ഒടുവിലായി Spring, Summer, Fall, Winter..and Spring ; കിം കി ദുക് എന്ന സംവിധായകന്റെ സിനിമകൾ ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല ; തുടർന്ന് വന്ന മേളകളിലും , ഈ സിനിമകൾക്ക് മുൻപ് ഇദ്ദേഹം ചെയ്ത സിനിമകളുമെല്ലാം തേടിപ്പിടിച്ചു കാണുക ഒരു ശീലമായി; ഇതിനെ ഒരു താര ആരാധനയുടെ നിലയിൽ അല്ല , എങ്ങു നിന്നോ വന്ന് ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ നേടിയ ഒരു പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. പിൽക്കാലത്ത് വന്ന സിനിമകളിൽ വയലന്സിന്റെ അതിപ്രസരം അലോരസമുണ്ടാക്കിയെങ്കിലും , സംവിധായക പ്രതിഭയിൽ മാറ്റ് കുറഞ്ഞു എന്നൊരു ചലച്ചിത്ര പ്രേമിയും പരാതി പറഞ്ഞില്ലെന്നതാണ് ശ്രദ്ധേയം.

മഹാമാരികാലമല്ലെങ്കിൽ ഇന്നലെ തുടങ്ങേണ്ടതായിരുന്ന മേളയുടെ ആഘോഷരാപ്പകലുകൾ, ആ നഷ്ടബോധത്തിനു മേൽ മറ്റൊരു ആഘാതവുമായി വിഖ്യാത കൊറിയൻ സംവിധായകൻ കിം.കി.ദുക്കിന്റെ കോവിഡ് ബാധിത മരണ വാർത്ത; ശരിക്കും രണ്ടായിരത്തി ഇരുപത് നഷ്ടങ്ങളുടെ വർഷമാണ്; തീരാ നഷ്ടങ്ങളുടെ.
ആദരാഞ്ജലികൾ..!

(ചിത്രങ്ങളിൽ : 2005 ലെ IFFK Handbook ലെ പേജുകൾ)

FB Post LINK

No comments: