9.12.20

ഹൃദയപക്ഷം ..!

 'കാട്ടു' പത്തനാപുരമെന്ന കളിയാക്കൽ നാമധേയത്തിൽ എൻ്റെ ജന്മദേശം വാഴ്ത്തപ്പെടുമ്പോഴും അതിലെ കാട് എന്ന വിശേഷണത്തിന്റെ കാല്പനികതയിൽ അഭിരമിച്ചും ഓർമകളിൽ താലോലിച്ചും അനന്തപുരിയിൽ സ്ഥിര വാസം തുടങ്ങിയിട്ട് നാളേറെയായി; നാടുമായുള്ള ബന്ധം വല്ലപ്പോഴുമുള്ള സന്ദർശനങ്ങളിൽ ഒതുങ്ങി, അടുത്ത ബന്ധുമിത്രാദികളോട് പോലും അപരിചിത്വം വന്നുപോയ നാളുകൾ. 

സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അടുത്തകാലത്ത് പത്തനാപുരത്തിന്റെ, പ്രത്യേകിച്ച് കളിച്ചു വളർന്ന നടുക്കുന്ന് അഥവാ പള്ളിമുക്ക് എന്ന പ്രദേശവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും ഓർമ്മ കുറിപ്പുകളും മറ്റും പങ്ക് വെച്ച് കിട്ടുന്നതിൽ അടുത്തകാലത്തായി ആശ്വാസം നേടിയിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സമാന ചിന്താഗതിക്കാരുമായി ആശയ വിനിമയം നടക്കുമോ എന്നൊരു ആലോചനയുണ്ടായത്.

തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് , എനിക്കോ എന്നെയോ നേരിട്ട് പരിചയം പോലുമില്ലാത്ത പുതുതലമുറയുടെ ആവേശകരമായ ചേർത്തുനിർത്തൽ അനുഭവിച്ചു കഴിഞ്ഞ ദിനങ്ങളുടെ വീർപ്പുട്ടലിലാണിപ്പോഴും, അതും എൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട്; സത്യം, ഞാനിപ്പോഴും ഒരു പത്തനാപുരം നടുക്കുന്നുകാരൻ തന്നെയാണെന്നൊരു സ്വത്വ ബോധം തിരികെ കിട്ടിയ നാളുകൾ.

ഒരു പക്ഷേ, ഇളക്കം തട്ടാത്ത സൗഹൃദ കണ്ണികളുടെ തിളക്കമാകാം, ബന്ധങ്ങളിൽ ഇനിയും നഷ്ടമായിട്ടില്ലാത്ത ജനിതക സമരൂപമാകാം, ഇതിലെല്ലാമുപരി വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന മേന്മയുമാകാം ഈ യോജിപ്പിനു കാരണം. എന്തായാലും  മറ്റെല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായി നടുക്കുന്നിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഒപ്പം കൂടാനായതിലെ ആഹ്‌ളാദം ഇവിടെ രേഖപ്പെടുത്തി വെയ്ക്കുന്നു, ആത്യന്തിക ഫലം കാലം തെളിയിക്കും.

എന്നും ഹൃദയപക്ഷത്തോടൊപ്പം..!

FB Post link

No comments: