29.8.06

മരണാനന്തര ജീവിതം

കുഞ്ഞുന്നാളിലെ മദ്രസാ പഠനം. വല്യ വല്യ കാര്യങ്ങളാണു പഠിപ്പിക്കുന്നതെന്ന ഉസ്താദിന്റെ ഗമയും, ഓ നമുക്കിതിലൊന്നും വല്യ കാര്യമില്ലന്ന കുഞ്ഞു മനസ്സും..പക്ഷേ, ഒരു കാര്യം വന്നപ്പോള്‍ ശ്രദ്ധാലുവായി - മരണവും ഖബറിലെ ജീവിതവും. യ്യോ..അങ്ങിനെയും ചില സംഗതികളോ.? ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചപ്പോള്‍ മനസ്സിലായി..മരണമെന്നൊരു സംഗതിയുണ്ടെന്നും മരണ ശേഷം കുഴിയില്‍ വെച്ച്‌ മണ്ണിട്ട്‌ മൂടികഴിയുമ്പോള്‍ (ആദ്യമൊക്കെ മൊത്തം മണ്ണിട്ട്‌ മൂടുമെന്നാണു കരുതിയിരുന്നത്‌, പിന്നീട്‌ മനസ്സിലായി, കുഴിക്കുമുകളില്‍ പലക വെച്ചടച്ചിട്ട്‌ അതിനു മുകളില്‍ മാത്രമേ മണ്ണിടുകയുള്ളൂവെന്ന്‌) , മുന്‍കറും നക്കീറും..രണ്ടും നമ്മുടെ മലക്കുകള്‍ , പ്രധാന പരിപാടി ഇരുതോളിലും വിശ്രമവും നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നാം ചെയ്യുമ്പോള്‍ ലൈവ്‌ റിക്കോര്‍ടിംഗ്‌ അതും വീതം വെച്ച്‌. ഒന്നും വിട്ടു പോകരുതല്ലോ; പ്രത്യക്ഷപ്പെടുന്നു.കൈവശം ,ഇരുമ്പുലക്ക, വാരിക്കുന്തം, വടിവാള്‌..തുടങ്ങിയ ആയുധങ്ങള്‍..മുന്‍പ്‌ റിക്കോര്‍ട്ചെയ്തു വെച്ചിരുന്നതിന്റെ പകര്‍പ്പുംകാണും. പിന്നെ സാധാ ചില ചോദ്യങ്ങള്‍.."മന്‍ റബ്ബുക്ക" - നിന്റെ ദൈവമാര്‌..?" മന്‍ ദീനുക്ക.. " നിന്റെ മതമേത്‌..? സാധായെന്നു പറഞ്ഞെങ്കിലും..ഇഹലോകജീവിതത്തില്‍ നല്ലവനായിട്ട്‌ നടക്കുന്നവര്‍ക്കുമാത്രമേ, പണ്ട്‌ മദ്രസയില്‍ പഠിച്ച ഉത്തരങ്ങളെങ്കിലും ഓര്‍മ്മവരികയുള്ളൂ..ടപ്പ്‌ ടപ്പെ്പന്ന്‌ ഉത്തരമങ്ങോട്ടെത്തിയില്ലങ്കില്‍..ഉയര്‍ന്നു പൊങ്ങും ഇരുമ്പുലക്ക, കുന്തം ആദിയായവ..അല്‍പ്പം മുന്‍പ്‌ ഒരു ഉറുമ്പിനെ പിടിച്ച്‌ കുഴിയാന കൂട്ടിലിട്ട്‌ അതിന്റെ മരണവെപ്രാളം കണ്ട്‌ ആഹ്ലാദിച്ച ഞാനൊന്നു ഞെട്ടി..പതുക്കെ ഇടത്തെ തോളിലൊന്നു അമര്‍ത്തിതടവി..വല്ലതും മാഞ്ഞുപോയാലങ്ങ്‌ പോട്ടന്നേ..

അങ്ങിനെയിരിക്കെ, സ്ഥലത്തെ ഒരു പ്രധാനി ഇഹലോകവാസം വെടിഞ്ഞു..മൂവര്‍സംഘത്തിന്റെ, ങാ അതു പറഞ്ഞില്ല, കുട്ടിപട്ടാളം- ഷാജി , അനീഷ്‌  പിന്നെ ഞാനും. ഷാജിക്ക്  ഒന്നോ രണ്ടോ വയസ്സ്‌ മൂപ്പുകൂടുമെങ്കിലും ഞാനായിരുന്നു മേജര്‍ ജനറല്‍ ഓഫ്‌ ത്രിമെന്‍ ആര്‍മി, കാരണം പിതാജി എക്സ്‌ മിലിട്ടറി,അങ്ങേരുതന്നെ തോക്കു കണ്ടിട്ടുണ്ടോന്ന് അറിയില്ല, ഞങ്ങളുടെ വീട്ടില്‍ തോക്കുണ്ടന്ന് പറഞ്ഞ് ഞാന്‍ അവന്മാരെ വിരട്ടി. അതുപോട്ടെ, പറഞ്ഞു വന്നത്‌; ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിലും എഫ്‌.ഐ.ആറിലും മയ്യത്തായവന്‍ ആളു മോശക്കാരനല്ല..ഏഷണി, പരദൂഷണം, പാര..പിന്നെ,അതിരുമാന്തലില്‍ ഡോക്റ്ററേറ്റും...നമുക്കു പറ്റിയ ഇര. മയ്യത്ത്‌ പള്ളിപറമ്പിലേക്ക്‌ എടുക്കുന്നതും കുഴിയിലേക്കിറക്കുന്നതുമൊക്കെ ശുഷ്കാന്തിയോടെ കണ്ടു. ഈ പിള്ളാര്‍ക്കെന്താ കാര്യമെന്ന് ആരെങ്കിലും പിറുപിറുത്തോ..!
മയ്യത്തടക്കി മനുസന്മാരൊക്കെ ആറടി ദൂരം മാറിക്കഴിയുമ്പോളാണു കലാപരിപാടി ആരംഭിക്കുകയെന്നു നിസ്സാര്‍..മൂന്നടിയെന്ന് മറ്റവന്‍..നമുക്കു ഹൃദയം പടപടാ അടിക്കാന്‍ തുടങ്ങി. അവസാനത്തെ ആളും കടന്നു പോയി..പരസ്പരം കേള്‍ക്കാവുന്ന ഹൃദയമിടിപ്പോടെ ഞങ്ങള്‍ പതുക്കെ പതുക്കെ ഖബറിനടുത്തേക്കു നീങ്ങി.

തലേന്നുപെയ്ത മഴയില്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണും പള്ളിപറമ്പിലെ പാലമരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന ചന്ദനത്തിരിയുടെ മണമുള്ള കാറ്റും. കൈയ്യുംകാലുമൊക്കെ വിറക്കുന്നുണ്ട്‌. അനീഷിനെ  കാവലേല്‍പ്പിച്ച്‌ ഞങ്ങള്‍ പതുക്കെ മുട്ടു കാലിലിരുന്ന് ഖബറിന്റെ തലഭാഗത്ത്‌ ചെവിയോര്‍ത്തു. ടും..ടും..ഓ അതു നമ്മുടെ ഹൃദയമിടിപ്പ്‌. എന്തോ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ..കിര്‍..കി..ര്‍..ര്‍.ര്‍.എന്തോ ഞെരിഞ്ഞമരുന്ന പോലെ..ശബ്ദം കൂടിവരുന്നു...കിര്‍..കി..ര്‍..ര്‍.ര്‍.ര്‍.ര്‍. മണ്ണിനു അനക്കം വെച്ചതുപോലെ. "അയ്യോ..ഓടിക്കോടാ..." അനീഷിന്റെ  ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ശരീരമങ്ങോട്ട്‌ അനങ്ങുന്നില്ല..എങ്കിലും ഖബറിന്റെ മുകള്‍ ഭാഗം വിണ്ടുകീറുന്നതും ഞരിഞ്ഞമരുന്ന ശബ്ദം വലുതാവുന്നതും അറിയുന്നുണ്ട്‌..ചുറ്റും നോക്കാന്‍ വയ്യങ്കിലും മനസ്സിലായി ഞാനൊറ്റയ്ക്കാണന്ന്. പിന്നെ എപ്പഴാ ഉണര്‍ന്നതെന്ന് ഇപ്പോഴും അറിയില്ല.പക്ഷേ ഞാനെന്റെ വീട്ടിലെ കട്ടിലിലായിരുന്നു. ഖബറടക്കം കണ്ട്‌ ഭയന്നതാണന്നാണു വീട്ടുകാര്‍ കരുതിയതു..കൈകാല്‍ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല. എന്റെ പ്രിയപ്പെട്ട  മോതീൻ (ബാങ്ക് വിളിക്കുന്ന ആൾ ) നന്നത്ത  (അമ്മയുടെ പിതാവ് ) മന്ത്രിച്ചൂതിയ വെള്ളത്തില്‍ പുനര്‍ജ്ജന്മം..!

കുറേ നാളുകള്‍ക്കുശേഷമല്ലേ സംഗതിയുടെ പൊരുളു പിടികിട്ടിയത്‌;അതും ഫാദർ പട്ടാളത്തില്‍ നിന്ന്. പഴകിയ മാമ്പലകയാണു ഖബറിന്റെ മുകളില്‍ വിരിച്ചിരുന്നത്‌; നനഞ്ഞമണ്ണിന്റെ കൂടിയഭാരവും പിന്നെ ഞങ്ങൾ കൈകുത്തിയതിന്റെ കുഴപ്പവും ഒക്കെ കാരണം അത്  തകര്‍ന്നു വീഴുകയായിരുന്നു.

വാല്‍ക്കഷണം.

അന്തം വിട്ടുള്ള ഓട്ടത്തില്‍ എവിടെയോ മറിഞ്ഞു വീണു ഷാജിയുടെ ദേഹം ആകെ മുറിഞ്ഞു. പനിച്ചുതുള്ളിയകാരണം അനീഷ്‌  ഒരാഴ്ച മദ്രസയില്‍ വന്നില്ല. പനിപിടിക്കാനുള്ള ബോധം പോലുമില്ലാതിരുന്നതു കൊണ്ട്‌ പൂര്‍വ്വാധികം ശക്തിയോടെ മൂന്നു നാലു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും മദ്രസയിലേക്ക്‌ പോയി.

മുറിവാല്‍ക്കഷണം:

റബ്ബേ..ഇതും എഴുതുന്നുണ്ടാവുമല്ലോ..മുന്‍കറും നക്കീറും..!

14 comments:

ദിവാസ്വപ്നം said...

നന്നായിട്ടുണ്ട്...

സൂര്യോദയം said...

നല്ല ചെണ്ടമേളം... ശരിക്കും രസിച്ചു.

വല്യമ്മായി said...

സ്വാഗതം

അഷ്റഫ് said...
This comment has been removed by a blog administrator.
അഷ്റഫ് said...

സ്വാഗതം....
ചെണ്ട മേളം അടി പൊളി...

വിനോജ് | Vinoj said...

Good one.

രാജാവു് said...

നന്നായിരിക്കുന്നു.മുറുകിയ ഒരു ചെണ്ടമേളത്തിനു് കാത്തിരിക്കുന്നു.

വിചാരം said...

വളരെ നന്നായിരിക്കുന്നു...
ഞാനൊരു പൊന്നാനിക്കാരന്‍ ... പള്ളിക്കാടുകള്‍ക്ക്‌ നടുവിലാണു ഞങ്ങളുടെ ജീവിതം തന്നെ .. ദിവസേന ഓരോ മയ്യത്ത്‌ വീതം എല്ലാ പള്ളിക്കാടുകള്‍ക്ക്‌ പൊന്നാനിക്കാര്‍ സംഭാവന ചെയ്യുന്നുണ്ട്‌...വടിയും കുന്തവുമായി മുന്‍കറും നക്കീറും വരികയാണെങ്കില്‍ അവര്‍ക്കൊരു വിശ്രമവും ഉണ്ടാവില്ല..
ഇല്‍മിണ്റ്റെ കേന്ദ്രത്തില്‍ ദുല്‍മു ചെയ്യാത്തവര്‍ ആരാ ?

വിചാരം said...

വളരെ നന്നായിരിക്കുന്നു...
ഞാനൊരു പൊന്നാനിക്കാരന്‍ ...
പള്ളിക്കാടുകള്‍ക്ക്‌ നടുവിലാണു ഞങ്ങളുടെ ജീവിതം തന്നെ .. ദിവസേന ഓരോ മയ്യത്ത്‌ വീതം എല്ലാ പള്ളിക്കാടുകള്‍ക്ക്‌ പൊന്നാനിക്കാര്‍ സംഭാവന ചെയ്യുന്നുണ്ട്‌...വടിയും കുന്തവുമായി മുന്‍കറും നക്കീറും വരികയാണെങ്കില്‍ അവര്‍ക്കൊരു വിശ്രമവും ഉണ്ടാവില്ല.. ഇല്‍മിണ്റ്റെ കേന്ദ്രത്തില്‍ ദുല്‍മു ചെയ്യാത്തവര്‍ ആരാ ?

Rasheed Chalil said...

കൊട്ട് മുറുകട്ടേ.. പാണ്ടിയും പഞ്ചാരിയും... എല്ലാം വായിക്കാന്‍ ഞങ്ങളുണ്ട്..

ഏറനാടന്‍ said...

മരണാനതരജീവിതമെന്ന സമസ്യ വല്ലാത്ത ഒരു നിഗൂഢതയാണ്‌. നല്ലയവതരണം, ചെണ്ടമേളം നിലയ്‌ക്കാതെ നിറുത്തുക. കഴിയുമെങ്കില്‍ മുന്‍പെഴുതിയിട്ടുള്ള "ഖബറിടത്തില്‍" വായിക്കുമല്ലോ.
http://eranadanpeople.blogspot.com/2006/06/blog-post_115096153994252752.html

P Das said...

ചെണ്ടക്കാരാ, നല്ല കഥ..

അരവിന്ദ് :: aravind said...

ഹഹഹ
വളരെ രസിച്ചു ചെണ്ടക്കാരാ...
എഴുത്ത് രസമുണ്ട് കേട്ടോ!
വൈകിയതില്‍ ക്ഷമ..:-)

അലിഫ് /alif said...

രാജാവെ..) സന്തോഷം..
വിചാരം) ഇല്‍മിന്റെ കേന്ദ്രത്തില്‍ ദുല്‍മു ചെയ്യാത്തവര്‍ ആരാ ...ആ ഒരു വിചാരം മാത്രം മതി.
ഇത്തിരിവട്ടം) നന്ദി..
ഏറനാടന്‍) ഖബറിടത്തില്‍ വായിച്ചിരുന്നു.ഏറെ ‘നാടന്‍’ കഥകള്‍ക്കായി കാത്തിരിക്കുന്നു.
ചക്കരെ..നന്ദി..
അരവിന്ദ്) കളിയാക്കരുത് കേട്ടോ..തനിക്കു രസിച്ചു എന്നു പറഞ്ഞാല്‍ പിന്നെ..;സ്പ്രിങ് റോള്‍ ഇപ്പഴും വായില്‍നിന്നു പോയിട്ടില്ല..ഹലോ ഹലോ യും...നന്ദി..