26.9.06

മഴയില്‍ മുങ്ങിയ തലസ്ഥാനം


കോടികള്‍മുടക്കിയ പദ്ധതികളുടെ പരാജയത്തിന്റെ പര്യായമായി വീണ്ടും തലസ്ഥാന നഗരിയുടെ പ്രധാനയിടങ്ങളായ തമ്പാനൂര്‍, പഴവങ്ങാടി , കിഴക്കേകോട്ട ഭാഗങ്ങള്‍ വെള്ളത്തിലായി.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി പഠനവും അതിന്മേല്‍ പഠനവും പിന്നെ മലമറിക്കലുമൊക്കെയായി നടന്ന പദ്ധതി നടത്തിപ്പുകള്‍, പഞ്ചനക്ഷത്ര സെമിനാറുകള്‍, സ്ലൈഡ് ഷോകള്‍, പരസ്യപ്രചാരണം. ദിനം പ്രതി മാറ്റി പരിഷ്കരിച്ച് താറുമാറാക്കിയ ട്രാഫിക്ക്. സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ പുരോഗതി വിലയിരു‍ത്തല്‍ സന്ദര്‍ശന മാമാങ്കങ്ങള്‍ ! ആമയിഴഞ്ചാന്‍ തോടു വഴി ഒഴുകിപ്പോയ കോടികള്‍ക്ക് കണക്കില്ല , പക്ഷേ മഴവെള്ളത്തിനു ഒഴുകാന്‍ പഴുതില്ലത്രേ. ഇന്നലെ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ഏതൊക്കെയൊ കലുങ്ക് തല്ലിപൊളിക്കാന്‍ പോകുന്നു. അപ്പോഴേക്കും മഴ പോകും, വെള്ളകെട്ടും മാറും. കുത്തിപൊളിച്ചു കോരിവെച്ചിരിക്കുന്നത് വീണ്ടും പഴയ അവസ്ഥയിലേക്കാകും, എങ്കിലല്ലേ അടുത്ത മഴയ്ക് മറ്റൊരു ടാസ്‌ക് ഫോഴ്സിനു സ്‌കോപ്പുള്ളൂ.
പുതിയ സര്‍ക്കാരിനു കൈയ്യൊഴിയാം, ഇതു ഞങ്ങളുടെ പിഴവല്ല , മുന്‍ സര്‍ക്കാരിന്റേ;പഴയ സര്‍ക്കാരിനു പറയാം, ഒരഞ്ച് കൊല്ലം കൂടി തന്നിരുന്നു വെങ്കില്‍! പക്ഷേ എന്തും ഏതും അനുഭവിക്കാന്‍ അനന്തപുരിവാസികള്‍ തയ്യാറായല്ലേ പറ്റൂ. ഈ വികസനത്തിന്റെ പേരില്‍ അവര്‍ എത്രനാള്‍, എത്രയധികം പൊടി തിന്നു, എത്രലിറ്റര്‍ പെട്രോള്‍ അധികമായി കത്തിച്ചു, എത്ര ട്രാഫിക്കേമാന്മാരുടെ ചീത്ത വിളി സഹിച്ചു ;പക്ഷേ ഫലമോ,വീണ്ടും മലിനജലത്തിലൂടെ നീന്തുവാനാണ്‌ യോഗം. പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ!

വാര്‍ത്തയ്ക് കടപ്പാട്: കേരള കൌമുദി പി.ഡി.എഫ്. എഡിഷന്‍ 26-09-06

5 comments:

അലിഫ് /alif said...

ആമയിഴഞ്ചാന്‍ തോടു വഴി ഒഴുകിപ്പോയ കോടികള്‍ക്ക് കണക്കില്ല , പക്ഷേ മഴവെള്ളത്തിനു ഒഴുകാന്‍ പഴുതില്ലത്രേ.

ശാലിനി said...

നമ്മുടെ കേരളത്തില്‍ ഇതും ഇതിനപ്പുറവും സംഭവിക്കും. ഏതായാലും ഭരണം 5 വര്‍ഷം വീതം മാറി മാറി വരുന്നതുകൊണ്ട് പരസ്പരം പഴി ചാരാം.

സി. രാധാകൃഷ്ണന്റെ നോവലില്‍ പറയുന്നതുപോലെ ഇത്ര കറക്ടായി ഒന്നിടവിട്ട് ഇടതും വലതും അധികാരത്തില്‍ കയറുന്നതിന് പിന്നില്‍ എന്തെങ്കിലും കളിയുണ്ടോ?

പിന്നെ ഈ പ്രശ്നം പെട്ടന്ന് ശരിയാക്കിയാല്‍, അതിന്റെ പേരില്‍ തടയുന്ന വിദേശയാത്രയും മറ്റ് ആനുകൂല്യങ്ങളും നിന്നു പോവില്ലേ ചെണ്ടക്കാരാ.

മുസാഫിര്‍ said...

നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ആളുകള്‍ വെള്ളം ഒഴുകി പോകാനുള്ള നീര്‍ചാലുകള്‍ മുടുന്നതും,വെടിനു ചുറ്റും മതിലു കെട്ടുന്നതും ഇങ്ങനെ വെള്ളപ്പൊക്കത്തിനു കാരണമാകാറുണ്ടു .

അലിഫ് /alif said...

ശാലിനി, മുസാഫിര്‍; പ്രതികരിച്ചതിനു നന്ദി.
നഗരവികസനമെന്നപേരില്‍ കോടികളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ പൊടിപൊടിച്ചത്, പ്രത്യേകിച്ച് തമ്പാനൂര്‍ ഭാഗത്തെ വെള്ളകെട്ട് പരിഹരിക്കാന്‍.പക്ഷേ അതൊന്നും ഫലം ചെയ്തില്ലന്നാണ് കാണുന്നത്. ആമയിഴഞ്ചാന്‍ തോടു വാട്ടര്‍ വര്‍ക്സിന്റെ വേസ്റ്റ് വെള്ളം ഒഴുകി പോകാന്‍ വേണ്ടി പണ്ട് രൂപകല്‍പ്പന ചെയ്തതാണെങ്കിലും ഇന്നു നഗരത്തിലെ ഏറ്റവും വലിയ മലിനജല നിര്‍ഗ്ഗമന മാര്‍ഗമായി പരിണമിച്ചിരിക്കുന്നു. ആഴമോ വീതിയോ കൂട്ടാതെ കോടികള്‍ മുടക്കി വൃത്തിയാക്കിയതു കൊണ്ട് ഈ പ്രശ്നം തീരുമെന്നു തോന്നുന്നില്ല. വീടിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്യുന്നതും ഓടകള്‍ സമയാസമയം വൃത്തിയാക്കാത്തതുമൊക്കെയും കാരണം തന്നെ, മഴ വെള്ളത്തിനു മണ്ണിലേക്ക് താഴ്ന്നുപോകാന്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല മിക്ക വീടുകളിലും.

paarppidam said...

മഴ പെയ്താല്‍കുഴപ്പം പെയ്തില്ലേലും കുഴപ്പം...
എന്താപ്പ പറയാ. എന്റെ മാഷെ കേരളത്തെക്കുറിച്ച്‌ അധികം സ്വപ്നം കണ്ടിട്ടൊന്നും ഒരുകാര്യൊം ഇല്ലാന്നാ തോന്നുന്നെ. രാഷ്ട്രീയതോഴിലാളികളെ വളര്‍ത്തുവാന്‍ വേണ്ടിമാത്രമാണോ ഈ സംവിധാനങ്ങള്‍ എന്നോക്കെ തോന്നാറുണ്ട്‌.