27.9.06

ഒരു ബോട്ട് യാത്ര

"ഇതിനകത്തിനി കുട പിടിക്കണമല്ലോ സാറേ; എന്നാ മഴയാ. ആകെ നനഞ്ഞു കുളിച്ചു, ഹോ നശിച്ച മഴ, നശിച്ച ഈ.." ബഹളം കേട്ടാണയാള്‍ ഉണര്‍ന്നത്‌. താഴ്‌ത്തിയിട്ടിരുന്ന ഷട്ടര്‍ കുറച്ചൊന്ന് ഉയര്‍ത്തി സ്ഥലമെവിടെയാണെന്നു നോക്കി; ഇല്ല, കേശവദാസപുരമായിട്ടേയുള്ളൂ. കോരിച്ചൊരിയുന്ന മഴയുടെ ആരവം തണുത്ത കാറ്റിനൊപ്പം രോമകൂപങ്ങളിലേക്ക്‌ കുത്തിക്കയറുന്നതുപോലെ. ഷട്ടര്‍ പരമാവധി വലിച്ച്‌ താഴ്‌ത്തിയിട്ട്‌ അയാള്‍ പിന്നെയുമൊന്നു മയങ്ങാന്‍ ശ്രമിച്ചു.

എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്‌.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു.

കുട്ടിക്കാലത്ത്‌ അച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തേക്ക്‌ വന്നത്‌ അയാളോര്‍ത്തു, അതേ, അന്നിവിടെ കേശവദാസപുരത്താണിറങ്ങിയത്‌. മെഡിക്കല്‍ കോളേജില്‍ എന്തോ ശസ്ത്രക്രിയ കഴിഞ്ഞ്‌ കിടക്കുകയായിരുന്ന മാമനെ കാണാനായിരുന്നുവെന്നു തോന്നുന്നു, ഇല്ല ഓര്‍മ്മകള്‍ പിടിതരുന്നില്ല.

അച്ഛനോടൊപ്പം പിന്നെയെത്രയെത്ര യാത്രകള്‍. തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി മടുത്തിട്ടുണ്ടാകും അച്ഛന്‍, യാത്രകള്‍ തന്റെ പാഠപുസ്തകമാവുകയായിരുന്നു.താന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ ഒരു ബോട്ട്‌ യാത്രയ്ക്‌ അച്ഛന്‍ സമ്മതിച്ചത്‌.പക്ഷേ അതു അച്ഛനോടൊപ്പമുള്ള അവസാനയാത്രയുമായി.മറിഞ്ഞ്‌ പോയ ബോട്ടില്‍ നിന്നു തന്നെ എങ്ങിനെയോ കരയ്ക്കടുത്തെത്തിച്ച്‌ ഈ ലോകത്തുനിന്നു തന്നെ നീന്തിയകലുകയായിരുന്നുവോ അച്ഛന്‍ ? തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട്‌ പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു. രക്ഷാബോട്ടുകള്‍ ചീറിയടുക്കുന്നതിന്റെ മുരള്‍ച്ച, ഓടിക്കൂടുന്ന ആള്‍ക്കാരുടെ ആരവം, നിലവിളിശബ്ദത്തിലലിഞ്ഞുപോകുന്ന രക്ഷപെട്ടവരുടെ ദീര്‍ഘനിശ്വാസം, അച്ഛാ,..ദൈവമേ താനെങ്ങിനെ വീണ്ടുമീ നശിച്ച ബോട്ടില്‍ കേറി.? ആള്‍ക്കാര്‍ തിക്കിതിരക്കുന്നു, ചിലര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു; ജനല്‍പ്പഴുതിലൂടെ പുറത്ത് ഓളം വെട്ടുന്ന വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടാന്‍ വെമ്പിയ അയാളെ ആരോ തടഞ്ഞു, പതുക്കെ, തെരക്കുകൂട്ടാതെ..!

പതുക്കെ പതുക്കെ അയാളുടെ ബോധമണ്ഡലത്തിലേക്ക്‌ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു; ഹോ, തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡെത്തിയത്‌ അറിഞ്ഞില്ല!. പുറത്ത്‌ തകര്‍ത്തു പെയ്യുന്ന മഴകുറയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍, വ്യവസ്ഥിതിയെ തെറിവിളിക്കുന്നവരിലൊരാളായി ഒരു വില്‍സ്‌ ഫില്‍ട്ടറിനു അയാളും തീ കൊടുത്തു. ബസ്സിനുള്ളില്‍ പുകവലിപാടില്ലന്ന മുന്നറിയിപ്പക്ഷരങ്ങള്‍ ആ പുകയേറ്റ്‌ മങ്ങിപ്പോയി.

തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡ് - ഒരു മഴ കാഴ്ച (പഴയ ചിത്രം, അവസ്ഥയ്ക്ക് മാറ്റമില്ലന്ന് ഇന്നലെത്തെ പത്രവാര്‍ത്ത)



13 comments:

സു | Su said...

മഴയത്തെ യാത്ര നന്നായിട്ടുണ്ട്. പെരും മഴയില്‍ തിരുവനന്തപുരം നന്നായി കുളിച്ചു.

Aravishiva said...

തിരുവനന്തപുരത്ത് തമ്പാനൂരെ അവസ്ഥ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു എന്നു വിശ്വസിയ്ക്കാനാവുന്നില്ല.പടിഞ്ഞാറന്‍ കടലിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ എന്തൊക്കെയോ സംവിധാനങ്ങള്‍ ഉണ്ടാക്കി എന്ന് ഇടയ്ക്കെപ്പോഴോ കേട്ടിരുന്നു...ഇതറിയച്ചതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്.എനിയ്ക്കു പക്ഷേ ആ വെള്ളപ്പൊക്കം കാല്പനികമായൊരോര്‍മ്മയാണ്.നാട്ടിന്‍ പുറത്ത് പാടത്ത് വെള്ളമേറണതാണോര്‍മ്മ വരുക....

Mubarak Merchant said...

നന്നായി ചെണ്ടക്കാരാ, സിറ്റിക്കകത്തെ വെള്ളക്കെട്ടിനെ വെറുക്കാന്‍ മാത്രമിഷ്ടപ്പെട്ടിരുന്ന ഞാന്‍ ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ അതിനെ സ്നേഹിക്കാന്‍ തുടങ്ങി. ഒരുപക്ഷെ വെള്ളത്തില്‍ മുങ്ങിയ ബസ്സ്റ്റാന്‍ഡിന്റെ പടമോ അല്ലെങ്കില്‍ അയാള്‍ കത്തിച്ച വില്സ് സിഗററ്റിന്റെ നറുമണമോ ആകാം എന്നെ സ്വാധീനിച്ചത്!

അലിഫ് /alif said...

"എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്‌.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു."
ഒരു ചെറിയ പോസ്റ്റ്

മുസ്തഫ|musthapha said...

ചെണ്ടക്കാരാ... വളരെ നന്നായിരിക്കുന്നു.

മഴ എന്നുമിഷ്ടം തന്നെ...
പക്ഷെ, ഇതിലെ കഥ നൊമ്പരപ്പെടുത്തി.
‘...തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട്‌ പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു...’

Rasheed Chalil said...

ചെണ്ടക്കാരാ ഇത്തിരി നൊമ്പരം നല്‍കിയ കഥ. നന്നായിരിക്കുന്നു.

അളിയന്‍സ് said...

നന്നായിട്ടുണ്ടുട്ടോ മാഷെ....

ബിന്ദു said...

ഹായ് നല്ല രസികന്‍ വായന ആയി. കൂട്ടത്തില്‍ ഫോട്ടൊയും...:)

അലിഫ് /alif said...

ബോട്ടുയാത്രയില്‍ കൂടെക്കൂടിയ സു,അരവിശിവ, ഇക്കാസ്,അഗ്രജന്‍,ഇത്തിരിവെട്ടം, അളിയന്‍സ്, ബിന്ദു എല്ലാവര്‍ക്കും നന്ദി. അരവി; വെള്ളപൊക്കം നാട്ടിന്‍പുറത്ത് എനിക്കും നല്ല ഓര്‍മ്മയാണ്,അനന്തപുരിയിലെ മലിനജല വെള്ളപൊക്കം “നല്ല ഒരു അനുഭവവും“!.പുതിയ സംവിധാനങ്ങളൊക്കെ പാളിയതായിട്ടാണ് കാണുന്നത്. ഇക്കാസ് ,ബിന്ദു;ചിത്രങ്ങള്‍ വേറെയുമുണ്ടായിരുന്നു, പക്ഷേ ബ്ലോഗര്‍ ചേട്ടന്‍ ഉടക്കാക്കി. അന്നു കണക്ഷന്‍ സ്പീഡും വളരെകുറവായിരുന്നു. വേറൊരിക്കലാകാം.

അരവിന്ദ് :: aravind said...

ചെണ്ടക്കാരാ വളരെ നന്നായി എഴുതിയിരിക്കുന്നു.
:-)

എല്ലാം വായിക്കുന്നുണ്ട്. ഈയിടെ ഇത്തിരി ബിസി ആയത് കൊണ്ട് കമന്റിംഗ് കുറച്ചു.
ആശംസകള്‍

P Das said...

നന്നായി..:)

അലിഫ് /alif said...

അരവിന്ദ്; ചക്കര; ബോട്ട് യാത്രയില്‍ കൂടെക്കൂടിയതിനു നന്ദി.

paarppidam said...

കേരളത്തിന്റെ തനതു പാരമ്പര്യത്തെ നശിപ്പിക്കണം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌. ഇനിയിപ്പോ ഇതിന്റെ പേരില്‍ വേള്‍ഡ്‌ ബാങ്കീന്ന് കുറച്ച്‌ മണീസ്‌ അന്യായ പലിശക്ക്‌ വാങ്ങി സാധാരണക്കാരുടെ അടുത്ത പത്താമത്തെ തലമുറക്കുകൂടെ ഭാധ്യത ഉണ്ടാക്കിവെക്കണം അല്ലെ? രാഷ്ട്രീയ ഉദ്ദ്യോഗസ്ഥ മൂരാച്ചികള്‍ക്ക്‌ അടുത്ത ഇരുപതു തലമുറക്ക്‌ ഉള്ളവക നമ്മള്‍ പലപ്രൊജക്ടുകളിലൂടെ അനുവധിച്ചുകൊടുത്തില്ലെ?