15.11.07

കോരന്‍ ശശിയുടെ രൂപത്തില്‍

വീടുകളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ കഴിയുന്നതും രാവിലെ തന്നെ ചെയ്ത്‌ തീര്‍ക്കാനാണ്‌ എനിക്ക്‌ താത്പര്യം അതിനു വേണ്ടി ചിലപ്പോള്‍ രാവിലെ 6 മണിക്കും മുന്‍പ്‌ തന്നെ പണിക്കാരെ ഏര്‍പ്പാടാക്കും.തട്ട്‌ കോണ്‍ക്രീറ്റ്‌ തുടങ്ങും മുന്‍പ്‌ കമ്പികെട്ടിയിരിക്കുന്നതും മറ്റു ശരിയാണൊ എന്ന് പരിശോധിക്കേണ്ടതുണ്ട്‌. അത്തരം വര്‍ക്ക്‌ അറേഞ്ച്‌മന്റ്‌ നടക്കുന്ന ഒരു വൈകുന്നേരം..

" ശശീ, നാളെ രാജേഷ്‌ കുറച്ച്‌ താമസിച്ചേ എത്തൂ , നീ ആ സോമന്‍ നഗറിലെ കോണ്‍ക്രീറ്റ്‌ ഒന്ന് രാവിലെ പോയി നോക്കികൊള്ളണേ"

"പിന്നെന്ത്‌ സാറേ, ലൊക്കേഷന്‍ പറഞ്ഞാട്ടെ, രാവിലെ തന്നെ ഞാന്‍ സൈറ്റില്‍ എത്തിക്കോളാം"

"സോമന്‍ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീട്‌, അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ രാവിലെ അഞ്ചര മണിക്ക്‌ തന്നെ വരും"

"ശരി, സാര്‍, ഞാന്‍ പോയി നോക്കാം"

ശശി എന്റെ സൈറ്റ്‌ അസിസ്റ്റന്റ്‌, കോണ്‍ക്രീറ്റിനു പോകുന്ന ദിവസം ചെറിയ 'കൈമടക്ക്‌' ഒക്കെ തടയാനിടയുള്ളതിനാല്‍ നല്ല ഉത്സാഹം. കോണ്‍ക്രീറ്റ്‌ ദിവസം അതിരാവിലെ മുതല്‍ കാശുമുടക്കുന്ന ക്ലൈന്റിനെക്കാള്‍ ടെന്‍ഷന്‍ ആണ്‌ എനിക്ക്‌, മഴപെയ്യുമോ, വെള്ളം തികയുമോ,പണിക്കാര്‍ അലമ്പുണ്ടാക്കുമോ..എന്നൊക്കെ.

പിറ്റേന്ന് രാവിലെ ആറരയ്ക്ക്‌ ഒരു ഫോണ്‍, ലൈനില്‍ നമ്മുടെ ശശി തന്നെ
" സാറെ, ഇവിടെ ആര്‌ കമ്പികെട്ടിയത്‌, ഓട്‌ വെച്ച്‌ വാര്‍ക്കലാണന്ന് അറിഞ്ഞൂടെ എവന്മാര്‍ക്ക്‌, ഞാന്‍ മണിയന്‍ മേസ്തിരിയെ പൊക്കികൊണ്ടു വന്ന് കമ്പി അഴിച്ച്‌ കെട്ടികൊണ്ടിരിക്കുവാണ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങാന്‍ താമസിക്കും, സാറു പതുക്കെ വന്നാല്‍ മതി"

എന്തേലും ചോദിക്കാനോ പറയാനോ കഴിയും മുന്‍പ്‌ ഫോണ്‍ കട്ട്‌, നാണയം ഇട്ട്‌ വിളിക്കുന്ന ഏതോ ലോക്കല്‍ ബൂത്തില്‍ നിന്ന് വിളിച്ചതാണ്‌. ടെന്‍ഷന്‍ കൂടാന്‍ ഇനി വേറെ വല്ലതും വേണോ..! കമ്പികെട്ടുന്നവര്‍ താരതമ്യേന പുതിയ ഒരു ടീം ആയിരുന്നു, എങ്കിലും എല്ലാം വിശദമായി പറഞ്ഞ്‌ കൊടുത്തതുമാണ്‌. കമ്പി കെട്ടുമ്പോള്‍ സാധാരണയായി ചെയ്യുന്ന 6 ഇഞ്ച്‌ -5 ഇഞ്ച്‌ സ്പേസിങ്ങിനു പകരം മേച്ചില്‍ ഓട്‌ ഇടയ്ക്ക്‌ വെച്ച്‌ വാര്‍ക്കുന്ന രീതിയായതിനാല്‍ 13 ഇഞ്ച്‌- 19 ഇഞ്ച്‌ അകലമിട്ടാണ്‌ കമ്പി കെട്ടേണ്ടത്‌, ഇനി അതൊക്കെ അഴിച്ച്‌ കെട്ടി കോണ്‍ക്രീറ്റ്‌ ചെയ്യുമ്പോഴേക്കും എത്രമണിയാകും, ഇന്നത്തെ ദിവസം പോയി..എന്നൊക്കെ ആലോചിച്ച്‌ ഓടിച്ചൊന്ന് ഫ്രഷ്‌ ആയി, 7 മണിയായപ്പോഴേക്കും വണ്ടിയെടുത്ത്‌ സൈറ്റില്‍ എത്തി, അവിടെ ശശിയുടെ പൊടിപോലുമില്ല. സൈറ്റ്‌ ‘എഞ്ചിനീരെ’ സമയത്ത്‌ കാണാത്തതിനാല്‍ കോണ്‍ക്രീറ്റിനു വന്ന പണിക്കാരോട്‌ മെക്കിട്ട്‌ കയറുന്ന മേസ്തിരിയോട്‌ അന്വേഷിച്ചപ്പോള്‍ ശശി അവിടെങ്ങും വന്നിട്ടേയില്ലന്ന് മറുപടിയും. ഉള്ളൊന്ന് കാളി, ഇവന്‍ ഏത്‌ സൈറ്റില്‍ നിന്നാവും രാവിലെ വിളിച്ചത്‌..!

അന്വേഷിച്ച്‌ അധികം ചുറ്റേണ്ടിവന്നില്ല, അതേ നഗറിലെ മറ്റൊരു സൈറ്റില്‍ (വേറെ ആരുടെയോ വര്‍ക്ക് സൈറ്റ്‌ ) തട്ടിന്റെ പുറത്ത്‌ പണിക്കാരെകൊണ്ട്‌ കമ്പി അഴിച്ച്‌ കെട്ടിക്കുന്ന ശശിയെ കണ്ടെത്താന്‍. ആ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കുറച്ച്‌ നല്ല മനസ്സുള്ളവനായതിനാലും, അവിടെ കോണ്‍ക്രീറ്റ്‌ പിറ്റേ ദിവസത്തേക്കാണു നിശ്ചയിച്ചിരുന്നത്‌ എന്നതിനാലും അടികൊള്ളാതെ രക്ഷപെട്ടു, പണിക്കാര്‍ക്ക്‌ കുറച്ച്‌ കാശും കൊടുക്കേണ്ടിവന്നെങ്കിലും.

" ശശീ, തന്നോട്‌ ഞാന്‍ പറഞ്ഞതല്ലേ,ഈ നഗറില്‍ കേറി ആദ്യത്തെ വളവു കഴിഞ്ഞ്‌ അഞ്ചാമത്തെ വീടാണെന്ന്?.. മാത്രമല്ല അവിടെ രാവിലെ അവിടെ ഇലക്ട്രിക്കല്‍ പൈപ്പിടുന്നവര്‍ അഞ്ചര മണിക്ക്‌ തന്നെ ഉണ്ടാവുമെന്നും..?"

"അതാണു സാര്‍ എനിക്ക്‌ പറ്റിപ്പോയത്‌, ഞാന്‍ രാവിലെ പരപരാന്ന് വെളുത്തപ്പോഴെ ഇങ്ങ്‌ പോന്നതല്ലേ, ഇവിടെയും ഇലക്ട്രീഷ്യന്മാര്‍ നിന്ന് പൈപ്പിടുന്നുണ്ടായിരുന്നു, പിന്നെ വളവും തിരിവുമൊന്നും ഞാന്‍ നോക്കിയില്ല"

ഇനി നിങ്ങള്‍ പറയൂ, ഈ ശശിയും ഒരു കോരന്‍ അല്ലേ..?

വാല്‍ക്കഷണം: പിന്നെയും 3 വര്‍ഷത്തോളം ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ശശി, എന്നും ഓര്‍ക്കാവുന്ന കഥാപാത്രമായി മനസ്സില്‍ ഇന്നും.

24 comments:

അലിഫ് /alif said...

ഇത് രാമനുണ്ണി മാഷിന്റെ സ്ഥലസൂചന എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മവന്നതാണ്. അവിടെ കമന്റ് ആയി ഇടാന്‍ ടൈപ്പ് ചെയ്തെങ്കിലും വലിപ്പം കൂടിയതിനാല്‍ ഇവിടെ പോസ്റ്റാക്കുന്നു, ശശി കോരന്റെ രൂപത്തില്‍..!

യാരിദ്‌|~|Yarid said...

ഇപ്പൊ ശശി ആരായി.....

ദിലീപ് വിശ്വനാഥ് said...

ശശി എന്ന് കേട്ടപ്പോള്‍ ഞാന്‍ വിചരിച്ചു ബ്ലോഗ്ഗര്‍ ശശി ആയിരിക്കും എന്ന്. എന്തായാലും സംഭവം ഉഷാര്‍.

സാജന്‍| SAJAN said...

ആലിഫ്ക്കാ,നിങ്ങള്‍ക്ക് മാര്‍കെറ്റിങ്ങ് അറിയാമെന്ന് മനസ്സിലായി, ഇതിപ്പൊ ഈ ശശി ബ്ലോഗര്‍ ശശിയാണെന്ന് വിചാരിച്ച് ആളുകൂടും:)

സുജനിക said...

വളരെ നന്ദി....കോരന്റെ പഴം കഥ അല്ലാ ന്നു അല്ലേ...ബ്ലോഗ് വായിച്ചു...നന്നയി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്മീകിച്ചേട്ടന്റെ സംശയം എനിക്കും ഉണ്ടായി

ഓര്‍മ്മകള്‍ നന്നായി

സുമുഖന്‍ said...

ശശി ഇവിടെയൊക്കെ ഫാമസ്‌ ആണു കേട്ടോ..:-))

Santhosh said...

മറ്റേ ശശിയാവുമെന്ന് കരുതിയാണ് ഞാനും വന്നത്. ഇവനും ആളു കൊള്ളാമല്ലോ!

ശ്രീ said...

നമ്മടെ ബ്ലോഗര്‍‌സ്റ്റാര്‍‌ ശശി ആണെന്നു കരുതിയാ ഞാനും വന്നത്. എന്തായാലും സംഭവം രസമായി.

:)

അലിഫ് /alif said...

ബൂലോകത്തെ അറിയപ്പെടുന്ന ഈ ശശി യുമായോ , ഇംഗ്ലീഷ്‌ ബ്ലോഗ്‌ എഴുതുന്ന എടമുട്ടം ശശി യുമായോ (ഇനി ഇത്‌ രണ്ടും ഒന്നാണോ എന്തോ..!)ഇനി വേറെ ശശിമാര്‍ ഉണ്ടങ്കില്‍ അവരുമായോ എന്റെ കോരന്‍ ശശിക്ക്‌ യാതൊരു ബന്ധവുമില്ലന്ന് ഡിസ്‌ക്ലൈമര്‍ ഇടണോ..!!
വഴിപോക്കന്റെ ചോദ്യം തന്നെ: അപ്പോള്‍ ശശി ആരായി..?

പിന്നെ സാജാ: ടാങ്ക്യൂ..എന്റെ ബ്ലോഗ്‌ മാര്‍ക്കറ്റിംഗ്‌ സ്റ്റ്രാറ്റജി അറിയണമെങ്കില്‍ ഒരു വഴിയുണ്ട്‌.. :)ചെണ്ടയില്‍ ഇതുവരെയുള്ള പോസ്റ്റുകള്‍ക്കെല്ലാം കൂടി കിട്ടിയിട്ടുള്ള കമന്റുകളുടെ എണ്ണം എടുക്കുക. ആ സംഖ്യയിലെ അക്കങ്ങള്‍ തമ്മില്‍ കൂട്ടുക, എന്നിട്ട്‌ ആദ്യം കണ്ടുപിടിച്ച കമന്റുകളുടെ എണ്ണത്തില്‍ നിന്നും ഈ കൂട്ടികിട്ടിയ സംഖ്യ കുറയ്ക്കുക. ഇപ്പോള്‍ കിട്ടിയ ഉത്തരത്തിലെ സംഖ്യ ഒന്ന് കൂട്ടിനോക്കിക്കേ..ഒമ്പത്‌ അല്ലേ...ഹ..ഹ.. അത്താണ്‌ നുമ്മടെ മാര്‍ക്കറ്റിംഗ്‌ റ്റെക്‍നോളജി..! :) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോസിന്റെ ഒറിജിനല്‍ പേര്‌ ശശീന്നാ ഇതുപോലെ അസിസ്റ്റന്റ് പണിയുമാ. ;)
വെള്ളമടിച്ചാല്‍ പിന്നെ നേര്‍വഴി തന്നെ വളഞ്ഞാ ഇരിക്കുകയും ചെയ്യുക. അപ്പോള്‍ ഈ റോള്‍ സാന്‍ഡോയ്ക്ക്.

പ്രയാസി said...

കൊള്ളാം..:)

krish | കൃഷ് said...

ആള് കൊള്ളാം. ഇത് എടമുട്ടം ശശിയാണോ..

ഉറുമ്പ്‌ /ANT said...

:))

Anonymous said...

ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വീരന്മാരുടെ പ്രസ്ഥാനം
ചോരച്ചാലുകള്‍ നീന്തിക്കയറിയ
കോരന്മാരുടെ പ്രസ്ഥാനം
അതാ‍ണതാണീ മബ്ലോശഗ്രൂ (മലയാളം ബ്ലോഗ് ശശി ഗ്രൂപ്പ്)
ഞങ്ങടെ ശശിയെ തൊട്ടുകളിച്ചാല്‍
അക്കളിതീക്കളി സൂക്ഷിച്ചോ
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്

... said...
This comment has been removed by the author.
Sathees Makkoth | Asha Revamma said...

കോരന്‍ ശശി ആളു കേമന്‍ തന്നെ

സതീശ് & ആഷ Co Pvt Ltd

K.P.Sukumaran said...

:)

അലിഫ് /alif said...

“ശശിയണ്ണാ, എന്നെ അങ്ങ് കൊല്ല്”..:)

തൂക്ക്മരങ്ങളില്‍ ഊഞ്ഞാലാടാനും
ചോരച്ചാലുകള്‍ നീന്തി കയറാനും തുനിഞ്ഞ
മബ്ലോശഗ്രൂ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും (നീന്തികയറാന്‍ പാകത്തില്‍ ചോരച്ചാലുകള്‍ നിര്‍മ്മിച്ചുകൊടുത്ത അറവുകാരന്‍ അബ്ദുവിനെ തിരയുന്നു) വാല്‍മീകി, പ്രിയ,സുമുഖന്‍, സന്തോഷ്,ശ്രീ, എന്നിവരുടെ ജാമ്യത്തില്‍ വെറുതെ വിട്ടു (പോലീസിനെ വെറുതെ വിട്ടൂന്ന്..!)

മബ്ലോശഗ്രൂ അഗ്രജാപ്രദേശിലേക്ക് കുടിയേറിയ മാപ്ലോഗ് പോലുണ്ടന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

വഴിപോക്കന്‍,സാജന്‍, രാമനുണ്ണിമാഷ്, പ്രയാസി, കൃഷ്, ഉറുമ്പ് അഥവാ ആന്റപ്പന്‍,ശശി,സതീഷ്/ആഷ, രാഹുല്‍ :) :)

Kaithamullu said...

കര്‍ത്താവേ, കൈതമുള്ളെന്ന പേര്‍ ഇട്ടതെത്ര നന്നായീന്ന് ദാ, ഇപ്പഴാ ബോധ്യാ‍യത്....!

Areekkodan | അരീക്കോടന്‍ said...

ഓര്‍മ്മകള്‍ നന്നായി

ഹരിശ്രീ said...

അതാണു സാര്‍ എനിക്ക്‌ പറ്റിപ്പോയത്‌, ഞാന്‍ രാവിലെ പരപരാന്ന് വെളുത്തപ്പോഴെ ഇങ്ങ്‌ പോന്നതല്ലേ, ഇവിടെയും ഇലക്ട്രീഷ്യന്മാര്‍ നിന്ന് പൈപ്പിടുന്നുണ്ടായിരുന്നു, പിന്നെ വളവും തിരിവുമൊന്നും ഞാന്‍ നോക്കിയില്ല

നല്ല അനുഭവകഥ.

ശശി...ആളൊരു ശശ്ശി തന്നെയാണ് അല്ലേ....

Sethunath UN said...

നല്ല ബെസ്റ്റ് പരിപാടി!
പു‌ള്ളിയ്ക്ക് വിളിയ്ക്കാന്‍ തോന്നിയത് അലിഫിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ മൊത്തം ശരിയാക്കിത്തന്നേനെല്ലോ ശശി? :)

അപ്പു ആദ്യാക്ഷരി said...

കോരനും ശശിയും ഒരേ റ്റൈപ്പ് ആള്‍ക്കാര്‍ തന്നെ. :)