1.12.14

നടുക്കുന്ന്‍ ദേശത്തിനുമുണ്ട് കഥകള്‍ പറയാന്‍ ..!

ജീവിതയാത്രയ്ക്കിടയിലെ പറിച്ചുനടലുകളിലെപ്പോഴോ മനപൂര്‍വ്വമല്ലാതെ വിസ്മൃതിയിലായിപ്പോയ ചില കഥാപാത്രങ്ങള്‍ , സംഭവങ്ങള്‍ ഒക്കെ നാട്ടുകാരനും ബന്ധുമിത്രനുമായ Nissar Mohammed ന്റെ നുറുങ്ങ് കുറിപ്പുകളിലൂടെ പുനര്‍ജ്ജനിക്കുന്നതിലെ സന്തോഷം അടക്കാനാവുന്നില്ല. പത്തനാപുരം നടുക്കുന്ന്‍ (പള്ളിമുക്ക് എന്നും പറയും ) എന്ന എന്റെ ദേശത്തിനുമുണ്ട് കഥകളനവധി എന്ന തിരിച്ചറിവിന്റെ ഉന്മാദം കൂടിയാണിത് . കഥാപാത്രങ്ങളിനിയും അനവധി തിരശീലയ്ക്ക് പിന്നില്‍ നിന്നും വരുവാനുണ്ട് ; കാത്തിരിക്കുന്നു.

പെട്ടെന്ന്‍ ഓര്‍മ്മ വന്ന ഒന്ന്‍ രണ്ട് കക്ഷികള്‍ :
'പൊട്ടന്‍' നാണു നായര്‍ : ഉറക്കെയെ സംസാരിക്കൂ; നമ്മൾ എന്തേലും പറഞ്ഞാൽ "ആന്നോ.." എന്ന് കേൾവിക്കാരനുമാകും. പഠിച്ച് പഠിച്ച് വട്ടായിപ്പോയതാണെന്ന്‍ കേട്ടിട്ടുണ്ട്. ഖുർ ആൻ -ബൈബിൾ- മഹാഭാരത രാമായണ ത്തിലോക്കെ നല്ല പിടിപാടുണ്ട് എന്ന് തോന്നിപ്പിക്കുന്ന സംസാര രീതി. ഒറ്റ തോര്‍ത്ത് മുണ്ട് വേഷത്തിലെ ഞാന്‍ കണ്ടിട്ടുള്ളൂ; പിന്നെ കണ്ട പ്ലാവിലെയെല്ലാം ശേഖരിച്ച് ആട്ടിന്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതും. .!

'പുള്ളിമാമ ' : ദേഹം മുഴുവന്‍ വെള്ള പാണ്ട് ബാധിച്ച പുള്ളിമാന്‍ ; ആനയുടെ അടിയിലെങ്ങാണ്ട് നൂണ്ട് കയറിയപ്പോള്‍ വന്ന പാടാണിതെല്ലാം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കുറെ പറ്റിച്ചിട്ടുണ്ട്.

'കൊച്ച്' : പൂവണ്ടന്‍ കൊച്ച് (ശരിക്കുള്ള പേര് അറിയില്ല) എന്നും അറിയപ്പെടുന്ന ഇങ്ങോര് ഭയങ്കര മരം വെട്ടുകാരനാണ്. എത്ര ഉയരമുള്ള മരത്തിലും കയറി ശിഖരങ്ങള്‍ വെട്ടിയിറക്കി മരം മുറിക്കുന്ന ഇദ്ദേഹം എനിക്കൊരു ഹീറോ തന്നെയായിരുന്നു. ആദ്യമായിട്ട് (അവസാനമായിട്ടും) എനിക്കൊരു കിളിക്കുഞ്ഞിനെ വളര്‍ത്താന്‍ തന്നത് ഓര്‍മ്മയിലുണ്ട്.

തെങ്ങ് കയറാന്‍ വരുന്ന 'നായര്‍' (പേരോര്‍മ്മയില്ല) , മഞ്ഞപിത്തത്തിനു മരുന്ന് കൊടുക്കുന്ന 'ദൈവം' , നാലടി മുന്നോട്ട് പോയാല്‍ രണ്ടടിയെങ്കിലും പിന്നാക്കം വെയ്ക്കുന്ന 'റിവേര്‍സ് കൊച്ചാപ്പി' , ആസ്ഥാന തയ്യൽക്കാരൻ ഗോപാലൻ മേസ്ത്രി തുടങ്ങി എത്രയെങ്കിലും കഥാപുരുഷന്മാർ ; ഓര്‍മ്മയുടെ വാതായനങ്ങള്‍ തുറന്ന്‍ തന്നതിനു നന്ദി... ആശംസകള്‍.

Updates:
Nissar Mohammedതെങ്ങ് കയറുന്നയാൾ- പൂഴി ഗോപാല പിള്ള
Ajish Maruthimoottil : പട്ടാള കാസീൻ, പോട്ടണ്ടി അച്ചായൻ , സൈക്കിൾ രവീന്ദ്രൻ, കള്ള കോവാലൻ, റേഡിയെറ്റർ ......!

No comments: