1.12.14

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിക്കും മുല്ലപ്പൂനിറമുള്ള പകലുകള്‍ക്കുമിടയില്‍ സംഭവിച്ചത് ..!


    നൈജീരിയയില്‍ നിന്ന് നാട്ടിലേക്കും തിരികെ ഇങ്ങോട്ടേക്കുമുള്ള യാത്രകള്‍ക്കിടയിലും അല്ലാതെയും പല തവണ എനിക്ക് എമിഗ്രേഷനും കസ്റ്റംസ് ചെക്കിങ്ങും ഒക്കെ കഴിഞ്ഞ് ദുബായ് നഗരത്തിലേക്ക് പ്രവേശിക്കേണ്ടിവന്നിട്ടുണ്ട് ; പക്ഷേ ഇത്തവണത്തെ അനുഭവം ഇത്തിരി വ്യത്യസ്തമായിരുന്നത് കൊണ്ടാണീ കുറിപ്പ്.
ചില ഔദ്യോഗിക കൂടികാണലുകള്‍ക്കും മറ്റുമായിട്ടാണ് എമിറേറ്റ്സ് EK 782 വില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം ലാഗോസില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യേണ്ടി വന്നത്. കൂടെയുള്ളവര്‍ രണ്ട് പേരും യൂറോപ്യന്‍ പൌരന്മാരയതിനാല്‍ വിസ ഓണ്‍-അറൈവല്‍ വിഭാഗത്തിലൂടെ കടന്നു പോയി; ഞാൻ പാവം 'ഭാരത പൌരന്‍ ' നീലച്ചടയന്‍ പാസ്പോര്‍ട്ടും വിസയുടെ പ്രിന്റ്‌ ഔട്ടും ഒക്കെയായി സാധാരണ എമിഗ്രേഷൻ വിഭാഗത്തിലൂടെയും..!
കൈവശം  നാലഞ്ച്  ദിവസത്തേക്കുള്ള ഉടയാടകളും പ്രൊജക്റ്റ്‌ ഫയലുകളും മറ്റുമടങ്ങിയ ഒരു ഉരുട്ടിപെട്ടിയും , പിന്നെ യാത്രാസാമഗ്രികളും , അത്യാവശ്യം ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ഒന്ന് രണ്ട് വായനാ പുസ്തകങ്ങളും മറ്റുമുള്ള  ഒരു പുറംസഞ്ചിയുമേയുള്ളൂ.  കൂടെയുള്ളവരുടെ കയറ്റിവിട്ട ഭാണ്ഡങ്ങള്‍ കിട്ടാന്‍ കുറെ സമയം കാത്തിരിക്കേണ്ടി വന്നതിനിടയ്ക്ക് ഡോളര്‍ ദിര്‍ഹമാക്കി മാറ്റുന്ന 'മാജിക്' കൌണ്ടറില്‍ ഒന്ന് പോയി വന്നു.
ശേഷം ഞങ്ങള്‍ മൂന്ന് പേരും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും ഏറ്റവും പുറകിലായിരുന്ന ഭാരത പൌരനെ അറബി കസ്റ്റംസ് / പോലീസ് (?) പിടികൂടി. ആദ്യം തന്നെ പാസ്പോര്‍ട്ട് വാങ്ങി അതിലൊരുവന്‍ പോക്കറ്റിലിട്ടു. പിന്നെ ചോദ്യം ചെയ്യല്‍, പെട്ടി ,സഞ്ചി ഇത്യാദി  മൂന്ന് നാലുതവണ സ്കാൻ ചെയ്യല്‍  മുതലായവ അരങ്ങേറി. നൈജീരിയ , ഇന്ത്യ , പിന്നെ ദുബായ്  ഇതെല്ലാം കൂടി ബന്ധിപ്പിച്ച്  ഞാനെന്തോ കൊടുംപാതകം  ചെയ്തത് പോലെ ; അവസാനം എനിക്ക് തന്നെ തോന്നി തുടങ്ങി , ആക്ച്വലി ഇതിനിടയ്ക്ക് ഞാനിനി വല്ല കുണ്ടാമണ്ടിയും ഒപ്പിച്ചോ എന്ന്..!
ഇത്രയും വിക്രിയകളിലൊന്നും തൃപ്തിയാവാത്തത് പോലെ പാസ്പോര്‍ട്ട് പോക്കറ്റിലിട്ടവന്‍ എന്നെയും കൊണ്ട് അടുത്തൊരു മുറിയിലേക്ക് നടന്നു. അവിടെ ഒരു വശത്തായി നൈജീരിയക്കാരെന്ന്  തോന്നുന്ന രണ്ട് മൂന്ന് പേരെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു , അതും കുറച്ച് പരുഷമായ ശബ്ദത്തിൽ. നൈജീരിയയില്‍ നിന്ന് വരുവല്ലേ ,ഞാനും അക്കൂട്ടത്തില്‍ കുടുങ്ങി എന്ന് തന്നെ കരുതി.
എന്നെയും ഭാണ്ഡകെട്ടുകളെയും മറ്റൊരു വശത്തേക്ക് ആനയിച്ച് , എന്റെ പെട്ടി തുറക്കാൻ പറഞ്ഞു ; പൂട്ട്‌ തുറന്നു കൊടുത്തു ശേഷം അയാള്‍  ഓരോ ഐറ്റമായി  തിരഞ്ഞു പുറത്തേക്ക് വെച്ചു. ഇതിനിടയ്ക്ക് എന്നോട് വളരെ സൌമ്യമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്. പറയാതിരിക്കാന്‍ വയ്യ; ഇത്രയും സൗമ്യത ലോകത്തൊരു പോലീസുകാരനില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാനാവില്ല. പെട്ടിയുടെ സൈഡില്‍ വെച്ചിരുന്ന സോക്സും അടിവസ്ത്രങ്ങളും മറ്റുമടങ്ങിയ കവര്‍ അയാൾ പുറത്തേക്കെടുത്ത് പരിശോധിച്ചു; ഒപ്പം എന്നെ നോക്കി ഒരു ചിരിയും.
അയാള്‍  ചിരിക്കും, കാരണം തലേന്ന് പായ്ക്ക് ചെയ്യുമ്പോള്‍ വെറുതെ ഒരു കുസൃതിക്ക് ഗ്രേ, വെള്ള, ഗ്രേ, വെള്ള ...എന്നിങ്ങനെ ക്രമമായിട്ടാണു ജട്ടികള്‍ വെച്ചിരുന്നത്. അയാള്‍ അതെല്ലാം കുടഞ്ഞിട്ട് പരിശോധിച്ചു; പ്രധാനമായും ജട്ടിയുടെ ഇലാസ്റ്റിക് ഭാഗമാണ് അമര്‍ത്തിയും വലിച്ചുമൊക്കെ നോക്കുന്നത്. പരിശോധനാശേഷം  അവയെല്ലാം തിരികെ വെയ്ക്കുവാന്‍ ഞാനായിട്ട് നോക്കിയിട്ട് സമ്മതിച്ചില്ല.. അയാൾ തന്നെ തിരികെ ഗ്രേ, വെള്ള, ഗ്രേ, വെള്ള ... ക്രമത്തില്‍ മടക്കി അടുക്കി കവറിലിട്ട് പെട്ടിയിലാക്കി വെച്ചു.. ഒരു ചെറു പുഞ്ചിരിയോടെ..!
പിന്നെ പുറം സഞ്ചിയിലായി പരിശോധന.. പെട്ടന്നാണ് വായനയ്ക്കായി ഞാന്‍ കരുതിയിരുന്ന പുസ്തകത്തിന്റെ പുറം ചട്ട എന്റെ കണ്ണിലുടക്കിയതും ഉള്ളൊന്ന് പിടഞ്ഞതും. പടച്ചോനേ... ഈ    
'നിരോധിക്കപ്പെട്ട പുസ്തകം' കൈവശം വച്ചതിന് പെരുമാളും പ്രതാപും ഉൾപ്പെടയുള്ളവർ നേരിടേണ്ടി വന്ന അറബി പോലീസിന്റെ മാനസിക പീഡന ചോദ്യം ചെയ്യലുകള്‍.. റിയാസും യാസീന്‍ മാലികും (അല്ല.. ജാവേദും..!) ഒക്കെ നേരിടേണ്ടിവന്ന ക്രൂരമായ വിചാരണകള്‍.. നോവല്‍ ഫാക്ടറിയിലെ സംഭവങ്ങള്‍ ഓരോന്നായി ഒരു ചലച്ചിത്രത്തിലെന്ന വണ്ണം എന്റെ ഉള്ളിലൂടെ മിന്നിപ്പാഞ്ഞു. ആ മുറിയുടെ അതിരുകള്‍ തിരിച്ചിരുന്ന ഇടഭിത്തികളിലെ കറുത്ത ചില്ലണിഞ്ഞ ജാലകങ്ങള്‍ക്കപ്പുറമിരുന്നു ആരൊക്കെയോ എന്നെ നിരീക്ഷിക്കുന്നതായി തോന്നി അസ്വസ്ഥതപെട്ടു..!
പെരുമാള്‍ പറഞ്ഞത് പോലെ അടുത്ത മുറികളില്‍ നിന്നും നിലവിളി ശബ്ദം ഉയരുന്നുണ്ടോയെന്ന് ചെവികള്‍ വട്ടം പിടിക്കുന്നതെന്തിനു ..? വരികള്‍ക്കിടയിലെ വര്‍ണനകള്‍ക്കും ഭാവനകള്‍ക്കുമുപരി കഥാസന്ദര്‍ഭങ്ങള്‍ യാഥാർത്ഥ്യം പ്രാപിച്ച്  അറേബ്യന്‍ കാരാഗൃഹത്തിലേക്കെവിടെയോ എന്നെ വലിച്ചെറിയാന്‍ പോകുന്നുവെന്ന ഭീതി നുരഞ്ഞു പൊന്തിയ നിമിഷങ്ങള്‍..!
അയാള്‍ ആ പുസ്തകം കയ്യിലേക്കെടുത്തപ്പോള്‍ എന്റെ പെരുവിരലില്‍ നിന്നൊരു വിറയല്‍ സുഷ്‌മ്‌നാനാഡിയിലൂടെ പെരുത്ത് കയറി ദേഹമാസകലം വ്യാപിച്ചു. എങ്കിലും, തളരരുത് ; സി.ഐ.ഡികളുടെ ചോദ്യം ചെയ്യലിനെ സധൈര്യം നേരിട്ട പ്രതാപിനെപ്പോലെ ഈ സന്ദർഭത്തെ സമീപിക്കാൻ  തലച്ചോറിലെ ഏതോ ഒരു കണിക ഉത്തരവിട്ടു.

"ഈ പുസ്തകം എന്തിനെക്കുറിച്ചാണ് ..?"

"അത്... അത്.. ഞാന്‍ വായിക്കാന്‍ വേണ്ടി കരുതിയതാണ്.." അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന ലൈനില്‍ ഒരുത്തരം കൊടുക്കാനാണ് അപ്പോള്‍ തോന്നിയത്.

"ഇതിനെന്തിനാണ് അറബികളുടെ പടമുള്ള പുറം ചട്ട..??"

"ഇത് വരെ വായിച്ചതിൽ നിന്നും മനസ്സിലായത് മണലാരണ്യത്തില്‍ പെട്ട് പോയ രണ്ട് മൂന്ന്‍ അറബികളുടെ കഥയാണെന്നാണ്.."  വെച്ച് കാച്ചി, അല്ല പിന്നെ.. (സോറി കഥാകാരാ.., അപ്പോഴങ്ങിനെ പറയാനാണ് തോന്നിയത്..!!)

"ഹ..ഹ...അതേയോ , ഇതാരെഴുതിയതാണ്..???"

"അത്.. ബെന്യാമിന്‍ എന്ന് പേരുള്ള ഞങ്ങളുടെ നാട്ടുകാരനായ ഒരെഴുത്തുകാരനാണ്"  ഗ്രേ, വെള്ള, ഗ്രേ, വെള്ള.. പോലെ ഒരു കള്ളം ..ഒരു സത്യം .. എന്നൊരു ക്രമത്തില്‍ ഉത്തരം പറയാന്‍ ഞാനപ്പോഴേക്കും തയ്യാറായി കഴിഞ്ഞിരുന്നു. ഭാഗ്യം, അയാള്‍ ആ പുസ്തകം മാറ്റിവെച്ച് മറ്റ് സാധനങ്ങള്‍ തിരയാന്‍ തുടങ്ങി; ഒപ്പം എന്നെ ഇടയ്ക്കൊന്ന് നോക്കിക്കൊണ്ട്..
"നാട്ടുകാരനാണല്ലേ പറഞ്ഞത്... ഇതൊക്കെ വായിച്ച് കഴിഞ്ഞ് അയാളോട്  പോയി പറയണം , ഞങ്ങള്‍ അറബികള്‍ അങ്ങിനെ ഇങ്ങിനെയൊന്നും മണലാരണ്യത്തില്‍ ചെന്ന് പെട്ട് പോകില്ലായെന്ന്... മനസ്സിലായോ..????"
"എല്ലാം മനസ്സിലായെ.." എന്നൊരു ദയനീയ മുഖഭാവത്തില്‍ ഞാന്‍ തലയാട്ടി.
കുറെ നേരം കൂടി എല്ലാം അരിച്ചുപെറുക്കി , തിരിച്ചടുക്കി വെച്ചിട്ടും പ്രതീക്ഷിച്ചതെന്തോ കിട്ടാത്ത മുഖഭാവത്തോടെ അയാള്‍ എന്നെ പാസ്പോര്‍ട്ടും തന്ന് പറഞ്ഞയച്ചു. അപ്പോഴും മറുവശത്ത് മൂന്നാലുപേര്‍ ചേർന്ന് ആ കാപ്പിരികളോട് കയര്‍ക്കുന്നത് കേള്‍ക്കാമായിരുന്നു..!
പുറത്തെ ലിമോസിന്‍ ലൌഞ്ചില്‍ എന്നെയും കാത്തിരുന്ന് മുഷിഞ്ഞ കൂടെയുള്ള രണ്ട് പേരും അപ്പോഴേക്കും അന്വേഷിച്ച് വന്നു. അവരോടൊപ്പം വിറയാര്‍ന്ന കാലുകളോടെ നടക്കുമ്പോഴും താമസം ഒരുക്കിയിരുന്ന ജുമൈര എമിരേറ്റ്സ് ടവറിലേക്ക് കാറില്‍ പായുംപോഴും , എന്തിന് ഇപ്പോള്‍ പോലും എന്നെ അലട്ടുന്ന ചില കാര്യങ്ങളുണ്ട്.
ഒന്ന്‍, എന്തിനായിരിക്കും ഇത്ര കൂലംകഷമായി അവര്‍ എന്റെ സാധനസാമഗ്രികള്‍ പരിശോധിച്ചത്.. എന്തെങ്കിലും തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമോ..? എങ്കില്‍ അത് എന്തായിരിക്കും..?!
മറ്റൊന്ന്... 'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി' യില്‍ പരാമര്‍ശിക്കുന്നത് പോലെ സമീറ പര്‍വീണിന്റെ നോവല്‍ 'A spring without smell' കൈവശം വെയ്ക്കുന്നവര്‍ക്കെല്ലാം, 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന പേരിലൊരു സ്വതന്ത്ര പരിഭാഷയാണെങ്കില്‍ കൂടി, ഇത്തരം അനുഭവങ്ങളിലൂടെ, ചില അടയാളങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്ന് പോകേണ്ടി വരുമെന്നുണ്ടാവുമോ..?!
ഒരു പക്ഷേ അയാള്‍ പുസ്തകത്തിന്റെ മൂന്നാം പേജിലേക്ക് കടന്ന് , ആരെയെങ്കിലും വിളിച്ച് തര്‍ജ്ജിമ ചെയ്യിതിരുന്നുവെങ്കില്‍ , അത് ഒരു നിരോധിക്കപ്പെട്ട പുസ്തകമാണെന്ന തോന്നൽ ഉണ്ടാകുമായിരുന്നെങ്കില്‍ എന്റെ അനുഭവം എന്താകുമായിരുന്നു..?


പിന്‍കുറിപ്പ് : ഓരോരോ കഥകളും നോവലുമൊക്കെ വായിച്ച് തലയ്ക്ക് പിടിച്ച് , അത്തരം അനുഭവങ്ങളിലൂടെ ,സ്വയമറിയാതെയോ അറിഞ്ഞുകൊണ്ട് തന്നെയോ സഞ്ചരിക്കുമ്പോഴുളവാകുന്ന ഉന്മാദം... പിന്നെയും പിന്നെയും സ്മരിക്കുമ്പോഴുണ്ടാകുന്ന നടുക്കം.. അത് പ്രദാനം ചെയ്യാന്‍ ബെന്യാമിന്റെ നോവലുകളിലെ യാഥാര്‍ത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന ഭാവനാകല്പനകള്‍ക്ക്  ഒരു പ്രത്യേക സിദ്ധി തന്നെയുണ്ടെന്ന് സമ്മതിക്കാതെ വയ്യ; അല്ലെങ്കില്‍ പിന്നെ കുറെ നാള്‍ മുന്പ് വരെയും ഡീഗോ ഗാര്‍ഷ്യയിലെക്ക് ഫ്ലൈറ്റ് കിട്ടുമോ എന്ന്‍ അന്വേഷിച്ച് നടക്കുകയില്ലായിരുന്നുവല്ലോ..!!.

No comments: