9.12.14

മിസ്ടീരിയസ് കാള്‍ ഫ്രം എ മുല്ലപ്പൂ..!

നിയാഴ്ച ഞങ്ങളുടെ മലയാളി സംഘത്തിലെ  (12 പേരെ സംഘം എന്നൊക്കെ വിളിക്കാമോ എന്തോ..) അച്ചായന്മാരുടെ വക ക്രിസ്തുമസ് പാര്‍ട്ടി കഴിഞ്ഞ് വന്ന് കിടക്കുമ്പോള്‍ രാവിലെ മണി രണ്ടര. പാര്‍ട്ടി അച്ചായന്മാരുടെ ആണെങ്കിലും പാചകം കുറെയൊക്കെ നമ്മുടെ തന്നെ; നല്ല ക്ഷീണം , കിടന്ന പാടേ നിദ്രാദേവി കേറിയങ്ങു മുറുകെ പിടിച്ചു..!

ട്രിങ്ങ്..ട്രിങ്ങ്...  ട്രിങ്ങ്..ട്രിങ്ങ്...!

'ഹെന്തൊരു ശല്യമാണിത്, ഉറങ്ങാനും സമ്മതിക്കില്ല..' ഉറക്കത്തിന്റെ അബോധമനസ്സിലും ശപിച്ചു കൊണ്ട് ഫോണിന്റെ സ്ക്രീനിലേക്ക് പകുതി തുറന്ന കണ്ണിലൂടെ നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ ആണ്; ആ പോട്ട്.., ചുവന്ന ബട്ടനില്‍ ഞെക്കി ഓടിച്ചു.

ട്രിങ്ങ്..ട്രിങ്ങ്... ട്രിങ്ങ്..ട്രിങ്ങ്...!  'ദേ പിന്നേം.. ; ഇതാരാണപ്പാ..കുരിശ്,  ഈ നേരത്ത്..?'
സ്ക്രീനിലെ നമ്പര്‍ പരിചയമില്ലാത്തതാണെങ്കിലും  നാട്ടില്‍ നിന്നാണ്; കണ്ണ് മലര്‍ക്കെ തുറന്നു എന്ന്  പറയേണ്ടതില്ലല്ലോ. അസമയത്ത് നാട്ടില്‍ നിന്നൊരു വിളി വന്നാല്‍ ആധിയാണ്; എന്തെങ്കിലും അത്യാവശ്യമില്ലെങ്കില്‍ അങ്ങിനൊരു വിളി ആ നേരത്ത്...!
ഉറക്കം എന്തായാലും പോയി..; എടുത്തേക്കാം..!

"ഹലോ.."
ഒരു നിമിഷം നിശബ്ദത..
"ഹലോ.." ഞാന്‍ വീണ്ടും..
"ഹലോ.., .. ഇത് അലിഫ് എന്നയാള്‍ ആണോ.."
കോപ്പ്.. നേരമല്ലാത്ത നേരത്ത് എന്റെ ഫോണില്‍ വിളിച്ച് എന്നോട് ഞാന്‍ തന്നെയല്ലേ എന്ന്.., ദേഷ്യം വരാതിരിക്കുമോ.. ; പക്ഷേ..
"അതേ..അലിഫ് ആണ് , ആരാണ് വിളിക്കുന്നത്..?" മലയാളത്തില്‍  അത്തരമൊരു  കിളി മൊഴി ആ നേരത്തല്ല, ഏത് സമയത്തായാലും കേട്ടാല്‍ ആണായിപിറന്നവർക്കൊന്നും ദേഷ്യം വരില്ല തന്നെ..!
"എന്നെ പെട്ടെന്ന് ഓര്‍ക്കാൻ ഇടയില്ല..എന്നാലും.."
"ആരാണന്ന് പറയൂ.." ഞാനിത്തിരി കടുപ്പിച്ചു.
"ഞാൻ ജാസ്മിന്‍.."
"ഏത് ജാസ്മിന്‍..?" എന്റെ ഉള്ളൊന്ന് പിടഞ്ഞെങ്കിലും അങ്ങിനെ ചോദിക്കാനാണ് തോന്നിയത്.
"ഏതൊക്കെ ജാസ്മിനെ അറിയാം..?"
"എനിക്കൊരുപാട് ജാസ്മിന്‍മാരെ അറിയാം, താനാരാണെന്ന് പറ.."
"ചൂടാവല്ലേ മാഷേ.. ഞാൻ പണ്ട്  മദ്രസ്സയിലും മറ്റും കൂടെ പഠിച്ചിരുന്ന ജാസ്മിന്‍ ആണ്.. ഓര്‍ക്കുന്നുണ്ടോ..?!!"
ഞാന്‍ ഒരു നിമിഷം നിശബ്ദനായോ ; അതോ എന്റെ ഹൃദയമിടിപ്പ്‌ അല്പസമയം നിന്ന് പോയതോ.. ?!

"ഹലോ....!"
"ങാ, ഹലോ.."
"എന്താ ഒന്നും മിണ്ടാത്തത്.., ഓർക്കുന്നില്ലങ്കിൽ ഓർമ്മയിൽ വരാനിടയുള്ള ഒരു പാട്ട് മൂളാം ?"
"നനഞ്ഞു നേരിയ പട്ടുറുമാൽ ...,  സുവർണ്ണനൂലിലെ അക്ഷരങ്ങൾ.." ഞാനറിയാതെ ഉള്ളിൽ  നിന്നും വിറയാർന്ന വരികളായ് പുറത്ത് വന്നു.. ഒരു കോറസ് ആയി..!
"അത് തന്നെ, അപ്പോൾ ഓർക്കുന്നുണ്ടല്ലേ...?!!"
"ഇപ്പോള്‍ എവിടെനിന്നാണ് വിളിക്കുന്നത്..?"
"ഞാനിവിടെ വീട്ടില്‍; പെട്ടെന്ന് എനിക്ക് വിളിക്കാന്‍ തോന്നി..!"
"എന്ത് പറ്റി... എത്രയോ കാലത്തിനു ശേഷം..?!"
"അത്... അത്... , രണ്ട് മൂന്ന് ദിവസം മുന്‍പ്  എഫ് ബി യില്‍ ഒരു ദുബായ് അനുഭവം എഴുതിയിരുന്നില്ലേ.. ആ നോവല്‍ ഫാക്ടറിയെകുറിച്ചുമൊക്കെ.. അതില്‍ പറയുന്ന കാര്യങ്ങള്‍ ഒക്കെ ..."
പണ്ടും ഇവള്‍  ഇങ്ങിനെ തന്നെയായിരുന്നു ; ആദ്യം ഒന്നും സംസാരിക്കുകയേ ഉണ്ടാവില്ല..പക്ഷേ തുടങ്ങി കഴിഞ്ഞാല്‍ നിര്‍ത്തുകയുമില്ല ; പ്രത്യേകിച്ച് പുസ്തകങ്ങളെക്കുറിച്ച്.. വായനയെക്കുറിച്ച്. വളരെ യാഥാസ്ഥിക കുടുംബത്തില്‍ നിന്ന് വരുന്ന ഇവള്‍ എന്റെ കൂട്ടുകാരിയാവുന്നത് വായനയില്‍ കൂടി തന്നെയാണ്. അന്നെപ്പോഴോ , എവിടെ വെച്ചോ എന്റെ കയ്യില്‍ കണ്ട മാതൃഭൂമി ആഴ്ചപതിപ്പ് ചോദിച്ച് കൊടുക്കാഞ്ഞപ്പോള്‍ തട്ടിപ്പറിച്ച് ഓടികളഞ്ഞു. അത്രയും അടക്കവും ഒതുക്കവുമുള്ള ആ കുട്ടി അങ്ങിനെ പെരുമാറിയപ്പോള്‍ ശരിക്കും അന്തം വിട്ടു. പിന്നീടു അത് തിരികെ കൊണ്ട് തന്നു. ഞാന്‍ തന്നെ ഒരു മാമായുടെ വീട്ടില്‍  നിന്നും ബാലപംക്തി വായിക്കാനെടുക്കുന്നതാണ് ; പിന്നെ അതൊരു പതിവായി. പുസ്തകങ്ങൾ , ആനുകാലികങ്ങൾ ; വായനയുടെ മേച്ചില്‍പുറങ്ങൾക്കൊപ്പം ഞങ്ങളും വളര്‍ന്നു.

പക്ഷേ ഇരുട്ടടി പോലെ ചെറിയപ്രായത്തില്‍ തന്നെ പഠിത്തവും നിർത്തി കല്യാണം നടത്തി വിട്ടുകളഞ്ഞു അവളുടെ മാതാപിതാക്കള്‍. പഠിക്കാനൊന്നും അത്ര മിടുക്കിയായിരുന്നില്ല..എങ്കിലും കാണാൻ ഒരു ഹൂറി തന്നെയായിരുന്നു; അവളുടെ ചങ്ങാതിയായിരിക്കുന്നതിൽ  അസൂയപൂണ്ട സുഹ്രുത്തുകളായിരുന്നു എന്റെ ചുറ്റും. ഒരൊറ്റ കുഴപ്പം  ഇടയ്ക്ക് ചിലപ്പോഴൊക്കെ ഇത്തിരി  ചില്ലറപൈസ കുറവുള്ള പോലെ പെരുമാറുമെന്നതാണ് ; പക്ഷെ അപ്പോഴവളുടെ കണ്ണുകളിലെ തിളക്കം.. പ്രണയമൊന്നുമായിരുന്നില്ലെങ്കിലും , അല്ലെങ്കിൽ അന്ന് അതൊക്കെ മനസ്സിലാക്കാനുള്ള പാകതയും പക്വതയും മനസ്സുകൾക്ക് ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ നഷ്ടം കുറച്ച് ദിവസമെങ്കിലും ഉറക്കം കെടുത്തിയിട്ടുണ്ട്..!

"ഹലോ.." എന്റെ ചിന്താമണ്ഡലത്തിലേക്ക് വീണ്ടും അവളുടെ സ്വരവീചികള്‍.
"താന്‍ പറയൂ.. ഞാന്‍ കേള്‍ക്കുന്നുണ്ട്.."
"എന്നാല്‍ പറ, ഞാനിപ്പോള്‍ എന്താ പറഞ്ഞത് ..?" തര്‍ക്കിക്കാന്‍ പണ്ടേ മിടുക്കിയാണല്ലോ
"ദുബായ് അനുഭവത്തിൽ പറയുന്ന .."
"ഹോയ്, മാഷേ അതൊക്കെ കുറെ മുന്‍പ് പറഞ്ഞതാണ്, പറ.., പറ.. എന്താ അതിനിടയ്ക്ക് ആലോചിച്ചത്..? "
ഇവള്‍ക്കെന്താ മനസ്സ് വായനയും ഉണ്ടോ.. " നിന്നെക്കുറിച്ച്  തന്നെ.., നമ്മുടെ ബാല്യകൌമാരവും , കൂട്ടുകാരായ പുസ്തകങ്ങളെ കുറിച്ചുമൊക്കെ തന്നെ .."
അപ്പോള്‍ അവിടെയും നിശബ്ദത..  " ജാസ്മിൻ.."
"ങും.. ഞാനുമൊരു നിമിഷം ..; അത് പോട്ടേ.. ഞാന്‍ ചോദിച്ച് വന്നത്.., ആ അനുഭവത്തില്‍ പറയുന്ന എല്ലാം സംഭവിച്ചതാണോ..?"
"എന്തേ , സംശയമുണ്ടോ..?""അല്ല, പണ്ടേ കള്ളകഥകള്‍ ഉണ്ടാക്കി പറയാന്‍ മിടുക്കനാണല്ലോ..!"
"ഹ.. ഹ..."
"എന്തേ ചിരിച്ചത്... എന്റെ ചോദ്യത്തിന് ഉത്തരം തരൂ.., എല്ലാം നടന്നതാണോ..?"

"അങ്ങിനെ ഒന്നും നടക്കാതിരുന്നില്ല... എന്നാല്‍ അത്ര ഭീകരവുമായിരുന്നില്ല. എനിക്ക് അവിടെ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങളെ, ഈയ്യിടെ വായിച്ചു കഴിഞ്ഞ നോവല്‍ ഫാക്ടറിയില്‍ പ്രതിപാദിക്കുന്ന സംഭവങ്ങളുമായും കഥാപത്രങ്ങളുമായും ഒക്കെ കൂട്ടിവായിച്ചു എന്നേയുള്ളൂ.. പിന്നെ അപ്പോള്‍ കയ്യിലുണ്ടായിരുന്ന പുസ്തകം, മുല്ലപ്പൂ.. അതുണ്ടാക്കുന്ന പുകിലുകളാണല്ലോ ഈ പുസ്തകത്തിന്റെ പ്രധാന പ്രതിപാദന വിഷയം.." ഞാന്‍ വാചാലനായി.
" അത് കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ വിളിച്ചത്.."
"എന്ന് വെച്ചാല്‍" അത്ഭുതപ്പെട്ട്‌  ഞാന്‍ ചോദിച്ചു പോയി.
" വായനയും പുസ്തകങ്ങളും മാത്രമാണ് ഞാനിന്നും തുടരുന്ന പഴയ ശീലങ്ങൾ. ഇരട്ട നോവലുകളിലെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' ആണ് ഞാൻ ആദ്യം വായിച്ചത്. ആദ്യഭാഗമൊക്കെ ബോറടിച്ചെങ്കിലും 'നരകത്തിലേക്കുള്ള തീവണ്ടി ' എന്ന അദ്ധ്യായം എന്നെ വല്ലാതെ പിടിച്ച് നിർത്തി .. ; കേള്‍ക്കുന്നുണ്ടോ..? "
അവള്‍ എന്റെ പഴയ ജാസ്മിന്‍ ആകുന്നത് ഞാനറിഞ്ഞു..ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ടോ.. കേള്‍ക്കുന്നുണ്ടോ.. എന്ന് ചോദിച്ച് താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്നുറപ്പാക്കുന്ന പഴയ ആ കൂട്ടുകാരി.
"കേള്‍ക്കുന്നുണ്ട്... സമീറയും ഭൂപ്പോമായും തമ്മില്‍ ഫേസ് ബുക്കിനെ കുറിച്ച് പരസ്പരം പറഞ്ഞ് അടുത്തറിയുന്ന ഭാഗമല്ലേ..?"
"അത് തന്നെ..., അത് എന്നെ എന്ത്‌ കൊണ്ട് പിടിച്ചുലച്ചു എന്ന് ചോദിക്ക്..!"
"നീ പറയ്‌... ഞാന്‍ ചോദിക്കാതെ തന്നെ നീ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ..!"
"അത്...അത്... പറയാന്‍ ഒരു ചമ്മലുണ്ട്... എന്നാലും പറയാം..."
"പറയൂ.. പ്ലീസ്.."
"അതിലെ ഭൂപ്പോമയെപ്പോലെ... നിന്റെ എഫ്.ബി പോസ്റ്റുകളും..ബ്ലോഗെഴുത്തുകളുമെല്ലാം ഞാൻ രഹസ്യമായി പിന്തുടര്‍ന്നിരുന്നു. മോളാണ് എനിക്ക് ഈ വിദ്യ കാണിച്ചു തന്നത്. മിക്ക ദിവസവും ഞാന്‍ നിന്റെ പഴയ ബ്ലോഗുകളും മറ്റും സന്ദര്‍ശിച്ചു. പണ്ട് എഴുതിയവ  വായിച്ച് ആനന്ദം കൊണ്ടു..നീ എഴുതാതിരിക്കുമ്പോള്‍ പലതവണ അനോണിമസ് കമന്റുകളും മെസ്സേജുകളും അയച്ചു...!!"

"ങേ... നീ ആളു കൊള്ളാമല്ലോ..; പക്ഷേ എനിക്ക് എഫ്.ബി യിലൊന്നും ജാസ്മിന്‍ എന്നൊരു ഫ്രണ്ട് ഇല്ലല്ലോ..!!" ഞാന്‍ അതിശയിച്ചു.

"അതൊക്കെയുണ്ട്... എത്രയോ  സ്ത്രീകള്‍  സ്വന്തം പേരിനും  പടത്തിനും പര്‍ദയും മക്കനയുമിട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലുണ്ട് .. ഭൂപ്പോമയുമായുള്ള മറ്റൊരു സാമ്യത എന്റെ പ്രൊഫൈൽ പിക്ചർ ആണ്.. പ്രിയ പാട്ടുകാരി ശ്രേയ ഘോഷാലിന്റെ..! " അവള്‍ വാചാലയാകുമ്പോഴും മക്കനയിട്ട് തലമറച്ച അവളുടെ പഴയ രൂപം പ്രൊഫൈൽ പിക്ചറിനുമപ്പുറം എന്റെയുള്ളിലേക്ക് തള്ളിക്കയറി വന്നു.

"എന്നിട്ട്..?"
"എന്നിട്ടെന്താ... നീ എഴുതിയ ആ ദുബായ് അനുഭവം വായിച്ച ഉടന്‍ ഞാന്‍ 'അറേബ്യന്‍ നോവല്‍ ഫാക്ടറി' വായിക്കാന്‍ തുടങ്ങി. അതിലെ പ്രതാപിനെ നീയായി കണ്ട് കൊണ്ടാണ് വായന പൂര്‍ത്തിയാക്കിയത്; അതില്‍ പ്രതാപ് അന്വേഷിക്കുന്ന പഴയ കൂട്ടുകാരി ഞാന്‍ തന്നെയായി. നമ്മുടെ ജീവിതത്തില്‍ വളരെയധികം സാദൃശ്യതകള്‍  ഉള്ള ചില സംഭവങ്ങള്‍ ഒരാളുടെ ഇരട്ടനോവലുകളില്‍ ചിലയിടങ്ങളില്‍ ഇഴപിരിഞ്ഞു കിടക്കുക എന്ന അപൂര്‍വ്വത... പേരുകള്‍ പോലും.. അപ്പോളെനിക്ക് നിന്നെ വിളിക്കാന്‍....!" പറഞ്ഞു നിര്‍ത്താനാവാതെ  അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.

"അത് പോട്ടെ, നിനക്ക് എന്റെ നമ്പര്‍ എങ്ങിനെ കിട്ടി..?" ; വിഷയം മാറ്റാനായി  ഞാന്‍ ചോദിച്ചു, മാത്രവുമല്ല ഈ സംസാര സമയത്തൊക്കെ എന്റെ മനസ്സിലൂടെ ഇതേ ചോദ്യം കിടന്ന്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു..

"അതൊക്കെ സംഘടിപ്പിച്ചു.., നിങ്ങളുടെ ഭാര്യയുടെ അടുത്ത് നിന്ന് തന്നെ..?"
"ങേ... അതെങ്ങിനെ... എങ്ങിനെ അവളെ നിനക്കറിയാം..?""എനിക്കറിയുകയൊന്നുമില്ല ; മാഷിന്റെ അമ്മ ഇപ്പോള്‍ നാട്ടില്‍ ഉണ്ടല്ലോ... ഞാനും ഇടയ്ക്ക് അവിടെ പോയിരുന്നു.. അപ്പോള്‍ കണ്ട് ഭാര്യയുടെ നമ്പര്‍ വാങ്ങിയെടുത്തു...എന്നിട്ട് ഞാന്‍ വിളിച്ചു; ആവശ്യക്കാരിക്ക് ഔചിത്യം ഇല്ലല്ലോ..!"
"എന്നിട്ട് നീ ചോദിച്ച ഉടനെ അവള്‍ നമ്പര്‍ തന്നോ..."
"പിന്നെ , പുള്ളിക്കാരിക്കു എന്നെ നല്ല പരിചയം ഉള്ളത്  പോലെയാണ് സംസാരിച്ചത്.. നമ്മുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ടല്ലേ..?!"

"ങാ, കുറച്ചൊക്കെ..; ഒരു പിരാന്തി പെണ്ണ് എനിക്ക് കൂട്ടുണ്ടായിരുന്ന കഥ ഞാന്‍ എപ്പോഴൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്.." ഞാന്‍ അറിയാതെ എരിവ് ഇത്തിരി കൂട്ടി പറഞ്ഞ് പോയി
"പ്ലീസ് , അലിഫ്... എന്നെ നീയും കൂടി അങ്ങിനെ വിളിക്കരുത്... എനിക്ക്... ഭ്രാന്ത് ഇല്ല... ഞാന്‍ പിരാന്തി അല്ല..., പ്ലീസ്, ഭ്രാന്തി അല്ല...!"  അവളുടെ കിതപ്പിന്റെയും അലറി കരച്ചിലിന്റെയും സ്വരം ഈയർ പീസിലൂടെ കൂടിക്കൂടിവന്ന് എന്റെ ശരീരമാസകലം ബാധിച്ചു; പനി വിറയല്‍ ബാധിച്ചവനെപ്പോലെ ഞാന്‍ ഞെളിപിരികൊണ്ടു..

ട്രിങ്ങ്..ട്രിങ്ങ്... ട്രിങ്ങ്..ട്രിങ്ങ്...!  ഇതെന്താ ഒരു കോളിനിടയ്ക്ക് മറ്റൊന്നോ.. , അതിനിടയ്ക്ക് ആരാണ്..?  "അലോ.." എന്റെ ശബ്ദം ഇടറിയിരുന്നു..!
"ഇത്ര നേരമായിട്ടും എഴുന്നേറ്റില്ലേ... ഞായറാഴ്ച അല്ലേ , ഇത്തിരി കിടന്നോട്ടെ എന്ന് വെച്ചാണ് ഞാനിത്രയും നേരം വിളിക്കാഞ്ഞത്.. , ഇന്നലെ പാര്‍ട്ടിയൊക്കെ എങ്ങിനെയുണ്ടായിരുന്നു...?"
"കുഴപ്പമില്ലാരുന്നു...; അതേയ്....." എന്റെ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല.
"എന്ത് പറ്റി, നല്ല സുഖമില്ലേ..?"
"ഒന്നുമില്ല; പിന്നേയ് , നീ അവള്‍ക്കെന്തിനാ എന്റെ നമ്പര്‍ കൊടുത്തത്..?"
"ആര്‍ക്ക്.."
"പത്തനാപുരത്തുള്ള ... പണ്ട് ഞാന്‍ പറഞ്ഞിരുന്ന ജാസ്മിന്‍.."
" ങാ.. നിന്റെ ആ വട്ട്  ലൈൻ  ; ഇല്ല... ഞാനാര്‍ക്കും കൊടുത്തില്ല..., എന്നെ ആരും വിളിച്ചുമില്ല.. നിനക്കുമെന്താ വട്ടായോ..?"
"അല്ലടീ, അവള്‍ ഇപ്പൊ എന്നെ വിളിച്ചിരുന്നു... കുറെ സമയം സംസാരിച്ചു... നീയാണ് നമ്പര്‍ കൊടുത്തത് എന്ന് പറഞ്ഞു.."
"അത് കൊള്ളാം... അതേയ് വെളുപ്പാൻ കാലത്ത് വല്ല സ്വപ്നവും കണ്ടതായിരിക്കും.. അതെങ്ങിനെ, അള്ളാനെ വിളിച്ചിട്ട് കിടക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ..!" അവള്‍ക്ക് പരിഭവം.

"ഞാന്‍ പിന്നെ വിളിക്കാം.." ഞാന്‍ ഫോണ്‍ കട്ടാക്കി.
ആ വിറയലിലും ഷോക്കിലും നിന്ന് കുറേ നേരത്തേക്ക് എനിക്ക് ഉണർച്ച ഉണ്ടായിരുന്നില്ല.. സത്യമേത് മിഥ്യയേത് എന്നറിയാതെ എന്റെ ഉള്ളം കുഴങ്ങി. ആ കാൾ വന്നില്ല എന്ന് എനിക്ക് അപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. വളരെ നേരത്തിനു ശേഷം ഞാൻ ഫോണിന്റെ കാൾ ലോഗ് പരിശോധിച്ച് നോക്കി.. അടുത്തെങ്ങും പരിചയമില്ലാത്ത ഒരു നമ്പറും വന്നിട്ടില്ല.. അല്ല... ഒരെണ്ണം കാണുന്നുണ്ട്; എഫ്.ബി.യിൽ  കഴിഞ്ഞ പോസ്റ്റിട്ട ദിവസം ഒരു മിസ്സ്ഡ് കോൾ. അതിലേക്ക് പലതവണ വിളിച്ച് നോക്കി  "വിളിക്കുന്ന സബ്സ്ക്രൈബർ പരിധി വിട്ട് പോയിരിക്കുന്നു" എന്ന കിളിമൊഴിയേ കേൾക്കാനുള്ളൂ. എഫ്. ബി. മൊത്തമായും ചില്ലറയായും പരതി.. രക്ഷയില്ല..!

ഒരു പക്ഷേ,  സമീറയുടെ ഭൂപ്പോമയെപ്പോലെ , മൂടുപടമണിഞ്ഞ പ്രൊഫൈൽ പിക്ചറിന്റെ പിന്നാമ്പുറത്തിരിക്കുന്ന മറ്റനവധി നഷ്ടപ്രണയിനികളെപ്പോലെ,  ഇതും ജാസ്മിന്‍  രഹസ്യത്തില്‍  വായിക്കുന്നുണ്ടാകുമോ.. ?

ലേബല്‍: വായന, ബെന്യാമിന്റെ ഇരട്ടനോവല്‍ ( അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ ), പ്രവാസിയുടെ പൈങ്കിളി സ്വപ്നങ്ങള്‍...!

No comments: