12.12.14

വീണ്ടും ഒരു സിനിമാ മാമാങ്കം..!

സിനിമയോടുള്ള എൻറെ താൽപര്യം അറിയാവുന്നത് കൊണ്ടാണോ , ഫെസ്റ്റിവലിൽ  കൂടാനുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല ഡിസംബർ ആയാൽ പിന്നെ മിക്ക സുഹൃത്തുക്കളും അന്വേഷിക്കാറുണ്ട്‌ , 'ഇത്തവണ ഫിലിം ഫെസ്റ്റ്ന്  ഇല്ലേ..?' , 'വരുന്നില്ലേ..?' എന്നൊക്കെ . ഇത്തവണയും ഇല്ല എന്ന് പറഞ്ഞാൽ പിന്നെ മിണ്ടാട്ടമില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല ; കഴിഞ്ഞ വർഷത്തെയും ഇന്ന് കൊടിയേറിയതും കൂടിചേർത്ത് ഏറിയാൽ ആറേഴു ഫെസ്റ്റിവലുകളെ പത്തൊൻപതിൽ എനിക്ക് നഷ്ടമായിട്ടുള്ളൂ എന്നവർക്ക് മിക്കവർക്കും  അറിയാവുന്നത് കൊണ്ടാണീ അന്വേഷണവും പരിഭവവും.

ഡിസംബറിൽ അവധി കിട്ടാതായ സാഹചര്യം കൊണ്ടും പിന്നെ,  2012 ലെ ഫെസ്റ്റിവലിന്റെ 'മനോഹര'മായ അനുഭവങ്ങൾ കൊണ്ടുമൊക്കെയാണ് പിന്നീട് എന്റെ ഷെഡ്യൂളിൽ നിന്ന് തിരുവനന്തപുരം ഫെസ്റ്റിവൽ ഒഴിഞ്ഞ് പോയത് എന്ന് തോന്നുന്നു. ആ വർഷം എന്റെ പ്രിയ സുഹൃത്തുക്കളുടെ തമിഴ് സ്വതന്ത്ര സിനിമ 500&5 പ്രദർശിപ്പിക്കപ്പെട്ടു. അവരുടെ ഒപ്പം ഫെസ്റ്റിവലിന്റെ പിന്നാമ്പുറങ്ങളിലേക്കും മറ്റും ലഭിച്ച പ്രവേശനം ആ സമയത്ത് വളരെയധികം ആഹ്ലാദിപ്പിച്ചെങ്കിലും പിന്നീടുള്ള ചിന്തകളിൽ ചിലത് മുഴച്ച് നിന്നു.

വിവാദങ്ങളില്ലെങ്കിൽ മേളയില്ല; അതുപോലെ തന്നെയാണ് ആഘോഷ വിരുന്നുകളും!  ഡെലിഗേറ്റ് ഫീസ് കെട്ടി സിനിമ കാണുന്ന കടുത്ത ആസ്വാദകരാണ് ഫെസ്റ്റിവലിന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നത് എന്നാണ് അതുവരെയും ഞാൻ കരുതിപോന്നത്. രാവ് തീരുവോളം നീളുന്ന സെലിബ്രിറ്റി പാർട്ടികളിൽ  (എന്ത് സെലിബ്രിറ്റി.. എന്നെ പോലെ 'എർത്ത്' ആയി കൂടുന്നവനും ഉൾപ്പെടും അതിൽ ; അതാണ്‌  അധികവും..!) കണ്ട മേളയുടെ യഥാർത്ഥ വിശേഷങ്ങൾ തീയറ്റുകളിൽ നിന്ന് തീയറ്റുകളിലേക്ക് നല്ല സിനിമയുടെ പിന്നാലെ പായുന്ന സാധാരണ ഡെലിഗേറ്റുകൾ അറിയാനിടയില്ല. സിനിമ ഞരമ്പുകളിൽ ലഹരിയായി പടരുന്ന ചില  'മുന്തിയ' സിനിമാപ്രവർത്തകർക്ക്  (പിന്നണിയിലും മുന്നണിയിലുമുള്ള) കൂടെയുള്ള 'എർത്തുകൾ'ക്കും മറ്റും ആഘോഷരാവുകളൊരുക്കാനുള്ള വേദി മാത്രമായി മേള തരം താഴുന്നത് ഞാനന്നറിഞ്ഞു ; ഒരു പക്ഷേ സാധാരണ പ്രേക്ഷകൻ എന്ന നിലയിലുള്ള ഈഗോ മൂലം തോന്നിയതാകാം അത്; സിനിമാ മേഖലയിൽ  ഇതൊക്കെ സർവ്വ സാധാരണമാണെന്നും വരാം. എന്നിരുന്നാലും ആ ചിന്തയിൽ  നിന്നൊരു മോചനം ഇനിയും കിട്ടുന്നില്ലന്നുള്ളതാണ് സത്യം; നാട്ടാരുടെ നികുതി പണം കൂടി ഉപയോഗിച്ച് സിനിമയെ ഉത്കൃഷ്ടപ്പെടുത്തുവാൻ വേണ്ടി നടത്തുന്ന ഈ മാമാങ്കത്തിന്റെ മാറ്റ് കുറഞ്ഞ് വരുന്നതിനു  ഇതൊക്കെ കാരണമാണെന്ന് വരുമോ..?

ആ ഈഗോ ഉള്ളിൽ നിന്നുമൊഴിഞ്ഞു  പോകാത്തിടത്തോളം സ്വസ്ഥമായി  മേളയെ  ഇനിയും ആസ്വദിക്കാനാവും എന്ന് കരുതുന്നില്ല. (എന്ന് വെച്ച് ഇതൊരു ഭീഷ്മ ശപഥം ഒന്നുമല്ല !  നാളെ എന്റെ ഈ ഉടായിപ്പ് ഈഗോയിസം അടിയറവ് പറഞ്ഞാൽ ഞാൻ പിന്നെയും മേളയ്ക്ക് പിന്നാലെ പായും.. അവസരം കിട്ടിയാൽ ഒരു സ്മാർട്ട് എർത്തായി ഈ പറഞ്ഞ പാർട്ടികളിലും ഒരു പക്ഷേ കണ്ടേക്കും..!! ) അല്ലെങ്കിൽ കഴിഞ്ഞ വർഷം കിം കി ഡുക്കിനെ അറിയാനുള്ള അവസരം ഞാൻ നഷ്ടപെടുത്തില്ലായിരുന്നു ; ഇത്തവണ തുർക്കി സംവിധായകൻ 'നൂ­റി ബില്‍­ജി സീ­ലാന്‍' വരുന്നുണ്ട് എന്നൊക്കെ  കേൾക്കുമ്പോഴും പങ്കെടുക്കാൻ തോന്നാതിരിക്കില്ലായിരുന്നു.
ഇവിടെയൊരു ചോദ്യം ഉയർന്നു വരുന്നത് എനിക്ക് കേൾക്കാം ; മേളയ്ക്ക് പോകുന്നത് സിനിമ കാണാനോ സിനിമാക്കാരെ കാണാനോ എന്ന്..? ഫിലിം ഫെസ്റ്റ് എന്നാൽ  ഇതെല്ലാം കൂടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെങ്കിലും , കാണാനെത്തുന്നവരുടെയും കാണിക്കാനെത്തുന്നവരുടെയും ഫെസ്റ്റിൽ നിന്ന് ,  ആസ്വാദകന്റെ ചിലവിൽ നടക്കുന്ന സാംസ്കാരിക ധൂർത്തിന്റെ മേലാപ്പിൽ നിന്നൊക്കെ ഉയിർത്തെണീറ്റ് സിനിമാസ്വദനത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന യഥാർത്ഥ മേളയിലെ പ്രതിനിധിയാവാനാണ്   ഞാൻ കാത്തിരിക്കുന്നത്.

അടിക്കുറിപ്പ് :  'ഒരാൾപൊക്കം' എന്ന സിനിമ ഈ മേളയിലൂടെ കാണാൻ കഴിയുന്നില്ലല്ലോ എന്നത് ഇത്തവണത്തെ സ്വകാര്യ ദുഃഖം തന്നെയാണ്.

No comments: